“ഏകദേശം 4 വർഷങ്ങൾക്കു മുൻപ് എന്‍റെ മകൻ മരിച്ചു. അതിന് ഒരു വർഷത്തിനു ശേഷം എന്‍റെ ഭർത്താവും മരിച്ചു”, 70-കാരിയായ ഭീമാ ടണ്ടാലെ പറഞ്ഞു. തെക്കൻ മുംബൈയിലെ ആസാദ് മൈതാനത്തെ വെയിലത്തിരുന്ന് ഒരു വർഷത്തിനുള്ളിൽ സംഭവിച്ച വലിയ നഷ്ടത്തിന്‍റെ വേദനകളെക്കുറിച്ച് അവർ പറഞ്ഞു. ഭർത്താവും മകനും പാടത്തു പണിയെടുക്കുമ്പോൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
ഭീമയുടെ മകനായ ദത്തുവിന് മരിക്കുന്ന സമയത്ത് 30 വയസ്സും ഭർത്താവ് 60-കളുടെ മദ്ധ്യത്തിലുമായിരുന്നു. "അന്നുമുതൽ മരുമകളായ സംഗീതയോടൊപ്പം ഞാൻ വീട്ടുകാര്യങ്ങൾ നോക്കുന്നു”, കർഷകത്തൊഴിലാളി കൂടിയായി ജോലി നോക്കുന്ന ഭീമാ പറഞ്ഞു. “എന്‍റെ കൊച്ചുമകൻ സുമിത്തിന് 14 വയസ്സുണ്ട്. ഞങ്ങൾക്ക് അവന്‍റെ കാര്യങ്ങള്‍ നോക്കണം.”
പക്ഷേ ജനുവരി 25–26 തീയതികളിൽ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ മുംബൈയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഭീമാ എത്തിയിരിക്കുന്നു. ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി സംയുക്ത ശേത്കരി കാംഗാർ മോർച്ചയാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്. അഖിലേന്ത്യാ കിസാന്‍ സഭ മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍നിന്നും വിളിച്ചുചേര്‍ത്ത കര്‍ഷകര്‍ ഇതില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തി.
നാശിക് ജില്ലയിലെ ടിണ്ടോരി താലൂക്കിലെ അംബേവാനി ഗ്രാമത്തിൽ നിന്നെത്തിയ 12-15 സ്ത്രീകളിൽ ഒരാളാണ് ഭീമ. ജനുവരി 23-ന് രാവിലെ പുറപ്പെട്ട് അവർ അടുത്ത ദിവസം മുംബൈയിലെത്തി. മൂന്നുപേരും കാർഷിക മേഖലയിൽ നിന്നുള്ള വിധവകളാണ്.
സുമൻ ബൊംബാലെയുടെ ഭർത്താവ് ഒരു ദശകത്തിനുമുമ്പ് മരിച്ചു. "പണിത് ശരീരം തീർന്നും മന:ക്ലേശം മൂലവുമാണ് അദ്ദേഹം മരിച്ചത്”, സുമൻ പറഞ്ഞു. ഇവരുടെ ഭർത്താവായ മോട്ടിറാമിന് അന്ന് 50 വയസ്സായിരുന്നു. "വർഷങ്ങളായി അഞ്ചേക്കർ വനഭൂമി ഞങ്ങൾ കൃഷി ചെയ്തു വരികയാണ്. പക്ഷേ ഇപ്പോഴും ഇത് ഞങ്ങളുടെ പേരിലല്ല. വനം അധികൃതർ ഞങ്ങളെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ എന്‍റെ ഭർത്താവ് വളരെ മന:ക്ലേശം അനുഭവിച്ചിരുന്നു.” ഉത്തമിനെപ്പോലെ മോട്ടിറാമും പാടത്തു കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.






