“ഒരു രക്ഷാകര്‍ത്താവും കുട്ടിയെ നഷ്ടപ്പെടുന്നതിന്റെ മാനസികാഘാതം അനുഭവിക്കരുത്”, ജനുവരി 26-ന് ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിയില്‍ മരിച്ച നവ്രീത് സിംഗിന്റെ അച്ഛനായ സര്‍വിക്രംജീത് സിംഗ് ഹന്ദല് പറഞ്ഞു.
നവ്രീത് സിംഗിന്റെ ഫോട്ടോ ഉത്തര്‍പ്രദേശിലെ ഡിബ്ഡിബ ഗ്രാമത്തിലുള്ള വീടിന്റെ മുറിയിലെ ഭിത്തിയില്‍ ചാരി വച്ചിരിക്കുന്നു. ആ മുറിയില്‍ 45-കാരനായ സര്‍വിക്രംജീത് സിംഗും, അദ്ദേഹത്തിന്റെ ഭാര്യ 42-കാരിയായ പരംജീത് കൗറും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തുന്ന സന്ദര്‍ശകരെ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. മകന്റെ മരണം നികത്താനാവാത്ത ഒരു ശൂന്യതയാണ് ആ മാതാപിതാക്കളുടെ ജീവിതത്തില്‍ അവശേഷിപ്പിച്ചത്. “അവന് എന്നെ പാടത്തു പണിയെടുക്കാന്‍ സഹായിച്ചു. അവന് ഞങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ചു. അവന് ഉത്തരവാദിത്തം ഉള്ള ഒരു പുത്രനായിരുന്നു”, സര്‍വിക്രംജീത് പറഞ്ഞു.
25 വയസ്സുണ്ടായിരുന്ന നവ്രീത് ഡല്‍ഹി-യു.പി. അതിര്‍ത്തിയിലെ ഗാസിപൂരില്‍ റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അദ്ദേഹത്തിന്റെ മുത്തശ്ശനായ 65-കാരന് ഹര്‍ദീപ് സിംഗ് ഡിബ്ഡിബ 2020 നവംബര്‍ 26-ന് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷക സമരങ്ങള്‍ തുടങ്ങിയ സമയം മുതല്‍ അവിടെ തങ്ങി വരികയായിരുന്നു. ഡല്‍ഹി പോലീസ് ദീന് ദയാല്‍ ഉപാദ്ധ്യായ് മാര്‍ഗില്‍ തയ്യാറാക്കിയിരുന്ന സുരക്ഷാ ബാരിക്കേഡിനടുത്ത് നവ്രീത് ഓടിച്ചിരുന്ന ട്രാക്ടര്‍ മറിഞ്ഞു.
ട്രാക്ടര്‍ കുത്തനെ മറിഞ്ഞപ്പോള്‍ ഉണ്ടായ പരിക്കു മൂലമാണ് നവ്രീത് മരിച്ചതെന്ന് പോലീസ് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം വിശ്വസിക്കുന്നത് അപകടത്തിനു മുന്‍പ് അദ്ദേഹത്തിനു വെടിയേറ്റിരുന്നു എന്നാണ്. “ഞങ്ങളത് കോടതിയില്‍ തെളിയിക്കും”, നവ്രീതിന്റെ പിതാവു പറഞ്ഞു. ഇതുപറയുമ്പോള്‍ അദ്ദേഹം ഹര്‍ദീപ് സിംഗ് ഡല്‍ഹി ഹൈക്കോടതിയില്‍ നവ്രീതിന്റെ മരണത്തില്‍ ഔപചാരികമായ ഒരന്വേഷണം ആവശ്യപ്പെട്ടു നല്കിയ പരാതിയുടെ കാര്യവും പരാമര്‍ശിച്ചു.
ദുരന്തം സംഭവിച്ചതോടെ വടക്കു പടിഞ്ഞാറന്‍ യു.പി.യിലെ അതിര്‍ത്തി ജില്ലയായ റാംപൂരിലെ - അവിടെയാണ് ഡിബ്ഡിബ സ്ഥിതി ചെയ്യുന്നത് - കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 2020-ല്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ ദൃഢമായി തീരുമാനിച്ചു. റാംപൂര്‍ അതിര്‍ത്തി കഴിഞ്ഞ് ഉത്തരാഖണ്ഡിലെ കുമാവൊ പ്രദേശത്തെ ഉധം സിംഗ് നഗര്‍, കാശിപൂര്‍ എന്നീ ജില്ലകളിലുള്ള, കര്‍ഷകരുടെ തീരുമാനം ശക്തമായിരുന്നു.







