"സമരസ്ഥലത്തേക്ക് അയയ്ക്കുന്നതിനായി പറ്റുന്ന സാധനങ്ങളൊക്കെ നൽകണമെന്നഭ്യർത്ഥിച്ച് ഒരു ട്രാക്ടർ ട്രോളി ഗ്രാമത്തിലൂടെ കയറിയിറങ്ങി വന്നു. ഞാൻ 500 രൂപയും 3 ലിറ്റർ പാലും ഒരു ബൗൾ പഞ്ചസാരയും സംഭാവന ചെയ്തു”, ഹരിയാനയിലെ ഹിസാർ ജില്ലയിലെ പേട്വാഡ് ഗ്രാമത്തിൽ നിന്നുള്ള 34 -കാരിയായ സോണിയ പേട്വാഡ് പറഞ്ഞു.
നാർനൗന്ദ് തഹ്സീലിൽ സ്ഥിതി ചെയ്യുന്ന അവരുടെ ഗ്രാമത്തിൽ നിന്നും ആദ്യം റേഷൻ ശേഖരിച്ചത് 2020 ഡിസംബർ മദ്ധ്യത്തോടെയായിരുന്നു. ശേഖരിച്ച സാധനങ്ങൾ പേട്വാഡിൽ നിന്നും 105 കിലോമീറ്റർ അകലെ ഡൽഹി-ഹരിയാനാ അതിർത്തിയിലെ ടിക്രിയിലേക്കയച്ചു. നവംബർ 26 മുതൽ കേന്ദ്രത്തിന്‍റെ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്തു കൊണ്ടിരിക്കുന്ന കർഷകർക്കു വേണ്ടിയായിരുന്നു ഇത്.
"എനിക്ക് ആവശ്യത്തിനു പണമില്ലായിരുന്നു. അതുകൊണ്ടു ഞാൻ തടിക്കഷണങ്ങൾ കൊടുത്തു”, സോണിയയുടെ വിസ്തൃത കുടുംബത്തിലെ (extended family) അംഗമായ ശാന്തി ദേവി പറഞ്ഞു. "അന്നു തണുപ്പായിരുന്നു. കർഷകർ തീ കായാനായി തടിക്കഷണങ്ങൾ കത്തിക്കട്ടെയെന്ന് ഞാൻ കരുതി.”
രണ്ടാമത്തെ തവണ ട്രാക്ടർ ട്രോളി പേട്വാഡിൽ വന്നത് ജനുവരി ആദ്യമായിരുന്നു. "എപ്പോഴൊക്കെ ആരെങ്കിലും സമരസ്ഥലത്തേക്കു പോയിരുന്നോ അപ്പോഴൊക്കെ ഗ്രാമത്തിലെ ഓരോ സ്ത്രീയും എന്തെങ്കിലുമൊക്കെ നൽകുമായിരുന്നു”, സോണിയ പറഞ്ഞു. കാലികളെ വളർത്തുന്ന സ്ത്രീകൾ പാൽ നൽകി. കർഷ പ്രക്ഷോഭത്തെ പിന്തുണക്കുന്നതിനുള്ള അവരുടെ വഴികളായിരുന്നു ഇതൊക്കെ – പ്രത്യക്ഷത്തിലല്ലാതെ.
കർഷക സമരം ഇപ്പോൾ മൂന്നാം മാസത്തിലാണ്. പതിനായിരക്കണക്കിനു കർഷകർ - പുരുഷന്‍മാരും സ്ത്രീകളും – ഇപ്പോഴും ഡൽഹിയുടെ അതിർത്തികളിൽ കൂടിയിരിക്കുന്നു – പ്രധാനമായും ടിക്രിയിലും സിംഘുവിലും (ഡൽഹി- ഹരിയാനാ അതിർത്തി) ഗാസിപ്പൂരിലും (ഡൽഹി-ഉത്തർ പ്രദേശ് അതിർത്തി).
ഫെബ്രുവരി 3-ന് ഉച്ച കഴിഞ്ഞാണ് ഞാൻ സോണിയയെ ആദ്യം കണ്ടു മുട്ടിയത്. പേട്വാഡിൽ - ഏകദേശം 10,000 ആളുകൾ വസിക്കുന്ന ഒരു ഗ്രാമം (2011 സെൻസസ് പ്രകാരം) – നിന്നും സമരത്തിനു വന്ന ഏകദേശം നൂറ്റമ്പതോളം സ്ത്രീകളുടെ കൂടെയായിരുന്നു അപ്പോഴവർ. പക്ഷെ അവർ അപ്പോൾ തിരിച്ചു പോകാൻ തുടങ്ങുകയായിരുന്നു. "സമരങ്ങൾ കണ്ടാല്‍ ഒരാൾക്ക് ആവേശമുണ്ടാകും”, ഫെബ്രുവരി 7 – ന് ഞാൻ അവരെ പേട്വാഡിൽ സന്ദർശിച്ചപ്പോൾ എന്നോടു പറഞ്ഞു.










