ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ നേരത്ത് ഞങ്ങൾ പെഡനയിലെ നെയ്ത്തുകാരുടെ കോളനിയായ രാമലക്ഷ്മിയിൽ എത്തുമ്പോൾ മഗ്ഗളൂ എന്ന് വിളിക്കുന്ന, കൈകൾകൊണ്ട് പ്രവർത്തിപ്പിക്കുന്ന, തറികളുടെ 'ടക് - ടക് ' ശബ്ദങ്ങൾ കേട്ടു. ഏകദേശം 140 കുടുംബങ്ങൾ ഇവിടെ ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് തദ്ദേശവാസികളുടെ അനുമാനം. മിക്ക നെയ്ത്തുകാരും 60 വയസ്സിലധികം പ്രായമുള്ളവരാണ്. അവരുടെ മാസപെൻഷൻ തുകയായ 1,000 രൂപ കൊണ്ടുവരുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് ഞാനെന്ന് ചിലർ തെറ്റിദ്ധരിച്ചു. ഞാൻ ഒരു റിപ്പോർട്ടറാണെന്ന് അറിഞ്ഞപ്പോൾ അവർ നിരാശരായി.
എന്തുകൊണ്ടാണ് ഇത്രയുമധികം നെയ്ത്തുകാർ പ്രായംചെന്നവരായത് എന്ന് ചോദിച്ചപ്പോൾ, തന്റെ 'മഗ്ഗം' എന്ന ഒറ്റത്തറിയിൽ ജോലിചെയ്തുകൊണ്ടിരുന്ന, 73 വയസ്സുള്ള, വിദുമടള കോട്ട പൈലയ്യ പറഞ്ഞു,"ചെറുപ്പക്കാർ ഉപജീവനവും തൊഴിലും തേടി പുറത്തേക്ക് പോയി." ചെറുപ്പക്കാരിൽ ഭൂരിഭാഗവും പെഡനയിലും, ജില്ലാ ആസ്ഥാനമായ മച്ചിലിപട്ടണത്തും പരിസരങ്ങളിലും കൃഷിപ്പണിക്കാരായോ, കെട്ടിടനിർമ്മാണ തൊഴിലാളികളായോ ജോലി ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പൈലയ്യയുടെയും ഭാര്യയുടെയും വാർദ്ധക്യകാല പെൻഷൻ, അത് തുച്ഛമാണെങ്കിലും, വീട്ടുചെലവുകൾ നടത്തുന്നതിൽ സഹായകമാണ്. നെയ്ത്തിൽനിന്നുള്ള അദ്ദേഹത്തിന്റെ വരുമാനം - ഏകദേശം 100 രൂപ ഒരു ദിവസം- ഉതകില്ല. "ഒരു സാരി പൂർത്തിയാക്കാൻ 10-12 മണിക്കൂർ മൂന്ന് ദിവസം ജോലിചെയ്താൽ 300-400 രൂപ എനിക്ക് കിട്ടും. ഞാൻ അത് പെഡനയിലെ നെയ്ത്താശാന്മാർ നടത്തുന്ന കടകളിൽ വിൽക്കും. അവർ ഓരോ സാരി 600 - 700 രൂപയ്ക്ക് വിറ്റ് ലാഭമുണ്ടാകും. നെയ്ത്തുകൊണ്ട് മാത്രം ഇനി ഞങ്ങൾക്ക് ജീവിക്കാനാകില്ല..."
യന്ത്രത്തറിയിൽ നിർമ്മിച്ച ഉത്പന്നങ്ങളുടെ വരവോടെ കൈത്തറി വസ്ത്രങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞുവെന്ന് പൈലയ്യ പറഞ്ഞു. "അതിനാൽ വീട്ടുചെലവ് നടത്താൻ ഉതകുന്ന കൂലി കിട്ടുന്ന തൊഴിലുകൾ ചെയ്യാൻ ചെറുപ്പക്കാർ നിർബന്ധിതരായി. ചെറുപ്പമായിരുന്നെങ്കിൽ ഞങ്ങളും ജോലി തേടി പുറത്തേക്ക് പോകുമായിരുന്നു. പക്ഷെ എനിക്ക് വേറെ തൊഴിലൊന്നും അറിയില്ല..."
