“ഞങ്ങള്‍ ഇവിടെ വരുന്നതിനായി നിലം ഉടമകളോട് 1,000 രൂപ വായ്പ വാങ്ങി. അത് തിരിച്ചു നല്‍കുന്നതിനായി ഞങ്ങള്‍ 4-5 ദിവസങ്ങള്‍ അവരുടെ പാടത്ത് പണിയെടുക്കണം”, 45-കാരിയായ വിജയ്ബായ് ഗംഗോര്‍ടെ പറഞ്ഞു. അവര്‍ ജനുവരി 23-ന് ഉച്ചയ്ക്ക് നീലയും ഓറഞ്ചും നിറത്തിലുള്ള ഒരു ടെമ്പോയിലാണ് നാശികില്‍ എത്തിയത്. മുംബൈയിലേക്കുള്ള വാഹന ജാഥയില്‍ പങ്കെടുക്കാന്‍ നഗരത്തിലെ ഗോള്‍ഫ് ക്ലബ് മൈതാനത്ത് ആദ്യം എത്തിയവരില്‍ ഒരാളാണ് അവര്‍.

വിജയ്ബായിയുടെ ബന്ധുവായ താരാബായ് ജാദവും അവരോടൊപ്പം നാശിക് ജില്ലയിലെ ടിണ്ടോരി താലൂക്കിലെ മോഹാഡി ഗ്രാമത്തില്‍ നിന്നും യാത്ര തിരിച്ചതാണ്. പ്രതിദിനം 200-250 രൂപയ്ക്ക് രണ്ടുപേരും അവിടെ കര്‍ഷക തൊഴിലാളികളായി ജോലി നോക്കുന്നു.

ഏകദേശം 180 കിലോമീറ്റര്‍ മാറി മുംബൈയിലെ ആസാദ് മൈതാനത്തേക്കു പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ പോകുന്ന മറ്റു കര്‍ഷകരോടൊപ്പം ചേരാനായിരുന്നു ബന്ധുക്കളായ ഇവര്‍ നാശികിലെത്തിയത്. മഹാരാഷ്ട്രയിലെ നാന്ദേട്, നന്ദുര്‍ബാര്‍, നാശിക്, പാല്‍ഘര്‍ ജില്ലകളില്‍ നിന്നായി ഏകദേശം 1,5000 കര്‍ഷകര്‍ ഉണ്ടായിരുന്നു. “ഞങ്ങള്‍ ഉപജീവികക്കുവേണ്ടി [ഉപജീവനം] ജാഥ നയിക്കാന്‍ പോകുന്നു”, താരാബായ് പറഞ്ഞു.

ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യമെന്നോണം ഗവര്‍ണ്ണറുടെ തെക്കന്‍ മുംബൈയിലുള്ള വസതിയായ രാജ്ഭവനിലേക്ക് ഒരു ജാഥയും അവിടെ ഒരു ഇരിപ്പ് സമരവും സംയുക്ത ശേത്കരി കാംഗാര്‍ മോര്‍ച്ച ജനുവരി 25-26 തീയതികളില്‍ സംഘടിപ്പിച്ചിരിക്കുന്നു. അഖിലേന്ത്യാ കിസാന്‍ സഭ (എ.ഐ.കെ.എസ്.) വിളിച്ചു ചേര്‍ത്ത മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍ നിന്നുള്ള കര്‍ഷകരാണ് മുംബൈയില്‍ ഈ സമരങ്ങള്‍ക്കു വേണ്ടി ഒരുമിച്ചു ചേരുന്നത്.

