രാവിലെ, ഭർത്താവ് ജോലിക്ക് പോകുന്നതിനുമുമ്പ്, 24 കാരിയായ നേഹ തോമർ (യഥാർത്ഥ പേരല്ല) അദ്ദേഹത്തിന്റെ കാലിൽ തൊട്ടു തൊഴുതു. ഇത് എന്നുമുള്ള പതിവല്ല, പ്രധാനപ്പെട്ട എന്തെങ്കിലും ആവശ്യത്തിന് വീട്ടിൽ നിന്ന് പുറത്തുപോകേണ്ടി വരുന്ന ദിവസങ്ങളിൽ മാത്രമുള്ളതാണ്. “എന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പുറപ്പെടുമ്പോഴുള്ളത് പോലെ,” ഭെതുവ ബ്ലോക്കിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ (സി.എച്ച്.സി.) വളപ്പിൽ ഇരുന്നു നേഹ പറഞ്ഞു,
തന്റെ അമ്മായിയമ്മയോടൊപ്പമാണ് അമേത്തി തഹ്സിലിലെ സി.എച്ച്.സി.യിൽ നേഹ എത്തിയത്. അപ്പോള്‍ അവരുടെ കൈയില്‍ നേഹയുടെ നാലാമത്തെ കുട്ടിയായ, ഇതുവരെ പേരിടാത്ത, മൂന്നുമാസമുള്ള ആൺകുഞ്ഞുമുണ്ടായിരുന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ ഭേതുവ ഗ്രാമത്തിൽ നിന്നാണ് അവർ വന്നിരിക്കുന്നത്. കാർഷിക തൊഴിലാളിയായ നേഹയും ഭർത്താവ് ആകാശും (യഥാർത്ഥ പേര് അല്ല) ഒടുവിൽ ഇനി കുട്ടികൾ വേണ്ടെന്നു തീരുമാനിച്ചിരിക്കുന്നു. “ഇത്നി തോ ഹമാരി മർസി ഹോനി ചാഹിയേ,” തുടരെ നാല് കുട്ടികൾക്ക് ജൻമം നൽകിയ ശേഷം തീരുമാനമെടുക്കാനുള്ള അവകാശം ദമ്പതികൾക്ക് ഉണ്ടെന്ന് നേഹ പറയുന്നു. അഞ്ചും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളുടെയും ഒന്നര വയസ്സുള്ള ആൺകുട്ടിയുടെയും ഇളയതാണ് ഈ കുഞ്ഞ്. “ഈ കുഞ്ഞുണ്ടാവാൻ കാരണം ഇവരാണ്,” ഉറങ്ങുന്ന കുഞ്ഞിനെ മടിയിൽ വച്ച മുത്തശ്ശിയെ ചൂണ്ടിക്കാണിച്ച് നേഹ പറഞ്ഞു.
അവരുടെ ആറുവർഷത്തെ ദാമ്പത്യജീവിതത്തിൽ ഗർഭനിരോധനത്തെക്കുറിച്ചോ ഗർഭധാരണങ്ങൾക്കിടയിൽ അകലം പാലിക്കുന്നതിനെക്കുറിച്ചോ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. “ഞാൻ വിവാഹിതയായപ്പോൾ എന്റെ ഭർത്താവിനെയും കുടുംബത്തെയും അനുസരിക്കണമെന്നല്ലാതെ ആരും എനിക്ക് ഒന്നും പറഞ്ഞു തന്നില്ല,” നേഹ പറഞ്ഞു. ആദ്യത്തെ രണ്ട് പ്രസവങ്ങൾക്കു ശേഷമാണ് ഗർഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങളിൽ (അണ്ഡോത്പാദനസമയത്ത്), ആർത്തവം ആരംഭിച്ച് ഏകദേശം രണ്ടാഴ്ച കഴിഞ്ഞുള്ള സമയത് ലൈംഗികബന്ധം ഒഴിവാക്കിയാൽ, ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് അവർ മനസ്സിലാക്കിയത്. “ഞാൻ വയറുവേദനയുണ്ടെന്നു പറയുകയോ അല്ലെങ്കിൽ രാത്രി ജോലി പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുകയോ ചെയ്യുമായിരുന്നു, എന്നാൽ താമസിയാതെ ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഭർത്താവിന്റെ അമ്മ മനസ്സിലാക്കി,” നേഹ കൂട്ടിച്ചേർത്തു.