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ചെറുനഗരമായ മച്ചിലിപട്ടണത്തുനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് പെഡന എന്ന പട്ടണം. ഈ പട്ടണത്തിൽ കൈത്തറിയും, മരക്കട്ടകൊണ്ട് തുണിയിൽ ചിത്രങ്ങൾ അച്ചടിക്കുന്ന കലംകാരി എന്ന കൈത്തൊഴിലുമാണ് മുഖ്യമായ രണ്ട് വ്യവസായങ്ങൾ. ഇവിടെ നിർമ്മിക്കുന്ന കൈത്തറികൊണ്ടുള്ള പരുത്തിസാരികൾ അവയുടെ ഈടിനും, ഇഴയടുപ്പത്തിലെ മികവിനും പ്രസിദ്ധമാണ്. യന്ത്രത്തറികളിൽ നിർമ്മിക്കുന്ന പരുത്തി സാരികളിലെ കലംകാരി അച്ചടി ചിത്രങ്ങൾ അവയുടെ സവിശേഷ നിറങ്ങൾക്കും ചിത്രപ്പണികൾക്കും പേരുകേട്ടവയാണ്.
ആന്ധ്രാപ്രദേശിലെ നാല് ലക്ഷത്തോളം കൈത്തറി നെയ്ത്തുകാരിൽ ഏകദേശം 5,000-10,000 പേർ പെഡനയിലാണ് ജീവിക്കുന്നത് എന്നാണ് സംസ്ഥാന സർക്കാരിന്റെ കൈത്തറി-വസ്ത്രനിർമ്മാണ വിഭാഗത്തിന്റെ കണക്ക്. 'അച്ച് ' എന്ന നെയ്ത്തുവിദ്യ ഇപ്പോഴും പ്രയോഗിക്കുന്ന ചുരുക്കം ചില നെയ്ത്തുകാരിൽ ഒരാളാണ് 85 വയസ്സുള്ള കൊത്തപ്പള്ളി യെല്ല റാവു. നൂലുകൾ ഓരോന്നായി കൂട്ടിച്ചേർത്ത് തുണി നിർമ്മിക്കുന്ന പ്രക്രിയയാണ് 'അച്ച് '. കൂട്ടിച്ചേർത്ത നൂലുകളെ മഗ്ഗത്തിലൂടെ കടത്തിവിട്ടാണ് തുണി നിർമ്മിക്കുന്നത്. ഇവിടെയുള്ള പലരെയുംപോലെ 1960-കളിൽ തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും കൂട്ടി കിഴക്കേ ഗോദാവരി ജില്ലയിൽനിന്ന് പെഡനയിലേക്കു കുടിയേറിയതാണ് യെല്ല റാവു. തന്റെ കുടുംബത്തിൽ കലാപരമായ കഴിവുകൾ പ്രയോഗിച്ച് ഉപജീവനം കണ്ടെത്തുന്ന അവസാനത്തെ അംഗമാണ് അദ്ദേഹം. യെല്ല റാവുവിന്റെ ആൺമക്കൾ കെട്ടിടനിർമ്മാണ തൊഴിലാളികളാണ്, പേരക്കുട്ടികൾ ഇലക്ട്രീഷ്യന്മാരും.
