സാമാന്യം നല്ല വിളവുണ്ടാകുന്നതാണോ പിന്നീടവ വിൽക്കാൻ ശ്രമിക്കുന്നതാണോ കൂടുതൽ ആയാസകരമെന്നു രാജീവ് കുമാർ ഓഝയ്ക്ക് അറിയില്ല. "നിങ്ങൾക്ക് ഇത് വിചിത്രമായി തോന്നിയേക്കാം, പക്ഷെ എന്‍റെ പ്രശ്നങ്ങൾ തുടങ്ങുന്നത് വിളവെടുപ്പുകാലാവസാനം നല്ല വിളവു ലഭിക്കുമ്പോഴാണ്," ഉത്തര-മദ്ധ്യ ബീഹാറിലെ ഒരു ഗ്രാമമായ ചൗമുഖിൽ തന്‍റെ പഴകിപ്പൊളിഞ്ഞ വീടിന്‍റെ വരാന്തയിലിരുന്ന് അദ്ദേഹം പറഞ്ഞു.

ഓഝ, 47, ഖരീഫ് (ജൂൺ-നവംബർ ) വിളയായി നെല്ലും റബി (ഡിസംബർ-മാർച്ച് ) വിളയായി ഗോതമ്പും ചോളവും മുസാഫർപൂർ ജില്ലയിലെ ബോച്ചാ താലൂക്കിലെ ഗ്രാമത്തിലുള്ള തന്‍റെ അഞ്ചേക്കർ ഭൂമിയിൽ കൃഷി ചെയ്യുന്നു. "കാലാവസ്‌ഥയും, വെള്ളത്തിന്‍റെ ലഭ്യതയും, തൊഴിലും മറ്റു പലതും ഒത്തു വന്നാലേ ഞങ്ങൾക്ക് നല്ല വിളവ് കിട്ടുകയുള്ളൂ," 2020 നവംബറിൽ അദ്ദേഹം എന്നോടു പറഞ്ഞു. "അതെല്ലാം കഴിഞ്ഞാലും വിപണിയില്ല. എന്‍റെ വിളശേഖരം ഗ്രാമത്തിലെ കമ്മീഷൻ ഏജന്‍റിന് അയാൾ നിശ്ചയിക്കുന്ന വിലയ്ക്ക് വിൽക്കേണ്ടി വരുന്നു." ഈ ഏജന്‍റ് അത് കമ്മീഷനോടുകൂടി മൊത്തക്കച്ചവടക്കാരനു വിൽക്കുന്നു.

2019-ൽ ഓഝ തന്‍റെ സംസ്കരിക്കാത്ത നെല്ലിന്‍റെ ശേഖരം ക്വിന്‍റലിന് 1,100 രൂപ നിരക്കിൽ വിറ്റു - ഇത് അന്നത്തെ താങ്ങുവിലയായ (എം.എസ്. പി.) 1,815 രൂപയേക്കാളും 39 ശതമാനം കുറവാണ്. "എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. ഞങ്ങൾക്ക് വേറെ എവിടെയും പോകാൻ (വിൽക്കാനായി) കഴിയില്ല എന്നറിയാവുന്നതിനാൽ ഏജന്‍റുമാർ എപ്പോഴും കുറഞ്ഞ നിരക്കിലേ വാങ്ങുകയുള്ളു. അതുകൊണ്ട് ഞങ്ങൾക്ക് കാര്യമായി ലാഭമുണ്ടാക്കാനാകില്ല," അദ്ദേഹം പറഞ്ഞു.

ബിഹാറിലെ ഒരു കർഷകൻ ഒരേക്കർ നെല്ലിന് ഏകദേശം 20,000 രൂപ മുടക്കുന്നു, ഓഝ പറഞ്ഞു. "ഒരേക്കറിൽ നിന്ന് എനിക്ക് ഏകദേശം 20-25 ക്വിന്‍റൽ വിളവ് ലഭിക്കുന്നു. ഒരു ക്വിന്‍റലിന് 1,100 രൂപ വീതം, ആറ് മാസത്തെ കഠിനാദ്ധ്വാനത്തിനു ശേഷം എനിക്ക് (ഒരേക്കറിൽ നിന്ന്) കിട്ടുന്ന ലാഭം 2,000-7,000 രൂപയാണ്. ഇത് ന്യായമായ ഇടപാടാണെന്നു തോന്നുന്നുണ്ടോ?"

