“ഏകദേശം 4 വർഷങ്ങൾക്കു മുൻപ് എന്‍റെ മകൻ മരിച്ചു. അതിന് ഒരു വർഷത്തിനു ശേഷം എന്‍റെ ഭർത്താവും മരിച്ചു”, 70-കാരിയായ ഭീമാ ടണ്ടാലെ പറഞ്ഞു. തെക്കൻ മുംബൈയിലെ ആസാദ് മൈതാനത്തെ വെയിലത്തിരുന്ന് ഒരു വർഷത്തിനുള്ളിൽ സംഭവിച്ച വലിയ നഷ്ടത്തിന്‍റെ വേദനകളെക്കുറിച്ച് അവർ പറഞ്ഞു. ഭർത്താവും മകനും പാടത്തു പണിയെടുക്കുമ്പോൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

ഭീമയുടെ മകനായ ദത്തുവിന് മരിക്കുന്ന സമയത്ത് 30 വയസ്സും ഭർത്താവ് 60-കളുടെ മദ്ധ്യത്തിലുമായിരുന്നു. "അന്നുമുതൽ മരുമകളായ സംഗീതയോടൊപ്പം ഞാൻ വീട്ടുകാര്യങ്ങൾ നോക്കുന്നു”, കർഷകത്തൊഴിലാളി കൂടിയായി ജോലി നോക്കുന്ന ഭീമാ പറഞ്ഞു. “എന്‍റെ കൊച്ചുമകൻ സുമിത്തിന് 14 വയസ്സുണ്ട്. ഞങ്ങൾക്ക് അവന്‍റെ കാര്യങ്ങള്‍ നോക്കണം.”

പക്ഷേ ജനുവരി 25–26 തീയതികളിൽ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ മുംബൈയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഭീമാ എത്തിയിരിക്കുന്നു. ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി സംയുക്ത ശേത്കരി കാംഗാർ മോർച്ചയാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്. അഖിലേന്ത്യാ കിസാന്‍ സഭ മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍നിന്നും വിളിച്ചുചേര്‍ത്ത കര്‍ഷകര്‍ ഇതില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തി.

നാശിക് ജില്ലയിലെ ടിണ്ടോരി താലൂക്കിലെ അംബേവാനി ഗ്രാമത്തിൽ നിന്നെത്തിയ 12-15 സ്ത്രീകളിൽ ഒരാളാണ് ഭീമ. ജനുവരി 23-ന് രാവിലെ പുറപ്പെട്ട് അവർ അടുത്ത ദിവസം മുംബൈയിലെത്തി. മൂന്നുപേരും കാർഷിക മേഖലയിൽ നിന്നുള്ള വിധവകളാണ്.

സുമൻ ബൊംബാലെയുടെ ഭർത്താവ് ഒരു ദശകത്തിനുമുമ്പ് മരിച്ചു. "പണിത് ശരീരം തീർന്നും മന:ക്ലേശം മൂലവുമാണ് അദ്ദേഹം മരിച്ചത്”, സുമൻ പറഞ്ഞു. ഇവരുടെ ഭർത്താവായ മോട്ടിറാമിന് അന്ന് 50 വയസ്സായിരുന്നു. "വർഷങ്ങളായി അഞ്ചേക്കർ വനഭൂമി ഞങ്ങൾ കൃഷി ചെയ്തു വരികയാണ്. പക്ഷേ ഇപ്പോഴും ഇത് ഞങ്ങളുടെ പേരിലല്ല. വനം അധികൃതർ ഞങ്ങളെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ എന്‍റെ ഭർത്താവ് വളരെ മന:ക്ലേശം അനുഭവിച്ചിരുന്നു.” ഉത്തമിനെപ്പോലെ മോട്ടിറാമും പാടത്തു കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

Left: Bhima Tandale at Azad Maidan. Right: Lakshmi Gaikwad (front) and Suman Bombale (behind, right) and Bhima came together from Ambevani village
PHOTO • Riya Behl
Left: Bhima Tandale at Azad Maidan. Right: Lakshmi Gaikwad (front) and Suman Bombale (behind, right) and Bhima came together from Ambevani village
PHOTO • Riya Behl

ഇടത്: ആസാദ് മൈതാനത്തുള്ള ഭീമ ടണ്ടാലെ. വലത്: ലക്ഷ്മി ഗയിക്വാടും (മുന്നിൽ) സുമൻ ബൊംബാലെയും (പിന്നിൽ, വലത്) ഭീമയും ഒരുമിച്ചാണ് അംബേവാനി ഗ്രാമത്തിൽ നിന്നും എത്തിയത്.

