ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏപ്രിൽ പകുതിയോടെ വീണ്ടും മഹാരാഷ്ട്രയിൽ ഏർപ്പെടുത്തുമെന്ന് ഉറപ്പായതോടെ ഗോപാൽ ഗുപ്ത ഒരു വർഷത്തിനിടയിൽ രണ്ടാം തവണയും മുംബൈ വിടാൻ തീരുമാനിച്ചതായിരുന്നു.
എന്നാൽ ഒരു ചെറിയ ചുവന്ന മൺപാത്രത്തിൽ അദ്ദേഹത്തിന്‍റെ ചിതാഭസ്മവുമായി മാർച്ച് അവസാനത്തോടെ കുടുംബം ഉത്തർപ്രദേശിലെ അവരുടെ ഗ്രാമമായ കുസൗര താലൂക്ക് സഹ്‌വാറിലേക്ക് ഒരു ട്രെയിനിൽ കയറുകയാണുണ്ടായത്.
“എന്‍റെ അച്ഛന്‍റെ മരണത്തിന് കൊറോണയെ മാത്രമെ കുറ്റപ്പെടുത്താൻ പറ്റൂവെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ പോലും ഒരു കാലില്ലാതെ കഴിയണമായിരുന്നു”, ഗോപാലിന്‍റെ 21-കാരിയായ മകൾ ജ്യോതി പറഞ്ഞു.
കല്യാണിൽ പച്ചക്കറിക്കച്ചവടം നടത്തുന്ന 56-കാരനായ ഗോപാലിന് മാർച്ച് ആദ്യവാരം ചെറിയ ചുമയും ജലദോഷവും ഉണ്ടായപ്പോൾ പാലവണി പ്രദേശത്തെ ബസ്തിയിലെ ക്ലിനിക്കിൽ നിന്നും അദ്ദേഹം മരുന്ന് കഴിക്കുകയും തുടർന്ന് സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. പാലവണി പ്രദേശത്താണ് കുടുംബം രണ്ടു മുറികളുള്ള ഒരു പാർപ്പിടത്തിൽ താമസിക്കുന്നത്.
യു.പിയിലെ ബല്ലിയ ജില്ലയിലെ ബൻസ്ദിഹ് താലൂക്കിലെ അവരുടെ ഗ്രാമത്തിൽ നിന്ന് ജനുവരിയിൽ അദ്ദേഹം തിരിച്ചെത്തിയിട്ട് കഷ്ടിച്ച് രണ്ട് മാസമേ ആയിരുന്നുള്ളൂ. പക്ഷെ അദ്ദേഹം ജോലിയിൽ സജീവമാകാൻ തുടങ്ങിയപ്പോൾ കൊവിഡ് രണ്ടാംതരംഗം ആരംഭിച്ചു. “കഴിഞ്ഞ വർഷത്തെപ്പോലെ വീണ്ടും കാത്തിരുന്ന് കുഴപ്പത്തിലാവാൻ അച്ഛൻ ആഗ്രഹിച്ചില്ല”, ജ്യോതി പറഞ്ഞു. അങ്ങനെ കുടുംബം വീണ്ടും ഗ്രാമത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി.
പക്ഷെ മാർച്ച് 10-ന് രാവിലെ ഏതാണ്ട് 5 മണിയോടെ ഗോപാലിന് ശ്വാസംമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് അദ്ദേഹത്തെ ഒരു പ്രാദേശിക ക്ലിനിക്കിലേക്ക് കൊണ്ടുപോവുകയും കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവാകുകയും ചെയ്തു. പെട്ടെന്നുതന്നെ കുടുംബം അദ്ദേഹത്തെ കെ.ഡി.എം.സി. (കല്യൺ ഡോംബിവലി മുനിസിപ്പൽ കോർപ്പറേഷൻ) ഗ്രൗണ്ടിലേക്ക് എത്തിച്ചു. പ്രസ്തുത ഗ്രൗണ്ട് ഒരു ‘സമർപ്പിത കോവിഡ് ആരോഗ്യകേന്ദ്രം’ ('Dedicated Covid Health Center') ആക്കി മാറ്റിയിരുന്നു. (കല്യാൺ, ഡോംബിവലി എന്നിവ മുംബൈ മെട്രോപൊളിറ്റൻ പ്രദേശത്തെ നഗരങ്ങളാണ്). പക്ഷെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാവുകയും തുടർന്ന് കൂടുതൽ സൗകര്യങ്ങളുള്ള ഒരു സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ മാറ്റാൻ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തു. അന്നുച്ചയ്ക്ക് ഗോപാലിനെ കല്യാണിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