പാരമ്പരാഗതമായ ഗർഭനിരോധന മാർഗ്ഗങ്ങളായ പിൻവലിക്കൽ, ആനുകാലികമായി ശാരീരികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കൽ, നേഹ ചെയ്തതുപോലെ ആർത്തവചക്രം നിരീക്ഷിക്കൽ എന്നിവ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് യുപിയിൽ കൂടുതലായി പ്രചാരത്തിലുണ്ട്. സംസ്ഥാനത്തു പ്രചാരത്തിലുള്ള ഗർഭനിരോധനമാർഗങ്ങളിൽ 22 ശതമാനത്തോളം ഈ പരമ്പരാഗത മാർഗങ്ങളാണ്. എന്നാൽ ദേശീയതലത്തിൽ ഈ രീതികൾ ഉപയോഗിക്കപ്പെടുന്നത് 9 ശതമാനം മാത്രമാണെന്ന് ദേശീയ കുടുംബ ആരോഗ്യ സർവേയിൽ (എൻഎഫ്എച്ച്എസ് -4, 2015-16) നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചു കൊണ്ട് റിപ്രൊഡക്ടീവ് ഹെൽത്ത് എന്ന ജേര്‍ണലിൽ 2019 ലെ ഒരു പ്രബന്ധം നിരീക്ഷിക്കുന്നു. വാസ്തവത്തിൽ, യുപിയിൽ നിലവിൽ വിവാഹിതരായ സ്ത്രീകളിൽ 50 ശതമാനം മാത്രമാണ് കുടുംബ ആസൂത്രണത്തിന്റെ ആധുനിക രീതികളായ കോണ്ടം, ഗുളിക, വന്ധ്യംകരണം എന്നിവ ഉപയോഗിക്കുന്നത്. ഈ ഉപയോഗത്തിന്റെ ദേശീയ ശരാശരി 72 ശതമാനമാണെന്ന് പഠനം കുറിക്കുന്നു.
ഒരു അപകടത്തെത്തുടർന്ന് കാലിന് ഒടിവുണ്ടായി ജോലി ചെയ്യാനും സമ്പാദിക്കാനും ആകാശിന് കഴിയാതെ കാര്യങ്ങൾ ബുദ്ധിമുട്ടായിതുടങ്ങിയപ്പോഴാണ് ഒരു 'ഓപ്പറേഷൻ' ചെയ്യുന്നതിനെക്കുറിച്ച് ഭർത്താവിനോട് സംസാരിക്കാനുള്ള ധൈര്യം നേഹ സംഭരിച്ചത്. ട്യൂബൽ ലിഗേഷന്റെ, സ്ത്രീയുടെ അണ്ഡവാഹിനിക്കുഴല്‍ അടച്ച് ഗർഭിണിയാകുന്നത് തടയുന്ന സ്ത്രീ വന്ധ്യംകരണ പ്രക്രിയയുടെ, ചുരുക്കിയ പദമാണ് ഓപ്പറേഷൻ. നേഹയോടൊപ്പം അമ്മായിയമ്മ ആശുപത്രിയിൽ വന്നുവെങ്കിലും ഇതിന്റെ ആവശ്യം ഇനിയും ബോധ്യപ്പെടാത്ത ഇവർ പ്രതീക്ഷ കൈവിട്ടില്ല. “ ഭഗവാൻ ഓർ ബച്ചെ കെ ബീച്ച് മെ കഭി നഹി ആനാ ചാഹിയേ [ദൈവഹിതത്തിനും ഗർഭധാരണത്തിനുമിടയിൽ ആരും വന്നുകൂടാ],” അവർ തന്നോടു തന്നെ, അല്ലെങ്കിൽ ഒരുപക്ഷേ നേഹയോടും അടുത്തുള്ള ഗ്രാമങ്ങളായ ബന്ദോയ്യ, നൗഗിർവ, സനഹ, തിക്രി എന്നീ ഗ്രാമങ്ങളിൽ നിന്ന് സി.എച്.സി.യിൽ എത്തിച്ചേർന്ന 22 സ്ത്രീകളോടുമായി പിറുപിറുത്തുകൊണ്ടിരുന്നു.