എന്റെ ചോദ്യങ്ങൾക്കുള്ള അദ്ദേഹത്തിന്റെ മറുപടി പണ്ഡിതോചിത്രമായിരുന്നു. മിക്കവയും പതിനേഴാം നൂറ്റാണ്ടിലെ തെലുങ്ക് കവിയായ വേമന രചിച്ച വരികളിൽ തുടങ്ങുന്നവയായിരുന്നു. "ഞാൻ 1970-ൽ ഈ ചെറിയ തുണ്ട് ഭൂമി 300 രൂപയ്ക്കു വാങ്ങി. അക്കാലത്ത് ഞാൻ ഒരു രൂപ വീട്ടുകരം അടച്ചിരുന്നു," അയാൾ പറഞ്ഞു. "ഇപ്പോൾ ഞാൻ 840 രൂപയാണ് അടയ്ക്കുന്നത്. 1970-ൽ എന്റെ വരുമാനം ഒരുരൂപയിൽ താഴെയായിരുന്നു. ഇപ്പോൾ ഞാൻ ദിവസവും 100 രൂപയിൽ താഴെ സമ്പാദിക്കുന്നു. ഇനി നിങ്ങൾ കണക്കുകൂട്ടിക്കൂളൂ...."
കൈത്തറി വ്യവസായം ക്ഷയിച്ചതോടെ നെയ്ത്ത് അവസാനിപ്പിക്കുന്ന പണിക്കാർക്ക് അടുത്ത ഉപജീവനമാർഗ്ഗം കലംകാരി എന്ന അച്ചടിപ്പണിയായി. പെഡനയിലെ കലംകാരി പണിക്കാരിൽ പ്രായംചെന്നവർ അധികവും പണ്ട് നെയ്ത്തുകാരായിരുന്നു. അവരിൽപ്പലരും കൃഷിപ്പണിയേക്കാളും കെട്ടിടനിർമ്മാണജോലിയെക്കാളും കലംകാരി തൊഴിൽ ചെയ്യുന്നതിൽ തത്പരരാണ്. കലംകാരിയിലും, നെയ്ത്തിലെ കലയിലും അദ്ധ്വാനത്തിലും എല്ലാം അവർക്ക് പൊതുവായി തോന്നുന്ന അഭിമാനമാണ് അതിന് കാരണം.
ആന്ധ്രാപ്രദേശിൽ കലംകാരി അച്ചടിവിദ്യ വസ്ത്രങ്ങളിൽ പ്രയോഗിക്കുന്ന രണ്ട് മുഖ്യകേന്ദ്രങ്ങളിൽ ഒന്നാണ് പെഡന; മറ്റൊരിടം ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തിയാണ്. പെഡനയിൽ 15,000-20,000 കലംകാരി ജോലിക്കാരുണ്ടെന്നാണ് തദ്ദേശവാസികളുടെ അനുമാനം. ഇവിടെയുള്ള നെയ്ത്തുകാർക്കും അച്ചടിജോലിക്കാർക്കും സംസ്ഥാനസർക്കാർ നൽകുന്ന കലാകാരന്മാർക്കുള്ള തിരിച്ചറിയൽ കാർഡുകൾ ഇനിയും കിട്ടാത്തതിനാൽ അവരുടെ കൃത്യമായ സംഖ്യ നിർണ്ണയിക്കാൻ ബുദ്ധിമുട്ടാണ്. തൊഴിലാളിസംഘടന ഉണ്ടാക്കാനും, വായ്പകൾ ലഭിക്കാനും, സർക്കാർ പദ്ധതികളിൽ ചേരാനും, ധനസഹായം ലഭിക്കാനും ഈ കാർഡുകൾ അവർക്ക് സഹായകമാകും.
