"അവരെ സ്കൂളിലെത്തിക്കുകതന്നെ വലിയൊരു വെല്ലുവിളിയാണ്‌'

ഹെഡ്‌മാസ്റ്റർ സിവ്‌ജി സിങ്‌ യാദവിന്റെ വാക്കുകളിൽ 34 വർഷത്ത അനുഭവങ്ങളുടെ ഭാരമുണ്ട്‌. ഡബ്ലി ചപോരിയിലെ ഏക സ്കൂൾ നടത്തുന്നയാളാണ്‌ കുട്ടികൾ "മാസ്റ്റർജി' എന്നുവിളിക്കുന്ന യാദവ്‌. അസമിലെ മജൂലി ജില്ലയിൽ ബ്രഹ്മപുത്ര നദിയിലെ ദബ്‌ലി ചപോരി ദ്വീപിലെ 63 കുടുംബങ്ങളിൽനിന്നുള്ള ഏകദേശം മുഴുവൻ കുട്ടികളും ഈ സ്കൂളിലെത്തുന്നുണ്ട്‌.

ധോനെഖാന ലോവർ പ്രൈമറി സ്കൂളിലെ ഏക ക്ലാസമുറിയിലെ തന്റെ ഡെസ്കിലിരുന്ന്‌ സിവ്‌ജി ചുറ്റും നോക്കി കുട്ടികൾക്കായി ഒരു ചിരി പാസാക്കി. ശോഭനമായ 41 മുഖങ്ങൾ. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന 6 - 12വരെ പ്രായമുള്ളവരാണ്‌ എല്ലാ കുട്ടികളും. "ചെറിയ കുട്ടികളെ പഠിപ്പിക്കുക, അവർക്ക്‌ അറിവ്‌ പകർന്നുനൽകുക അതാണ്‌ ശരിക്കുമുള്ള വെല്ലുവിളി”,  അദ്ദേഹം പറയുന്നു. അവർക്ക്‌ ഇതിൽനിന്ന്‌ ഓടിരക്ഷപ്പെടാനാണ്‌ താത്പര്യം.

ഇന്ത്യൻ വിദ്യാഭ്യാസസമ്പ്രദായത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുമുമ്പ്, അദ്ദേഹം തന്റെ സംസാരം ഒന്നു നിർത്തി. ക്ലാസിലെ ചില മുതിർന്ന വിദ്യാർഥികളെ വിളിച്ച്‌ കഥാപുസ്തകങ്ങളുടെ പുതിയ പാക്കറ്റ് തുറക്കാൻ അവർക്ക്‌ നിർദേശം നൽകി. സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറേറ്റ് അയച്ച അസമീസിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളായിരുന്നു അവ. പുതിയ പുസ്തകങ്ങൾ കാണുമ്പോൾ വിദ്യാർഥികൾ ആവേശത്തിലാകുമെന്നും അതിനിടയിൽ ഞങ്ങളോട് സംസാരിക്കാൻ അവസരം ലഭിക്കുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു.

"ഒരു കോളേജ്‌ അധ്യാപകന്‌ സർക്കാർ എത്ര ശമ്പളം നൽകുന്നുവോ, അത്രയുംതന്നെ പ്രൈമറി സ്കൂൾ അധ്യാപകർക്കും നൽകണം. അടിസ്ഥാനം രൂപുകരിക്കുന്നത്‌ ഞങ്ങളാണല്ലോ”, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കി അദ്ദേഹം പറയുന്നു. പക്ഷേ മാതാപിതാക്കൾ പ്രൈമറി സ്കൂൾ വിദ്യാഭ്യാസത്തെ ഗൗരവമായി കാണുന്നില്ല. ഹൈസ്കൂൾ വിദ്യാഭ്യാസമാണ്‌ അവർക്ക്‌ പ്രധാനം, അദ്ദേഹം പറഞ്ഞു. ഈ തെറ്റിദ്ധാരണ തിരുത്താനാണ് അദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്നതും.

Siwjee Singh Yadav taking a lesson in the only classroom of Dhane Khana Mazdur Lower Primary School on Dabli Chapori.
PHOTO • Riya Behl
PHOTO • Riya Behl

ഇടത്: ഡബ്ലി ചപോരിയിലെ ധോനേഖാന ലോവർ പ്രൈമറി സ്‌കൂളിലെ ഏക ക്ലാസ് മുറിയിൽ സിവ്ജി സിങ്‌ യാദവ് അധ്യാപനത്തിൽ. വലത്ത്: വിദ്യാഭ്യാസ വകുപ്പ് അയച്ച കഥാപുസ്തകങ്ങളുമായി സ്കൂളിലെ വിദ്യാർഥികൾ