നവംബറിലെ തണുപ്പുള്ള പ്രസന്നമായ പ്രഭാതത്തിൽ 10 മണി ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. മിക്ക സ്ത്രീകളും രാവിലെ 9 മണിയോടെ എത്തിയിരുന്നു. ദിവസം പുരോഗമിക്കുന്തോറും കൂടുതൽ പേർ എത്തിച്ചേരും. " മഹിളാ നസ്ബന്ദി (വനിതാ വന്ധ്യംകരണം) ദിനത്തിൽ, പ്രത്യേകിച്ച് ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ, ശരാശരി 30-40 പേർ വരുന്നു. ഈ മാസങ്ങളിൽ ശസ്ത്രക്രിയ നടത്താൻ അവർ താല്പര്യപ്പെടുന്നു. തണുപ്പുള്ള സമയമായതിനാൽ തുന്നലുകൾ വേഗത്തിൽ ഉണങ്ങും, " റ്റാൻകെ പക്തെ നഹി ഹെ [അണുബാധയ്ക്കുള്ള സാധ്യത കുറവാണ്],” ഭേതുവ സി.എച്.സി.യുടെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ ഡോ. അഭിമന്യു വർമ്മ പറഞ്ഞു.
ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലെ തഖത്പൂർ ബ്ലോക്കിൽ 2014 നവംബർ എട്ടിന് ഉണ്ടായ ദുരന്തത്തിന് ശേഷം വന്ധ്യംകരണത്തിനായി ലക്ഷ്യമിട്ട 'ക്യാമ്പ്' സമീപനത്തെക്കുറിച്ച് വ്യാപകമായ പ്രകോപനം ഉണ്ടായിരുന്നു. ഈ ക്യാമ്പിൽ 13 സ്ത്രീകൾ മരിക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലെ തഖത്പൂർ ബ്ലോക്കിൽ 2014 നവംബർ എട്ടിന് ഉണ്ടായ ദുരന്തത്തിന് ശേഷം വന്ധ്യംകരണത്തിനായി ലക്ഷ്യമിട്ട 'ക്യാമ്പ്' സമീപനത്തെക്കുറിച്ച് വ്യാപകമായ ജനരോഷം ഉണ്ടായിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്നുള്ള ഒരു സർജൻ ഉപേക്ഷിക്കപ്പെട്ട, അണുവിമുക്തമാക്കാത്ത ഒരു കെട്ടിടത്തിൽ വച്ച് 90 മിനിറ്റിനുള്ളിൽ 83 അസംബ്ലി-ലൈൻ ട്യൂബക്ടമികൾ നടത്തിയതിനെ തുടർന്ന് 13 സ്ത്രീകൾ മരിക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരൊറ്റ ലാപ്രോസ്കോപ്പ് ഉപയോഗിച്ച്, പഴുക്കാതിരിക്കാനുള്ള മുൻകരുതലുകളൊന്നുമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയത്.
സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യമോ പരിഗണനയോ കൊടുക്കാത്ത തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയാ ക്യാമ്പല്ല ഇത്. 2012 ജനുവരി 7 ന് ബീഹാറിലെ അരാരിയ ജില്ലയിലെ കുർസകന്ത ബ്ലോക്കിലെ കപർഫോറ ഗ്രാമത്തിൽ 53 സ്ത്രീകളെ ഒരു സ്കൂൾ കെട്ടിടത്തിൽ ടോർച്ചിന്റെ വെളിച്ചത്തിൽ ഇത് പോലെ ശുചിത്വമില്ലാത്ത അവസ്ഥയിൽ വന്ധ്യംകരിച്ചിട്ടുണ്ട്.
അരാരിയ സംഭവത്തെത്തുടർന്ന് 2012 ൽ ആരോഗ്യാവകാശ പ്രവർത്തകയായ ദേവിക ബിശ്വാസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയെത്തുടര്‍ന്ന് 2016 സെപ്റ്റംബർ 14-ന് സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച്, മൂന്ന് വർഷത്തിനുള്ളിൽ ക്യാമ്പ് അധിഷ്ഠിത ബഹുജന വന്ധ്യംകരണം നിർത്താനും, ഇതിനു പകരം ആരോഗ്യ പരിപാലനത്തിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനും, കുടുംബാസൂത്രണ പരിപാടിയുടെ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനു വേണ്ട ശ്രദ്ധ കേന്ദ്രീകരിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നിർദേശം നൽകി. യുപി, കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള വന്ധ്യംകരണ ക്യാമ്പുകളിലെ ഗുണനിലവാരമില്ലാത്ത പരിചരണത്തിന്റെ തെളിവുകൾ സുപ്രീംകോടതിയിൽ നടന്ന വാദങ്ങൾക്കിടയിൽ പുറത്തുവന്നിട്ടുണ്ട്.
അതിനുശേഷം, വന്ധ്യംകരണത്തോടുള്ള ക്യാമ്പ് സമീപനം 'നിശ്ചിത-ദിവസത്തെ സേവനങ്ങൾ'ക്കു വഴിമാറി. അതായത് സ്ത്രീകളും പുരുഷന്മാരും വന്ധ്യംകരണത്തിന് വിധേയരാകണമെങ്കിൽ മാസത്തിലെ ഒരു പ്രത്യേക ദിവസത്തിൽ പ്രത്യേക സി.എച്.സി.കളിലേക്ക് എത്തണം. ഈ സംവിധാനം മെച്ചപ്പെട്ട നിരീക്ഷണത്തിനും വ്യവസ്ഥകളുടെ നിയന്ത്രണത്തിനും സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. നിശ്ചിത ദിവസം എല്ലാവർക്കുമുള്ള നസ്ബന്ദി ദിനമായിരിക്കേണ്ടതാണെങ്കിലും , പുരുഷന്മാർ അപൂർവ്വമായി മാത്രമേ വാസെക്ടമികൾക്കായി വരാറുള്ളൂ. അതിനാൽ അനൗദ്യോഗികമായി, ആ ദിവസം മഹിളാ നസ്ബന്ദി ദിനം എന്നറിയപ്പെടാൻ തുടങ്ങി .
കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും, ഗർഭനിരോധനം ഇപ്പോഴും വന്ധ്യംകരണത്തിൽ - പ്രധാനമായും സ്ത്രീകളുടെ വന്ധ്യംകരണത്തിലാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്.
