"ഇവിടെ നടക്കുന്ന സമരത്തോട് കമ്പനിക്കാർക്ക് തീർച്ചയായും ദേഷ്യമുണ്ട്. സമരം ഗതാഗതത്തെ മോശമായി ബാധിക്കുകയും ബിസിനസുകൾ നന്നായി നടക്കാതിരിക്കാൻ കാരണമാവുകയും ചെയ്തു”, കുണ്ഡ്ലി വ്യവസായ മേഖലയിലെ ഒരു വീട്ടുപകരണ നിർമ്മാണശാലയിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി നോക്കുന്ന 22-കാരനായ നിസാമുദ്ദീൻ അലി പറഞ്ഞു. ഹരിയാനാ-ഡൽഹി അതിർത്തിയിലെ സിംഘു സമരസ്ഥലത്തു നിന്നും 6 കാലോമീറ്ററുകൾ മാറിയാണ് അദ്ദേഹം താമസിക്കുന്നത്. (കുണ്ഡ്ലി ഹരിയാനയിലെ സോനിപത് ജില്ലയിലെ ഒരു പഴയ ഗ്രാമമാണ്, ഇപ്പോൾ അത് ഒരു മുനിസിപ്പൽ കൗൺസിൽ ആണ്).
പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ രണ്ടു മാസത്തിലധികമായി നിസാമുദ്ദീന് കമ്പനി ശമ്പളം നല്കിയിട്ടില്ല. പക്ഷേ അദ്ദേഹം സമരം ചെയ്യുന്ന കർഷകരെ പിന്തുണയ്ക്കുന്നു. "എന്റെ ഫാക്ടറി നേരിടുന്ന പ്രശ്നങ്ങൾ ഞാനിപ്പോൾ മനസ്സിലാക്കുന്നു. അതെന്റെ ശമ്പളത്തേയും ബാധിച്ചിട്ടുണ്ട്. അതേ സമയം, ഞാൻ കർഷകരെ പിന്തുണയ്ക്കുന്നു”, അദ്ദേഹം പറഞ്ഞു. പക്ഷേ തന്റെ കൂറ് തുല്യമായല്ല അദ്ദേഹം വിഭജിക്കുന്നത് - "എന്റെ ഫാക്ടറിയെ ഞാൻ 20 ശതമാനം പിന്തുണയ്ക്കുകയാണെങ്കിൽ കർഷകരെ 80 ശതമാനം പിന്തുണയ്ക്കുന്നു.”
ബീഹാറിലെ സിവാൻ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുമാണ് കുറച്ചു വർഷങ്ങൾക്കു മുമ്പ് നിസാമുദ്ദീൻ കുണ്ഡ്ലിയിലെത്തിയത്. അവിടെ 6.5 ബിഘാ സ്ഥലത്ത് (ഏകദേശം നാലേക്കർ) അദ്ദേഹത്തിന്റെ കുടുംബം ഗോതമ്പ്, നെല്ല്, ആർഹർ ദാൽ, കടുക്, മൂംഗ് ദാൽ, പുകയില എന്നിവയൊക്കെ കൃഷി ചെയ്യുന്നു. "കർഷകരാണ് ജീവിക്കാനായി ഈ വിളകളൊക്കെ വളർത്തുന്നത്. സർക്കാരോ അംബാനിയോ അദാനിയോ ഒന്നുമല്ല. ഇൻഡ്യയിലെമ്പാടുമുള്ള കർഷകരുടെ വേദന എനിക്കു മനസ്സിലാകും. ഈ നിയമം വരികയാണെങ്കിൽ ഞങ്ങൾക്കുള്ള റേഷൻ ഇല്ലാതാകും. സ്ക്കൂളുകളിലെ ഉച്ച ഭക്ഷണ പരിപാടി തുടരാൻ പറ്റാതാകും”, അദ്ദേഹം പറഞ്ഞു.
"ബീഹാറിൽ ഞങ്ങളോടു പറഞ്ഞത് [കുറച്ചു വർഷങ്ങൾക്കു മുമ്പ്] കിലോക്ക് 25 രൂപ നിരക്കിൽ ഗോതമ്പിനു വില കിട്ടുമെന്നാണ്. ബീഹാറിൽ ഓരോ കാർഷിക കുടുംബത്തിനും 2,000 രൂപ വീതം തങ്ങളുടെ അക്കൗണ്ടിൽ ലഭിച്ചു [പി.എം.-കിസാൻ പദ്ധതി പ്രകാരം]. പക്ഷേ പിന്നീട് ആ 25 രൂപ എന്ന നിരക്ക് കിലോക്ക് 7 രൂപയായി കുറഞ്ഞു. ഞങ്ങൾക്കു മുന്നോട്ടു പോകണം. പക്ഷേ സർക്കാർ വളരെ കൃത്യമായി പിന്നോട്ടു വലിക്കുന്നു.”










