അല്ല, ചിത്രമെഴുത്ത് വീടുകളെ മോടിപിടിപ്പിക്കാനുള്ളതല്ല. ശത്രുവിനെതിരെയുള്ള പോരാട്ടവും ചെറുത്തുനിൽ‌പ്പുമാണത്
- പാബ്ലോ പിക്കാസോ

മറാത്തിയിലൊരു ചൊല്ലുണ്ട്. ‘ഒരു ബ്രാഹ്മണന്റെ വീട്ടിൽ അക്ഷരമാലയും, കുൻബിയുടെ വീട്ടിൽ ധാന്യവും മംഗ്-മഹാറിന്റെ വീട്ടിൽ സംഗീതവുമുണ്ട്‘. പരമ്പരാഗതമായ ഗ്രാമസംവിധാനത്തിൽ, മാംഗ് സമുദായം ഹാൽഗിയും ഗോന്ധലി സംബാളവും ധാംഗറുകൾ ധോലും മഹാറുകൾ ഏക്താരിയും വായിച്ചിരുന്നു. ജ്ഞാനത്തിന്റേയും കൃഷിയുടേയും കലയുടേയും സംഗീതത്തിന്റേയും സംസ്കാരങ്ങൾ ജാതിയാൽ വിഭജിക്കപ്പെട്ടിരുന്നു മാത്രമല്ല, ‘തൊട്ടുകൂടാത്തവർ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പല ജാതികൾക്കും, പാട്ടും സംഗീതാവരണവും നിലനില്പിനുള്ള അനുപേക്ഷണീയമായ മാർഗ്ഗങ്ങളായിരുന്നു. നൂറ്റാണ്ടുകളായി അടിച്ചമർത്തലും വിവേചനവും നേരിട്ടിരുന്ന ദളിതുകൾ അവരുടെ ചരിത്രവും, ധീരതയും വേദനയും സന്തോഷവും തത്ത്വചിന്തയുമൊക്കെ ജാത്യാവർചി ഓവിയിലും (അഥവാ പാട്ടുകളിലും കവിതകളിലും), വാങ്മയങ്ങളിലും പാട്ടുകളിലും നാടൻപാട്ടുകളിലും സംരക്ഷിച്ചുവെച്ചിരുന്നു. ഡോ. അംബേദ്കർ ദേശീയരംഗത്തേക്ക് ഉയരുന്നതിനുമുമ്പ്, മഹറുകൾ കബീറിന്റെ ദോഹകൾക്ക് ഏക്താരി വായിക്കുകയും, വിത്തലിനുവേണ്ടി ഭക്തിഗാനങ്ങൾ ആലപിക്കുകയും ദൈവങ്ങൾക്കുവേണ്ടി ഭജനുകൾ ആലപിക്കുകയും ചെയ്തിരുന്നു.

1920-നുശേഷം, ദളിതരാഷ്ട്രീയത്തിന്റെ ചക്രവാളത്തിൽ ഡോ. അംബേദ്കർ പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം  സമാരംഭിച്ച ജ്ഞാനോദയ പ്രസ്ഥാനത്തെ പ്രചരിപ്പിക്കുന്നതിനും ആളുകളിലേക്കെത്തിക്കുന്നതിനും ഈ കലാരൂപങ്ങളും കലാകാരന്മാരും വലിയൊരു പങ്കാണ് വഹിച്ചത്. ഡോ. അംബേദ്കറിന്റെ പ്രസ്ഥാനം മുന്നോട്ടുവെച്ച സാമൂഹികമാറ്റങ്ങൾ, രാജ്യത്ത് നടക്കുന്ന ദൈനംദിന സംഭവങ്ങൾ, ഡോ. അംബേദ്കറിന്റെ പങ്ക്, അദ്ദേഹത്തിന്റെ സന്ദേശം, ജീവിതം, പോരാട്ടങ്ങൾ എന്നിവയെയെല്ലാം നിരക്ഷരരും അജ്ഞരുമായ ജനങ്ങൾക്കുപോലും എളുപ്പത്തിൽ മനസ്സിലാവുന്ന ഭാഷയിൽ അവർ വിശദീകരിച്ചുകൊടുക്കുകയുണ്ടായി. ഒരിക്കൽ മുംബൈയിലെ നയ്‌ഗാംവ് മേഖലയിലെ വെൽ‌ഫയർ മൈതാനത്ത് ഭീമറാവ് കർഡക്കും അദ്ദേഹത്തിന്റെ സംഘവും അവതരിപ്പിച്ചുകൊണ്ടിരുന്ന ജൽ‌സയെ (പാട്ടിലൂടെയുള്ള സാംസ്കാരികപ്രതിഷേധരൂപം) നിരീക്ഷിച്ചുകൊണ്ടിരുന്ന ഡോ. അംബേദ്കർ പറഞ്ഞത്, “എന്റെ പത്ത് സമ്മേളനങ്ങൾക്കും കൂട്ടായ്മയ്ക്കും പകരം, കർദാക്കും സംഘവും അവതരിപ്പിക്കുന്ന ഈയൊരൊറ്റ ജൽ‌സ മതിയാകും” എന്നായിരുന്നു.