PHOTO • Shraddha Agarwal

മുകളില്‍ വലത്: വിജയ്ബായ് ഗംഗോര്‍ടെയും (ഇടത്) താരാബായ് ജാദവും നാശികില്‍. മുകളില്‍ വലത്: മുകുന്ദ കോംഗിലും (തൊപ്പി ധരിച്ചിരിക്കുന്നത്) ജനിബായ് ധാന്‍ഗാരെയും (പുറകില്‍ നീല സാരിയില്‍) തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാകുന്നു. താഴെ: ഏകദേശം 15,000 കര്‍ഷകര്‍ നാശികിലെയും ചുറ്റുപാടുള്ള ജില്ലകളിലെയും ഗ്രാമങ്ങളില്‍നിന്നും മുംബൈയിലേക്കു പോകുന്നതിനായി ഒരുമിച്ചു ചേര്‍ന്നിരിക്കുന്നു

രണ്ടു മാസത്തിലധികമായി പ്രധാനമായും പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ലക്ഷക്കണക്കിനു കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലെ 5 സ്ഥലങ്ങളില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് അവര്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നത്.  2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.

താഴെപ്പറയുന്നവയാണ് മൂന്നു നിയമങ്ങള്‍: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 .

കര്‍ഷകരുടെയും കൃഷിയുടെമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

പട്ടിക വര്‍ഗ്ഗ വിഭാഗമായ കോലി മല്‍ഹാര്‍ ആദിവാസി സമുദായത്തില്‍പ്പെടുന്ന വിജയ്ബായിയും താരാബായിയും മുംബൈയിലേക്കു പോകുന്നതിനും തിരിച്ചുവരുന്നതിനുമായി വാടകയ്ക്കു ക്രമീകരിച്ച ടെമ്പോയിലെ സീറ്റൊന്നിനു 1,000 രൂപ വീതം നല്‍കി. സമ്പാദ്യമൊന്നും ഇല്ലാതിരുന്നതിനാല്‍ പ്രസ്തുത തുക അവര്‍ കടം വാങ്ങിയതാണ്. “ഞങ്ങള്‍ക്കു [കൊവിഡ്-19] ലോക്ക്ഡൗണ്‍‌ സമയത്ത് ജോലിയൊന്നും ഉണ്ടായിരുന്നില്ല”, താരാബായ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഓരോ കുടുംബത്തിനും 20 കിലോ ഗോതമ്പു വീതം വാഗ്ദാനം ചെയ്തു, പക്ഷെ 10 കിലോ വീതമെ വിതരണം ചെയ്തുള്ളൂ.

Left: Many had packed a simple meal from home for dinner. Right: At night, the protestors lit up the slogan 'Save Farmers, Save Nation'
PHOTO • Shraddha Agarwal
Left: Many had packed a simple meal from home for dinner. Right: At night, the protestors lit up the slogan 'Save Farmers, Save Nation'
PHOTO • Shraddha Agarwal

ഇടത്: പലരും വീട്ടില്‍നിന്നും അത്താഴത്തിനുള്ള ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്നിരുന്നു. വലത്: സമരക്കാര്‍ ‘കര്‍ഷകരെ രക്ഷിക്കുക, ദേശത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉരുവിട്ടു

ഇതാദ്യമായല്ല വിജയ്ബായിയും താരാബായിയും പ്രതിഷേധ ജാഥക്കു പോകുന്നത്. “ഞങ്ങള്‍ 2018-ലെയും 2019-ലെയും ജാഥകള്‍ക്കു വന്നിട്ടുണ്ട്”, 2018 മാര്‍ച്ചില്‍ നാശികില്‍ നിന്നും മുംബൈയിലേക്കു സംഘടിപ്പിച്ച ദീര്‍ഘദൂര കിസാന്‍ ജാഥ യെയും അതേത്തുടര്‍ന്നു 2019 ഫെബ്രുവരിയില്‍ നടന്ന റാലിയെയും ഉദ്ധരിച്ചുകൊണ്ടു അവര്‍ പറഞ്ഞു. ഭൂഅവകാശങ്ങള്‍, ഉത്പന്നങ്ങള്‍ക്കു ലാഭകരമായ വില, വായ്പാ തിരിച്ചടവിനുള്ള ഇളവ്, വരള്‍ച്ചാ ദുരിതാശ്വാസം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ്‌  2019-ലെ റാലിയില്‍ കര്‍ഷകര്‍ ഉന്നയിച്ചത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായി നാശികില്‍ നിന്നും സംഘടിപ്പിച്ചിട്ടുള്ള ആദ്യ ജാഥയല്ല ഇത്. 2020 ഡിസംബര്‍ 21-ന് ഏകദേശം 2,000 കര്‍ഷകര്‍ നാശികില്‍ കൂടിയിരുന്നു. അതില്‍ 1,000 പേര്‍ ഡല്‍ഹി പരിസര പ്രദേശങ്ങളിലുള്ള തങ്ങളുടെ സഹകര്‍ഷകരോടൊപ്പം ചേരാനായി പുറപ്പെട്ടു.

“അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്നതിലൂടെയെ ഞങ്ങളെപ്പോലുള്ള ആദിവാസികള്‍ പറയുന്നതു കേള്‍പ്പിക്കാന്‍ സാധിക്കൂ. ഈ സമയത്തും ഞങ്ങള്‍ ഞങ്ങളുടെ ശബ്ദം കേള്‍പ്പിച്ചു”, എ.ഐ.കെ.എസ്. നേതാക്കന്മാരുടെ പ്രസംഗങ്ങള്‍ ശ്രവിച്ചുകൊണ്ടു താരാബായിയോടൊപ്പം ഗോള്‍ഫ് ക്ലബ്ബ് മൈതാനത്തിന്‍റെ മദ്ധ്യഭാഗത്തേക്കു നടക്കുന്നതിനിടയില്‍ വിജയ്ബായ് പറഞ്ഞു.

എല്ലാ വാഹനങ്ങളും എത്തിയശേഷം സംഘം അന്നു വൈകുന്നേരം 6 മണിക്കുതന്നെ നാശികില്‍ നിന്നും പുറപ്പെട്ടു. രാത്രിയായപ്പോള്‍ നാശിക് ജില്ലയിലെ ഇഗത്പുരി  താലൂക്കിലെ ഘാടന്‍ദേവി ക്ഷേത്രത്തില്‍ ജാഥകള്‍ തങ്ങി. ധാരാളംപേര്‍ ലളിത ഭക്ഷണമായ ബജ്റ റോട്ടിയും വെളുത്തുള്ളി ചട്ണിയും കരുതിയിരുന്നു. അത്താഴത്തിനു ശേഷം അവര്‍ അമ്പലത്തിനടുത്തുള്ള നിലത്ത് ടാര്‍പോളിന്‍ പടുതകളിട്ട ശേഷം അതില്‍ ബ്ലാങ്കറ്റുകള്‍ വിരിച്ച് കിടന്നുറങ്ങി.

അസാദ് മൈതാനം 135 കിലോമീറ്റര്‍ അകലെയായിരുന്നു.

The protesting farmers walked down the Kasara ghat raising slogans against the new farm laws
PHOTO • Shraddha Agarwal
PHOTO • Shraddha Agarwal

പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് കസാറ ഘാട്ടിലൂടെ നടന്നു

ഇഗാത്പുരിക്കടുത്തുള്ള കസാറ ഘാട്ടിലൂടെ നടന്നു തൊട്ടടുത്ത ദിവസം മുംബൈ-നാശിക് ഹൈവേയില്‍ എത്തുക എന്നുള്ളതായിരുന്നു പദ്ധതി. രാവിലെ 8 മണിക്കു പുറപ്പെടാന്‍ തയ്യാറാകുമ്പോള്‍ ഒരുകൂട്ടം കര്‍ഷക തൊഴിലാളികള്‍ കാര്‍ഷിക രംഗത്ത് തങ്ങളുടെ കുട്ടികളുടെ ഭാവി എന്തായിരിക്കും എന്നു ചര്‍ച്ചചെയ്തു. “എന്‍റെ മകനും മകളും ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും വെറും 100-150 രൂപയ്ക്ക് [പ്രതിദിനം] പാടത്തു പണിയെടുക്കുന്നു”, നാശിക് ജില്ലയിലെ ത്രിമ്പകേശ്വര്‍ താലൂക്കിലെ നന്ദുരകിപാട ഗ്രാമത്തില്‍ നിന്നുള്ള 48-കാരനായ മുകുന്ദ കോംഗില്‍ പറഞ്ഞു. മുകുന്ദയുടെ മകന്‍ ബി.കോം. ബിരുദവും മകള്‍ ബി.എഡ്. ബിരുദവും നേടിയിട്ടുണ്ട്. പക്ഷേ രണ്ടുപേരും കര്‍ഷക തൊഴിലാളികളായി പണിയെടുക്കുന്നു. “ജോലിയൊക്കെ ആദിവാസികള്‍ അല്ലാത്തവര്‍ക്കാണ്‌ കിട്ടുന്നത്”, പട്ടിക വര്‍ഗ്ഗ വിഭാഗമായ വാര്‍ളി ആദിവാസി സമുദായത്തിലാണ് മുകുന്ദ ഉള്‍പ്പെടുന്നത്.

“എന്‍റെ മകന്‍ കോളേജ് കാലഘട്ടത്തില്‍ നന്നായി പഠിച്ചു, ഇപ്പോഴവന്‍ എല്ലാ ദിവസവും പാടത്തു പണിയെടുക്കുന്നു”, നന്ദുരകിപാടയിലെ വാര്‍ളി ആദിവാസി വിഭാഗത്തില്‍ത്തന്നെ പെടുന്ന 47-കാരിയായ ജനിബായി ധാന്‍ഗാരെ പറഞ്ഞു. “എന്‍റെ മകള്‍ അവളുടെ പന്ധ്രവി [ക്ലാസ് 15, അതായത്  ബി.എ. ബിരുദം] പൂര്‍ത്തിയാക്കി. ത്രികമ്പേശ്വറില്‍ അവള്‍ ഒരു ജോലിക്കു ശ്രമിച്ചു. പക്ഷെ അവിടെ അവള്‍ക്കു പറ്റുന്ന ജോലി ഇല്ലായിരുന്നു. അവള്‍ക്കു എന്നെ വിട്ടു മുംബൈയ്ക്കു പോകാന്‍ താല്‍പ്പര്യമില്ല. ആ നഗരം വളരെ അകലെയാണ്. അവള്‍ക്കു വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം നഷ്ടപ്പെടും”, ബാക്കിയുള്ള ബ്രെഡ്‌ പൊതിഞ്ഞെടുത്ത്‌ ബാഗ് ടെമ്പോയിലേക്ക് എടുത്തുവച്ചുകൊണ്ട് അവര്‍ പറഞ്ഞു.

കൊടികള്‍ കൈയിലേന്തി, പുതിയ കാര്‍ഷിക നിയമങ്ങള്‍തിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഘാട്ടില്‍നിന്നും ഹൈവേയിലേക്കു 12 കിലോ മീറ്റര്‍ നടന്നു. മൂന്നു കാര്‍ഷിക നിയമങ്ങളും അതുപോലെതന്നെ പുതിയ തൊഴില്‍ കോഡുകളും പിന്‍വലിക്കുക, ലാഭകരമായ മിനിമം താങ്ങു വിലയും (എം.എസ്.പി.) രാജ്യവ്യാപകമായി സംഭരണ സൗകര്യങ്ങളും ഏര്‍പ്പെടുത്തുക, എന്നിവയൊക്കെയാണ് അവരുടെ ആവശ്യമെന്ന് എ.കെ.ഐ.എസ്. പ്രസിഡന്‍റ്  അശോക്‌ ധവാലെ പറഞ്ഞു. “കേന്ദ്ര സര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റ് അനുകൂല നവഉദാര നയങ്ങള്‍ക്കെതിരെ രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള ലക്ഷക്കണക്കിനു കര്‍ഷകരുടെ ചരിത്രപരവും ദേശവ്യാപകവുമായ സമരത്തിലേക്കുള്ള പ്രധാനപ്പെട്ട സംഭാവനയാണ് ഈ ജാഥ”, സംഘത്തോടൊപ്പം യാത്ര ചെയ്യുന്ന ധവാലെ പറഞ്ഞു.

