“അവർ ദില്ലിയുടെ വാതിലുകൾ ഞങ്ങൾക്കുനേരെ കൊട്ടിയടച്ചു,” ബുട്ടർ സരിൻ ഗ്രാമത്തിന്റെ അറ്റത്ത് നിന്നുകൊണ്ട് ബിട്ടു മലൻ പറയുന്നു. “ഇപ്പോൾ പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളുടേയും വാതിലുകൾ അവർക്കുനേരെ കൊട്ടിയടച്ചിരിക്കുകയാണ്.”
ശ്രീ മുക്ത്സാർ സാഹിബ് ജില്ലയിലെ മലൻ എന്ന ഗ്രാമത്തിൽ അഞ്ചേക്കർ ഭൂമി കൃഷി ചെയ്യുകയാണ് ബിട്ടു മലൻ. ‘അവർ’ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്, പഞ്ചാബിലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒറ്റപ്പെട്ട പാർട്ടിയായ, കേന്ദ്രത്തിൽ അധികാരമുള്ള ബി.ജെ.പി.യെയാണ്. ‘ഞങ്ങൾ’ എന്ന വാക്കുകൊണ്ട്, നവംബർ 2020-ന് രാജ്യതലസ്ഥാനത്തേക്ക് പ്രകടനം നടത്തിയ പതിനായിരക്കണക്കിന് കർഷകരേയും.
കർഷക പ്രക്ഷോഭവും, രാജ്യതലസ്ഥാനത്തെ പ്രവേശനകവാടത്തിലെ സമരപ്പന്തലുകളും പഞ്ചാബിന്റെ ഓർമ്മകളിൽ അഗാധമായി പതിഞ്ഞുകിടക്കുന്നുണ്ട് ഇപ്പോഴും. മൂന്ന് വേനലിന് മുമ്പ്, സംസ്ഥാനത്തുനിന്നുള്ള പതിനായിരക്കണക്കിന് കർഷകർ ചെറുത്തുനിൽപ്പിന്റേയും പ്രതീക്ഷകളുടേയും ആ വലിയ യാത്രയ്ക്കൊരുങ്ങിപ്പുറപ്പെട്ടു. ട്രാക്ടറുകളിലും ട്രെയിലറുകളിലുമായി നൂറുകണക്കിന് നാഴികകൾ താണ്ടി അവർ തലസ്ഥാനത്തെത്തിയത് ഒരേയൊരു ആവശ്യത്തിനുവേണ്ടിയായിരുന്നു. അവരുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുന്ന മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവലിക്കുക എന്നതായിരുന്നു അത്.
ദില്ലിയുടെ വാതിൽക്കലെത്തിയ അവരെ കാത്തിരുന്നത്, അവരുടെ ആവശ്യങ്ങൾ കേൾക്കാൻ വിസമ്മതിച്ച സർക്കാർ ഉയർത്തിയ അവഗണനയുടെ വൻമതിലായിരുന്നു. താപനില 2 ഡിഗ്രി സെൽഷ്യസിലേക്കും 45 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും ഉയരുകയും ചെയ്ത ഒരു നീണ്ട സംവത്സരം മുഴുവൻ, ഏകാന്തതയുടേയും അനീതിയുടേയും തണുപ്പും ചൂടും അനുഭവിച്ച് അവർ അവിടെ തമ്പടിച്ചു. ഇരുമ്പിന്റെ ട്രെയിലറുകൾ അവർക്ക് വീടായി മാറി.
358 ദിവസത്തിന്റെ വേലിയേറ്റത്തിലും വേലിയിറക്കത്തിലും 700 കർഷകരുടെ ശവശരീരങ്ങളാണ് പഞ്ചാബിലേക്ക് മടക്കമായത്. അവരുടെ പോരാട്ടത്തിന്റെ നിശ്ശബ്ദമായ സാക്ഷ്യപത്രമായിരുന്നു ആ മടക്കയാത്രം. എന്നിട്ടും സമരവീര്യത്തെ തോൽപ്പിക്കാനായില്ല. ഒരുവർഷം മുഴുവനും ആ സമരത്തെ തള്ളിപ്പറയുകയും അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്ത കേന്ദ്രസർക്കാരിന് ഒടുവിൽ ആ ത്യാഗവും നീണ്ടുനിന്ന പോരാട്ടവും കണ്ടില്ലെന്ന് നടിക്കാനായില്ല. ആ കരിനിയമങ്ങൾ പിൻവലിച്ചതായി 2021 നവംബർ 19-ന് പ്രധാനമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവന്നു.
ഇനി പഞ്ചാബിൽ തിരിച്ചടിക്കുള്ള സമയമാണ്. ദില്ലിയിൽനിന്ന് രുചിച്ച ‘സ്വീകരണ’ത്തിന് മറുപടി കൊടുത്തേ അടങ്ങൂ എന്ന വാശിയിലാന് ബിട്ടു മിലനും നിരവധി കർഷകരും. വീണുപോയ ഓരോ കർഷകന്റെ ജീവനും കണക്ക് ചോദിക്കേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിച്ച ബിട്ടു, ഏപ്രിൽ 23-ന്, ഫരീദ്കോട്ട് ലോകസഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥനാർത്ഥിയായ ഹൻസ് രാജ് ഹൻസിനെ ബുത്തർ സരിൻ ഗ്രാമത്തിൽവെച്ച് നേരിട്ടു.