സ്വാതന്ത്ര്യലബ്ധിക്ക് മുൻപുതന്നെ പെഡനയിൽ കലംകാരി തൊഴിലും കൈത്തറി വ്യവസായവും ഉണ്ടായിരുന്നുവെന്ന് ഇവിടെയുള്ള ജോലിക്കാർ പറയുന്നു. 2013-ൽ സർക്കാർ കലംകാരി എന്ന കരകൗശലവിദ്യക്ക് ഭൗമസൂചിക നൽകി. ഒരു ഉത്പന്നത്തിൽ ജി.ഐ. എന്ന അടയാളം കണ്ടാൽ, അതിനർത്ഥം, ആ ഉത്പന്നത്തിന് സവിശേഷമായ ഉത്ഭവവും, പ്രത്യേകതകളും പ്രസിദ്ധിയുമുണ്ടെന്നതാണ്. (ഭൗമസൂചിക ഉണ്ടെങ്കിലും വിപണിയിൽ വലിയ അളവിൽ വ്യാജ കലംകാരി സാരികൾ വരുന്നുണ്ട്. ഇത് യഥാർത്ഥ സാരികളുടെ യശസ്സിന് ദോഷം ചെയ്തു)
പെഡനയിലെ കലംകാരി പണിശാലകളുടെ ഉടമകൾ അടുത്തുള്ള മച്ചിലിപട്ടണത്തിലെ മൊത്തവ്യാപാരികളിൽനിന്നും യന്ത്രത്തറിയിൽ നിർമ്മിച്ച സാരികൾ വലിയതോതിൽ വാങ്ങുകയാണ്. അവരുടെ ജോലിക്കാർ മരക്കട്ടകളും നിറമേറിയ അകൃത്രിമമായ നിറങ്ങളും ഉപയോഗിച്ച് പൂക്കൾമുതൽ പുരാണങ്ങൾവരെ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ സാരികളിൽ അച്ചടിക്കും. അധികം അദ്ധ്വാനിച്ച് നിർമ്മിക്കുന്ന പെഡനയിലെ കൈത്തറി സാരികളേക്കാൾ യന്ത്രത്തറിയിൽ നിർമ്മിച്ച, സവിശേഷമായ ചിത്രങ്ങളുള്ള സാരികൾക്ക് വിലക്കുറവാണ്. നെയ്ത്താശാന്മാരുടെ ഉടമസ്ഥതയിലുള്ള കടകളിൽ ഈ സാരികൾ ഓരോന്നും ഏകദേശം 500 രൂപയ്ക്കാണ് വിൽക്കുന്നത്.
ഈ പ്രദേശത്ത് പ്രബലരായ ദേവാംഗി എന്ന സമുദായത്തിലെ അംഗമാണ് 53 വയസ്സുള്ള ദൈവപു കോട്ടേശ്വര റാവു. അദ്ദേഹം പടിഞ്ഞാറൻ ഗോദാവരി ജില്ലയിൽനിന്ന് പെഡനയിലേക്ക് കുടിയേറിയതാണ്. 1974 മുതൽ നെയ്ത്തുജോലി ചെയ്തെങ്കിലും ഭാര്യയും രണ്ടു പെണ്മക്കളുമടങ്ങുന്ന തന്റെ കുടുംബത്തിന്റെ ചെലവുകൾ നടത്താനുള്ള പണം ലഭിച്ചില്ല. 1988-ൽ അദ്ദേഹം നെയ്ത്ത് അവസാനിപ്പിച്ചു. മറ്റൊരു ദേവാംഗിസമുദായ അംഗത്തിന്റെ ഉടമസ്ഥതയിലുള്ള കലംകാരി പണിശാലയിൽ 10 രൂപ ദിവസക്കൂലിക്ക് ജോലിക്ക് ചേർന്നു. ഇപ്പൊൾ കൂലി 300 രൂപയായി.
പെഡനയിലെ ധാരാളം പുരുഷന്മാർ ജോലി തേടി മറ്റ് പട്ടണങ്ങളിലേക്കും, നഗരങ്ങളിലേക്കും പോയതിനാൽ കലംകാരി പണിശാലകളിൽ സ്ത്രീകളാണ് കൂടുതലും. 30 വയസ്സുള്ള പദ്മ ലക്ഷ്മി അടുത്തകാലത്ത് വിധവയായി. അവർക്ക് അഞ്ചുവയസ്സും ആറുവയസ്സുമുള്ള, സ്കൂൾ വിദ്യാർത്ഥികളായ, രണ്ട് പെൺകുട്ടികളാണുള്ളത്. അവരിപ്പോൾ വിധവയായ അമ്മയുടെ ഒപ്പമാണ് താമസിക്കുന്നത്. 'ബഡി കൊട്ടു' എന്ന് വിളിക്കുന്ന ഒരു കട നടത്തുകയാണ് അവരുടെ അമ്മ. അവിടെ മധുരപലഹാരങ്ങൾ, സിഗരറ്റ്, പാൻ തുടങ്ങിയവയും മറ്റ് സാധനങ്ങളും വിൽക്കുന്നു.