Siwjee (seated on the chair) with his students Gita Devi, Srirekha Yadav and Rajeev Yadav (left to right) on the school premises
PHOTO • Riya Behl

വിദ്യാർഥികളായ ഗീതാദേവി, ശ്രീരേഖ യാദവ്, രാജീവ് യാദവ് (ഇടത്തുനിന്ന് വലത്തോട്ട്) എന്നിവർക്കൊപ്പം സിവ്ജി (കസേരയിൽ ഇരിക്കുന്നു)

350-ഓളം പേർ താമസിക്കുന്ന ഡബ്ലി ചപോരി എൻസി ഒരു മണൽദ്വീപാണ്‌. സിവ്‌ജിയുടെ കണക്കുപ്രകാരം ഏതാണ്ട്‌ 400 സ്ക്വയർ കിലോമീറ്ററാണ്‌ ദ്വീപിന്റെ വിസ്തീർണം. അതിർത്തിയെ സംബന്ധിച്ച പ്രത്യേകിച്ച്‌ രേഖകൾ ഒന്നുമില്ലാത്തെ പ്രദേശമാണിത്‌. അതായത്‌ ഇവിടുത്തെ സ്ഥലത്തിന്റെ സർവെ നടത്തിയിട്ടില്ല. 2016-ൽ ഉത്തര ജോർഹട്‌ ജില്ലയിൽനിന്ന്‌ പുതിയ മജൂലി ജില്ല രൂപീകരിക്കുന്നതിന്‌മുമ്പ്‌ ഈ മേഖല ജോർഹട്‌ ജില്ലയുടെ കീഴിലായിരുന്നു.

ദ്വീപിൽ ഇങ്ങനെയൊരു സ്കൂൾ ഇല്ലായിരുന്നുവെങ്കിൽ 6-12 പ്രായക്കാരായ കുട്ടികൾക്ക്‌ ഒരുമണിക്കൂറിലധികം യാത്ര ചെയ്ത്‌ പ്രധാന സ്ഥലമായ ദിശംഗ്‌മുഖിൽ (ശിവസാഗറിന്‌ സമീപം) പോകേണ്ടിവന്നേനെ. ഇരുപത്‌ മിനിറ്റോളം സൈക്കിളോടിച്ച്‌ ദ്വീപിലെ ജെട്ടിയിലെത്തിയശേഷം ബോട്ടിൽ നദി മുറിച്ചുകടക്കാൻ 50 മിനിറ്റും എടുക്കും.

ദ്വീപിലെ എല്ലാ വീടുകളും സ്കൂളിന്‌ 2-3 കിലോമീറ്റർ ചുറ്റളവിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. 2020–-21ൽ കോവിഡ്‌ കാലത്ത്‌ സ്കൂൾ അടച്ചപ്പോൾ ഇത്‌ ഒരു അനുഗ്രഹമായി. സിവ്‌ജി തന്റെ ഓരോ വിദ്യാർഥിയുടെയും വീടുകൾതോറും കയറിയിറങ്ങി അവരുടെ പഠനം ഉറപ്പാക്കി. സ്‌കൂളിലേക്ക് നിയമിതനായ മറ്റൊരു അധ്യാപകൻ താമസിക്കുന്നത് നദീതീരത്തുനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഗൗരിസാഗറിലാണ് (ശിവസാഗർ ജില്ലയിൽ). "ഞാൻ ഓരോ കുട്ടിയേയും ആഴ്ചയിൽ രണ്ടുതവണയെങ്കിലും കണ്ടിരുന്നു. അവർക്ക് ഗൃഹപാഠം നൽകുകയും അവരുടെ പഠനം അവലോകനം ചെയ്യുകയും ചെയ്തു”,  സിവ്ജി പറയുന്നു.

എന്നിട്ടും ലോക്‌ഡൗൺ പഠനത്തെ ബാധിച്ചുവെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്‌. വിദ്യാർഥികൾ സജ്ജരാണോ എന്നുപോലും നോക്കാതെ ക്ലാസ്‌കയറ്റം നൽകിയ ഔദ്യോഗിക തീരുമാനത്തിലും സിവ്‌ജി അസന്തുഷ്‌ടനാണ്‌. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം വിദ്യാഭ്യാസവകുപ്പിന്‌ കത്തയക്കുകയും ചെയ്തു. "കുട്ടികൾ വീണ്ടും പഴയ ക്ലാസിൽതന്നെ പഠിച്ചാൽ അവർക്ക് പ്രയോജനം ലഭിക്കുമെന്നും ആ വർഷം ക്ലാസ്‌കയറ്റം വേണ്ടെന്നും ഞാൻ അവരോട് പറഞ്ഞു”.