നാഷണൽ ഹെൽത്ത് മിഷന്റെ 2017 ലെ 11-ാമത് കോമൺ റിവ്യൂ മിഷൻ റിപ്പോർട്ടിൽ പറയുന്നത്, ഇന്ത്യയിലുടനീളം നടന്നിട്ടുള്ള വന്ധ്യംകരണ ശാസ്ത്രക്രിയകളിൽ 93.1 ശതമാനവും സ്ത്രീകളിലാണ് എന്നാണ്. കുടുംബ ആസൂത്രണ ഫണ്ടിന്റെ 85 ശതമാനവും 2016-17 വരെ ഇന്ത്യ ചെലവഴിച്ചത് സ്ത്രീ വന്ധ്യംകരണത്തിനായാണ്. ഈ രീതിയുടെ ഉപയോഗം യുപിയിൽ (1998-99 നെ അപേക്ഷിച്ച്) കുറഞ്ഞു വരുന്നുണ്ടെങ്കിലും, ഇത് പ്രാഥമിക രീതിയായി തന്നെ തുടരുന്നു, ഗര്‍ഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നവരിൽ ഉയർന്ന ഫെർട്ടിലിറ്റിയുള്ള ജില്ലകളിൽ 33 ശതമാനവും കുറഞ്ഞ ഫെർട്ടിലിറ്റിയുള്ള ജില്ലകളിൽ 41 ശതമാനം പേരും മഹിളാ നസ്ബന്ദി യാണ് തിരഞ്ഞെടുക്കുന്നതെന്ന് റീപ്രൊഡക്ടിവ് ഹെൽത്തിൽ 2019-ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധം കുറിക്കുന്നത്.
സുൽത്താൻപൂർ ജില്ലയിൽ വന്ധ്യംകരണ നടപടിക്രമങ്ങൾ നടത്താനുള്ള മുഴുവൻ ചുമതലയും രണ്ട് മൂന്ന് ഡോക്ടർമാർക്കാണ്. തഹസിൽ അല്ലെങ്കിൽ ജില്ലാതലത്തിൽ കുടുംബാസൂത്രണ കോർഡിനേറ്റർ തയ്യാറാക്കിയ പട്ടിക പ്രകാരം 12 മുതൽ 15 ബ്ലോക്കുകളിലായി വ്യാപിച്ചിട്ടുള്ള ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്താണ് ഇവർ പ്രവർത്തിക്കുന്നത്. ഓരോ സി.എച്.സി.ക്കും മാസത്തിലൊരിക്കൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ശസ്ത്രക്രിയ ചെയ്യാൻ കഴിയുന്ന ഒരു നസ്ബന്ദി ദിവസം ഏർപ്പെടുത്താനാകും.
അത്തരത്തിലുള്ള ഒരു ദിവസത്തിൽ, ഭെതുവ സി.എച്.സി.യിൽ, സ്ത്രീകളുടെ വന്ധ്യംകരണത്തിനായി നിശ്ചയിച്ചിട്ടുള്ള ഈ എണ്ണപ്പെട്ട ദിവസങ്ങൾ ശസ്ത്രക്രിയയുടെ ആവശ്യകത നിറവേറ്റാൻ പര്യാപ്തമല്ലെന്ന് വ്യക്തമായിരുന്നു. സർക്കാർ സ്വാസ്ഥ്യ മേളയിൽ പങ്കെടുക്കേണ്ടി വന്നതിനാൽ പട്ടികയിലുള്ള ഡോക്ടർ വൈകി വൈകുന്നേരം 4 മണിയോടെ എത്തിയപ്പോഴേക്കും രോഗികളുടെ എണ്ണം 30 ആയി ഉയർന്നിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഗർഭിണിയാണെന്ന് കണ്ടെത്തിയതിനാൽ രണ്ട് സ്ത്രീകളെ തിരികെയയച്ചു.
കെട്ടിടത്തിന്റെ അങ്ങേ അറ്റത്തുള്ള ഒരു മുറി, ഉച്ചകഴിഞ്ഞ് മുഴുവൻ ഒരു ഓപ്പറേഷൻ തിയേറ്ററായി തയ്യാറാക്കി വച്ചിരുന്നു. ഒരു വലിയ ജനാലയിലെ നേർത്ത തിരശ്ശീലകളിലൂടെ മുറിയിൽ സൂര്യപ്രകാശം നിറഞ്ഞിരുന്നു, പക്ഷേ എന്നിട്ടും അവിടെ തണുപ്പായിരുന്നു. മൂന്ന് ‘ഓപ്പറേറ്റിംഗ് ടേബിളുകള്‍' മുറിയുടെ നടുവിൽ നിരത്തിയിട്ടിരുന്നു. ഡോക്ടറിന് ശസ്ത്രക്രിയാ സമയത്തു എളുപ്പത്തിൽ പ്രവർത്തിക്കാൻ വേണ്ടി ഈ കട്ടിലുകളുടെ ഒരു വശം ഇഷ്ടികകൾ വച്ച് ഉയർത്തി വച്ചിരുന്നു.