“എവിടെ പോകണമെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ലായിരുന്നു. ചിന്തിക്കാൻ അധികം സമയം ഇല്ലായിരുന്നു, അച്ഛന്‍റെ അവസ്ഥ മോശമായതും സഹോദരന്‍റെ അവസ്ഥയും കണ്ട് ഞങ്ങൾ ഭയപ്പെട്ടു”, ജ്യോതി പറഞ്ഞു. അവരുടെ സഹോദരൻ വിവേകിന്‍റെ (26) പരിശോധനാഫലവും പോസിറ്റീവ് ആണെന്ന് തെളിയുകയും അദ്ദേഹത്തോട് അടുത്തുള്ള ഭിവണ്ടിയിലെ ഒരു കേന്ദ്രത്തിൽ 12 ദിവസത്തേക്ക് ക്വാറന്‍റൈനിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ കുടുംബത്തോട് 50,000 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഗോപാലിനെ ഐ.സി.യുവിലേക്ക് മാറ്റിയശേഷം കുടുംബം വിലകൂടിയ മരുന്നുകൾ വാങ്ങാൻ ആശുപത്രിയിലെ മെഡിക്കൽ സ്റ്റോറിലേക്ക് ഓടി. “ഞങ്ങളുടെ ചെറിയ സമ്പാദ്യം ഞങ്ങൾ ഉപയോഗിച്ചു തുടങ്ങി. ഓരോ ദിവസവും പുതിയ ബില്ലുകൾ കിട്ടുന്നതനുസരിച്ച് ഞങ്ങൾക്കത് കൂടുതൽ പ്രശ്നമായിക്കൊണ്ടിരുന്നു”, ഗോപാലിന്‍റെ ഭാര്യ ശശികല പറഞ്ഞു. വീട്ടമ്മയായ അവർ കുടുംബം നടത്തുന്ന കടയിലേക്കുള്ള പച്ചക്കറികൾ കൊണ്ടുവരുന്നതിനായി മണ്ഡികളിൽ പോകാറുണ്ട്.
കഴിഞ്ഞ വർഷം, ലോക്ക്ഡൗണിന് മുമ്പ്, ഗോപാലും മകൻ വിവേകും പച്ചക്കറി വിൽപനയിലൂടെ പ്രതിദിനം 300-700 രൂപ ഉണ്ടാക്കിയിരുന്നു. ഇതാണ് അവരുടെ ആറംഗ കുടുംബത്തെ നിലനിർത്തിയത്. അവർ തേലി സമുദായത്തിൽ (ഒ.ബി.സി.) പെടുന്നു. ബിരുദ പഠനത്തിനുശേഷം 2013-14-ൽ വിവേക് പ്രതിമാസം 12,000 രൂപയ്ക്ക് നവി മുംബൈയിലെ ഒരു ചെറിയ മാളിൽ കാഷ്യറായി ജോലി നോക്കി. പക്ഷെ മാൾ അടച്ചുപൂട്ടിയതോടെ അദ്ദേഹവും അച്ഛനോടൊപ്പം പച്ചക്കറിക്കച്ചവടം തുടങ്ങി.
ഗോപാലിന്‍റെയും ശശികലയുടെയും ഇളയ മകനായ 19-കാരൻ ദീപകിന് 12-ാം ക്ലാസ് തുടങ്ങാറായതോടെ 2020-ലെ ലോക്ക്ഡൗൺ സമയത്ത് വിദ്യാഭ്യാസം നിർത്തേണ്ടി വന്നു. ജ്യോതി ബി.കോം. കോഴ്‌സ് മൂന്നാം വർഷത്തേക്കുള്ള ഫീസ് അടച്ച് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നു - ഒരു എൻ.ജി.ഓയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇത് രണ്ടും സാദ്ധ്യമായത്.
ജ്യോതിയുടെ സഹോദരി 22-കാരിയായ ഖുശ്ബു കുടുംബത്തിൽ നേരത്തേയുണ്ടായ ഒരു സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഒമ്പതാം ക്ലാസ് പൂർത്തിയാക്കിയശേഷം പഠനം ഉപേക്ഷിച്ചിരുന്നു. “എന്‍റെ അച്ഛൻ ഒരിക്കലും അത് ആഗ്രഹിച്ചതല്ല, പക്ഷെ ഞങ്ങൾക്ക് മറ്റ് മാർഗ്ഗമില്ലായിരുന്നു...” ജ്യോതി പറഞ്ഞു. അവരുടെ മറ്റ് രണ്ട് സഹോദരിമാർ വിവാഹിതരായി ഉത്തർപ്രദേശിൽ താമസിക്കുന്നു.