*****

അസമിന്റെ ഒരു വലിയ കളർ ഭൂപടം ധോനെഖാന ലോവർ പ്രൈമറി സ്കൂളിന്റെ ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട്‌. ഞങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട്‌ ഭൂപടത്തിലെ ബ്രഹ്മപുത്ര നദിയിലെ ദ്വീപിന്റെ സ്ഥാനം സിവ്‌ജി വിരൽചൂണ്ടി കാണിച്ചുതന്നു. "ഭൂപടത്തിൽ ഞങ്ങളുടെ ചപോരിയുടെ സ്ഥാനം നോക്കൂ. പക്ഷേ ശരിക്കും ഇതിന്റെ സ്ഥാനം എവിടെയാണ്?”,അദ്ദേഹം ചിരിച്ചുകൊണ്ട്‌ പറഞ്ഞു. "ഇവ തമ്മിൽ യാതൊരുബന്ധവുമില്ല”.

ഭൂപടത്തിലെ ഈ തെറ്റ്‌ സിവ്‌ജിയെ കൂടുതൽ പ്രകോപിതനാക്കും, കാരണം അദ്ദേഹം ഭൂമിശാസ്‌ത്രത്തിൽ ബിരുദമുള്ളയാളാണ്‌. ബ്രഹ്മപുത്രയിലെ, സ്ഥാനവ്യതിയാനം സംഭവിക്കുന്ന ചപോരി, ചാർ മേഖലകളിലും ബ്രഹ്മപുത്രയുടെ തീരങ്ങളിലും ദ്വീപുകളിലും ജനിച്ചുവളർന്ന ആളായതുകൊണ്ട്, ഇത്തരം സ്ഥാനവ്യതിയാനങ്ങൾ തങ്ങളുടെ മേൽ‌വിലാസത്തിലും മാറ്റം വരുത്താൻ ഇടയാക്കുമെന്ന് സിവ്‌ജിക്ക്‌ മനസ്സിലാവും.

A boat from the mainland preparing to set off for Dabli Chapori.
PHOTO • Riya Behl
Headmaster Siwjee pointing out where the sandbank island is marked on the map of Assam
PHOTO • Riya Behl

ഇടത്: ഡബ്ലി ചപോരിയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്ന പ്രധാനസ്ഥലത്തുനിന്നുള്ള ഒരു ബോട്ട്. (വലത്) അസമിന്റെ ഭൂപടത്തിൽ മണൽത്തിട്ട ദ്വീപ് ചൂണ്ടിക്കാണിക്കുന്ന ഹെഡ്മാസ്റ്റർ സിവ്ജി

The Brahmaputra riverine system, one of the largest in the world, has a catchment area of 194,413 square kilometres in India
PHOTO • Riya Behl

ലോകത്തിലെ ഏറ്റവും വലിയ നദികളിലൊന്നായ ബ്രഹ്മപുത്ര നദിയുടെ വൃഷ്ടിപ്രദേശം 194,413 ചതുരശ്ര കിലോമീറ്ററാണ്

"മഴയുടെ ശക്തി കൂടുമ്പോൾ ഞങ്ങൾ വെള്ളപ്പൊക്കവും വലിയ ഒഴുക്കും പ്രതീക്ഷിക്കും. അപ്പോൾ ജനങ്ങൾ വിലപ്പെട്ട സാധനങ്ങളും മൃഗങ്ങളുമായി ദ്വീപിലെ വെള്ളം കയറാത്ത ഉയർന്ന മേഖലകളിലേക്ക്‌ മാറും”, എല്ലാ വർഷത്തെയും തങ്ങളുടെ രീതി വിശദീകരിക്കുകയാണ്‌ സിവ്‌ജി.

രാജ്യത്ത്‌ ബ്രഹ്മപുത്രനദി കൈവശപ്പെടുത്തിയിരിക്കുന്ന 1,94,413 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് രൂപപ്പെടുകയും പുനർ‌രൂപീകരിക്കപ്പെടുകയും, അപ്രത്യക്ഷമാവുകയും വീണ്ടും പ്രത്യക്ഷമാവുകയും ചെയ്യുന്ന മണൽത്തിട്ട ദ്വീപുകളുടെ അടയാളം കൃത്യമായി സൂക്ഷിക്കാൻ ഭൂപട നിർമ്മാണത്തിന്റെ സമയത്ത്‌ കഴിയില്ല.

