സാമാന്യം നല്ല വിളവുണ്ടാകുന്നതാണോ പിന്നീടവ വിൽക്കാൻ ശ്രമിക്കുന്നതാണോ കൂടുതൽ ആയാസകരമെന്നു രാജീവ് കുമാർ ഓഝയ്ക്ക് അറിയില്ല. "നിങ്ങൾക്ക് ഇത് വിചിത്രമായി തോന്നിയേക്കാം, പക്ഷെ എന്‍റെ പ്രശ്നങ്ങൾ തുടങ്ങുന്നത് വിളവെടുപ്പുകാലാവസാനം നല്ല വിളവു ലഭിക്കുമ്പോഴാണ്," ഉത്തര-മദ്ധ്യ ബീഹാറിലെ ഒരു ഗ്രാമമായ ചൗമുഖിൽ തന്‍റെ പഴകിപ്പൊളിഞ്ഞ വീടിന്‍റെ വരാന്തയിലിരുന്ന് അദ്ദേഹം പറഞ്ഞു.
ഓഝ, 47, ഖരീഫ് (ജൂൺ-നവംബർ ) വിളയായി നെല്ലും റബി (ഡിസംബർ-മാർച്ച് ) വിളയായി ഗോതമ്പും ചോളവും മുസാഫർപൂർ ജില്ലയിലെ ബോച്ചാ താലൂക്കിലെ ഗ്രാമത്തിലുള്ള തന്‍റെ അഞ്ചേക്കർ ഭൂമിയിൽ കൃഷി ചെയ്യുന്നു. "കാലാവസ്‌ഥയും, വെള്ളത്തിന്‍റെ ലഭ്യതയും, തൊഴിലും മറ്റു പലതും ഒത്തു വന്നാലേ ഞങ്ങൾക്ക് നല്ല വിളവ് കിട്ടുകയുള്ളൂ," 2020 നവംബറിൽ അദ്ദേഹം എന്നോടു പറഞ്ഞു. "അതെല്ലാം കഴിഞ്ഞാലും വിപണിയില്ല. എന്‍റെ വിളശേഖരം ഗ്രാമത്തിലെ കമ്മീഷൻ ഏജന്‍റിന് അയാൾ നിശ്ചയിക്കുന്ന വിലയ്ക്ക് വിൽക്കേണ്ടി വരുന്നു." ഈ ഏജന്‍റ് അത് കമ്മീഷനോടുകൂടി മൊത്തക്കച്ചവടക്കാരനു വിൽക്കുന്നു.
2019-ൽ ഓഝ തന്‍റെ സംസ്കരിക്കാത്ത നെല്ലിന്‍റെ ശേഖരം ക്വിന്‍റലിന് 1,100 രൂപ നിരക്കിൽ വിറ്റു - ഇത് അന്നത്തെ താങ്ങുവിലയായ (എം.എസ്. പി.) 1,815 രൂപയേക്കാളും 39 ശതമാനം കുറവാണ്. "എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. ഞങ്ങൾക്ക് വേറെ എവിടെയും പോകാൻ (വിൽക്കാനായി) കഴിയില്ല എന്നറിയാവുന്നതിനാൽ ഏജന്‍റുമാർ എപ്പോഴും കുറഞ്ഞ നിരക്കിലേ വാങ്ങുകയുള്ളു. അതുകൊണ്ട് ഞങ്ങൾക്ക് കാര്യമായി ലാഭമുണ്ടാക്കാനാകില്ല," അദ്ദേഹം പറഞ്ഞു.
ബിഹാറിലെ ഒരു കർഷകൻ ഒരേക്കർ നെല്ലിന് ഏകദേശം 20,000 രൂപ മുടക്കുന്നു, ഓഝ പറഞ്ഞു. "ഒരേക്കറിൽ നിന്ന് എനിക്ക് ഏകദേശം 20-25 ക്വിന്‍റൽ വിളവ് ലഭിക്കുന്നു. ഒരു ക്വിന്‍റലിന് 1,100 രൂപ വീതം, ആറ് മാസത്തെ കഠിനാദ്ധ്വാനത്തിനു ശേഷം എനിക്ക് (ഒരേക്കറിൽ നിന്ന്) കിട്ടുന്ന ലാഭം 2,000-7,000 രൂപയാണ്. ഇത് ന്യായമായ ഇടപാടാണെന്നു തോന്നുന്നുണ്ടോ?"
ഓഝയെപ്പോലെ ബീഹാറിലെ പല കർഷകരും തങ്ങളുടെ വിളകൾക്ക് മികച്ച വില ലഭിക്കാൻ പാടുപെടുകയാണ്, പ്രത്യേകിച്ച് 2006-ൽ 1960-ലെ ‘ബീഹാർ കാർഷികോത്പന്ന വിപണി നിയമം’ (Bihar Agriculture Produce Market Act, 1960) റദ്ദാക്കിയതിനുശേഷം. അതോടുകൂടി കാർഷികോത്പന്ന വിപണന സമിതിയുടെ (എ.പി.എം.സി.) മണ്ഡി സമ്പ്രദായം സംസ്‌ഥാനത്തു നിർത്തലാക്കി.