ഡോ. അംബേദ്കറിന്റെ സാന്നിധ്യത്തിൽ ഒരിക്കൽ ഷഹീർ ഭേഗ്‌ഡെ പറയുകയുണ്ടായി:

ഈ ഇളമുറക്കാരനായ മഹർ ചെക്കൻ വളരെ സമർത്ഥനാണ്
ശരിക്കും സമർത്ഥൻ
ലോകത്ത് ഇങ്ങനെയൊന്ന് ഒരിക്കലും സംഭവിക്കില്ല
അയാൾ നമുക്ക് ഇരുട്ടിൽനിന്നുള്ള വഴി കാണിച്ചുതന്നു
നിഷ്കളങ്കരായ ജനതയെ ഉണർത്തി അയാൾ

PHOTO • Keshav Waghmare
PHOTO • Keshav Waghmare

ഇടത്ത്: ബീഡിലെ ഒരു വീട്ടിൽ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ബാബാസാഹേബിന്റെ ചിത്രം. അംബേദ്കറിന്റെ കാലശേഷം വന്ന ആത്മാറാം സാൽ‌വയെപ്പോലെയുള്ള ഷഹീറുകൾ അംബേദ്കർ പ്രസ്ഥാനത്തെക്കുറിച്ച് അറിയാൻ തുടങ്ങിയത് അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽനിന്നായിരുന്നു. വലത്ത്: ആത്മാറാം സാൽ‌വേയുടെ ഒരു അപൂർവ്വചിത്രം

ഡോ. അംബേദ്കറിന്റെ പ്രസ്ഥാനം ദളിതരുടെയിടയിൽ ഒരു ഉണർവ്വിന്റെ തരംഗമുണ്ടാക്കി. ജൽ‌സയായിരുന്നു അതിനുള്ള ഉപകരണം, ഷഹീരി അതിന്റെ മാധ്യമവും – കൂടെ, അറിയപ്പെടുന്നവരും അല്ലാത്തവരുമായ ആയിരക്കണക്കിന് കലാകാരന്മാരും.

അംബേദ്കർ പ്രസ്ഥാനം ഗ്രാമങ്ങളിലേക്കെത്തിയതോടെ, ദളിതരുടെ ബസ്തികളിൽ (താമസകേന്ദ്രങ്ങളിൽ) പൊതുവായ ഒരു കാഴ്ചയാണ് കാണപ്പെട്ടിരുന്നത്. പകുതിയോളം വീടുകൾ തകരംകൊണ്ട് മേഞ്ഞതും ബാക്കിയുള്ളവർ ഓലകൊണ്ട് മേഞ്ഞതുമായിരുന്നു ബസ്തിയുടെ നടുക്ക്, ഒരു തറയിൽ നീലനിറത്തിലുള്ള കൊടി ഉയർത്തിയിട്ടുണ്ടായിരിക്കും. അതിന്റെ ചുവട്ടിൽ, കുട്ടികളും സ്ത്രീകളും പുരുഷന്മാരും പ്രായമായവരും ഒത്തുചേർന്നു. അവിടെ യോഗങ്ങൾ നടക്കുകയും ആ യോഗങ്ങളിൽ ബുദ്ധ-ഭീം ഗീതങ്ങൾ ആലപിക്കപ്പെടുകയും ചെയ്തിരുന്നു. മുംബൈയിലെ ചൈത്യഭൂമിയിൽനിന്നും നാഗ്പുരിലെ ദീക്ഷഭൂമിയിൽനിന്നും ചെറുതും വലുതുമായ കവികളുടെ പാട്ടുപുസ്തകങ്ങൾ കൊണ്ടുവരും. ദളിത് വസ്തിയിലെ സ്ത്രീപുരുഷന്മാർ നിരക്ഷരരായിരുന്നുവെങ്കിലും സ്കൂളിൽ പോകുന്ന കുട്ടികളോട് അവർ ആ പുസ്തകങ്ങളിലെ പാട്ടുകൾ പാടാൻ ആവശ്യപ്പെടുകയും പിന്നീട് പാടാനായി അവയെല്ലാം ഹൃദിസ്ഥമാക്കുകയും ചെയ്യും. അതല്ലെങ്കിൽ ഏതെങ്കിലും ഷഹീറുമാർ അവതരിപ്പിച്ച ഒരു പാട്ട് അവർ ഓർത്തെടുത്ത് അവതരിപ്പിക്കും. ചില കർഷകസ്ത്രീത്തൊഴിലാളികൾ ദിവസത്തിലെ അത്യദ്ധ്വാനം കഴിഞ്ഞുവന്ന് “ഭീം രാജാ കീ ജയ്, ബുദ്ധ ഭഗവാൻ കീ ജയ്’ എന്ന് ചൊല്ലി അവരുടെ ചേരിയിലെ അന്തരീക്ഷത്തെ പ്രസന്നവും പ്രതീക്ഷാനിർഭരവുമാക്കും. ഗ്രാ‍മത്തിലെ ദളിതരുടെ ഒരേയൊരു സർവ്വകലാശാലയായിരുന്നു ഇത്. ഇതിലൂടെയാണ് അടുത്ത തലമുറ ബുദ്ധനേയും അംബേദ്കറേയും പരിചയപ്പെടുന്നത്. ഈ ഗായകരുടേയും ഷഹീറുകളുടേയും പരുക്കനും ചടുലവുമായ ഭാഷയിലൂടെയാണ് ഇളം തലമുറയുടെ മനസ്സിൽ ബുദ്ധനേയും ഫൂലെയേയും അംബേദ്കറിനേയും പറ്റിയുള്ള പാട്ടുകൾ വിത്തുവിതയ്ക്കുന്നത്. അതൊരിക്കലും അവർ മറക്കാൻ സാധിക്കുകയുമില്ല. ഒരു തലമുറയുടെ മുഴുവൻ സാമൂഹികവും സാംസ്കാരികവുമായ ബോധത്തെ ഈ ഷഹീറുകൾ രൂപപ്പെടുത്തി. മറാത്ത്‌വാഡയുടെ സാമൂഹിക=സാംസ്കാരിക അവബോധത്തെ രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച ആത്മാറാം അത്തരമൊരു ഷഹീറായിരുന്നു.