അറുപതുകാരിയായ സുമൻ പറയുന്നു, "ആ ഭ്രമിയിൽ ഞാൻ സോയാബീനും, ബജ്റയും, തുവരയും കൃഷി ചെയ്യുന്നു. മറ്റു സമയങ്ങളിൽ വെള്ളം ലഭ്യമല്ലാത്തതിനാൽ മൺസൂൺ സമയത്തു മാത്രമാണ് കൃഷി ചെയ്യുന്നത്. വൈദ്യുതിയും ലഭ്യമല്ല.” പ്രതിദിനം 150-200 രൂപ വേതനത്തിൽ കർഷക തൊഴിലാളിയായും അവർ ജോലി നോക്കുന്നു. "ഞങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് എം.ജി.എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കുക എന്നതാണ്. അങ്ങനെയെങ്കിൽ ഞങ്ങൾക്ക് സ്ഥിരവരുമാനം ലഭിക്കും”, അവർ പറഞ്ഞു.

മുംബൈ സമരത്തിൽ പങ്കെടുക്കുന്നതിനായി കുറഞ്ഞ് 4 ദിവസം എങ്കിലും മാറി നിൽക്കേണ്ടി വരുന്നതിനാൽ 600-800 രൂപയാണ് സുമന് ദിവസ വേതനയിനത്തിൽ നഷ്ടമാകുന്നത്. "എന്ത് മാർഗ്ഗമാണ് ഞങ്ങളുടെ മുന്നിലുള്ളത്?", അവർ ചോദിച്ചു. "അവകാശങ്ങൾക്കായി ഞങ്ങൾക്കു പൊരുതിക്കൊണ്ടിരിക്കേണ്ടതുണ്ട്. എന്‍റെ സ്ഥലത്തിന് കൈവശാവകാശ രേഖ വാങ്ങിത്തരുമെന്ന് ഞങ്ങളുടെ ഗ്രാമത്തിലെ തലാഥി പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഒരേക്കർ കൃഷി സ്ഥലം പോലും എനിക്കില്ല. എനിക്കു മക്കളില്ല. എനിക്കിത്രയൊക്കെയേ ചെയ്യാൻ കഴിയു. ഞാൻ ഒറ്റയ്ക്കാണ്.”

എന്നാൽ 65 – കാരിയായ ലക്ഷ്മി ഗയിക്വാടിന് ഒരേക്കർ ഭൂമിയുണ്ട്, കൂടുതൽ ഭൂമിക്കുള്ള അവകാശം അവർക്കുണ്ടെങ്കിൽ പോലും. "ഞങ്ങൾ 5 ഏക്കറിൽ കൃഷി ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷേ ഞങ്ങൾ കൃഷി ചെയ്യുന്നിടത്ത് വനം വകുപ്പ് ചെക്ക് ഡാം പണിതു. അക്കാരണംകൊണ്ടു ഞങ്ങൾക്കു രണ്ടേക്കർ നഷ്ടപ്പെട്ടു. അതും കഴിഞ്ഞ് സ്ഥലത്തിനു കൈവശാവകാശ രേഖ തന്നപ്പോൾ എനിക്കൊരേക്കറേ ലഭിച്ചുള്ളൂ.”

