ഒടിഞ്ഞ കൈ തൂക്കിയിടാനുപയോഗിച്ചിരുന്ന കെട്ട് നാരായണ്‍ ഗായക്വാഡിനെ അലോസരപ്പെടുത്തിയിരുന്നു. അദ്ദേഹം അതഴിച്ചുമാറ്റിയ ശേഷം തൊപ്പി ശരിയാക്കിക്കൊണ്ട് തന്‍റെ നീല ഡയറിയും പേനയും തിരഞ്ഞു. അദ്ദേഹം കുറച്ചു ധൃതിയില്‍ ആയിരുന്നു.
“മാഝ നാവ് നാരായണ്‍ ഗായക്വാഡ്. മി കൊല്‍ഹാപൂരാതന ആലൊയ. തുംഹി കുഠ്ന ആലായ? [എന്‍റെ പേര് നാരായണ്‍ ഗായക്വാഡ്. ഞാന്‍ വരുന്നത് കോല്‍ഹാപൂരില്‍ നിന്നാണ്. നിങ്ങള്‍ എവിടെ നിന്നു വരുന്നു?]”, കോല്‍ഹാപൂരിലെ ജാംഭലി ഗ്രാമത്തില്‍ നിന്നുള്ള 73-കാരന്‍ കര്‍ഷകന്‍ ചോദിച്ചു.
അദ്ദേഹം തന്‍റെ ചോദ്യങ്ങള്‍ അഹ്മദ്നഗര്‍ ജില്ലയില്‍ നിന്നും ദക്ഷിണ മുംബൈയിലെത്തി വെയില്‍ കൊള്ളാതെ ആസാദ് മൈദാനിലെ കൂടാരങ്ങളില്‍ തങ്ങിയ ഒരുകൂട്ടം ആദിവാസി കര്‍ഷരോട് ചോദിച്ചു. മഹാരാഷ്ടയിലെ 21 ജില്ലകളില്‍ നിന്ന് ഒരുമിച്ചുകൂടി പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജനുവരി 24 മുതല്‍ 26 വരെ പ്രതിഷേധിക്കാന്‍ അവിടെത്തിയതായിരുന്നു ആ കര്‍ഷകര്‍. ശിരോള്‍ താലൂക്കിലെ തന്‍റെ ഗ്രാമത്തില്‍ നിന്നും ഏകദേശം 400 കിലോമീറ്ററാണ് മുറിവേറ്റ കൈകളുമായി നാരായണ്‍ സഞ്ചരിച്ചത്. ഗ്രാമത്തില്‍ അദ്ദേഹത്തിന് മൂന്നേക്കര്‍ കൃഷിയിടം ഉണ്ട്.
സ്വയം പരിചയപ്പെടുത്തിയ ശേഷം നാരായണ്‍ താനും മറ്റുള്ളവരും ഗ്രാമത്തില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. “ഞാനൊരു കര്‍ഷകനാണ്, പ്രശ്നങ്ങള്‍ മനസിലാക്കാന്‍ എനിക്ക് പറ്റും”, ജനുവരി 25-ന് ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം എന്നോടു പറഞ്ഞു. തന്‍റെ ഒടിഞ്ഞ വലതു കൈയുമായി അദ്ദേഹം മറാത്തി ഭാഷയില്‍ കുറിപ്പെഴുതുകയായിരുന്നു. “കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുക എന്നത് പ്രധാനമാണ്, അതിനാല്‍ ഞാന്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നു”, ചലിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും അദ്ദേഹം പറഞ്ഞു.
പത്തു ജില്ലകളില്‍ നിന്നു വന്ന ഇരുപതിലധികം കര്‍ഷകരോട് ആസാദ് മൈദാനിയില്‍ വച്ചു താന്‍ സംസാരിച്ചുവെന്ന് പിന്നീട് അദ്ദേഹം എന്നോടു പറഞ്ഞു.
ജനുവരി മാസത്തിലെ ഒന്നാമത്തെ ആഴ്ച കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ തെങ്ങോല വീണാണ് നാരായണിന്‍റെ കൈ ഒടിഞ്ഞത്. അദ്ദേഹം കരിമ്പും മണിച്ചോളവും കൃഷി ചെയ്യുന്നു. രാസവളങ്ങള്‍ ഉപയോഗിക്കാതെ പച്ചക്കറികളും അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ആദ്യമൊക്കെ പരിക്ക് കാര്യമാക്കിയില്ലെങ്കിലും ഒരാഴ്ചയ്ക്ക് ശേഷവും വേദന കുറയാതെ വന്നപ്പോള്‍ ജാംഭലിയിലുള്ള സ്വകാര്യ ഡോക്ടറുടെ അടുത്ത് അദ്ദേഹം പോയി. “പരിശോധനയ്ക്കു ശേഷം കൈ ഉളുക്കിയതാണെന്നു ഡോക്ടര്‍ പറഞ്ഞു. കൈയേല്‍ ബാന്‍ഡേജ് ചുറ്റാനും നിര്‍ദേശിച്ചു” അദ്ദേഹം പറഞ്ഞു.