1953 ജൂൺ 9-ന് ബീഡ് ജില്ലയിലെ മജാൽഗാംവ് ബ്ലോക്കിലെ ഭാട്ടവഡ്‌ഗാവ് ഗ്രാമത്തിൽ ജനിച്ച ഷഹീർ സാൽ‌വെ 1970-ൽ ഔറംഗബാദിൽ വിദ്യാർത്ഥിയായി എത്തി.

1948-ന് മുൻപ് നൈസാമുകളുടെ കീഴിലായിരുന്ന മറാത്ത്‌വാഡ വിദ്യാഭ്യാസമടക്കമുള്ള പല മേഖലകളിലും പിന്നാക്കാവസ്ഥയിൽ‌പ്പെട്ട പ്രദേശമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് 1942-ൽ പീപ്പിൾസ് എജ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ഔറംഗബാദിലെ നാഗസെൻ‌വൻ പ്രദേശത്ത് ഡോ. അംബേദ്കർ മിലിന്ദ് മഹാവിദ്യാലയ ആരംഭിച്ചത്. ദളിത് വിദ്യാർത്ഥിക്കൾക്കായുള്ള ഉപരിപഠനകേന്ദ്രമായി വികസിക്കുകയായിരുന്നു നാഗസെൻ‌വൻ ക്യാമ്പസ്. മിലിന്ദ് കൊളേജിനുമുൻപ്, മറാത്ത്‌വാഡയിൽ ഒരേയൊരു സർക്കാർ കൊളേജുമാത്രം ഉണ്ടായിരുന്നുള്ളു – ഔറംഗബാദിൽ - അതും, ഇന്റർ‌വരെ (ഇന്നത്തെ പ്ലസ് ടു) മാത്രം പഠനസൌകര്യമുള്ള ഒന്ന്. മറാത്ത്‌വാഡയിലെ ആദ്യത്തെ ബിരുദപൂർവ്വ കോളേജായിരുന്നു മിലിന്ദ്. ആ മേഖലയിലെ അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പുതിയ കോളേജ് പ്രേരകമായി. അതേസമയം, അത് രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഒരു മാറ്റവുമുണ്ടാക്കി. മരിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തിനും പ്രദേശത്തിനും അത് ജീവൻ നൽകുകയും അവരിൽ സ്വത്വബോധവും സ്വാഭിമാനവും വളർത്തുകയും ചെയ്തു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മാത്രമല്ല, കർണാടക, ആന്ധ്ര പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നും വിദ്യാർത്ഥികൾ മിലിന്ദിലേക്കെത്തി. ഇതേ സമയത്താണ് വിദ്യാർത്ഥിയായി ആത്മാറാം സാൽ‌വേയും മിലിന്ദിലെത്തിയത്. ഔറംഗബാദിലെ മറാത്ത്‌വാഡ സർവ്വകലാശാലയുടെ പേർ മാറ്റാനുള്ള പ്രക്ഷോഭം തുടങ്ങിയത് ഇവിടെനിന്നായിരുന്നു. ആത്മാറാമിന്റെ തിളക്കമാർന്ന കവിതകൾ രണ്ട് പതിറ്റാണ്ടോളം അതിനെ നയിക്കുകയും ചെയ്തു. ഒരുതരത്തിൽ പറഞ്ഞാൽ, ദളിത് പാന്തർ, നാമാന്തർ (പേരുമാറ്റൽ) പ്രസ്ഥാനങ്ങളുടെ സാംസ്കാരികപ്രവർത്തനങ്ങൾക്ക് ഉത്തരവാദി അദ്ദേഹമായിരുന്നു.

PHOTO • Labani Jangi

ദളിതുകളിൽ അടിച്ചേൽ‌പ്പിച്ചിരുന്ന ജാതിയുദ്ധത്തോട് പൊരുതാൻ ആത്മാറാം സാൽ‌വേ തന്റെ ഷാഹിരികളും ശബ്ദവും വാക്കുകളും ഉപയോഗിച്ചു

തിളച്ചുമറിഞ്ഞ ഒരു പതിറ്റാണ്ടായിരുന്നു 1970-കൾ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ തലമുറയിലെ സ്ത്രീപുരുഷന്മാരുടെ കാലമായിരുന്നു അത്. കൈയ്യിൽ ബിരുദവുമായി പുറത്തുവന്ന വലിയൊരു വിഭാഗം ചെറുപ്പക്കാരും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യനവസ്ഥയിൽ ഇച്ഛാഭംഗം വന്നവരായിരുന്നു. പല സംഭവങ്ങളും അവരെ ആഴത്തിൽ സ്വാധീനിച്ചു: അടിയന്തിരാവസ്ഥ, പശ്ചിമ ബംഗാളിലെ നക്സൽബാരി, തെലിങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം, ബിഹാറിലെ ജയപ്രകാശ് നാരായണിന്റെ നവനിർമ്മാൺ പ്രസ്ഥാനം, മറ്റ് പിന്നാക്കവിഭാഗങ്ങൾക്കായി ഗുജറാത്തിലും ബിഹാറിലും നടന്ന പ്രക്ഷോഭങ്ങൾ, ആയിടെയുണ്ടായ സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം, മുംബൈയിലെ മിൽത്തൊഴിലാളികളുടെ പ്രക്ഷോഭങ്ങൾ, ഷഹാദ പ്രസ്ഥാനം, ഹരിതവിപ്ലവം, മറാത്ത്‌വാഡ മുക്തി ആന്ദോളനം, മറാത്ത്‌വാഡയിലെ വരൾച്ച, അങ്ങിനെ പലതും. യുവതയും രാജ്യവും തിളച്ചുമറിയുകയായിരുന്നു. വികസനത്തിനും സ്വത്വത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ തീവ്രമാവുകയും ചെയ്തു.