50 വർഷങ്ങൾക്കുമുൻപ് കിഴക്കൻ ഗോദാവരി ജില്ലയിൽനിന്ന് കുടിയേറിയവരാണ് ലക്ഷ്മിയുടെ മാതാപിതാക്കൾ. 12 വയസ്സ് മുതൽ അവർ കലംകാരി തൊഴിൽ ചെയ്യുന്നുണ്ട്. "അന്ന് ദിവസക്കൂലി 40 രൂപയായിരുന്നു. 18 വർഷം കഴിഞ്ഞിട്ടും ഞാൻ 200 രൂപ മാത്രമേ നേടുന്നുള്ളു.," അവർ പറഞ്ഞു. "എന്നേക്കാൾ കുറവ് പ്രവൃത്തിപരിചയമുള്ള ആണുങ്ങൾക്ക് 300 രൂപയിലധികം നൽകുന്നുണ്ട്. ഇതിനെക്കുറിച്ച് ഉടമകളോട് ചോദിച്ചാൽ, ആണുങ്ങൾ ചെയ്യുന്നതിനേക്കാൾ കുറവ് ജോലിയാണ് പെണ്ണുങ്ങൾ ചെയ്യുന്നതെന്നാണ് അവരുടെ മറുപടി. എന്നാൽ ഞങ്ങൾ പുരുഷന്മാരുടെ അത്രയുംതന്നെയോ അല്ലെങ്കിൽ അതിലധികമോ അദ്ധ്വാനിക്കുന്നുണ്ട്. ഒരുമാസം ഞാൻ 3,500 - 4,000 രൂപയിലധികം നേടാറില്ല. ഞങ്ങളിൽ മിക്കവരും പണമിടപാടുകാരുടെ കൈയ്യിൽനിന്നും വലിയ പലിശക്ക് കടമെടുക്കാൻ നിർബന്ധിതരാകുകയാണ്."
പെഡനയിലെ കലംകാരി ജോലിക്കാർക്ക് തൊഴിലാളിയൂണിയൻ ഇല്ല. (കൈത്തറി നെയ്ത്തുകാർക്ക് ഒരെണ്ണമുണ്ടെങ്കിലും അംഗത്വം പലയിടത്താണ്). യൂണിയനുകൾ തുടങ്ങാനുള്ള അവരുടെ ശ്രമങ്ങളെ കലംകാരി പണിശാലകളുടെ ഉടമകൾ എതിർത്തു, ചിലസമയം അക്രമവും പണവുംകൊണ്ട്. "എല്ലാ കലംകാരി പണിക്കാർക്കും, കൈത്തറി നെയ്ത്തുജോലിക്കാർക്കും കലാകാരന്മാർക്കുള്ള തിരിച്ചറിയൽ കാർഡുകളെങ്കിലും സർക്കാർ നൽകണം," 40 വയസ്സുള്ള രുദ്രാക്ഷുല കനകരാജു എന്ന കലംകാരി ജോലിക്കാരൻ പറഞ്ഞു. തന്റെ വരുമാനത്തിലെ കുറവ് നികത്തനായി അയാൾ ഇടയ്ക്ക് നെയ്ത്തുജോലികൾ ചെയ്യും. "ഞങ്ങൾക്ക് സംഘടിക്കാനും, ഞങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതാനും കാർഡുകൾ സഹായകമാകും."