ലോകത്തിലെ ഏറ്റവും വലിയ നദീതട സംവിധാനങ്ങളിൽ ഒന്നായ ബ്രഹ്മപുത്രയിൽ വെള്ളപ്പൊക്കം സ്ഥിരമായതോടെ ഡബ്ലി തടത്തിൽ തൂണുകളിന്മേലാണ് എല്ലാ വീടുകളും നിർമിക്കുന്നത്. പ്രത്യേകിച്ചും വേനലിലെ കാലവർഷക്കാലത്താണ് ഈ പ്രശ്നം രൂക്ഷമാകുക.

ഹിമാലയൻ മഞ്ഞ് ഉരുകുന്ന സമയത്തോടനുബന്ധിച്ചാണ് ഇതുണ്ടാവുക. മജൂലിക്ക് ചുറ്റുമുള്ള പ്രദേശത്ത് വർഷം‌തോറും ലഭിക്കുന്നത്‌ ശരാശരി 1,870 സെന്റീമീറ്റർ മഴയാണ്‌. ഇതിന്റെ 64 ശതമാനവും തെക്കു-പടിഞ്ഞാറൻ മൺസൂൺ കാലത്താണ് (ജൂൺ-–-സെപ്റ്റംബർ) ലഭിക്കുന്നത്.

ഉത്തർ പ്രദേശിലെ യാദവ്‌ വിഭാഗത്തിൽപ്പെട്ടവരാണ്‌ ചപോരിയിൽ സ്ഥിരതാമസമായവർ. തങ്ങളുടെ പൂർവികസ്ഥാനമായി അവർ കണക്കാക്കുന്നത്‌ ഗാസിപൂർ ജില്ലയാണ്. 1932-ലാ‍ണ് ബ്രഹ്മപുത്ര ദ്വീപുകളിൽ തങ്ങൾ എത്തിച്ചേർന്നതെന്ന് അവർ വിശ്വസിക്കുന്നു. ഫലഭൂയിഷ്ഠമായ ആൾപ്പാർപ്പില്ലാത്ത സ്ഥലം തേടിനടന്ന അവർ ബ്രഹ്മപുത്രയിലെ ഈ മണൽത്തീരത്തുനിന്ന്‌ ആയിരക്കണക്കിന് കിലോമീറ്റർ കിഴക്ക് അത്‌ കണ്ടെത്തുകയായിരുന്നു. "ഞങ്ങൾ പരമ്പരാഗതമായി കന്നുകാലികളെ വളർത്തുന്നവരാണ്, ഞങ്ങളുടെ പൂർവ്വികർ മേച്ചിൽസ്ഥലം തേടി വന്നവരാണ്”, സിവ്ജി പറയുന്നു.

"15-20 കുടുംബങ്ങൾക്കൊപ്പമാണ് എന്റെ പിതാമഹൻമാർ ആദ്യമായി ലാഖി ചപോരിയിൽ എത്തിയത്”, സിവ്‌ജി പറഞ്ഞു. അദ്ദേഹം ജനിച്ചത്‌ ധനു ഖാന ചപോരിയിലാണ്‌. 1960കളിൽ യാദവ്‌ കുടുംബങ്ങൾ അവിടം ഉപേക്ഷിച്ചുപോയി. "ആ സ്ഥലം ഇപ്പോഴും ഉണ്ട്”, അദ്ദേഹം പറയുന്നു. "പക്ഷേ ധനു ഖാനയിൽ ഇപ്പോൾ ആരും താമസിക്കുന്നില്ല”.. വെള്ളപ്പൊക്കത്തിൽ സ്ഥിരമായി വീടും സാധനങ്ങളുമെല്ലാം വെള്ളത്തിനടിയിലാകുന്നത്‌ അദ്ദേഹം ഓർത്തെടുത്തു.

Siwjee outside his home in Dabli Chapori.
PHOTO • Riya Behl
Almost everyone on the sandbank island earns their livelihood rearing cattle and growing vegetables
PHOTO • Riya Behl

ഇടത്: ഡബ്ലി ചപോരിയിലെ വീടിന് പുറത്ത് സിവ്ജി. (വലത്) കന്നുകാലി വളർത്തലും പച്ചക്കറി കൃഷിയും ഉപജീവനമാർഗമാക്കിയവരാണ്‌ മണൽത്തിട്ട ദ്വീപിലെ കൂടുതൽപേരും

Dabli Chapori, seen in the distance, is one of many river islands – called chapori or char – on the Brahmaputra
PHOTO • Riya Behl

ബ്രഹ്മപുത്രയിലെ ചപോരി അല്ലെങ്കിൽ ചാർ എന്ന് വിളിക്കപ്പെടുന്ന നിരവധി ദ്വീപുകളിൽ ഒന്നാണ് ദൂരെ ദൃശ്യമായ ഡബ്ലി ചപോരി