നഗ്‌സെൻ‌വൻ ക്യാമ്പസ്സിലെത്തിയതിനുശേഷം പ്രബുദ്ധരായ കുട്ടികൾ, മറാത്ത്‌വാഡയിലെ രണ്ട് സർവ്വകലാശാലകളിൽ ഒന്നിന് ഡോ. അംബേദ്കറിന്റെ നാമധേയം നൽകണമെന്നാവശ്യപ്പെട്ട്, ഡോ. മച്ഛീന്ദ്ര മൊഹോലിന്റെ നേതൃത്വത്തിൽ, മറാത്ത്‌വാഡ റിപ്പബ്ലിക്കൻ സ്റ്റുഡന്റ് ഫെഡറേഷൻ എന്ന ബാനറിന്റെ കീഴിൽ, 1974 ജൂൺ 26-ന് മുഖ്യമന്ത്രിക്ക് കത്തെഴുതി. പക്ഷേ ഭാരതീയ ദളിത് പാന്തർ പ്രവേശിച്ചതോടെയാണ് പേര് മാറ്റണമെന്നുള്ള (നാമാന്തരം) ആവശ്യത്തിന് ഒരു സംഘടിത രൂപം കൈവന്നത്.  നാം‌‌ദേവ് ധാസലും രാജ ധാലെയുമായുള്ള സംഘർഷത്തിനുശേഷം, രാജാ ഠാലെ ദളിത് പാന്തറിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചിരുന്നു. പക്ഷേ മഹാരാഷ്ട്രയിലെ ദളിത് പാന്തറുകളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുന്നതിനായി, പ്രൊഫസർ അരുൺ കാംബ്ലെ, രാംദാസ് ആഠ്‌വലെ, ഗംഗാധർ ഗാഡെ, എസ്.എം. പ്രധാൻ എന്നിവരുടെ നേതൃത്വത്തിൽ ‘ഭാരതീയ ദളിത് പാന്തർ’ എന്നൊരു സംഘടന രൂപവത്കരിക്കപ്പെട്ടു.

പുതുതായി രൂപീകരിക്കപ്പെട്ട ഭാരതീയ ദളിത് പാന്തറിനെക്കുറിച്ച് ആത്മാറാം എഴുതി:

ഞാനൊരു പാന്തർ പടയാളി
കാംബ്ലെ, അരുൺ സർദാർ
ഞങ്ങളെല്ലാം ജയ് ഭീംവാലെകൾ
അനീതിക്കെതിരേ പടപൊരുതാൻ
പട്ടാളക്കാർക്ക് ഭയമില്ല
ആരെയും ഞങ്ങൾക്ക് ഭയമില്ല
അനീതിയെ തകർത്ത് ഞങ്ങൾ
മുന്നേറും
ദളിതരേ, കർഷകരേ, തൊഴിലാളികളേ
ഉണരുണരൂ,
ഉയർത്തിയ മുഷ്ടികളുമായി
നമുക്ക് മുന്നേറാം

ഈ ഗാനത്തോടെയാണ് സാൽ‌വേ പുതിയ പാന്തറിനെ വരവേൽക്കുകയും ‘മറാത്ത്‌വാഡ വൈസ് പ്രസിഡന്റ്’ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. പുതുതായി രൂപവത്കരിച്ച ഭാരതീയ ദളിത് പാന്തറിന്റെ ജനറൽ സെക്രട്ടറിയായ ഗംഗാധർ ഗാഡെയാണ് 1977 ജൂലായ് 7-ന് ആദ്യമായി, മറാത്ത്‌വാഡ സർവ്വകലാശാലയുടെ പേർ ഡോ. അംബേദ്കർ എന്നാക്കി മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്.

PHOTO • Keshav Waghmare
PHOTO • Keshav Waghmare

ഇടത്ത്: ഒരു പതിറ്റാണ്ടുകാലത്തിലേറെയായി, ആത്മാറാം സാൽ‌വേയുടെ സംഘത്തിൽ ഹാർമ്മോണിയവും ധോൽകിയും വായിച്ചിരുന്ന, മഹാരാഷ്ട്രയിലെ നന്ദേദ് ഇല്ലയിലെ മുഖഡിൽനിന്നുള്ള തേജാറാവു ഭാദ്രെ. വലത്ത്: അംബെദ്ക്കറൈറ്റ് പ്രസ്ഥാനത്തിന് ഭാദ്രെ നൽകിയ സാംസ്കാരിക സംഭാവനയ്ക്കുള്ള ആദരം