ഓഝയെപ്പോലെ ബീഹാറിലെ പല കർഷകരും തങ്ങളുടെ വിളകൾക്ക് മികച്ച വില ലഭിക്കാൻ പാടുപെടുകയാണ്, പ്രത്യേകിച്ച് 2006-ൽ 1960-ലെ  ‘ബീഹാർ കാർഷികോത്പന്ന വിപണി നിയമം’ (Bihar Agriculture Produce Market Act, 1960) റദ്ദാക്കിയതിനുശേഷം. അതോടുകൂടി കാർഷികോത്പന്ന വിപണന സമിതിയുടെ (എ.പി.എം.സി.) മണ്ഡി സമ്പ്രദായം സംസ്‌ഥാനത്തു നിർത്തലാക്കി.

Rajiv Kumar Ojha's five-acre farmland in Chaumukh village
PHOTO • Parth M.N.

രാജീവ് കുമാർ ഓഝയുടെ ചൗമുഖ് ഗ്രാമത്തിലെ അഞ്ചേക്കർ കൃഷിയിടം

2020 സെപ്റ്റംബറിൽ പാസാക്കിയ മൂന്ന് പുതിയ കാർഷികനിയമങ്ങൾ നടപ്പിലാക്കുമ്പോൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ള കർഷകർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. 2020 നവംബർ 26 മുതൽ ഡൽഹിയുടെ അതിർത്തിയിലും രാജ്യത്തുടനീളവും ലക്ഷക്കണക്കിന് കർഷകർ ഈ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്.

താഴെപ്പറയുന്നവയാണ് മൂന്നു നിയമങ്ങള്‍: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020

https://ruralindiaonline.org/library/resource/the-essential-commodities-amendment-act-2020/

. 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി നിലവിലുള്ള സര്‍ക്കാര്‍ തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.

ഇതിൽ കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും സംബന്ധിച്ച 2020-ലെ നിയമം സംസ്‌ഥാനത്തെ എ.പി.എം.സി. നിയമങ്ങളെ അസാധുവാക്കുന്നു. കാർഷികോത്പന്നങ്ങൾ സംഭരിക്കാൻ സ്വകാര്യ കമ്പനികൾക്കു വഴിയൊരുക്കിക്കൊണ്ട് ഈ നിയമം സംസ്‌ഥാന സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കമ്പോളങ്ങൾക്ക് (എ.പി.എം.സി.) പുറത്തു വ്യാപാരം നടത്താൻ കർഷകരെ അനുവദിക്കുന്നു. കാർഷിക മേഖലയുടെ ഉദാരവൽക്കരണമാണ് ഈ നീക്കത്തിന്‍റെ ഉദ്ദേശ്യം. ഈ നിയമങ്ങളെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത് കൃഷിക്കാർക്ക് ഇനിമേൽ ഇടനിലക്കാർ വഴി തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കേണ്ടി വരില്ല എന്നാണ്.

ഇതേ ഉദ്ദേശ്യത്തോടുകൂടിയാണ് ബീഹാർ എ.പി.എം.സി. നിയമങ്ങൾ റദ്ദാക്കിയത്. എന്നാൽ അതിനു ശേഷമുള്ള 14 വർഷങ്ങളിൽ കർഷകരുടെ അവസ്‌ഥ കൂടുതൽ മോശമായതേയുള്ളൂ. നാഷണൽ സാമ്പിൾ സർവേ (70-ാം റൗണ്ട്) പ്രകാരം ഒരു കർഷക കുടുംബത്തിന്‍റെ പ്രതിമാസവരുമാനം 5,000 രൂപയിൽ താഴെയുള്ള ഇന്ത്യയിലെ ആറ് സംസ്‌ഥാനങ്ങളിൽ ഒന്നാണ് ബീഹാർ.

"ഇന്ത്യയിൽ വിപണിയധിഷ്ഠിതമായ ഒരു പുതിയ വിപ്ലവത്തിന്‍റെ തുടക്കമാകും ബീഹാർ എന്നായിരുന്നു പല സാമ്പത്തിക വിദഗ്ദരും പറഞ്ഞത്," ചണ്ഡീഗഢ് ആസ്ഥാനമായുള്ള കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞനായ ദേവീന്ദർ ശർമ പറഞ്ഞു. "സ്വകാര്യ നിക്ഷേപങ്ങൾ കർഷകർക്ക് മികച്ച വില ഉറപ്പാക്കുമെന്നതായിരുന്നു വാദം. എന്നാൽ അത് സംഭവിച്ചില്ല."