90 വർഷം മുമ്പെ അസമിലെത്തിയ യാദവ്‌ കുടുംബങ്ങൾ നാലുതവണയാണ്‌ മാറിത്താമസിച്ചത്‌. ഏറ്റവുമൊടുവിൽ 1988-ൽ ഡബ്ലി ചപോരിയിലേക്കാണ്‌ മാറിയത്‌. പരസ്പരം അടുത്ത് കിടക്കുന്ന സ്ഥലങ്ങളായിരുന്നു അവയൊക്കെ. ഏറിവന്നാൽ, 2-3 കിലോമീറ്റർ ഇടവിട്ട്. ‘ഡബ്ലി’ എന്ന വാക്കിൽനിന്നാണ് അവരുടെ ഇപ്പോഴത്തെ താമസമേഖലയ്ക്ക്‌ ഈ പേര് ലഭിച്ചത്.  ഡബിൾ (ഇരട്ട) എന്നാണ് അതിന്റെ അർത്ഥമെന്ന്  നാട്ടുകാർ പറയുന്നു. മറ്റ് മണൽത്തിട്ടകളുമായി താരത‌മ്യം ചെയ്യുമ്പോൾ ഈ മണൽത്തിട്ടിന്റെ വലിപ്പം കൂടുതലാണെന്നും കാണാം.

ഡബ്ലിയിലെ എല്ലാ കുടുംബങ്ങളും സ്വന്തമായി ഭൂമിയുള്ളവരാണ്‌, അവിടെ അവർ അരിയും ഗോതമ്പും പച്ചക്കറികളും കൃഷിചെയ്യുന്നു. പൂർവികരുടെ പാത പിന്തുടർന്ന്‌ കന്നുകാലികളെയും വളർത്തുന്നുണ്ട്‌. ഇവിടെയെല്ലാവരും അസമീസ്‌ ഭാഷയാണ്‌ സംസാരിക്കുന്നത്‌. അതിൽത്തന്നെ യാദവ്‌ വിഭാഗക്കാർ പരസ്പരവും കുടുംബങ്ങൾക്കുള്ളിലും സംസാരിക്കുന്നത്‌ ഹിന്ദിയാണ്‌."ഞങ്ങളുടെ ആഹാരരീതിയും മാറിയിട്ടില്ല. പക്ഷേ ഉത്തർ പ്രദേശിലെ ഞങ്ങളുടെ ബന്ധുക്കളേക്കാൾ അധികം ചോറ്‌ ഞങ്ങൾ കഴിക്കാറുണ്ടെന്നത്‌ ശരിയാണ്”, സിവ്‌ജി പറയുന്നു.

തങ്ങളുടെ പുതിയ പുസ്തകങ്ങളിൽ വ്യാപൃതരായ കുട്ടികൾ ഇതുവരെയും അനങ്ങിയിട്ടില്ല. "എനിക്ക്‌ അസമീസ്‌ പുസ്തകങ്ങളാണ്‌ കൂടുതൽ ഇഷ്ടം”, 11 വയസ്സുകാരൻ രാജീവ്‌ യാദവ്‌ ഞങ്ങളോട്‌ പറഞ്ഞു. അവന്റെ മാതാപിതാക്കൾ കർഷകരാണ്‌. കന്നുകാലികളുമുണ്ട്‌. ഇരുവരും ഏഴാംക്ലാസിനുശേഷം സ്കൂൾ ഉപേക്ഷിച്ചവർ. "ഞാൻ അവരേക്കാൾ കൂടുതൽ പഠിക്കും”,  രാജീവ്‌ പറഞ്ഞു. തുടർന്ന്‌ അസാമീസ്‌ സംഗീത ഇതിഹാസം ഭൂപെൻ ഹസാരികയുടെ ‘അസോം അമർ റുപാഹി ദേശ്' എന്ന ഗാനം ഘനമുള്ള ശബ്ദത്തിൽ പാടാൻ തുടങ്ങി. അവന്റെ അദ്ധ്യാപകനാകട്ടെ, അഭിമാനത്തോടെ അവനെ നോക്കിക്കൊണ്ട് നിന്നു.