കഴിഞ്ഞ വർഷം ജൂണിൽ അവർ ഗ്രാമത്തിലേക്ക് മടങ്ങുകയും ദാദാജിയുടെ ചെറിയ വീട്ടിൽ താമസിക്കുകയും ചെയ്തു. നവംബറിൽ അഞ്ചാം സെമസ്റ്റർ പരീക്ഷ ഉണ്ടായിരുന്ന ജ്യോതി വിവേകിനൊപ്പം മുംബൈയിലേക്ക് മടങ്ങി. വീണ്ടും പച്ചക്കറി വിൽപന ആരംഭിച്ച അദ്ദേഹം പ്രതിദിനം 200-300 രൂപ ഉണ്ടാക്കി. അതേസമയത്ത് കല്യാണിലെ ഒരു പൊതു ആശുപത്രിയിൽ ജ്യോതി ഒരു താൽക്കാലിക ജോലി കണ്ടെത്തി. വീടുവീടാന്തരം കയറിയിറങ്ങി കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുകയും കോവിഡ് -19 ഉണ്ടോയെന്നറിയാൻ ഊഷ്മാവും ഓക്സിജന്‍റെ അളവും പരിശോധിക്കുകയുമായിരുന്നു അവളുടെ ജോലി. മൂന്ന് മാസത്തോളം ഈ ജോലി ചെയ്ത അവൾക്ക് മൊത്തത്തിൽ 2,500 രൂപയാണ് പ്രതിഫലമായി ലഭിച്ചത്.
2021 ജനുവരിയിൽ ഗോപാലും കുടുംബത്തിലെ ബാക്കിയംഗങ്ങളും മുംബൈയിലേക്ക് മടങ്ങി. ഗ്രാമത്തിൽ ജോലിയൊന്നുമില്ലാതെ കൈയിൽ ഉണ്ടായിരുന്ന സമ്പാദ്യം തീർന്നുകൊണ്ടിരുന്നു. കഴിഞ്ഞ വർഷം ഒരു എൻ.ജി.ഓയിൽ നിന്ന് കുടുംബത്തിന് റേഷൻ ലഭിച്ചിരുന്നു. പക്ഷെ വീട്ടുവാടകയായ 3,000 രൂപയും വൈദ്യുതിയുടെയും മറ്റുള്ളവയുടെയും ബില്ലുകളും അപ്പോഴും അവശേഷിച്ചു. സമ്പാദ്യം അവർ ഇതിനുവേണ്ടിയും ഉപയോഗിച്ചു.
പിന്നീട് മാർച്ചിൽ 10 ദിവസം ഗോപാൽ സ്വകാര്യ ആശുപത്രിയിൽ ചിലവഴിച്ചതോടെ ബിൽ കുത്തനെ ഉയർന്നു. ആശുപത്രി ബിൽ അമ്പരപ്പിക്കുന്ന തരത്തിൽ 221,850 രൂപയും കൂടാതെ മരുന്നുകൾക്ക് ഏകദേശം 158,000 രൂപയും (ഈ റിപ്പോർട്ടർ എല്ലാ ബില്ലുകളും കണ്ടതാണ്) ആയി. കൂടാതെ സി.റ്റി. സ്കാൻ, പ്ലാസ്മ ഇൻഫ്യൂഷൻ, ലാബ് പരിശോധനകൾ, ആംബുലൻസ് ചിലവ് എല്ലാം ചേർത്ത് ഏകദേശം 90,000 രൂപ വേറെ.
ഈ പച്ചക്കറിക്കച്ചവടക്കാരന്‍റെ കുടുംബം (കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ മൂലം നേരത്തെ തന്നെ കഷ്ടത്തിലായിരുന്നു അവർ) ഗോപാലിന്‍റെ ചികിത്സയ്ക്കായി അവസാനം ഏകദേശം 5 ലക്ഷം രൂപ ചെലവഴിച്ചു.
മഹാത്മാ ജ്യോതിറാവു ഫുലെ ജൻ ആരോഗ്യ യോജനയുടെ (എം.ജെ.പി.-ജെ.എ.വൈ.) കീഴിൽ മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി രാജേഷ് ടോപെ സംസ്ഥാനത്തെ മുഴുവൻ കോവിഡ് -19 രോഗികൾക്കും 2020 മെയ് മാസത്തിൽ സൗജന്യ ചികിത്സ പ്രഖ്യാപിച്ചതിനെക്കുറിച്ച് അവർക്കറിയില്ലായിരുന്നു. കല്യാണിന്‍റെ അധികാരപരിധിയിൽ ഈ പദ്ധതിപ്രകാരം ചികിത്സ നൽകുന്ന നാല് സ്വകാര്യ ആശുപത്രികൾ (കൂടാതെ, ഒരു സർക്കാർ ആശുപത്രിയും) ഉണ്ട്. “ഇത് അറിഞ്ഞിരുന്നെങ്കിൽ എന്തിനു ഞങ്ങൾ മറ്റേതെങ്കിലും ആശുപത്രിയിൽ പോകണമായിരുന്നു?” ജ്യോതി ചോദിച്ചു. “ഞങ്ങൾക്കാർക്കും ഇതേക്കുറിച്ച് അറിയില്ലായിരുന്നു.”