1977 ജൂലായ് 18ന് എല്ലാ കോളേജുകളും അടച്ചുപൂട്ടി, ഓൾ പാർട്ടി സ്റ്റുഡന്റ് ആക്ഷൻ കമ്മിറ്റി മറാത്ത്‌വാഡ സർവ്വകലാശാലയുടെ നാമാന്തരം ആവശ്യപ്പെട്ട് ഒരു വലിയ പ്രകടനം സംഘടിപ്പിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് ജൂലായ് 21-ന് ഔറംഗബാദ് ഗവ. എൻ‌ജിനീയറിംഗ് കോളേജ്, സരസ്വതി ഭുവൻ കോളേജ്, ദിയോഗിരി കോളേജ്, വിവേകാനന്ദ കോളേജ് എന്നിവിടങ്ങളിലെ സവർണ്ണസമുദായത്തിലെ കുട്ടികൾ പേര് മാറ്റുന്നതിനെതിരെയുള്ള ആദ്യത്തെ പ്രതിഷേധം നടത്തി. നാമാന്തറിന് അനുകൂലമായും പ്രതികൂലമായുള്ള പ്രതിഷേധങ്ങളും സമരങ്ങളും പ്രകടനങ്ങളും കൊടുമ്പിരികൊണ്ടു. അടുത്ത രണ്ട് പതിറ്റാണ്ടുകൾ മറാത്ത്‌വാഡ പ്രദേശം, ദളിതരും ഇതരസമുദായക്കാർരം തമ്മിലുള്ള അസ്വാരസ്യങ്ങളുടെ യുദ്ധഭൂമിയായി മാറി. ഈ യുദ്ധത്തിൽ, ദളിതരുടെ മേൽ അടിച്ചേൽ‌പ്പിക്കുന്ന ജാതിയുദ്ധത്തിനെതിരായി ആത്മാറാം സാൽ‌വേ തന്റെ ആയുധങ്ങളായ ഷാഹിരിയും ശബ്ദവും വാക്കുകളും ഉപയോഗിക്കാൻ തുടങ്ങി.

അംബേദ്കർ പ്രസ്ഥാനത്തിന് സാക്ഷ്യം വഹിക്കുകയും അതനുഭവിക്കുകയും ചെയ്തവർ - ഷാഹിർ അണ്ണബാവു സാഥെ, ഭീം‌റാവു കർഡക്, ഷഹീർ ഘെഗ്ഡെ, ഭാവു ഫവ്ക്കഡ്, രാജാനന്ദ് ഗാഡ്പായലെ, വാമൻ കർഡക് തുടങ്ങിയവർ - അരങ്ങൊഴിഞ്ഞ സാമൂഹിക-സാംസ്കാരിക കാലഘട്ടത്തിലേക്കായിരുന്നു ആത്മാറാം സൽ‌വെയുടെ വരവ്.

അംബേദ്കറിന് ശേഷമുള്ള കാലഘട്ടത്തിലേക്ക് വന്ന വിലാസ് ഘോഗ്‌രെ, ദളിതാനന്ദ്, മോഹനാജി ഹട്കർ, വിജയാനന്ദ് ജാധവ് എന്നീ ഷഹീരികൾ അംബേദ്കർ പ്രസ്ഥാനത്തിനോ ആ കാലത്തെ മതപരിവർവർത്തനത്തിനോ സാക്ഷികളായിരുന്നില്ല. ഒരർത്ഥത്തിൽ, അവർ ക്ലീൻ സ്ലേറ്റുകളായിരുന്നു. ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള ഈ ഷഹീരികൾ ബാബാസാഹേബിനെ (അംബേദ്കർ) അറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽനിന്നായിരുന്നു. അതിനാൽ അവരുടെ ഷഹീരികൾക്ക് മൂർച്ച കൂടുതലായിരുന്നു. ആത്മാറാമിന്റേതാകട്ടെ അതിനേക്കാളൊക്കെ മൂർച്ചയുള്ളതും ആയിരുന്നു.

നാമാന്തർ എന്നത് കേവലമൊരു പേരുമാറ്റത്തിന്റെ മാത്രം പ്രശ്നമായിരുന്നില്ല. പുതുതായി കണ്ടെത്തിയ സ്വത്വബോധത്തിന്റെയും മനുഷ്യനാണെന്ന തിരിച്ചറിവിന്റേയും അടയാളമായിരുന്നു അത്.

നാമാന്തർ പ്രസ്ഥാനത്തിന് കൊടുത്ത പിന്തുണയിൽനിന്ന് മുഖ്യമന്ത്രി വസന്ത്ദാദ പാട്ടിൽ പുറകോട്ടടിച്ചപ്പോൾ, ആത്മാറാം സാൽ‌വെ എഴുതി:

ഞങ്ങളോട് കളിക്കരുതേ വസന്ത്ദാദ
നഷ്ടപ്പെടും നിങ്ങൾക്കാ കസേര
ഈ ദളിതർ അധികാരം കൊയ്യും
നിങ്ങളെ ഞങ്ങൾ മൂലയ്ക്കിരുത്തും
അധികാരം കുടിച്ച് മത്തായവൻ നിങ്ങൾ
ശ്രദ്ധിച്ചോളൂ,
ഉപേക്ഷിക്കൂ ഈ ഏകാധിപത്യം
ഇനിയുമിത് തുടരാനാവില്ല

കേസർബാഇ ഘോട്ട്മുഖെ പാടുന്നത് കേൾക്കുക
'ഞങ്ങളോട് കളിക്കരുതേ വസന്ത്ദാദ'

സാമൂഹിക സൌഹാർദ്ദം തകർക്കുന്നു എന്നാരോപിച്ച് പൊലീസ് പലപ്പോഴും അദ്ദേഹത്തിന്റെ പരിപാടികൾ തടസ്സപ്പെടുത്തിയിരുന്നുവെങ്കിലും ആത്മാറാം ഒരിക്കലും തന്റെ പരിപാടികൾ നിർത്തിവെച്ചില്ല

