“ഞങ്ങള്‍ ട്രാക്ടറുകള്‍ ത്രിവർണ്ണ പതാകകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ രാജ്യത്തെ സ്നേഹിക്കുന്നു”, ശംശേർ സിംഗ് പറയുന്നു. അദ്ദേഹത്തിന്‍റെ ട്രാക്ടറിൽ ദേശീയ പതാകയുടെ നിറങ്ങളിൽ റിബ്ബണുകളും, ബലൂണുകളും, പൂക്കളും കൊണ്ട് തോരണം ചാർത്തിയിരുന്നു. “മാതൃരാജ്യം പോലെ തന്നെ പ്രിയങ്കരമാണ് ഞങ്ങൾക്ക് കൃഷിയും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “മാസങ്ങളോളം ഞങ്ങൾ സ്വന്തം നിലങ്ങളിൽ കൃഷി ചെയ്യുന്നു. ഞങ്ങളുടെ അമ്മമാര്‍ ഞങ്ങളെ പരിചരിക്കുന്നതുപോലെ ഞങ്ങളുടെ വിളകളെ ഞങ്ങള്‍ പരിചരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ ട്രാക്ടറുകള്‍ ഭൂമാതാവിനെ പോലെ അലങ്കരിച്ചിരിക്കുന്നത്.”
ഡൽഹിയിൽ പ്രതിഷേധസമരം നടക്കുന്നയിടങ്ങളിലെ കർഷകർ അവരുടെ ട്രാക്ടറുകൾ പല പ്രമേയങ്ങൾ ആസ്പദമാക്കി ഒരു പരിപാടിക്കുവേണ്ടി ഒരുക്കുന്നു. പല സംസ്‌ഥാനങ്ങളെയും പ്രമേയങ്ങളെയും പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഈ റാലിയും ജനുവരി 26-ന് തലസ്ഥാനത്തു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡുപോലെ വർണ്ണാഭവും അർത്ഥപൂർണ്ണവും ആക്കണമെന്നാണവർ ആഗ്രഹിക്കുന്നത്. പൂക്കളും, പതാകകളും, ടാബ്ലോയും ഒക്കെചേര്‍ന്ന് ട്രാക്ടറുകൾക്ക് ഒരു പുതിയ ഭാവം കൈവന്നിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി കർഷകർ സ്വന്തംനിലയിലും കാര്‍ഷിക യൂണിയനുകൾ ഏർപ്പെടുത്തിയ സംഘങ്ങളുടെ സഹായത്തോടെയും ജനുവരി 26-നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
"ഗൗരെ നാംഗലിലുള്ള എന്‍റെ വീട്ടിൽ നിന്ന് ഇവിടെ വരെ ട്രാക്ടറോടിച്ചു വരാൻ രണ്ടു ദിവസങ്ങളെടുത്തു", 53-കാരനായ ഷംഷേർ പറഞ്ഞു. അദ്ദേഹം ടിക്രിയിലെ പരേഡില്‍ പങ്കെടുക്കാന്‍ പഞ്ചാബിലെ അമൃത്സർ ജില്ലയിലെ തന്‍റെ ഗ്രാമത്തിൽ നിന്നും ഇരുപതു കർഷകരോടൊപ്പം ഹരിയാന-ഡൽഹി അതിർത്തിയിലെത്തിയതാണ്. കാർഷിക നിയമങ്ങള്‍ പിൻവലിക്കണമെന്നുള്ള കര്‍ഷകരുടെ ആവശ്യം ആവര്‍ത്തിച്ചുന്നയിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.




