“24-ാം തീയതി രാവിലെ ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും മൂന്നു ട്രാക്ടറുകളും, ആറു ട്രാക്ടർ ട്രോളികളും, 2-3 കാറുകളും ഡൽഹിക്കു പുറപ്പെടും”, ഹരിയാനയിലെ കന്ദ്രൗളി ഗ്രാമത്തിൽ നിന്നുള്ള ചീക്കു ധാണ്ട പറഞ്ഞു. “ഞങ്ങൾ ട്രാക്ടർ റാലിയിൽ അണിചേരാൻ പോകുന്നു. ഞാൻ സ്വന്തം ട്രാക്ടർ ഡൽഹിയിലേക്ക് ഓടിക്കുകയായിരിക്കും”, 28-കാരനായ കർഷകൻ കൂട്ടിച്ചേർത്തു.
ഹരിയാനാ-ഡൽഹി അതിർത്തിയിലെ സിoഘുവിലേക്ക് ചീക്കുവിന്‍റെ ആറാമത്തെ സന്ദർശനമാണിത്. 2020 സെപ്റ്റംബറിൽ പാർലമെന്‍റ് പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന പതിനായിരക്കണക്കിന് കർഷകരോടൊപ്പമാണ് ഓരോ തവണയും അദ്ദേഹം ചേര്‍ന്നിട്ടുള്ളത്. ഇതിനുവേണ്ടി ഓരോ തവണയും ഏകദേശം 4 മണിക്കൂറുകളെടുത്ത് 150 കിലോമീറ്റര്‍ വീതമാണ് യമുനാനഗർ ജില്ലയിലെ കന്ദ്രൗളിയിൽ നിന്നും റോഡുയാത്ര ചെയ്തത്. സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഓരോ സന്ദർശനത്തിലും കുറഞ്ഞതു മൂന്നു രാത്രിയെങ്കിലും അദ്ദേഹം സിംഘുവിൽ കഴിഞ്ഞിട്ടുണ്ട്.
കുരുക്ഷേത്ര സർവ്വകലാശാലയിൽ നിയമം പഠിക്കുന്ന 22-കാരനായ ബന്ധു മോനിന്ദർ ധാണ്ടയാണ് ഓരോ തവണയും അദ്ദേഹത്തെ യാത്രയില്‍ അനുഗമിച്ചത്. പച്ചക്കറികൾ, നെല്ല്, ഗോതമ്പ് എന്നിവയൊക്കെ കൃഷി ചെയ്യുന്ന 16 ഏക്കർ ഭൂമിയാണ് ഒരുമിച്ചു താമസിക്കുന്ന അവരുടെ കുടുംബങ്ങൾക്കുള്ളത്. കാർഷികവൃത്തിയെ പ്രധാനമായും ആശ്രയിക്കുന്ന ഹരിയാനയിലെ ജാട്ട് സമുദായത്തിൽ നിന്നുള്ളവരാണ് അവർ.
“പ്രാദേശിക എ.പി.എം.സി. മണ്ടികളിൽ വിളകൾ വിറ്റ് ഏക്കറിന് 40000 മുതൽ 50000 രൂപ വരെ എല്ലാ വർഷവും ഞങ്ങൾക്കു നേടാൻ കഴിയും”, മോനിന്ദർ പറഞ്ഞു. “ഉത്പാദനച്ചിലവ് വര്‍ഷംതോറും വർദ്ധിക്കുന്നു, എന്നാൽ എം.എസ്.പി. (മിനിമം താങ്ങുവില) കൂടുന്നില്ല”, മോനിന്ദർ പറഞ്ഞു. ഈ വരുമാനമാണ് എട്ടുപേരുള്ള അവരുടെ കുടുംബത്തെ നിലനിർത്തുന്നത്.
കന്ദ്രൗളി ഗ്രാമത്തിലെ 1,314 താമസക്കാരിൽ ഭൂരിപക്ഷവും ഇവരുടെ കുടുംബങ്ങളെപ്പോലെ കൃഷി ചെയ്യുന്നു. അവരിൽ ചിലർ കർഷക സമരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിയ്ക്കുന്നതിനും നോക്കി നടത്തുന്നതിനുമായി അനൗപചാരികമായി ഒരു യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതിന്‍റെ പ്രവര്‍ത്തനം ഗ്രാമത്തിലെ ഭൂരിപക്ഷം കർഷകരും യോജിച്ചു പ്രവർത്തിക്കുന്ന ഭാരതീയ കിസാൻ യൂണിയന്‍റെ സോണൽ സബ്-കമ്മിറ്റികളുടേതില്‍ നിന്നും വ്യത്യസ്ഥമാണ്. യൂണിയന്‍ വലിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ യോഗം പ്രദേശിക തല തീരുമാനങ്ങളില്‍ ശ്രദ്ധിക്കുന്നു. “സമരത്തിൽ പങ്കെടുക്കാൻ പോയവരുടെ ഭൂമി ഓരോസമയത്തും ആരൊക്കെയാണു (ഊഴമനുസരിച്ച്) സംരക്ഷിക്കേണ്ടത് എന്നു തീരുമാനിക്കുന്നത് ഗ്രാമ സമിതികൾ ആണ്”, ചീക്കു പറഞ്ഞു. സിംഘുവിലെ ആൾക്കാർക്കുള്ള ഭക്ഷണ വിതരണവും അവർ ക്രമീകരിക്കുന്നു.





