“റോഡിന്‍റെ ഇരുവശത്തും 50 കിലോമീറ്റര്‍ നീളത്തില്‍ ട്രാക്ടറുകള്‍ വരിയായി കിടക്കുന്നത് തിക്രി അതിർത്തിയിൽ കാണാം”, കമൽ ബ്രാർ പറഞ്ഞു. 20 കർഷകരോടൊപ്പം അഞ്ചു ട്രാക്ടറുകളും രണ്ടു ട്രോളികളുമായി ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് അദ്ദേഹം തിക്രിയിൽ എത്തിയത്.
2020 സെപ്റ്റംബറിൽ പാർലമെന്‍റ് പാസ്സാക്കിയ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു പതിനായിരക്കണക്കിനു കർഷകര്‍ 2020 നവംബർ 26 മുതൽ ദേശീയ തലസ്ഥാനത്തിനു തൊട്ടുപുറത്തു സമരം ചെയ്തു കൊണ്ടിരിക്കുന്ന മൂന്നു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഹരിയാന-ഡൽഹി അതിർത്തിയിലെ തിക്രി.
സമരങ്ങളുടെ ഭാഗമായി ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്ത് ഇതുവരെ നടന്നിട്ടില്ലാത്ത തരത്തിലുള്ള ട്രാക്ടർ റാലി നടത്താനാണ് കർഷകർ പദ്ധതിയിട്ടിരിയ്ക്കുന്നത്.
അതിൽ പങ്കെടുക്കാനിരിക്കുന്നവരില്‍ ഒരാളാണ് നിർമൽ സിംഗ്. അദ്ദേഹത്തിന്‍റെ ഗ്രാമമായ പഞ്ചാബിലെ ഫാസില്‍ക്കാ ജില്ലയിലെ അബോഹർ ബ്ലോക്കിലെ വഹാബ്.വാലായില്‍നിന്നുള്ള 4 ട്രാക്ടറുകൾ തിക്രിയിൽ പാർക്കു ചെയ്യാൻ ഒരുപാടു മണിക്കൂറുകൾ എടുത്തു. കിസാൻ മസ്ദൂർ ഏകതാ യൂണിയൻ എന്ന സംഘടനയുടെ കീഴിൽ വഹാബ്.വാലാ യിൽ നിന്നും 25 പേരോടൊപ്പമാണ് അദ്ദേഹം എത്തിയിട്ടുള്ളത്. “കൂടുതൽ ആർക്കാർ വരുന്നുണ്ട്. ട്രാക്ടറുകളുടെ എണ്ണം പെരുകും, നിങ്ങൾക്കതു കാണാം”, അദ്ദേഹം പറഞ്ഞു.