ലക്ഷ്മിയുടെ ഭർത്താവ് ഹിരമാൻ 12 വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്‍റെ 55-ാം വയസ്സില്‍ മരിച്ചു. കൃഷിസ്ഥലത്തുനിന്നും കല്ലുകൾ നീക്കം ചെയ്തുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന് അസ്വസ്ഥത തോന്നുകയും പിന്നെ ബോധം നഷ്ടപ്പെടുകയും ചെയ്തു. "അദ്ദേഹം പിന്നെ എഴുന്നേറ്റിട്ടില്ല", അവർ പറഞ്ഞു. എങ്കിലും 27-ഉം 32 -ഉം വയസ്സു വീതമുള്ള രണ്ടു പുത്രന്മാർ കുടുംബത്തിന്‍റെ ഭൂഅവകാശങ്ങൾക്കു വേണ്ടി അധികാരികളുടെയടുത്ത് കയറിയിറങ്ങി നടക്കാൻ അവർക്കു തുണയായി.

ലക്ഷ്മിയും സുമനും ഭീമയും കോലി മഹാദേവ് എന്ന ആദിവാസി സമുദായത്തിൽപ്പെടുന്നവരാണ്. 2006-ൽ വനാവകാശ നിയമം പാസ്സാക്കിയതു മുതൽ അവർ ഭൂമിക്കു വേണ്ടിയുള്ള അവകാശം ഉന്നയിച്ചു കൊണ്ടിരിക്കുന്നു. നിയമം വേണ്ട രീതിയിൽ നടപ്പാക്കാത്തതുകൊണ്ടാണ് ഭർത്താക്കന്മാർ മരിച്ചതെന്ന് അവർ വിശ്വസിക്കുന്നു.

കൈവശാവകാശ രേഖ ആവശ്യപ്പെടുക എന്നുള്ളതാണ് അവരുടെ പ്രധാന വിഷയം. പക്ഷെ, ഡൽഹിയിലും പരിസരങ്ങളിലുമായി പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരങ്ങൾ നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുകൂടിയാണ് അവർ മുംബൈയിൽ എത്തിയിട്ടുള്ളത്. കാലം കഴിയുന്തോറും ഇൻഡ്യയിലെ എല്ലാ കർഷകരെയും നിയമങ്ങൾ ബാധിക്കുമെന്ന് അവർ മുൻകൂട്ടി കാണുന്നു.

Lakshmi Gaikwad (left) and the other protestors carried blankets to Mumbai to get through the nights under the open sky in Azad Maidan
PHOTO • Riya Behl
Lakshmi Gaikwad (left) and the other protestors carried blankets to Mumbai to get through the nights under the open sky in Azad Maidan
PHOTO • Riya Behl

മുംബൈയിലെ ആസാദ് മൈതാനത്തെ തുറന്ന ആകാശത്തിൻ കീഴിൽ രാത്രി കഴിച്ചു കൂട്ടുന്നതിനായി ലക്ഷ്മി ഗയിക്വാടും (ഇടത്) മറ്റു സമരക്കാരും ബ്ലാങ്കറ്റുകൾ കൊണ്ടു വന്നിട്ടുണ്ട്.

ഭക്ഷിക്കാനായി ഫക്രിയും (അപ്പം പോലെ വട്ടത്തിലുണ്ടാക്കിയെടുക്കുന്ന ഭക്ഷണം)) ചട്ണിയും ആസാദ് മൈതാനത്തെ തുറന്ന ആകാശത്തിൻ കീഴിൽ രാത്രി കഴിച്ചു കൂട്ടുന്നതിനായി ബ്ലാങ്കറ്റുകളും അവർ കരുതി. "ഈ നിയമങ്ങൾക്കെതിരെ രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും കർഷകർ പ്രതിഷേധിക്കുന്നുണ്ട് എന്ന് സർക്കാർ അറിയണം”, നിലത്തു നിന്നുള്ള ചൂടിനെ നഗ്നപാതയായി നേരിട്ടുകൊണ്ട് ഭീമ പറഞ്ഞു.

താഴെപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.

കര്‍ഷകരുടെയും കൃഷിയുടെമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്‍മാര്‍ക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള വലിയൊരു കൂട്ടം കർഷകർ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളിൽ പങ്കെടുക്കുന്നു. എന്തുകൊണ്ടെന്നാൽ എം.എസ്.പി. നിരക്കിന് സംസ്ഥാന സർക്കാരുകൾ സംഭരിക്കുന്ന അരിയുടെയും ഗോതമ്പിന്‍റെയും ഏറ്റവും വലിയ ഉത്പാദകർ ഈ സംസ്ഥാനങ്ങൾ ആണ്.