Arriving at night at Azad Maidan in Mumbai, the tired farmers celebrated with the tarpa, a musical instrument (left)
PHOTO • Shraddha Agarwal
Arriving at night at Azad Maidan in Mumbai, the tired farmers celebrated with the tarpa, a musical instrument (left)
PHOTO • Shraddha Agarwal

മുംബൈയിലെ ആസാദ് മൈതാനത്ത് ക്ഷീണിതരായി രാത്രി എത്തിച്ചേര്‍ന്ന കര്‍ഷകര്‍ സംഗീതോപകരണമായ താര്‍പാ വായിച്ച് ഉല്ലസിച്ചു (ഇടത്)

ഹൈവേയിലെത്തിയ കര്‍ഷകര്‍ വാഹനങ്ങളില്‍ സ്ഥാനം പിടിക്കുകയും താനേയിലേക്കു നീങ്ങുകയും ചെയ്തു. വഴിയില്‍ വിവിധ സംഘടനകള്‍ അവര്‍ക്ക് വെള്ളക്കുപ്പികള്‍, ലഘുഭക്ഷണം, ബിസ്ക്കറ്റുകള്‍ എന്നിവയൊക്കെ നല്‍കി. ഉച്ച ഭക്ഷണത്തിനായി അവര്‍ താനെയിലെ ഗുരുദ്വാരയില്‍ നിര്‍ത്തി.

ജനുവരി 24-ന് തെക്കന്‍ മുംബൈയിലെ അസാദ് മൈതാനത്ത് ജാഥ എത്തിയപ്പോള്‍ വൈകുന്നേരം 7 മണി ആയിരുന്നു. ക്ഷീണിച്ചെങ്കിലും തളരാത്ത വീര്യത്തോടെ പാല്‍ഘര്‍ ജില്ലയില്‍നിന്നുള്ള ചില കര്‍ഷകര്‍ പരമ്പരാഗത ആദിവാസി സംഗീതോപകരണമായ താര്‍പായുടെ താളത്തിനൊത്ത് പാടി നൃത്തം വച്ചു.

“എനിക്കു വിശക്കുന്നു. എന്‍റെ ശരീരം മുഴുവനും വേദനിക്കുന്നു, പക്ഷെ കുറച്ചു ഭക്ഷണവും വിശ്രമവും കിട്ടിയാല്‍ എന്‍റെ കാര്യം ശരിയാകും”, സഹകാര്‍ഷിക തൊഴിലാളികളോടൊപ്പം ചേര്‍ന്ന ശേഷം വിജയ്ബായ് പറഞ്ഞു. “ഇതു ഞങ്ങള്‍ക്കു പുതിയ കാര്യമല്ല”, അവര്‍ പറഞ്ഞു. “നേരത്തെ ഞങ്ങള്‍ ജാഥയില്‍ പങ്കെടുത്തിട്ടുണ്ട്, ഇനിയും പങ്കെടുക്കും.”

പരിഭാഷ: റെന്നിമോന്‍ കെ. സി
Shraddha Agarwal

শ্রদ্ধা অগরওয়াল পিপলস আর্কাইভ অফ রুরাল ইন্ডিয়ার সাংবাদিক এবং কন্টেন্ট সম্পাদক।

Other stories by Shraddha Agarwal
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.