“മെഡിക്കൽ സ്കൂളിൽ ട്രെൻഡലെൻബർഗ് സൗകര്യമുള്ള ഓപ്പറേഷൻ ടേബിളുകളെക്കുറിച്ച് ഞങ്ങൾ പഠിച്ചിട്ടുണ്ട്. അവ ചായ്വ് ലഭിക്കുന്ന രീതിയില്‍ വയ്ക്കാൻ കഴിയും. എന്റെ അഞ്ചുവർഷത്തിനുള്ളിൽ ഇവിടെ ഞാൻ അങ്ങനെയൊന്ന് കണ്ടിട്ടില്ല. അതുകൊണ്ട് ഞങ്ങൾ ഇങ്ങനെ ചെയ്യുന്നു,” ഡോ. രാഹുൽ ഗോസ്വാമി (അദ്ദേഹത്തിന്റെ യഥാർത്ഥ പേരല്ല) ഇഷ്ടികകൾ ചൂണ്ടിക്കാണിച്ച് പറഞ്ഞു. “ശസ്ത്രക്രിയയുടെ സമയത്തു ശരിയായ രീതിയിൽ കിടന്നില്ലെങ്കിൽ സങ്കീർണതകൾ ഉണ്ടാകാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയയ്ക്കായി മുറിയിലേക്ക് കൊണ്ടുവന്ന ആദ്യത്തെ മൂന്ന് സ്ത്രീകളിൽ നേഹയും ഉൾപ്പെട്ടിരുന്നു. അമ്മായിയമ്മയോട് പുറത്ത് കാത്തിരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഈ മൂന്ന് സ്ത്രീകളിൽ ആരും ഇതുവരെ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിച്ചിട്ടില്ല. നേഹയ്ക്ക് കുറഞ്ഞത് അവയെക്കുറിച്ച് അറിയാമായിരുന്നു, എന്നാൽ അവ ഉപയോഗിക്കുന്നതിനെക്കുറിച്ച് സംശയമുണ്ടായിരുന്നു. “എനിക്ക് അവയെക്കുറിച്ച് അറിയാം, പക്ഷേ ഗുളികകൾ കഴിച്ചാൽ ഛർദ്ദിക്കാൻ വരും, കോപ്പർ-ടി എനിക്ക് ഭയമാണ്. അത് ഒരു നീണ്ട കമ്പാണ്,” ഗർഭാശയത്തിനുള്ളിൽ ഘടിപ്പിക്കുന്ന ഉപകരണത്തെ (ഐ.യു.ഡി.) പരാമർശിച്ചുകൊണ്ട് അവർ പറഞ്ഞു.