ബിഹാറിലെ കൃഷി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്‌ഥൻ ഈ അവസ്‌ഥ സ്‌ഥിരീകരിച്ചു. "നിർഭാഗ്യവശാൽ, ഞങ്ങളുടെ കൈവശം 2006-നു ശേഷം (കാർഷികമേഖലയിൽ) ഉണ്ടായിട്ടുള്ള സ്വകാര്യ നിക്ഷേപത്തിന്‍റെ കൃത്യമായ കണക്കില്ല. എന്നാൽ എ.പി.എം.സി.കൾ റദ്ദാക്കിയത് ബീഹാറിൽ ഗണ്യമായ നിലയിൽ സ്വകാര്യ നിയന്ത്രിത മാതൃകകൾ വരുന്നതിന് സഹായകമായി," ആ ഉദ്യോഗസ്ഥൻ പറഞ്ഞു. "ഉദാഹരണത്തിന് പുർണിയയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന വാഴപ്പഴം, തങ്ങളുടെ വീട്ടുപടിക്കൽ വരുന്ന, (സംസ്‌ഥാനത്തിന്‌) പുറത്തുള്ള വ്യാപാരികൾക്ക് വിൽക്കുന്നു."

ബിഹാറിൽ നെല്ല്, ഗോതമ്പ്‌, ചോളം, പരിപ്പ്, കടുക്, വാഴപ്പഴം എന്നിവയുൾപ്പെടുന്ന ഏകദേശം 90 ശതമാനം വിളകളും  ഗ്രാമത്തിൽ തന്നെയുള്ള കമ്മീഷൻ ഏജൻറുമാർക്കോ വ്യാപാരികൾക്കോ വിൽക്കുന്നുവെന്ന് നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻ‌സി‌ഇ‌ആർ) 2019-ൽ പ്രസിദ്ധീകരിച്ച പഠനമായ സ്റ്റഡി ഓൺ അഗ്രികൾച്ചർ ഡയഗ്നോസ്റ്റിക്സ് ഫോർ ദി സ്റ്റേറ്റ് ഓഫ് ബീഹാർ നിരീക്ഷിക്കുന്നു. "2006-ൽ എ.പി.എം.സി. നിയമം റദ്ദാക്കിയെങ്കിലും പുതിയ വിപണികൾ സൃഷ്ടിക്കാനോ നിലവിലുള്ളവയുടെ സൗകര്യങ്ങൾ ശക്തിപ്പെടുത്താനോ ഉതകുന്ന സ്വകാര്യ നിക്ഷേപങ്ങൾ ബിഹാറിൽ ഉണ്ടായില്ല, ഇത് വിപണി സാന്ദ്രത കുറയുന്നതിലേക്ക് നയിക്കുന്നു," ഈ റിപ്പോർട്ട് പറയുന്നു.

A locked Primary Agriculture Credit Society (PACS) centre in Khapura, where farmers can sell their paddy. Procurement by the PACS centres has been low in Bihar
PHOTO • Parth M.N.
A locked Primary Agriculture Credit Society (PACS) centre in Khapura, where farmers can sell their paddy. Procurement by the PACS centres has been low in Bihar
PHOTO • Parth M.N.

ഖപൂരയിലെ പൂട്ടിക്കിടക്കുന്ന പ്രൈമറി അഗ്രിക്കൾച്ചർ ക്രെഡിറ്റ് സൊസൈറ്റി (പി.എ.സി.എസ്.). ഇവിടെയും കർഷകർക്ക് നെല്ല് വിൽക്കാനാകും. പക്ഷെ ബിഹാറിൽ പി.എ.സി.എസ്. സെന്‍ററുകൾ വഴിയുള്ള സംഭരണം വളരെ കുറവാണ്.