എല്ലാ സ്വകാര്യ ആശുപത്രികളിലെയും കോവിഡ്-19 ചികിത്സ ചിലവിന് മഹാരാഷ്ട്ര സർക്കാർ 2020 മെയ് മാസത്തിൽ പരിധി നിശ്ചയിച്ചിരുന്നു. അതിൻപ്രകാരം ഐ.സി.യു. കിടക്കയ്ക്ക് പ്രതിദിനം 7,500 രൂപയും വെന്‍റിലേറ്ററോടു കൂടിയതിന് 9,000 രൂപയും ആയിരുന്നു.
കല്യാൺ-ഡോംബിവലി മുനിസിപ്പൽ കോർപ്പറേഷന്‍റെ കമ്മീഷണറായ വിജയ് സൂര്യവംശി എം.ജെ.പി.-ജെ.എ.വൈ. പദ്ധതിയെക്കുറിച്ചും സബ്‌സിഡി നിരക്കുകളെക്കുറിച്ചും സംസാരിച്ചുകൊണ്ട് എന്നോട് ഇങ്ങനെ പറഞ്ഞു: “പദ്ധതിയിൻ കീഴിൽ രജിസ്റ്റർ ചെയ്യുന്നതിന് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഞങ്ങൾ എല്ലാ സ്വകാര്യ ആശുപത്രികളോടും [കെ.ഡി.എം.സിയുടെ അധികാരപരിധിയിലുള്ളവ] രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു. പക്ഷെ അവയിൽ ചിലത് ഈ പദ്ധതിയിൻകീഴിൽ വരുന്നതിനുവേണ്ട നിബന്ധനകൾ പാലിച്ചിട്ടുണ്ടാകില്ല. കൂടാതെ, [സ്വകാര്യ ആശുപത്രികൾക്കുള്ള] സബ്‌സിഡി നിരക്ക് ഇപ്പോഴും താഴ്ന്ന വരുമാനക്കാരെ കാര്യമായി സഹായിക്കുന്നില്ല.”
2019-2020 ലെ ഇന്ത്യ എക്‌സ്‌ക്ലൂഷൻ റിപ്പോർട്ട് അത്തരം പദ്ധതികളെക്കുറിച്ച് പറയുമ്പോൾ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു: “പി.എം.-ജെ.എ.വൈ. [പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന] പോലുള്ള പദ്ധതികൾ ഉണ്ടെങ്കിലും, ദരിദ്രരുടെ ആരോഗ്യ പരിരക്ഷാചിലവിൽ പ്രകടമായ കുറവില്ല.” ന്യൂഡൽഹിയിലെ സെന്‍റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്‍റെ റിപ്പോർട്ടും ഇങ്ങനെ പ്രസ്താവിക്കുന്നു: “പൊതുജനാരോഗ്യ സംരക്ഷണം നൽകുന്ന കേന്ദ്രങ്ങളുടെ ഒരു വലിയ ശൃംഖലയുടെ അഭാവവും ചിലവേറിയ സ്വകാര്യ ആശുപത്രികളുടെ സാന്നിദ്ധ്യവും... ദരിദ്രർക്ക് മറ്റ് മാർഗങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുന്നു.”
പൊതുജനാരോഗ്യ പരിരക്ഷയ്ക്കുള്ള സൗകര്യങ്ങൾ കെ.ഡി.എം.സി. വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ വർഷം രണ്ട് പൊതു ആശുപത്രികൾ ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ നിന്നും ഇപ്പോൾ ആറ് കേന്ദ്രങ്ങളായി ഉയർന്നിട്ടുണ്ടെന്നും സൂര്യവംശി കൂട്ടിച്ചേർത്തു. “കൂടുതൽ ഐ.സി.യു. കിടക്കകൾ, വെന്‍റിലേറ്ററുകൾ, ഓ2 കിടക്കകൾ എന്നിവയും ഞങ്ങൾക്ക് ലഭിക്കുന്നു”, അദ്ദേഹം പറഞ്ഞു.