ആസാദ് മൈതാനത്തു കൂടിച്ചേർന്ന മഹാരാഷ്ട്ര കർഷകർ ചൂണ്ടിക്കാട്ടുന്നത് സമരം വലിയൊരു കർഷക സമൂഹത്തെയും പ്രതിനിധീകരിക്കുന്നു എന്നാണ്. "ഇത് [ഈ നിയമങ്ങൾ] ഞങ്ങളെ പെട്ടെന്ന് ബാധിക്കണമെന്നില്ല. പക്ഷേ ഇത് രാജ്യത്തെ കർഷകരെ മുറിപ്പെടുത്തുകയാണെങ്കിൽ പെട്ടെന്നോ പിന്നീടോ ഞങ്ങളെ ബാധിക്കും. ഞങ്ങളെല്ലാവരും കർഷക തൊഴിലാളികളായി പണിയെടുക്കുന്നു. ഞങ്ങൾക്കു ജോലി നല്കാൻ കർഷകർക്കു സാധിച്ചില്ലെങ്കിൽ എവിടെനിന്നു ഞങ്ങൾക്കു പണം ലഭിക്കും? മോദി സർക്കാർ മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കണം. വലിയ കമ്പനികൾ നീതിപൂർവ്വം ഞങ്ങളോട് ഇടപെടുമെന്നു തോന്നുന്നില്ല”, ലക്ഷ്മി പറഞ്ഞു.

സർക്കാരിന് യഥാർത്ഥത്തിൽ കർഷകരുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്നും സ്വകാര്യ കമ്പനികളോടു താൽപര്യം കാണിക്കരുതെന്നും ഉണ്ടായിരുന്നെങ്കിൽ, ആദിവാസികളുടെ ഭൂമിക്ക് കൈവശാവകാശ രേഖ കിട്ടുകയെന്നത് അത്ര ബുദ്ധിമുട്ടാകുമായിരുന്നില്ല, സുമൻ പറഞ്ഞു. "2018-ൽ ഞങ്ങൾ ഒരാഴ്ചകൊണ്ട് നാശികിൽ നിന്നും മുംബൈ വരെ നടന്നെത്തി. ഞങ്ങളിൽ ചിലർ ഡൽഹി വരെ പോവുകപോലും ചെയ്തു”, അവർ കൂട്ടിച്ചേർത്തു. "ഞങ്ങളുടെ ആൾക്കാർ ഭൂമിയിൽ പണിയെടുക്കുകയും അവിടെത്തന്നെ മരിക്കുകയും ചെയ്തു. പക്ഷേ ഇപ്പോഴും കൃഷി ചെയ്യുന്ന ഭൂമി ഞങ്ങൾക്കു ലഭിക്കുന്നില്ല.“

പരിഭാഷ: റെന്നിമോന്‍ കെ. സി.

Reporter : Parth M.N.

పార్థ్ ఎం.ఎన్. 2017 PARI ఫెలో మరియు వివిధ వార్తా వెబ్‌సైట్ల కి స్వతంత్ర జర్నలిస్ట్ రిపోర్టర్ గా పని చేస్తున్నారు. ఆయన క్రికెట్ ను, ప్రయాణాలను ఇష్టపడతారు.

Other stories by Parth M.N.
Photographer : Riya Behl

రియా బెహల్ జెండర్, విద్యా సంబంధిత విషయాలపై రచనలు చేసే ఒక మల్టీమీడియా జర్నలిస్ట్. పీపుల్స్ ఆర్కైవ్ ఆఫ్ రూరల్ ఇండియా (PARI)లో మాజీ సీనియర్ అసిస్టెంట్ ఎడిటర్ అయిన రియా, PARIని తరగతి గదిలోకి తీసుకువెళ్ళడం కోసం విద్యార్థులతోనూ, అధ్యాపకులతోనూ కలిసి పనిచేశారు.

Other stories by Riya Behl
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.