ഈ പാട്ട് എഴുതുക മാത്രമല്ല ആത്മാറാം ചെയ്തത്. വസന്ത്ദാദ പാട്ടിൽ നന്ദേദ് സന്ദർശിച്ച സമയത്ത്, ആയിരങ്ങളെ സാക്ഷി നിർത്തിക്കൊണ്ട് ഇത് അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനെതിറേ ഒരു കേസ് ചാർജ്ജ് ചെയ്തു. പിന്നീട് ജീവിതകാലം മുഴുവൻ അദ്ദേഹത്തിനെതിരേ ‘രാഷ്ട്രീയക്കുറ്റ’ങ്ങളുടെ ഒരു പരമ്പരതന്നെയുണ്ടായി. 1978 മുതൽ 1991-ൽ മരിക്കുന്നതുവരെ, അടികലശലുണ്ടാക്കിയതിനും, സർക്കാർ ജോലി തടസ്സപ്പെടുത്തിയതിനും, ലഹളയുണ്ടാക്കിയതിനും സാമൂഹികസൌഹാർദ്ദം തകർത്തതിനുമെതിരേ അദ്ദേഹത്തിനെതിരേ മഹാരാഷ്ട്രയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കേസുകൾ ചാർജ്ജ് ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിനെതിരേ വധശ്രമങ്ങളും ധാരാളം നടന്നു. സാൽ‌വെയുടെ സുഹൃത്തും ദെഗ്‌ലൂരിൽനിന്നുള്ള സഹപ്രവർത്തകനുമായ ചന്ദ്രകാന്ത് ഠാനേകർ പറയുന്നു: “1980-ൽ നന്ദേദ് ജില്ലയിലെ ദെഗ്‌ലൂർ ബ്ലോക്കിലെ മർഖേൽ ഗ്രാമത്തിൽ‌വെച്ച് അദ്ദേഹത്തിനെ ആക്രമിച്ചു. ബെന്നാൽ ഗ്രാമത്തിലെ കാലെ എന്ന ദളിത് തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാജ മരണസർട്ടിഫിക്കറ്റ് നൽകി എന്ന് ആരോപിക്കപ്പെട്ട ഒരു ഡോ. നവാലിനെ ആത്മാറാം ചോദ്യം ചെയ്തതിനെത്തുടർന്ന് ഡോക്ടറെ കൊല്ലാൻ ആത്മാറാം സാൽ‌വേ ശ്രമിച്ചു എന്ന പേരിൽ കേസ് ചാർജ്ജ് ചെയ്തു. അതിന് അദ്ദേഹത്തേയും രാമ ഖർഗെയേയും എന്നേയും 2 വർഷത്തെ കഠിന തടവിനും 500 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പക്ഷേ പിന്നീട് മറ്റൊരു ഉയർന്ന കോടതി ഞങ്ങളെ കുറ്റവിമുക്തരാക്കി”.

ഇതേ മർഖേൽ ഗ്രാമത്തിലെ, 70 വയസ്സായ നഗർബായ് സോപൻ വസാർകർ എന്ന സ്ത്രീ എനിക്ക് ആത്മാറാം സാൽ‌വെ സ്വന്തം കൈപ്പടയിലെഴുതിയ ഒരു നോട്ടുബുക്ക് തന്നു. ഒരു മൺപാത്രത്തിൽനിന്നാണ് അവരതെടുത്ത് തന്നത്. 40 വർഷമായി അവരത് സൂക്ഷിച്ചുവെക്കുകയായിരുന്നു. മർഖേലിൽ‌വെച്ച് ആത്മാറാം ആക്രമിക്കപ്പെട്ടപ്പൊൾ അദ്ദേഹത്തിന്റെ ജീവനെ രക്ഷിച്ചത് ഈ സ്ത്രീയായിരുന്നു. മറ്റൊരു സംഭവത്തിൽ, പാന്തറുകൾ ആഹ്വാനം ചെയ്ത ഒരു ബന്ദിന്റെ പേരിൽ ആത്മാറാം സാൽ‌വെയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മജൽഗാവിലെ വ്യാപാരികൾ ഒരു പ്രതിഷേധപ്രകടനം നടത്തിയിരുന്നു. അതിനുശേഷം ബീഡ് ജില്ലയിൽ അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. ആത്മാറാമിന്റെ അവതരണങ്ങളിൽ ഹാർമ്മോണിയം വായിച്ചിരുന്ന തേജാറാവ് ഭാദ്രെ പറയുന്നു: “അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ആവേശകരവും പാട്ടുകൾ പ്രചോദനപരവുമായിരുന്നു. അദ്ദേഹത്തെ കേൾക്കാൻ ദളിതുകൾ ഇഷ്ടപ്പെട്ടെങ്കിലും സവർണ്ണർ അദ്ദേഹത്തോടെ വൈരാഗ്യം പുലർത്തി. അവർ ചിലപ്പോൾ കല്ലെറിയുകപോലും ചെയ്യാറുണ്ടായിരുന്നു. ആത്മാറാം പാടുമ്പോൾ, മുൻ‌നിരയിൽ ഇരിക്കുന്നവർ സ്റ്റേജിലേക്ക് നാണയങ്ങൾ എറിയാറുണ്ട്. എതിരാളികൾ കല്ലും. ഒരു ഷാഹിർ എന്ന നിലയ്ക്ക് ഒരേ സമയം അദ്ദേഹം സ്നേഹിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്തിരുന്നു. അത് സാധാരണമായിരുന്നു. പക്ഷേ കല്ലേറിന് ഒരിക്കലും ആത്മാറാമിനെ തടയാനായില്ല. തന്റെ എല്ലാ രോഷവും അദ്ദേഹം പാട്ടുകളിലേക്ക് ആവാഹിച്ചു. അഭിമാനത്തിനും അന്തസ്സിനും വേണ്ടി പൊരുതാൻ അദ്ദേഹം സ്വന്തം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. അനീതിക്കെതിരേ അവർ സമരം ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.