കർഷകരും വ്യാപാരികളും കാർഷിക സഹകരണ സംഘങ്ങൾ പോലുള്ള ഏജൻസികളും ഉൾപ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട ചട്ടക്കൂടായ എ.പി.എം.സി.കളുടെ ചുമതലയാണ് വലിയ കച്ചവടക്കാർ കർഷകരെ ചൂഷണം ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തുക. "അവ നിർത്തലാക്കുന്നതിനുപകരം, കൂടുതൽ കർഷകരിൽ നിന്ന് സംഭരണം ഉറപ്പാക്കുന്നതിനായി അവ മെച്ചപ്പെടുത്തുകയും അവയുടെ ശൃംഖല വിപുലീകരിക്കുകയും ചെയ്യണമായിരുന്നു,” ഐ‌.ഐ‌.എം. അഹമ്മദാബാദിലെ സെന്‍റർ ഫോർ മാനേജ്‌മെന്‍റ്  ഇൻ അഗ്രികൾച്ചർ (സി.‌എം‌.എ.) ചെയർപേഴ്‌സണും എ.പി.എം.സി.യിൽ വിദഗ്ദനുമായ പ്രൊഫസർ സുഖ്പാൽ സിംഗ് പറഞ്ഞു. "പകരം ഒരു മാർഗ്ഗവും കാണാതെ അവ നിർത്തലാക്കിയത് സ്‌ഥിതി കൂടുതൽ വഷളാക്കി."

എ.പി.എം.സി. നിയമം നിർത്തലാക്കിയതിന്‍റെ അനന്തരഫലങ്ങൾ ബീഹാറിൽ പരക്കെ വ്യാപകമാണ്. എൻ.സി.എ.ഇ.ആർ. റിപ്പോർട്ട് അനുസരിച്ച് 2006-നു ശേഷം പ്രധാന വിളകളുടെ വില വർദ്ധിച്ചിട്ടുണ്ടെങ്കിലും അസ്‌ഥിരതയും കൂടിയിട്ടുണ്ട്. "വില സ്‌ഥിരമായിരിക്കുക എന്നതാണ് ഞങ്ങളുടെ ആവശ്യം. അല്ലെങ്കിൽ ഞങ്ങൾക്ക് ധൃതിയിൽ വിൽക്കേണ്ടി വരും," ഓഝ പറഞ്ഞു. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ ഇന്ത്യയിലുടനീളമുള്ള കർഷകർക്ക് ഇതുപോലെയുള്ള ഏറ്റക്കുറച്ചിലുകൾ നേരിടേണ്ടി വരുമെന്ന് ദേവീന്ദർ ശർമ്മ ഭയക്കുന്നു.

കമ്മീഷൻ ഏജന്‍റുമാര്‍ക്കു മാത്രമല്ല, ബീഹാറിൽ എ.പി.എം.സി. റദ്ദാക്കിയതിനു ശേഷം സ്‌ഥാപിക്കപ്പെട്ട സംസ്‌ഥാന സർക്കാരിന്‍റെ കീഴിലുള്ള പ്രൈമറി അഗ്രിക്കൾച്ചർ ക്രെഡിറ്റ് സൊസൈറ്റിയിലും (പി.എ.സി.എസ്.) ഓഝയ്ക്ക് നെല്ല് വിൽക്കാൻ കഴിയും. കേന്ദ്രഗവൺമെന്‍റ് നിശ്ചയിക്കുന്ന താങ്ങുവിലയിലാണ് ഇവിടെ സംഭരണം നടക്കുന്നത്. എന്നാൽ 2019-ലെ എൻ.സി.എ.ഇ.ആർ. പഠനമനുസരിച്ചു ബീഹാറിൽ പി.എ.സി.എസ്.  വഴിയുള്ള സംഭരണം വളരെ കുറവാണ് - 91.7 ശതമാനം നെല്ലും കമ്മീഷൻ ഏജന്‍റുമാര്‍ക്കാണ് ഇവിടെ വിൽക്കുന്നത്.

"പി.എ.സി.എസ്.ന്‍റെ സംഭരണം ഫെബ്രുവരി വരെ നീണ്ടു നിൽക്കും", ഓഝ പറഞ്ഞു. "നെല്ലിന്‍റെ വിളവെടുപ്പ് നവംബറിലാണ്. ഡിസംബറിൽ തുടങ്ങുന്ന റബി വിളയ്ക്കുള്ള തയ്യാറെടുപ്പിനു എനിക്ക് പണമാവശ്യമുണ്ട്. മാത്രമല്ല, നെല്ലിന്‍റെ ശേഖരം കൈവശം വയ്ക്കുമ്പോൾ മഴ വന്നിരുന്നെങ്കിൽ അതു മുഴുവൻ നശിച്ചു പോകുമായിരുന്നു." മതിയായ സംഭരണ സൗകര്യങ്ങളില്ലാത്തതിനാൽ പി.എ.സി.എസ്.-നു വിൽക്കുന്നതിനായി കാത്തുനിൽക്കാൻ ഓഝയ്ക്ക് കഴിയുന്നില്ല. "അതിൽ നഷ്ടത്തിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്."