കെ.ഡി.എം.സിയുടെ അധികാരപരിധിയിലുള്ള ആശുപത്രികൾ അമിതനിരക്ക് ഈടാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഓഡിറ്റർമാരുടെ ഒരു സംഘം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ, “അപ്പോഴും കുറച്ച് സ്വകാര്യ ആശുപത്രികൾ വ്യാപകമായി ഒരു പഴുത് ഉപയോഗിക്കുന്നു. എല്ലാ പരിശോധനകളും മരുന്നുകളും [അല്ലെങ്കിൽ സി.റ്റി. സ്കാനുകൾ പോലുള്ളവ] സർക്കാർ നിരക്കുകളിൽ ഉൾപ്പെടുന്നില്ല. ചില ആശുപത്രികൾ ഈ ബില്ലുകൾ വർദ്ധിപ്പിച്ചു. സ്വകാര്യ ആശുപത്രികളിൽ പോയി വളരെ ഉയർന്ന ബില്ലുകൾ ഉള്ള കേസുകൾ പരിശോധിക്കാനും, കൂടാതെ, നിർദ്ദേശിച്ചിട്ടുള്ള ഇനങ്ങൾ ആവശ്യമായിരുന്നോ അല്ലയോ എന്ന് അറിയുന്നതിനും ഞങ്ങൾ ഒരു കർമ്മസേനയെ നിയോഗിച്ചിട്ടുണ്ട്. ഇത് വ്യക്തതയില്ലാത്ത ഒരു മേഖലയാണ്, അതിനാൽ ചോദ്യം ചെയ്യാൻ ബുദ്ധിമുട്ടുമാണ്. പക്ഷെ, കുറഞ്ഞത് ഞങ്ങൾക്ക് പരിശോധിക്കാനെങ്കിലും പറ്റും”, അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം സന്ദർഭങ്ങളിൽ കുടുംബത്തിന് പണം തിരികെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോപാലിന്‍റെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുമ്പോൾ ശശികല തന്‍റെ സ്വർണ്ണ സമ്പാദ്യത്തിലെ രണ്ട് ജോഡി മാർച്ചിൽ കല്യാണിലെ ഒരു കടയിൽ 9,000 രൂപയ്ക്ക് വിൽക്കുക പോലും ചെയ്തു. അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരിൽ നിന്നൊക്കെ കുടുംബം തങ്ങൾക്കു സാധിക്കുന്ന തരത്തിൽ വായ്പ വാങ്ങി. “എല്ലാ ദിവസവും ഞങ്ങൾ ആ ബില്ലിനും ഈ ബില്ലിനുമൊക്കെ പണം നൽകി. 100-200 രൂപയുടെ സഹായം പോലും ആവശ്യപ്പെട്ട് ഞങ്ങൾ പരിചയമുള്ള ഓരോരുത്തരെയും സമീപിച്ചു”, ശശികല കരഞ്ഞുകൊണ്ട് ഫോണിലൂടെ പറഞ്ഞു. “എത്രയുംവേഗം അദ്ദേഹം [ഗോപാൽ] ഞങ്ങളുടെ കൂടെ ഉണ്ടാകാൻ വേണ്ടി മാത്രമായിരുന്നു ഇത്. എല്ലാ സമയത്തും ഞാൻ ഭയപ്പെട്ടു. വിവേക് അപ്പോഴും [ക്വാറന്‍റൈൻ] കേന്ദ്രത്തിലായിരുന്നു. അദ്ദേഹവും ഈയൊരു അവസ്ഥയിൽ എത്തരുതെന്ന് ഞാൻ ആഗ്രഹിച്ചു. ബില്ലുകൾ ഞാൻ കാര്യമാക്കിയില്ല. എല്ലാവരുടെയും കാര്യങ്ങൾ മെച്ചപ്പെട്ടുകഴിഞ്ഞാൽ എല്ലാം വീണ്ടും ശരിയാക്കാൻ ഞങ്ങൾക്ക് കഠിനാദ്ധ്വാനം ചെയ്യാൻ പറ്റുമായിരുന്നു. പക്ഷെ പതിയെ എല്ലാം തകരുകയായിരുന്നു.”
കല്യാണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് എട്ട് ദിവസങ്ങൾക്കു ശേഷം ഗോപാലിന് കടുത്ത വേദനയുണ്ടെന്നറിയിച്ചുകൊണ്ട് മാർച്ച് 18 ന് രാത്രിയിൽ വീട്ടുകാർക്ക് ഫോൺ വന്നു. പരിശോധനകളിലൂടെ അണുബാധ കണ്ടെത്തി. “ഇതിനുള്ള കാരണം എന്താണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. അടിയന്തിരമായ ചികിത്സ വേണമെന്നും അതിന് രണ്ട് ലക്ഷം രൂപ ആകുമെന്നും അവർ പറഞ്ഞു”, ജ്യോതി പറഞ്ഞു. “അപ്പോൾ അത് താങ്ങാൻ കഴിയില്ലെന്ന് ഞങ്ങൾ പറയുകയും അങ്ങനെ ഒരു പൊതു ആശുപത്രിയിലേക്ക് പോകാൻ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ അതിനുമുമ്പ് എല്ലാ ബില്ലുകളും ഞങ്ങൾക്ക് അടയ്ക്കണമായിരുന്നു.”
(ആശുപത്രി പ്രതിനിധികളുമായി ഞാൻ ബന്ധപ്പെട്ടപ്പോൾ കേസിനെക്കുറിച്ച് എന്നോട് നേരിട്ട് ഒരു കുടുംബാംഗത്തിന്‍റെ സാന്നിദ്ധ്യത്തിൽ മാത്രം അഭിപ്രായം പറയാൻ അവർ സമ്മതിച്ചു. പക്ഷേ ഗുപ്ത കുടുംബം ഇപ്പോഴും യു.പിയിലാണ്).