*****

എല്ലാ വർഷവും പ്രളയമുണ്ടാവുന്ന നദിയുടെ നടുവിൽ മണൽത്തിട്ടകളിൽ മാറി മാറി ജീവിക്കുന്നത് വെല്ലുവിളിയാണ്. ഓരോ വീട്ടുകാർക്കും തുഴച്ചിൽ ബോട്ട്‌ സ്വന്തമായുണ്ട്‌. അടിയന്തര സാഹചര്യങ്ങളിൽമാത്രം ഉപയോഗിക്കുന്ന രണ്ട് മോട്ടോർബോട്ടുകളും ദ്വീപിലുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കുള്ള വെള്ളം ശേഖരിക്കുന്നത്‌ വീടുകൾക്ക്‌ സമീപമുള്ള ഹാൻഡ് പമ്പുകളിൽനിന്നാണ്. പ്രളയസമയത്ത് ജില്ലാ ദുരന്തനിവാരണ വകുപ്പും സന്നദ്ധസംഘടനകളും ചേർന്നാണ് കുടിവെള്ളമെത്തിക്കുന്നത്. സംസ്ഥാന സർക്കാർ വിതരണം ചെയ്ത സോളാർ പാനലുകൾവഴിയാണ് വൈദ്യുതി ഉത്പാദനം. അയൽദ്വീപായ മജൂലിയിലെ ഗെസേര ഗ്രാമത്തിലാണ് ഇവരുടെ റേഷൻ കട. അവിടെടേക്കെത്താൻ ഏകദേശം നാലുമണിക്കൂർ എടുക്കും. ബോട്ടിൽ ദിസാങ്മുഖിലേക്കും, അവിടെനിന്ന് മോട്ടോർ ബോട്ട്‌ വഴി മജൂലിയിലേക്കും തുടർന്ന് ഗസേര ഗ്രാമത്തിലേക്കും പോണം.

മജൂലിയിലെ മിരി ഗ്രാമത്തിലെ രത്നാപൂരിലെ ഏറ്റവും അടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്താൻ 3-4 മണിക്കൂർ യാത്രചെയ്യണം. "ആരോഗ്യപരമായ ആവശ്യങ്ങളുടെ കാര്യത്തിൽ വലിയ പ്രശ്നമുണ്ട്”, സിവ്‌ജി പറയുന്നു."ആർക്കെങ്കിലും വയ്യാതായാൽ മോട്ടോർ ബോട്ടിൽ അവരെ ആശുപത്രിയിലെത്തിക്കാൻ ഞങ്ങൾക്കാകും. എന്നാൽ മഴക്കാലത്ത്‌ അത്‌ വളരെ ബുദ്ധിമുട്ടാണ്”. ആംബുലൻസ്‌ ബോട്ടുകൾ ഡബ്ലിയിലേക്ക്‌ സർവീസ്‌ നടത്തുന്നില്ല. വെള്ളത്തിന്റെ അളവ്‌ കുറവുള്ള മേഖലകളിൽ നദി മുറിച്ചുകടക്കാൻ ചിലപ്പോൾ യാദവ വിഭാഗക്കാർ ട്രാക്ടർപോലും ഉപയോഗിക്കാറുണ്ട്.

Ranjeet Yadav and his family, outside their home: wife Chinta (right), son Manish, and sister-in-law Parvati (behind).
PHOTO • Riya Behl
Parvati Yadav with her son Rajeev
PHOTO • Riya Behl

ഇടത്: രൺജീത് യാദവും കുടുംബവും അവരുടെ വീടിന് പുറത്ത്: ഭാര്യ ചിന്ത (വലത്ത്), മകൻ മനീഷ്, സഹോദരി പാർവതി (പിന്നിൽ). വലത്: മകൻ രാജീവിനൊപ്പം പാർവതി യാദവ്

Ramvachan Yadav and his daughter, Puja, inside their house.
PHOTO • Riya Behl
Puja and her brother, Dipanjay (left)
PHOTO • Riya Behl

ഇടത്: രാംവചൻ യാദവും മകൾ പൂജയും അവരുടെ വീടിനുള്ളിൽ. (വലത്) പൂജ, സഹോദരൻ ദിപഞ്ജയ്ക്കൊപ്പം (ഇടത്)

"ഇവിടുത്തെ പഠനം പൂർത്തിയായാൽ നദി മുറിച്ചുകടന്ന് വേണം ദുസാങ്മുഖിലെ സ്കൂളിലെത്താൻ. അതിനാൽ ഞങ്ങൾക്കൊരു അപ്പർ പ്രൈമറി സ്കൂൾ വേണം - ഏഴാം ക്ലാസുവരെ”,  സിവ്‌ജി പറയുന്നു. "പ്രളയമില്ലാത്ത കാലത്ത്‌ അത്‌ നല്ലതാണ്‌. എന്നാൽ പ്രളയം തുടങ്ങിയാൽ കുട്ടികൾക്ക്‌ സ്കൂൾജീവിതം നഷ്‌ടമാകും”.  തന്റെ സ്‌കൂളിൽ ചേരാനെത്തുന്ന പുതിയ അധ്യാപകർ പതിവായി വിട്ടുപോകുന്നത് അദ്ദേഹത്തെ പ്രശ്നത്തിലാക്കുന്നുണ്ട്. "സ്‌കൂളിൽ നിയമിതരാകുന്ന അധ്യാപകർ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല. കുറച്ച് ദിവസത്തേക്ക് മാത്രമേ അവർ വരികയുള്ളൂ (പിന്നീട്‌ തിരിച്ചു വരാറില്ല). അതുകൊണ്ടാണ് കുട്ടികൾക്ക് അവരുടെ പഠനത്തിൽ അധികം പുരോഗതിയുണ്ടാകാത്തത്”.