പി.എ.സി.എസ്.  സെന്‍ററുകൾ നവംബറിൽ സംഭരണം തുടങ്ങുന്നുവെന്ന് പാറ്റ്നയിലെ ജില്ലാ മജിസ്‌ട്രേറ്റായ കുമാർ രവി പറഞ്ഞു. "ശൈത്യകാലത്ത് വലിയൊരു ഭാഗം നെല്ലും ഈർപ്പം പിടിക്കുന്നു. വിളകൾ നനവു തട്ടാതെ സൂക്ഷിക്കാൻ കഴിഞ്ഞ കർഷകർ അത് ജില്ലാ മജിസ്‌ട്രേറ്റിന്‍റെയും സംസ്‌ഥാന സഹകരണ സംഘത്തിന്‍റെയും മേൽനോട്ടത്തിൽ പി.എ.സി.എസ്.-നു വിൽക്കുന്നു," അദ്ദേഹം പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റാണ് വാങ്ങാനുള്ള അളവ്  നിശ്ചയിക്കുന്നതെന്ന് ചൗമുഖ് ഗ്രാമത്തിലെ പി.എ.സി.എസ്. സെന്‍ററിന്‍റെ ചെയർമാനായ അജയ് മിശ്ര പറയുന്നു. "എല്ലാ പി.എ.സി.എസ്.-നും വാങ്ങാനുള്ള അളവിന് ഒരു പരിധിയുണ്ട്. കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് ഇത് 1,700 ക്വിന്‍റലായിരുന്നു," അദ്ദേഹം പറഞ്ഞു. "(ചൗമുഖ്) ഗ്രാമപഞ്ചായത്തിൽ ആകെ വിളയുന്നത് 20,000 ക്വിന്റലാണ്. എന്‍റെ അവസ്‌ഥ വളരെ കഷ്ടമാണ്. കർഷകർ പലപ്പോഴും എന്നെ അവരുടെ വിള  സംഭരിക്കാൻ കഴിയാത്തതിനാൽ അധിക്ഷേപിക്കുന്നു. പക്ഷെ എനിക്ക് ഒന്നും ചെയ്യാനില്ല."

Small and marginal farmers end up dealing with agents, says Ajay Mishra, chairman of the PACS centre in Chaumukh
PHOTO • Parth M.N.

ചെറുകിട , നാമമാത്ര കർഷകർക്ക് ഏജന്റുമാരുമായി കച്ചവടത്തിലേർപ്പെടേണ്ടി വരുന്നുവെന്ന് ചൗമുഖ് ഗ്രാമത്തിലെ പി.എ.സി.എസ്. സെന്‍ററിന്‍റെ ചെയർമാനായ അജയ് മിശ്ര പറയുന്നു .

2015-16-ലെ കണക്കുപ്രകാരം ബീഹാറിലെ ഏകദേശം 97 ശതമാനം കർഷകർക്കും ചെറുതും നാമമാത്രമായതുമായ ഭൂമിയാണുള്ളതെന്നു എൻ.സി.എ.ഇ.ആർ. റിപ്പോർട്ട് നിരീക്ഷിക്കുന്നു. ഇത് ഇന്ത്യയുടെ ശരാശരി 86.21-നേക്കാളും വളരെ അധികമാണ്. "ചെറുകിട, നാമമാത്ര കർഷകർക്ക് ഏജന്‍റുമാർക്ക് വിളകള്‍ വിൽക്കേണ്ടി വരുമ്പോള്‍ ഭേദപ്പെട്ട അവസ്‌ഥയിലുള്ള കർഷകർ അവരുടെ വിളകള്‍ പി.എ.സി.എസ്.-നു വിൽക്കുന്നു," മിശ്ര പറഞ്ഞു. പി.എ.സി.എസ്. നെല്ല് മാത്രമേ സംഭരിക്കുന്നുള്ളൂ. അതുകൊണ്ട് ഓഝ തന്‍റെ ഗോതമ്പും ചോളവും താങ്ങുവിലയേക്കാൾ കുറഞ്ഞ വിലയിൽ ഏജന്‍റുമാർക്ക് വിൽക്കുന്നു. "നാല് കിലോ ചോളം വിറ്റാൽ ആ തുകകൊണ്ട് എനിക്ക് ഒരു കിലോ ഉരുളക്കിഴങ്ങു മാത്രമേ വാങ്ങാനാകൂ," അദ്ദേഹം പറഞ്ഞു. "ഈ വർഷം (2020) ലോക്ക്ഡൗൺ കാരണം ഞാൻ ക്വിന്‍റലിന് 1,000 രൂപയ്ക്കാണ് ചോളം വിറ്റത്. കഴിഞ്ഞ വർഷം അത് 2,200 രൂപയായിരുന്നു. ഏജന്‍റുമാരുടെ കൈപ്പിടിയിലാണ് ഞങ്ങൾ."