അന്തിമ ബില്ലിൽ ആശുപത്രി ഒരു ചെറിയ കിഴിവ് നൽകി. പണം സംഘടിപ്പിക്കാനായി മെയ് 19-ന് മുഴുവൻ സമയവും കുടുംബത്തിന് ചിലവഴിക്കേണ്ടി വന്നു. കാര്യമായി അറിയാത്ത ആളുകളോടുപോലും അവർ പണം ചോദിച്ചു. ജ്യോതിയും അമ്മയും പ്രാദേശിക നഗര ഭരണകൂടത്തോടും സഹായാഭ്യർത്ഥന നടത്തി. പക്ഷെ, അവിടെനിന്നും ഒരു സഹായവും ലഭിച്ചില്ല. അപ്പോഴേക്കും വീട്ടുകാർ എങ്ങനെയൊക്കെയോ പണമടച്ചു. “ഞങ്ങൾ എന്തിലൂടെയൊക്കെ കടന്നുപോയെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ. അച്ഛനെ രക്ഷിക്കാനായി ഞങ്ങൾ ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ല”, ജ്യോതി പറഞ്ഞു.
മാർച്ച് 20-ന് മുഴുവൻ ബില്ലുകളും തീർത്തശേഷം, ഓക്സിജൻ സൗകര്യമുള്ള ഒരു സ്വകാര്യ ആംബുലൻസ് ഗോപാലിനെ സെൻട്രൽ മുംബൈയിലെ സർക്കാർവക കെ.ഇ.എം. ആശുപത്രിയിൽ എത്തിക്കുകയും 9,000 രൂപ ആ വകയിൽ ഈടാക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയിൽ ഗോപാൽ അപ്പോഴും കോവിഡ് പോസിറ്റീവായിരുന്നു. അങ്ങനെ അദ്ദേഹത്തെ ഐ.സി.യുവിലേക്ക് അയച്ചു. കെ.ഇ.എമ്മിലെ ഒരു ഡോക്ടർ (പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത) എന്നോട് ഇങ്ങനെ പറഞ്ഞു: “രോഗി എത്തിയപ്പോൾ അദ്ദേഹത്തിന് ത്രോംബോസിസ് [നാല് വ്യത്യസ്ത സ്ഥലങ്ങളിലെ ധമനികളിൽ തടസ്സം] ഉണ്ടായിരുന്നു. ഇത് രക്തവിതരണം തടസ്സപ്പെടുന്നതിന് കാരണമായി. ഇത് ഒരുഭാഗം നിർജ്ജീവമാകുന്നതിലേക്കും (gangrene) നയിച്ചു [ശരീര കോശങ്ങളുടെ ഗണ്യമായ ഒരുഭാഗം ഇവിടെ നശിക്കുന്നു]. അണുബാധ പടർന്നതിനെത്തുടർന്ന് അദ്ദേഹത്തിന്‍റെ ഇടതു കാൽ മുറിച്ചു മാറ്റണമായിരുന്നു.”
“അച്ഛന് ശരീരം ചീയുന്നതുപോലൊരു രോഗം (gangrene) ഉണ്ടെന്ന് ആദ്യമായാണ് ഞാൻ അറിയുന്നത്”, ജ്യോതി പറഞ്ഞു. “ഗുരുതരമായ ഒരു ആരോഗ്യപ്രശ്നവും അദ്ദേഹത്തിനൊരിക്കലും ഉണ്ടായിരുന്നില്ല. മാർച്ച് 10-ന് അദ്ദേഹം പ്രാദേശിക ക്ലിനിക്കിലേക്ക് നടന്നതാണ്. പക്ഷെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്‍റെ കാൽ നഷ്ടപ്പെടാൻ പോവുകയായിരുന്നോ? ഇത് കേൾക്കുന്നത് ശരിക്കും ഞങ്ങളെയെല്ലാം ഞെട്ടിക്കുന്നു.”
ഈ സമയത്ത് ശശികലയ്ക്ക് പതിവായി ബോധക്ഷയവും പരിഭ്രാന്തിയും ഉണ്ടാകുമായിരുന്നു. കെ.ഇ.എം. ആശുപത്രി ഒരു കുടുംബാംഗത്തെ മാത്രമെ അവിടെ തങ്ങാൻ അനുവദിച്ചുള്ളൂ. വിവേക് ഇപ്പോഴും ക്വാറന്‍റൈൻ കേന്ദ്രത്തിൽ തന്നെയാണ്. അങ്ങനെ അടുത്ത ആഴ്‌ച ജ്യോതി ആശുപത്രിയിൽ തങ്ങി. അപ്പോൾ അവളുടെ മറ്റ് രണ്ട് സഹോദരങ്ങൾ കല്യാണിൽ അമ്മയെ നോക്കുകയായിരുന്നു.