നാലിനും 11-നും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികളുടെ അച്ഛനും നാൽപ്പതുകാരനുമായ രാംവചൻ യാദവ്‌ പറയുന്നതിങ്ങനെ: "ഞാൻ എന്റെ മക്കളെ നദിക്കപ്പുറം പഠിക്കാൻ വിടും. വിദ്യാഭ്യാസം ഉണ്ടെങ്കിൽ മാത്രമേ നല്ല ജോലിയും ലഭിക്കൂ”.  ഒരേക്കറിലധികം സ്ഥലത്ത് കൃഷി ചെയ്യുകയാണ്‌ രാംവചൻ. അവിടെ അദ്ദേഹം ചുരയ്ക്ക, മുള്ളങ്കി, വഴുതന, മുളക്, പുതിന എന്നിവ കൃഷിചെയ്യുന്നു. കൂടാതെ, 20 പശുക്കളെ വളർത്തുകയും അവയുടെ പാൽ വിൽക്കുകയും ചെയ്യുന്നുണ്ട്‌. രാംവചന്റെ ഭാര്യ കുസുമും (35) ദ്വീപിലാണ് വളർന്നത്. തുടർപഠനത്തിനായി ഒരു പെൺകുട്ടി ദ്വീപ് വിട്ടുപോകുന്നത്‌ സ്വപ്നംപോലും കാണാനാകാത്തതിനാൽ അവൾക്ക് നാലാം ക്ലാസിനുശേഷം പഠനം നിർത്തേണ്ടിവന്നു. ദിവസേന രണ്ടുതവണ നദി മുറിച്ചുകടക്കണമെങ്കിൽപ്പോലും, തന്റെ ആറുവയസ്സുള്ള മകനെ നദിക്കക്കരെയുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ്‌ രൺജീത് യാദവ് അയയ്‌ക്കുന്നത്‌. "മകനെ എന്റെ ബൈക്കിൽ കയറ്റി തിരികെ കൊണ്ടുവരും. ചിലപ്പോൾ ശിവസാഗർ നഗരത്തിലെ കോളേജിൽ പോകുന്ന എന്റെ സഹോദരൻ അവനെ കൂട്ടിക്കൊണ്ടുവരും”,  അദ്ദേഹം പറയുന്നു.

ജീവിതത്തിൽ സ്കൂളിൽ പോകാത്ത പാർവതി യാദവ്‌ തന്റെ 16-കാരി മകൾ ദിസാംഗ്‌മുഖിലെ ഹൈസ്കൂളിൽ പഠിക്കുന്നതിൽ ഏറെ സന്തോഷവതിയാണ്‌. രൺജീതിന്റെ സഹോദരഭാര്യയാണ്‌ പാർവതി. അവൾക്ക്‌ സ്കൂളിലേക്ക് രണ്ടുമണിക്കൂർ നടക്കണം, യാത്രയുടെ ഒരു ഭാഗം നദി മുറിച്ചുകടക്കലാണ്‌. "എനിക്ക്‌ പേടിയുള്ളത്‌ ചുറ്റുപാടും ആനകളുണ്ടാകുമോ എന്ന കാര്യത്തിലാണ്”, പാർവതി പറയുന്നു. അടുത്തതായി പ്രധാനസ്ഥലത്തെ സ്കൂളിൽ പോകാനുള്ളത്‌ 12-ഉം 11-ഉം വയസ്സുള്ള സുമനും രാജീവുമാണെന്നും അവർ പറയുന്നു.

Students lined up in front of the school at the end of day and singing the national anthem.
PHOTO • Riya Behl
Walking out of the school, towards home
PHOTO • Priti David

ഇടത്: ദേശീയഗാനം ആലപിച്ച് വിദ്യാർഥികൾ സ്‌കൂളിന് മുന്നിൽ വരിയായി നി്ൽക്കുന്നു. (വലത്) സ്കൂളിൽനിന്ന് പുറത്തേക്കിറങ്ങി വീട്ടിലേക്കുപോകുന്ന കുട്ടികൾ

എന്നാൽ അടുത്തിടെ ജില്ലാ കമീഷണർ ഡബ്ലി ചപോരിയിലെ ജനങ്ങളോട്‌ ശിവസാഗർ പട്ടണത്തിലേക്ക് മാറിത്താമസിക്കാൻ താത്പര്യമുണ്ടോ എന്നന്വേഷിച്ചപ്പോൾ ആരും തയ്യാറായില്ല. "ഇതാണ് ഞങ്ങളുടെ വീട്, ഞങ്ങൾക്ക് ഇതുപേക്ഷിക്കാൻ കഴിയില്ല”, സിവ്ജി പറയുന്നു.

തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ മികവിൽ ഹെഡ്‌മാസ്റ്ററും ഭാര്യ ഫൂൽമതിയും ഏറെ അഭിമാനിക്കുന്നുണ്ട്‌. അവരുടെ മൂത്തമകൻ അതിർത്തിരക്ഷാസേനയിലാണ് (ബിഎസ്‌എഫ്‌). പെൺമക്കളിൽ 26-കാരിയായ റീത്ത ബിരുദധാരിയും 25-കാരിയായ ഗീത ബിരുദാനന്തര ബിരുദധാരിയുമാണ്. ഏറ്റവും ഇളയവൻ, 23-കാരനായ രാജേഷ് വാരാണസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും (ബി.എച്ച്‌.യു.) പഠിക്കുന്നു.

സ്കൂൾ ബെൽ അടിച്ചതോടെ കുട്ടികൾ ദേശീയഗാനത്തിനായതി വരിവരിയായി നിന്നു. തുടർന്ന്‌ യാദവ് ഗേറ്റ് തുറന്നു. കുട്ടികൾ പതിയെ പുറത്തിറങ്ങി, ആദ്യം പതുക്കെ, പിന്നെ ഒറ്റ ഓട്ടം. അങ്ങനെ ഒരു സ്കൂൾ ദിനംകൂടി കഴിഞ്ഞു. ഹെഡ്മാസ്റ്റർക്ക്‌ ഇനി സ്കൂൾ വൃത്തിയാക്കി പൂട്ടണം. പുതിയ കഥാപുസ്തകങ്ങൾ അടുക്കിവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "മറ്റുള്ളവർ കൂടുതൽ സമ്പാദിച്ചേക്കാം, അധ്യാപനത്തിലൂടെ എനിക്ക് ലഭിക്കുന്നത് കുറവായിരിക്കാം. പക്ഷെ എനിക്ക് എന്റെ കുടുംബം നയിക്കാൻ കഴിയുന്നുണ്ട്‌. എല്ലാറ്റിനുമുപരിയായി, ഈ ജോലി ഞാൻ ആസ്വദിക്കുന്നു. ഈ സേവനം, എന്റെ ഗ്രാമം, എന്റെ ജില്ല അവയെല്ലാം പുരോഗമിക്കും. അസം പുരോഗമിക്കും”.

ഈ സ്‌റ്റോറി റിപ്പോർട്ട്‌ ചെയ്യാൻ സഹായിച്ച ബിപിൻ ധാനെ, അയാങ് ട്രസ്റ്റിലെ കൃഷ്ണ കാന്ത്‌ പെഗോ എന്നിവർക്ക്‌ റിപ്പോർട്ടർ നന്ദി അറിയിക്കുന്നു.

പരിഭാഷ: അശ്വതി ടി കുറുപ്പ്

Priti David

प्रीति डेविड, पारी की कार्यकारी संपादक हैं. वह मुख्यतः जंगलों, आदिवासियों और आजीविकाओं पर लिखती हैं. वह पारी के एजुकेशन सेक्शन का नेतृत्व भी करती हैं. वह स्कूलों और कॉलेजों के साथ जुड़कर, ग्रामीण इलाक़ों के मुद्दों को कक्षाओं और पाठ्यक्रम में जगह दिलाने की दिशा में काम करती हैं.

की अन्य स्टोरी Priti David
Photographs : Riya Behl

रिया बहल, मल्टीमीडिया जर्नलिस्ट हैं और जेंडर व शिक्षा के मसले पर लिखती हैं. वह पीपल्स आर्काइव ऑफ़ रूरल इंडिया (पारी) के लिए बतौर सीनियर असिस्टेंट एडिटर काम कर चुकी हैं और पारी की कहानियों को स्कूली पाठ्क्रम का हिस्सा बनाने के लिए, छात्रों और शिक्षकों के साथ काम करती हैं.

की अन्य स्टोरी Riya Behl
Editor : Vinutha Mallya

विनुता माल्या पेशे से पत्रकार और संपादक हैं. वह पूर्व में पीपल्स आर्काइव ऑफ़ रूरल इंडिया की एडिटोरियल चीफ़ रह चुकी हैं.

की अन्य स्टोरी Vinutha Mallya
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

की अन्य स्टोरी Aswathy T Kurup