കുറഞ്ഞ വില നൽകുന്നതിന് പുറമെ ഏജന്‍റുമാർ അളവു തൂക്കത്തിലും കൃത്രിമത്വം കാണിക്കാറുണ്ടെന്നു പാറ്റ്നയിലെ പാലിഗഞ്ജ് താലൂക്കിലെ ഖപൂര ഗ്രാമത്തിൽ അഞ്ചേക്കർ ഭൂമിയുള്ള കർഷകനായ കമൽ ശർമ്മ, 40, പറഞ്ഞു. "ഓരോ ക്വിന്‍റലിൽ നിന്നും അവർ അഞ്ചു കിലോയോളം മോഷ്ടിക്കുന്നു. ഏജന്‍റുമാരുടെ ത്രാസ്സും എ.പി.എം.സി.യിലെ ത്രാസ്സും ഇപ്പോഴും വ്യത്യസ്തമായ ഭാരമാണ് കാണിക്കാറുള്ളത്," അദ്ദേഹം പറഞ്ഞു.

"കർഷകനെ ഒരു ഏജന്‍റ് കബളിപ്പിച്ചാൽ അയാൾക്ക് ഉപഭോക്തൃ കോടതിയിൽ പോകേണ്ടി വരുന്നു. എത്ര കർഷകർക്ക് അത് ചെയ്യാൻ കഴിയും?" സി.‌എം‌.എ.യില്‍ നിന്നുള്ള സിംഗ് ചോദിച്ചു. എ.പി.എം.സി.യിൽ പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് ലൈസൻസുണ്ടെന്നും, അവരുടെ പ്രവൃത്തികൾക്ക് അവർ ഉത്തരവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എല്ലാ പങ്കാളികൾക്കും ന്യായമായത് ലഭിക്കണമെങ്കിൽ കാർഷികവിപണിയിൽ നിയന്ത്രണം ആവശ്യമാണ്. എ.പി.എം.സി. കൊണ്ടുവന്നതും അതാണ്."

ഏജന്‍റുമാരുടെ സുഖകരമല്ലാത്ത ഇടപാടുകൾ മൂലം പല കർഷകതൊഴിലാളികൾക്കും ബീഹാർ വിട്ട് മറ്റെവിടെയെങ്കിലും തൊഴിൽ ചെയ്യേണ്ടി വരുന്നുവെന്ന്  കമൽ ശർമ്മ പറഞ്ഞു. "മതിയായ കൂലി നൽകി അവരെ ജോലിക്കുവയ്ക്കാനുള്ള വരുമാനം ഞങ്ങൾക്കില്ല. അതുകൊണ്ടു അവർ പഞ്ചാബിലേക്കോ ഹരിയാനയിലേക്കോ കുടിയേറുന്നു."

Left: Kamal Sharma in his farm in Khapura. Right: Vishwa Anand says farmers from Bihar migrate to work because they can't sell their crops at MSP
PHOTO • Parth M.N.
Left: Kamal Sharma in his farm in Khapura. Right: Vishwa Anand says farmers from Bihar migrate to work because they can't sell their crops at MSP
PHOTO • Parth M.N.

ഇടത് : ഖപൂരയിലെ തന്‍റെ കൃഷിയിടത്തിൽ കമൽ ശർമ്മ. വലത്: താങ്ങുവിലയ്ക്കു വിളകൾ വിൽക്കാൻ കഴിയാത്തതിനാല്‍  ബീഹാറിൽനിന്ന് കർഷകർ പുറത്തേക്ക് കുടിയേറുന്നുവെന്ന് വിശ്വ ആനന്ദ് പറയുന്നു.