അവസാന പരീക്ഷകൾ അടുക്കുകയായിരുന്നതിനാൽ പകൽ ഓൺലൈൻ ക്ലാസ്സുകൾ ‘ശ്രദ്ധിച്ചും’ ഡോക്ടർമാർ മരുന്നുകൾ നിർദ്ദേശിക്കുമ്പോഴൊക്കെ പുറത്തേക്ക് പോയും വന്നും ഐ.സി.യു. യൂണിറ്റിന് സമീപമുള്ള ആശുപത്രി ഗോവണിപ്പടിയിൽ അവൾ സമയം ചിലവഴിച്ചു. “ഇവിടെ അവർ ഞങ്ങളിൽനിന്നും ഒന്നും ഈടാക്കിയിട്ടില്ല. എനിക്ക് ചിലപ്പോൾ മരുന്നുകൾ മാത്രം വാങ്ങേണ്ടിവന്നിട്ടുണ്ട്”, ജ്യോതി പറഞ്ഞു - കുറച്ച് ദിവസങ്ങൾ കൂടുമ്പോൾ 800-1,000 രൂപയ്ക്കുള്ള മരുന്ന്. രാത്രി അവൾ ആശുപത്രിക്ക് പുറത്തെ നടപ്പാതയിൽ കിടന്നുറങ്ങി. കൂടാതെ, സബ്‌സിഡി നിരക്കിൽ ഭക്ഷണം നൽകുന്ന കെ.ഇ.എം. കാന്‍റീനിൽ നിന്ന് ഭക്ഷണം കഴിക്കുകയും ആശുപത്രിയിലെ ശൗചാലയം ഉപയോഗിക്കുകയും ചെയ്തു.
“പേടി കാരണം ഞാൻ വീട്ടിൽ പോയില്ല. അദ്ദേഹത്തിന് ഞാനിവിടെ വേണമെന്നുണ്ടെങ്കിൽ ഞാനില്ലാതെ എന്തു ചെയ്യും? വീട്ടിൽ നിന്ന് കെ.ഇ.എമ്മിൽ എത്താൻ ഒന്നര മണിക്കൂർ എടുക്കും. ഒരു മിനിറ്റ് പോലും പാഴാക്കണമെന്നെനിക്കില്ലായിരുന്നു”, അവൾ പറഞ്ഞു.
“എനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല. ഫോണിലൂടെയാണ് അദ്ദേഹം എന്നോടും കുടുംബത്തോടും ആശയവിനിമയം നടത്തിയത്. ഞങ്ങളുടെ അവസാന സംഭാഷണത്തിന്‍റെ റെക്കോർഡിംഗ് എന്‍റെ പക്കലുണ്ട്. ദാഹിച്ച അദ്ദേഹം വെള്ളത്തിനായി രാവിലെ എന്നെ വിളിച്ചു. ഞാൻ പെട്ടെന്നോടി കടയിൽ നിന്ന് ഒരുകുപ്പി വെള്ളം വാങ്ങി. പക്ഷെ അകത്ത് [വാർഡിന്‍റെ] അദ്ദേഹത്തിന് വെള്ളം നൽകുമെന്നാണ് ജീവനക്കാർ പറഞ്ഞു.”
അച്ഛനും മകളും തമ്മിലുള്ള ഈ അവസാന സംഭാഷണം നടന്നത് മാർച്ച് 28-ന് രാവിലെ 7 മണിക്കാണ്. ഗോപാൽ രക്ഷപെടാനുള്ള സാദ്ധ്യതകൾ കുറവാണെന്നും അദ്ദേഹത്തെ ഒരു വെന്‍റിലേറ്ററിൽ കിടത്തിയിട്ടുണ്ടെന്നും ഒരു ഡോക്ടർ ഉച്ചയോടെ പുറത്തിറങ്ങി ജ്യോതിയോട് പറഞ്ഞു. “രണ്ട് മണിക്കൂറിന് ശേഷം അവർ എന്നോട് അതെക്കുറിച്ച് [ഗോപാലിന്‍റെ മരണത്തെക്കുറിച്ച്] പറഞ്ഞു...” അവൾ പറഞ്ഞു. “അത് കേൾക്കണമെന്നില്ലായിരുന്ന എനിക്ക് ചെവി പൂട്ടാനോ ഓടിപ്പോകാനോ തോന്നി. കാര്യം പറയാനായി ഞാൻ വീട്ടുകാരെ വിളിച്ചു.”
ഗോപാലിനെ ദാദർ ശ്മശാനത്തിൽ സംസ്കരിച്ചു. അവസാന ചടങ്ങുകൾക്കായി യു.പിയിലേക്ക് പോകാൻ കുടുംബത്തിനുവേണ്ട ട്രെയിൻ ടിക്കറ്റുകൾക്കുള്ള പണം ജ്യോതിയുടെ ബന്ധുക്കൾ നൽകി. അവർ മാർച്ച് 30-ന് പുറപ്പെട്ട് ഏപ്രിൽ 1-ന് ചിതാഭസ്മവുമായി ഗ്രാമത്തിലെത്തി. ഇനിയും അവർ മുംബൈയിൽ തിരിച്ചെത്തിയിട്ടില്ല.
