പോലീസിന്‍റെ നിഷ്ഠൂരമായ ലാത്തി ചാര്‍ജ്ജ് ഇല്ലായിരുന്നെങ്കില്‍ ഉത്തർ പ്രദേശിലെ ബാഗ്പത് ജില്ലയിൽ സമരം ചെയ്യുന്ന കർഷകർ ജനുവരി 27-ന് സമരസ്ഥലം വിട്ടു പോകുമായിരുന്നില്ല. "സമരം 40 ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുകയായിരുന്നു”, ബടോത് പട്ടണത്തിൽ നിന്നുള്ള 52-കാരനായ കരിമ്പു കർഷകൻ ബ്രിജ്പാൽ സിങ് പറഞ്ഞു.
"ഇതൊരു രാസ്താ രോകോ (റോഡുപരോധം) പോലുമായിരുന്നില്ല. ഞങ്ങൾ സമാധാനപരമായി ജനാധിപത്യ അവകാശങ്ങൾ ഉന്നയിക്കുകയായിരുന്നു. ജനുവരി 27-ന് രാത്രിയിൽ പോലീസ് പെട്ടെന്നു ഞങ്ങളെ തല്ലാൻ ആരംഭിച്ചു. അവർ ഞങ്ങളുടെ കൂടാരങ്ങൾ നശിപ്പിച്ചു, ഞങ്ങളുടെ പാത്രങ്ങളും വസ്ത്രങ്ങളും എടുത്തു. പ്രായമായവരേയും കുട്ടികളേയും പോലും അവർ ശ്രദ്ധിച്ചില്ല”, ബടോതിൽ അഞ്ചേക്കർ കൃഷി ഭൂമിയുടെ ഉടമയായ ബ്രിജ്പാൽ കൂട്ടിച്ചേർത്തു.
അന്നത്തെ ജനുവരി രാത്രിവരെ ജില്ലയിൽ എല്ലായിടത്തു നിന്നുമുള്ള ഏകദേശം 200 കർഷകർ ബാഗ്പത്- സഹാറന്‍പൂര്‍ ഹൈവേയിൽ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്തു വരികയായിരുന്നു. 2020 സെപ്തംബറിൽ കേന്ദ്ര സർക്കാർ മൂന്നു കാർഷിക നിയമങ്ങൾ അവതരിപ്പിച്ചതു മുതൽ രാജ്യത്തെല്ലായിടത്തുമായി സമരം ചെയ്തുകൊണ്ടിരിക്കുന്ന നാലു ലക്ഷത്തോളം കർഷകരിൽ ഇവരും പെടുന്നു.
നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2020 ജനുവരി 26 മുതൽ ഡൽഹി അതിർത്തികളിൽ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന കർഷകർക്കുള്ള - പ്രധാനമായും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ളവർ - പിന്തുണ അറിയിച്ചു കൊണ്ടിരിക്കുകയായിരുന്നു ബാഗ്പതിൽ നിന്നും പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള കർഷകർ.
"ഞങ്ങൾ ഭീഷണിയും ഫോൺ വിളികളും കേട്ടു”, ബ്രിജ്പാൽ പറഞ്ഞു. അദ്ദേഹം ദേശ് ഖാപിന്റെ – ബാഗ്പത് പ്രദേശത്തെ തോമർ ഗോത്രത്തിലെ പുരുഷന്മാരുടെ സമിതി – പ്രാദേശിക നേതാവു കൂടിയാണ് അദ്ദേഹം. “ഞങ്ങളുടെ കൃഷിസ്ഥലത്ത് വെള്ളം നിറയ്ക്കുമെന്ന് [ജില്ലാ] ഭരണകൂടം ഭീഷണിപ്പെടുത്തി. ഒന്നുകൊണ്ടും ഫലമില്ലാതായപ്പോൾ രാത്രിയിൽ ഞങ്ങൾ ഉറങ്ങിയ നേരം പോലീസ് ലാത്തി ചാർജ്ജ് നടത്തി. അത് ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ല.”