ഈ പരമ്പരാഗത കലയെ പുനരുജ്ജീവിപ്പിക്കാൻ എന്ന പേരിൽ സംസ്ഥാനസർക്കാർ പലപ്പോഴായി ധാരാളം വാഗ്ദാനങ്ങൾ നൽകിയിരുന്നു. കൈത്തറി വായ്പ്പാ തിരിച്ചടവ് എഴുതിത്തള്ളുമെന്ന്, 2014 മേയ് മാസത്തിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രഖ്യാപനം അത്തരത്തിലൊന്നായിരുന്നു. എന്നാൽ വായ്പ്പാ തിരിച്ചടവിനായി ആന്ധ്രാപ്രദേശ് സർക്കാർ അനുവദിച്ച 111 കോടി രൂപയിൽ, വെറും 2.5 കോടി രൂപ മാത്രമാണ് പെഡനയിലെ നെയ്ത്തുകാർക്ക് ലഭിച്ചത്.
2014-ൽ ഭാരതീയ ജനതാ പാർട്ടി സർക്കാർ പെഡനയിലെ കൈത്തറി വ്യവസായത്തിനുവേണ്ടി എസ്.ഫ്.യു.ആർ.ടി.ഐ (സ്കീം ഫോർ ഫണ്ട് ഫോർ റീജനെറേഷൻ ഓഫ് ട്രഡീഷണൽ ഇൻഡസ്ട്രീസ്) എന്ന പദ്ധതി തുടങ്ങി. പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാൻവേണ്ടി ധനസഹായം നൽകുന്നതിനുള്ള പദ്ധതിയാണ് ഇത്. ഓരോ ജില്ലയിൽനിന്ന് രണ്ടു ക്ലസ്റ്ററുകൾവീതം തിരഞ്ഞെടുത്ത്, പാരമ്പര്യ കലകളെ സംരക്ഷിക്കാൻ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികതയും വികസിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഈ പദ്ധതി ഇന്നും ഉദ്യോഗസ്ഥതലത്തിലെ പ്രക്രിയകളിൽ ഉടക്കിക്കിടക്കുകയാണ്.
"ഇപ്പോൾ നെയ്ത്താശാന്മാരെല്ലാം നല്ല സ്ഥിതിയിലാണ്. കലാകാരന്മാരെയും ജോലിക്കാരെയുമാണ് സർക്കാർ സഹായിക്കേണ്ടത്," 73 വയസ്സുള്ള നെയ്ത്താശാനായ പിട്ചുക ഭീമലിംഗം പറഞ്ഞു. പെഡന ഹാൻഡ്ലൂം വീവേഴ്സ് ആൻഡ് കലംകാരി ആർടിസ്റ്റ്സ് വെൽഫേർ അസോസിയേഷൻ മുൻ ഭാരവാഹിയാണ് അദ്ദേഹം. "സർക്കാർ എല്ലാ വാഗ്ദാനങ്ങളും പാലിക്കണം - കൈത്തറി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുക, ആവശ്യത്തിനുള്ള ധനസഹായം നൽകുക. എല്ലാ കൈത്തറി ജോലിക്കാർക്കും തിരിച്ചറിയൽ കാർഡുകൾ നല്കുന്നതിൽനിന്ന് തുടങ്ങാം. ഉടമകളോട് നല്ലനിലയിൽ വിലപേശാനുള്ള കഴിവ് കാർഡുകൾ അവർക്കു നൽകും."
അതുവരെ, പെഡനയിലെ കലംകാരി കലാകാരന്മാരും കലാകാരികളും തങ്ങളുടെ മരക്കട്ടകൾകൊണ്ട് ജീവിക്കാൻ പ്രയത്നിക്കുമ്പോൾ, മഗ്ഗം പതിഞ്ഞ സ്വരങ്ങൾ കേൾപ്പിച്ചുകൊണ്ടിരിക്കും.
പരിഭാഷ: ജ്യോത്സ്ന വി.