"സാത്ത് ബാരാ ഇല്ലാതെ ഞങ്ങള്‍ക്കു യാതൊന്നും ചെയ്യാനാകില്ല.” കര്‍ഷകസമരത്തിന്‍റെ ഭാഗമായി ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്തിരിക്കുമ്പോൾ അമ്പത്തിയഞ്ചുകാരിയായ ശശികല പറഞ്ഞു.
അവരുടെ തൊട്ടടുത്ത് മൈതാനത്തെ കൂടാരത്തിൽ ഓറഞ്ചും ചുവപ്പും കലർന്ന വിരിപ്പിൽ ഇരിക്കുന്നത് അറുപത്തിയഞ്ചുകാരി അരുണാബായ് സോനവണെ ആണ്. സംയുക്ത ശേത്കരി കാംഗാർ മോർച്ച ജനുവരി 25, 26 തീയതികളിൽ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുക്കുന്നതിനായിരുന്നു മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ചിംനാപൂര്‍ ഗ്രാമത്തിൽ നിന്നും ഇരുവരും മുംബൈയിൽ എത്തിയത്.
2006-ലെ വനാവകാശ നിയമം അനുസരിച്ച് തങ്ങള്‍ക്കു ഭൂമി കൈവശം കിട്ടണമെന്നും പുതിയതായി നടപ്പാക്കാനുദ്ദേശിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍ലിവക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഭിൽ ആദിവാസി വിഭാഗത്തിൽ പെടുന്ന അരുണാ ബായിയുടെയും ശശികലയുടെയും പ്രധാന വരുമാന ശ്രോതസ്സ് കാർഷിക വൃത്തിയാണ്. ജോലി ലഭ്യമായ ദിവസങ്ങളിൽ 150-200 രൂപയാണിവരുടെ വേതനം. “നിങ്ങളെപ്പോലെ മാസത്തില്‍ ഇത്ര സമ്പാദിക്കുമെന്നു പറയാന്‍ എനിക്കു കഴിയില്ല” അരുണാബായ് എന്നോടു പറഞ്ഞു.
ഇവര്‍ കൃഷി ചെയ്യുന്ന മുന്നേക്കര്‍ വീതമുള്ള കൃഷിയിടങ്ങളിലെ പ്രധാനവിളകള്‍ ചോളവും അരിച്ചോളവുമാണ്. ചോളം വിൽക്കുന്നത് 10-12 ക്വിന്‍റലിന് 1000 രൂപ നിരക്കിലാണ്. അരിച്ചോളം വീട്ടിലെ ഭക്ഷണത്തിനുപയോഗിക്കും. വേലി കെട്ടിയിട്ടും അവരുടെ വിളകൾ കാട്ടു പന്നികൾ, നീൽഗായ്, കുരങ്ങുകൾ എന്നിവയൊക്കെ നശിപ്പിക്കുന്നു. "ആർക്കൊക്കെ കൃഷിയുണ്ടോ അവരൊക്കെ രാത്രിയിൽ ഉറങ്ങാതിരിക്കുന്നു (വിളകൾ കാക്കുന്നതിന്)”, അരുണാബായ് പറഞ്ഞു.
ശശികലയും അരുണാഭായിയും കൃഷി ചെയ്യുന്ന ഭൂമി വനംവകുപ്പിന്‍റെ അധീനതയിലുളളതാണ്. "സാത്ത് ബാരാ [ഭൂഅവകാശ രേഖകൾ] ഇല്ലാതെ കൃഷിക്കുളള സൗകര്യങ്ങളൊന്നും ഞങ്ങള്‍ക്കു ലഭിക്കില്ല”, ശശികല പറഞ്ഞു. "വനം വകുപ്പധികൃതരും ഞങ്ങളോടു പ്രശ്നം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അവർ ഞങ്ങളോടു പറയുന്നത് ഇവിടെ കൃഷി ചെയ്യരുത്, വീടു വയ്ക്കരുത്, ട്രാക്ടറുകള്‍ കൊണ്ടുവന്നാൽ പിഴ ചുമത്തും എന്നിങ്ങനൊക്കെയാണ്.”
വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം; അവശ്യ സാധന (ഭേദഗതി) നിയമം, 2020, എന്നിവയൊക്കെ പിൻവലിക്കുന്നതിനായി ഡൽഹിയുടെ അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനു കൂടിയാണ് ശശികലയും അരുണാബായിയും ആസാദ് മൈതാനത്തെത്തിയത്. 2020 ജൂണ്‍ അഞ്ചിന് ഓര്‍ഡിനന്‍സുകളായാണ് ഈ നിയമങ്ങള്‍ ആദ്യം പാസ്സാക്കിയത്. സെപ്തംബര്‍ 14-ന് കാര്‍ഷിക ബില്ലുകളായി പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്കു വച്ചു. 20-ന് ഇപ്പോഴത്തെ സര്‍ക്കാര്‍ ഇവ ധൃതി പിടിച്ചു നിയമങ്ങളാക്കി മാറ്റി.