പഞ്ചാബിലും ഹരിയാനയിലും ഉത്പാദിപ്പിക്കുന്ന ഭൂരിഭാഗം ഗോതമ്പും നെല്ലും അവരുടെ സംസ്‌ഥാനസർക്കാർ സംഭരിക്കുന്നു. "അവിടെ കർഷകർക്ക് ന്യായമായ വില ലഭിക്കുന്നതിനാൽ തൊഴിലാളികൾക്കും മെച്ചപ്പെട്ട കൂലി നൽകാൻ അവർക്കു കഴിയും," ചൗമുഖില്‍ കാർഷിക വിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിശ്വ ആനന്ദ് വിശദീകരിക്കുന്നു. "ബിഹാറിൽ ജോലി ചെയ്യാൻ താല്പര്യം കാണിക്കാത്തതിന് നമുക്ക് തൊഴിലാളികളെ കുറ്റം പറയാനാകില്ല. കർഷകർക്ക് താങ്ങുവിലയിൽ വിളകൾ വിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ തൊഴിലാളികൾ ഇവിടെ നിന്ന് പുറത്തേക്ക് കുടിയേറില്ലായിരുന്നു.

"സർക്കാർ താങ്ങുവില നിർബന്ധമാക്കണമെന്ന് 2020 ഒക്ടോബർ- നവംബർ മാസങ്ങളിൽ ഞാൻ സംസാരിച്ച, ബീഹാറിലെ പല ജില്ലകളിൽ നിന്നുമുള്ള കർഷകർ അഭിപ്രായപ്പെട്ടു. ഡൽഹിയുടെ അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷകരുടെ പ്രതിഷേധത്തിലും ഇതേ ആവശ്യം പ്രതിഫലിക്കുന്നുണ്ട്.

കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കര്‍ഷകര്‍ക്കു താങ്ങാകാവുന്ന എല്ലാത്തിനെയും അവ ദുര്‍ബ്ബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

“[കേന്ദ്ര] സർക്കാർ വില നിശ്ചയിക്കുകയും പിന്നീട് താങ്ങുവിലയ്ക്കു വിൽക്കാൻ കഴിയാത്ത കര്‍ഷകരുടെ കാര്യം മറക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് താങ്ങുവിലയ്ക്കു താഴെയുള്ള നിരക്കിൽ ഉത്പന്നങ്ങൾ സംഭരിക്കുന്നത് സർക്കാർ കുറ്റകരമാക്കുന്നില്ല?” ആനന്ദ് ചോദിച്ചു.  “കച്ചവടക്കാർ അവരെ കബളിപ്പിക്കുമ്പോൾ അവർ എവിടെ പോകാനാണ്?”

ഖപൂരയിൽ കമൽ ശർമയും അദ്ദേഹത്തിന്‍റെ ഭാര്യ പൂനവും 12 വർഷം മുൻപ് ഒരു കച്ചവടക്കാരൻ കടം മേടിച്ച 2500 രൂപ തിരികെക്കിട്ടാൻ കാത്തിരിക്കുകയാണ്. "നെല്ല് കൊണ്ടുപോകാനുള്ള വാഹനത്തിന് അഡ്വാൻസായി വാങ്ങിയതാണ് ആ തുക," കമൽ പറഞ്ഞു.

"ഇന്നും ഞങ്ങൾക്ക് അതൊരു വലിയ തുകയാണ്, പക്ഷെ അന്ന് ഇന്നത്തേക്കാൾ വലുതായിരുന്നു. ഒരു പാക്കറ്റ് വളത്തിന്‍റെ ഇന്നത്തെ വില അന്നത്തെക്കാൾ അഞ്ചിരട്ടിയാണ്," പൂനം പറഞ്ഞു. "പക്ഷെ ഇത്തരം സംഭവങ്ങൾ ബിഹാറിൽ തുടർന്നുകൊണ്ടിരിക്കുന്നു. അത് ഞങ്ങളെ ഇപ്പോൾ ആശ്ചര്യപ്പെടുത്തുന്നില്ല."

പരിഭാഷ: പി എസ്‌ സൗമ്യ

Parth M.N.

பார்த். எம். என் 2017 முதல் பாரியின் சக ஊழியர், பல செய்தி வலைதளங்களுக்கு அறிக்கை அளிக்கும் சுதந்திர ஊடகவியலாளராவார். கிரிக்கெடையும், பயணங்களையும் விரும்புபவர்.

Other stories by Parth M.N.
Translator : P. S. Saumia

P. S. Saumia is a physicist currently working in Russia.

Other stories by P. S. Saumia