സാമൂഹിക സൌഹാർദ്ദം തകർക്കുന്നു എന്നാരോപിച്ച് പൊലീസ് പലപ്പോഴും അദ്ദേഹത്തിന്റെ പരിപാടികൾ തടസ്സപ്പെടുത്തിയിരുന്നുവെങ്കിലും ആത്മാറാം ഒരിക്കലും തന്റെ പരിപാടികൾ നിർത്തിവെച്ചില്ല. ആത്മാറാമിനെ അദ്ദേഹത്തിന്റെ അവതരണങ്ങളിൽ എപ്പോഴും അനുഗമിച്ചിരുന്ന ഫൂലെ പിംപാൽഗാവിലെ ഷഹീർ ഭീം‌സെൻ സാൽ‌വെ ഓർമ്മിക്കുന്നു: “ബീഡ് ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് ആത്മാറാമിനെ വിലക്കിയിരുന്നു. പക്ഷേ ഒരിക്കൽ ജില്ലയ്ക്കകത്ത് ഒരു പരിപാടി അദ്ദേഹത്തിന് അവതരിപ്പിക്കേണ്ടിവന്നു. ആരോ പൊലീസിനെ അറിയിച്ചു. അവർ വന്ന് അദ്ദേഹത്തോട് നിർത്താൻ ആവശ്യപ്പെട്ടു. അപ്പോൾ ആത്മാറാം ഗ്രാമത്തിലൂടെ ഒഴുകിയിരുന്ന പുഴ നീന്തിക്കടന്ന് അപ്പുറത്ത് ചെന്നുനിന്നു. ആ സ്ഥലം ഗ്രാമാതിർത്തിക്കപ്പുറത്തായിരുന്നു. അവിടെനിന്ന് അദ്ദേഹം പാടി. ആളുകൾ ഇരുട്ടത്ത്, പുഴക്കരയിലിരുന്ന് അദ്ദേഹത്തിന്റെ പാട്ട് കേട്ടു. പാട്ടുകാരൻ പുഴയ്ക്കക്കരെയും സദസ്സ് ഇക്കരെയും. പൊലീസ് നിസ്സഹായരായി. നല്ല തമാശയായിരുന്നു”, ആത്മാറാം അത്തരം പല സന്ദർഭങ്ങളേയും നേരിട്ടു. പക്ഷേ ഒരിക്കലും തന്റെ പാട്ട് നിർത്തിയില്ല. പാട്ട് അദ്ദേഹത്തിന്റെ ജീവവായുവായിരുന്നു.

ഔറംഗബാദിലെ മറാത്ത്‌വാഡ സർവ്വകലാശാലയുടെ പേർ മാറ്റാനുള്ള പ്രക്ഷോഭം തുടങ്ങിയത് ഇവിടെനിന്നായിരുന്നു. ആത്മാറാമിന്റെ തിളക്കമാർന്ന കവിതകൾ രണ്ട് പതിറ്റാണ്ടോളം അതിനെ നയിക്കുകയും ചെയ്തു

ഷഹീർ അശോക് നാരായൺ ചൌരെ പാടുന്നത് കേൾക്കൂ:
'നാമാന്തറിനായി പൊരുതൂ സഖാക്കളേ'

ആത്മാറാം ഉൾപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് മാനവി ഹക്ക അഭിയാൻ എന്ന ബീഡിലെ സംഘടനയുടെ മുൻ അദ്ധ്യക്ഷൻ അഡ്വക്കേറ്റ് ഏക്നാഥ് അവാദ് തന്റെ ജഗ് ബാദൽ ഘലൂനി ഘാവ് (ലോകത്തെ മാറ്റാൻ ആഞ്ഞടിക്കൂ എന്ന പേരിൽ ജെറി പിന്റോ പരിഭാഷപ്പെടുത്തിയ) ആത്മകഥയിൽ പറയുന്നുണ്ട്: “ജനങ്ങളെ തന്റെ ഷഹീരിയിലൂടെ കോപാകുലരാക്കി സാമൂഹികവിദ്വേഷം സൃഷ്ടിച്ചു എന്ന പേരിൽ ആത്മാറാമിനെ ബീഡിൽനിന്ന് പിടിക്കുകയുണ്ടായി. അങ്ങിനെ അദ്ദേഹം നന്ദെദിലെത്തി. ഞങ്ങൾ അവിടെ പാന്തറുകളുടെ ഒരു ജില്ലാ ഘടകമുണ്ടാക്കി ഒരു ജൽ‌സ സംഘടിപ്പിച്ചു. അംബജോഗായിലെ പരലി വേസിൽ ധാരാളം ദളിതുകളുണ്ടായിരുന്നു. അതുകൊണ്ട് ജൽ‌സ അവിടെവെച്ച് നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ബീഡിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നതിനാൽ പൊലീസ് ശ്രദ്ധയോടെ കാവൽ നിൽക്കുന്നുണ്ടായിരുന്നു ഒരു പി.എസ്.ഐ കദം ആത്മാറാമിനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങിനിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അയാളുടെയടുത്ത് പോയി ‘പരിപാടിക്ക് ശേഷം വേണമെങ്കിൽ അറസ്റ്റ് ചെയ്തോളാൻ പറഞ്ഞു’, അയാൾ സമ്മതിച്ചു. ആത്മാറാം അതിഗംഭീരമായി പരിപാടി അവതരിപ്പിച്ചു. നാമാന്തർ ആവശ്യപ്പെട്ടുകൊണ്ടുള്ള പാട്ടുകളായിരുന്നു. പി.എസ്.ഐ കദമും പാട്ട് നന്നായി ആഘോഷിച്ചു. ‘ഉത്പതിഷ്ണുവായ ഷഹീർ’ ആണ് ആത്മാറാം എന്ന് അയാൾ പുകഴ്ത്തുകയും ചെയ്തുവെങ്കിലും പരിപാടി കഴിഞ്ഞയുടൻ അറസ്റ്റ് ചെയ്യാൻ തയ്യാറായി. ആത്മാറാം അത് മണത്തറിയുകയും വേദിയിൽ തന്റെ സ്ഥാനത്തിരിക്കാൻ ഒരാളെ ഏർപ്പാടാക്കി സ്ഥലം വിടുകയും ചെയ്തു. പി.എസ്.ഐ. വേദിയിലെത്തി നോക്കുമ്പോൾ ആത്മാറാം അവിടെ ഇല്ലായിരുന്നു”