മറ്റ് രണ്ട് സ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തക അല്ലെങ്കില്‍ ആശാ പ്രവർത്തക (Accredited Social Health Activist - ASHA) ദീപ് ലതാ യാദവ് ഇത് കേട്ട് പുഞ്ചിരിച്ചു. “കോപ്പർ ഐ.യു.ഡി.യെക്കുറിച്ച് പറയുമ്പോൾ സാധാരണയായി കേൾക്കുന്ന കാര്യമാണിത്. ഉള്ളിൽ ഘടിപ്പിക്കുന്ന ഉപകരണം വളരെ ചെറുതും ടി ആകൃതിയിലുള്ളതുമാണെങ്കിലും, പാക്കേജിംഗ് നീളത്തിലുള്ളതാണ്, അതിനാൽ അത് മുഴുവൻ ഉള്ളിലേക്ക് കയറ്റുമെന്ന് അവർ കരുതുന്നു,” യാദവ് പറഞ്ഞു. ഇവിടെ അവരുടെ ഇന്നത്തെ ജോലി കഴിഞ്ഞു, ശസ്ത്രക്രിയക്കായി അവർ കൊണ്ടുവന്ന ഓരോ സ്ത്രീക്കും 200 രൂപ വച്ച് അവർക്ക് ലഭിക്കും. എന്നാൽ ആ രണ്ട് സ്ത്രീകളെ കട്ടിലിൽ കയറാൻ സഹായിക്കുകയും അനസ്തേഷ്യ പ്രവർത്തിച്ചു തുടങ്ങുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്ന യാദവ് മടങ്ങാതെ കൂടുതൽ നേരം തങ്ങുന്നു.
ഓപ്പറേറ്റിംഗ് ടേബിളുകളിൽ കിടത്തി കഴിഞ്ഞാൽ ഒരു സ്ത്രീയെ മറ്റൊരാളിൽ നിന്ന് തിരിച്ചറിയാൻ കഴിയില്ല. ഡോക്ടർ ഒരു ടേബിളിൽ നിന്ന് മറ്റൊന്നിലേക്ക് ചെല്ലുമ്പോൾ അതിൽ കിടക്കുന്ന സ്ത്രീകളുടെ തല ഭയവും ക്ഷീണവും കാരണം ഒരു വശത്തേക്ക് ചരിയുന്നു. ഈ ശസ്ത്രക്രിയ ഈ മൂന്നു സ്ത്രീകളുടെയും സ്വകാര്യതയെ ഹനിച്ചുകൊണ്ട് അവരെ ഒരു മുറിയിലാകാന് നിർബന്ധിതരാക്കുന്നു. പക്ഷെ അതിനെക്കുറിച്ചൊന്നും ചിന്തിക്കാൻ സമയമുണ്ടായിരുന്നില്ല. ശസ്ത്രക്രിയ നടക്കുന്ന സമയത്തു പോലും അവർക്ക് ആവശ്യത്തിന് സ്വകാര്യത നൽകാതെ പലപ്രാവശ്യം ആ മുറിയിലേക്കുള്ള വാതിൽ തുറക്കുകയും അടയ്ക്കുകയുമുണ്ടായി.
അവരുടെ ശ്വാസത്തിന്റെ ശബ്ദവും ഉപകരണങ്ങളുടെ കിലുക്കവും മുറിയിൽ സ്പന്ദിച്ചു. ഒരു അറ്റന്‍ഡര്‍ അവരുടെ കിടപ്പിന്റെ രീതി പരിശോധിക്കുകയും ഡോക്ടറിന് വ്യക്തമായി കീറാൻ വേണ്ടി അവരുടെ സാരി ശരിപ്പെടുത്തിയിടുകയും ചെയ്തു.
"കീറുക, തുന്നലിടുക, അണ്ഡവാഹിനിക്കുഴലില്‍ ലാപ്പറോസ്കോപിക് ഉപകരണം പ്രവർത്തിപ്പിക്കുക എന്നീ വന്ധ്യംകരണത്തിന്റെ മൂന്നു ഘട്ടങ്ങളിലും നല്ല വെളിച്ചം അത്യാവശ്യമാണ്," ഗോസ്വാമി പറഞ്ഞു. ഉച്ചകഴിഞ്ഞുള്ള ശക്തമായ സൂര്യപ്രകാശം അസ്തമയത്തോടടുക്കുമ്പോഴുള്ള ദുർബലമായ സൂര്യന് വഴിമാറിയിരുന്നു. മുറിയിലെ വെളിച്ചം അപര്യാപ്തമാണെന്ന് തോന്നിയെങ്കിലും ആരും എമർജൻസി ലൈറ്റുകൾ ഓൺ ചെയ്തില്ല.