ജ്യോതി ഇപ്പോഴും പരീക്ഷകൾക്ക് തയ്യാറെടുക്കുന്നു. “ഞാൻ പഠനത്തിന്‍റെ തിരക്കിലാണ്”, അവൾ പറഞ്ഞു. “എന്‍റെ അച്ഛന് അദ്ദേഹത്തിന്‍റെ അച്ഛന്‍റെ മരണശേഷം പഠിക്കാൻ കഴിഞ്ഞില്ല. ഒമ്പതോ പത്തോ വയസ്സുള്ളപ്പോൾ അദ്ദേഹം ജോലി ചെയ്യാൻ തുടങ്ങിയതാണ്. അദ്ദേഹത്തിന് ഞങ്ങൾ പഠിക്കണമെന്നുണ്ടായിരുന്നു. എല്ലാ കുട്ടികളെയും പഠിപ്പിക്കാൻ കഴിയാത്തതിൽ അദ്ദേഹം ദുഃഖിതനായിരുന്നു”, അവൾ പറഞ്ഞു. “എന്‍റെ നേട്ടങ്ങളിൽ അദ്ദേഹം എപ്പോഴും അഭിമാനിച്ചിരുന്നു, ഏറ്റവും ചെറിയ നേട്ടങ്ങളിൽ പോലും. എനിക്ക് സ്‌പോർട്‌സിൽ മെഡലുകളോ 12-ാം ക്ലാസ്സിൽ 85 ശതമാമാനം മാർക്കോ കിട്ടിയാൽ അദ്ദേഹം പോയി അവയെല്ലാം ഗ്രാമത്തിലെ എല്ലാവരെയും കാണിക്കുമായിരുന്നു. ആരുടെയും മുന്നിൽ തലകുനിക്കേണ്ട ആവശ്യമില്ലാത്തത്രയും പഠിക്കുക എന്ന് അദ്ദേഹം പറഞ്ഞിരുന്നു.”
ജ്യോതിയ്ക്ക് ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റ് ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷെ പരിശീലന ക്ലാസ്സുകൾക്കുള്ള ചിലവ് അറിയാമായിരുന്നതിനാൽ അതിനു ശ്രമിച്ചില്ല. “പറ്റുന്ന ഏത് ജോലിയും കണ്ടെത്തി ഇപ്പോഴെനിക്ക് പണമുണ്ടാക്കണം”, അവൾ പറഞ്ഞു. എല്ലാ വായ്പകളും ഞങ്ങൾ തിരിച്ചടയ്ക്കണം. സഹോദരന് [വിവേകിന്] മുംബൈയിൽ തിരിച്ചെത്തി ജോലി ആരംഭിക്കണം. ഇവിടെ [ഗ്രാമത്തിൽ] ജോലി കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഒന്നിരുന്നിട്ട് വേണം പണം തിരികെ നൽകേണ്ട ഓരോ വ്യക്തിയെയും ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കാൻ. പട്ടിക നീണ്ടതാണ്. “
ജ്യോതിയുടെ മൂത്ത സഹോദരിയുടെ ഭർത്താവാണ് നിലവിൽ കുടുംബത്തെ സഹായിക്കുന്നത്. മുംബൈയിലെ ഇവരുടെ വീടിന്‍റെ വാടക മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്.
അവളുടെ അമ്മ ശശികലയുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. “എല്ലാം ഞങ്ങളിൽ നിന്ന് എടുക്കപ്പെട്ടു, ഞങ്ങളുണ്ടാക്കിയ ചെറിയവ പോലും”, അവൾ പറഞ്ഞു. “ഇന്ന് അദ്ദേഹം ഒപ്പമുണ്ടാവണമായിരുന്നെങ്കിൽ ഞങ്ങൾക്ക് എന്തുചെയ്യാൻ പറ്റുമായിരുന്നുവെന്നാണ് ഞാൻ ചിന്തിക്കുന്നത്. ഞങ്ങൾ ലളിതജീവിതം നയിക്കുന്നു, ഞങ്ങളുടെ സ്വപ്നങ്ങൾ ചെറുതായിരുന്നു. പക്ഷെ ഞങ്ങൾ അതിനുപോലും അർഹരാണോ?”
റിപ്പോർട്ടറുടെ കുറിപ്പ്: ഒരു ശിൽപശാലയിൽ ഞങ്ങൾ പങ്കെടുത്തതിനു ശേഷം 2020 -ന്‍റെ തുടക്കം മുതൽ എനിക്ക് ജ്യോതി ഗുപ്തയെ അറിയാം. ഈ ലേഖനത്തിനു വേണ്ടി ജ്യോതിയും അമ്മയുമായി സംഭാഷണം നടത്തിയത് ഫോണിലൂടെയാണ്. കെ.ഇ.എമ്മിലെ ഡോക്‌ടറുമായുള്ള സംഭാഷണം ആശുപത്രിയിൽ വച്ചാണ് നടത്തിയത്.
പരിഭാഷ: റെന്നിമോന്‍ കെ. സി.