അഞ്ചു മിനിറ്റിനുള്ളിൽ ഒരു ശസ്ത്രക്രിയ കഴിച്ചു ഡോക്ടർ അടുത്ത ടേബിളിലേക്കു നീങ്ങിയിരുന്നു. " ഹോ ഗയാ , കഴിഞ്ഞു!" അറ്റന്‍ഡര്‍ക്കും ആശ പ്രവർത്തകർക്കും ആ സ്ത്രീയെ അവിടെ നിന്ന് ഇറങ്ങാൻ സഹായിക്കാനും അടുത്ത സംഘത്തെ തയ്യാറാക്കാനുമുള്ള സൂചനയായി അദ്ദേഹം പറഞ്ഞു.
അടുത്തുള്ള ഒരു മുറിയിൽ കിടക്കകൾ വിരിച്ചിട്ടുണ്ടായിരുന്നു. അവിടത്തെ മഞ്ഞ ചുമരുകളിൽ ഈർപ്പവും പായലും കൊണ്ടുള്ള കറയുണ്ടായിരുന്നു. അടുത്തുള്ള ടോയ്ലെറ്റിൽ നിന്ന് ദുർഗന്ധവും പരക്കുന്നുണ്ടായായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ നേഹയെ ബോധം ശരിയായി വരുന്നതുവരെ ഈ മുറിയിൽ കിടത്തി. അവിടെ നിന്ന് ഒരു ആംബുലൻസിൽ ഇവരെയെല്ലാവരെയും വീട്ടില്‍ എത്തിക്കുന്നു. അര മണിക്കൂറിനു ശേഷം ആംബുലൻസിലേക്ക് കയറുമ്പോഴും, എല്ലാം വളരെ വേഗത്തിൽ കഴിഞ്ഞതു കൊണ്ടും, അനസ്തേഷ്യ പൂർണ്ണമാകാത്തതിനാലും അവർക്ക് തല കറങ്ങുന്നുണ്ടായിരുന്നു.
അമ്മായിയമ്മയുടെ താങ്ങലോടെ അവർ വീട്ടിലെത്തിയപ്പോൾ ആകാശ് അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. “പുരുഷന്മാർ വീട്ടിലെത്തുമ്പോള്‍ അവരെകാത്ത് അമ്മയും, ഭാര്യയും, മക്കളും, നായയും വീട്ടിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, അല്ലാതെ അവരല്ല കാത്തിരിക്കേണ്ടത്,” അമ്മായിയമ്മ അഭിപ്രായപ്പെട്ടു. എന്നിട്ടു നേഹയ്ക്ക് ചായ ഉണ്ടാക്കാനായി അവർ നേരെ വീടിന്റെ കോണിലുള്ള അടുക്കളയിലേക്ക് പോയി.
"കുത്തിവയ്പ്പിനു ശേഷവും വേദനിക്കുന്നുണ്ടായിരുന്നു," ശസ്ത്രക്രിയയുടെ മുറിവിനെ പൊതിഞ്ഞ ചതുരത്തിലുള്ള ബാൻഡേജിൽ പിടിച്ചു കൊണ്ട് നേഹ പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം നേഹ വീണ്ടും അടുക്കളയിൽ കയറി, കുത്തിയിരുന്ന് പാചകം ചെയ്തുതുടങ്ങി. ബാൻഡേജ് അപ്പോഴും മാറ്റിയിരുന്നില്ല, അവളുടെ മുഖത്ത് അസ്വസ്ഥത തെളിഞ്ഞുകാണാമായിരുന്നു, തുന്നലുകൾ ഇനിയും ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. “ പർ ഝൻഝട്ട് ഖതം [പ്രശ്നം പരിഹരിച്ചു],” അവർ പറഞ്ഞു.
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
പരിഭാഷ: പി. എസ്. സൗമ്യ