1978 ജൂലായ് 27-ന് മറാത്ത്‌വാഡ സർവ്വകലാശാലയുടെ പേർ മാറ്റാനുള്ള പ്രമേയം മഹാരാഷ്ട്ര നിയമസഭയിൽ പാസ്സായപ്പോൾ മറാത്ത്‌വാഡാ പ്രദേശം ഒന്നടങ്കം ദളിതുകളുടെ കുരുതിക്കളമായി. എല്ലാ ഗതാഗതവും ഒരു ദിവസത്തേക്ക് നിർത്തിവെക്കുകയും ദളിതുകളുടെ ആയിരക്കണക്കിന് വീടുകൾക്ക് തീയിടുകയും ചെയ്തു. ചിലയിടങ്ങളിൽ കുടിലുകൾക്ക് തീയിട്ട് അതിലുണ്ടായിരുന്ന സ്ത്രീകളേയും കുട്ടികളേയും ജീവനൊട് കത്തിക്കുകയും ചെയ്തു. നന്ദേദ് ജില്ലയിലെ സുഗാംവ് ഗ്രാമത്തിലെ ജനാർദൻ മവാഡെയും ടെംഭുർണി ഗ്രാമത്തിലെ പോച്ചിറാം കാംബ്ലെയും കൊല്ലപ്പെട്ടു. പർഭാനി ജില്ലയിലുള്ള ധമൻ‌ഗാവ് ഗ്രാമത്തിലെ ദളിത് പൊലീസ് ഉദ്യോഗസ്ഥരായ സംഭാജി സോമാജിയും ഗോവിന്ദ് ഭുരേവാറും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ദളിതുകൾക്ക് പരിക്കേറ്റു. ദശലക്ഷക്കണക്കിന് വിലവരുന്ന വസ്തുവഹകൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു. വിളവെടുക്കുന്ന പാടങ്ങളും കൃഷിയിടങ്ങളും പല ഗ്രാമങ്ങളിലും നശിപ്പിക്കപ്പെടുകയുണ്ടായി. ദളിതരെ ബഹിഷ്കരിക്കുകയും വെള്ളവും ഭക്ഷണവും നിഷേധിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായി. ആയിരക്കണക്കിന് ദളിതർ ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്തു. നശിപ്പിക്കപ്പെട്ട പൊതു-സ്വകാര്യ സ്വത്തുക്കളുടെ മൂല്യം 1.5 കോടിയായിരുന്നു. പലയിടത്തും ഡോ. അംബേദ്കറിന്റെ പ്രതിമകൾ തകർക്കപ്പെട്ടു. ജാതിയുദ്ധത്തിന്റെ കുരുക്ഷേത്രമായി മാറി മറാത്ത്‌വാഡ.

മറാത്ത്‌വാഡയിലെ ജാതീയസംഘർഷങ്ങളുടെ ഭീകരമായ വ്യാപ്തി വിവരിക്കുന്ന ഒരു ഗാനം ആത്മാറാം എഴുതിയിട്ടുണ്ട്:

ചേരികളിലും ഗ്രാമങ്ങളിലും തീയാളിപ്പടർന്നു
നൽഗീറിൽ ഒരു കുഞ്ഞ് വെന്തുമരിച്ചു
ജീവൻ കൈയ്യിൽ‌പ്പിടിച്ച് ദളിതുകൾ
കാടുകളിലേക്ക് പരക്കം പാ‍ഞ്ഞു
സവർണ്ണർ അവരെ പീഡിപ്പിക്കുകയും
ഉപദ്രവിക്കുകയും ചെയ്തു
ദളിതുകൾക്ക് തൊഴിലുണ്ടായിരുന്നില്ല
അവരുടെ അടുക്കളകൾ തണുത്തുറഞ്ഞ് കിടന്നു
ഉണരൂ കൂട്ടരേ ഉണരൂ, ഉണരില്ലേ നിങ്ങൾ?
പുകയുന്ന വീടുകൾ കെടുത്തുകില്ലേ നിങ്ങൾ?
എത്ര ചോര ഒഴുകിയാലും ശരി
എനിക്കതിൽ കുളിക്കണം
ഈ അവസാനത്തെ യുദ്ധം എന്നോടൊപ്പം പൊരുതൂ
വിപ്ലവത്തിന്റെ വിത്തുകൾ പാകില്ലേ നിങ്ങൾ?
ഇല്ലേ?

ഈ ദളിത്-വിരുദ്ധ അന്തരീക്ഷം ഒരൊറ്റ ദിവസംകൊണ്ട് സൃഷ്ടിക്കപ്പെട്ടതായിരുന്നില്ല. നൈസാമിന്റെ ഭരണകാലത്ത് ഇതിന്റെ വിത്തുകൾ പാകിയിട്ടുണ്ടായിരുന്നു. നൈസാമുകൾക്കെതിരെയുള്ള പോരാട്ടത്തിൽ മുൻ‌നിരയിലായിരുന്നു സ്വാമി രാമാനന്ദ് തീർത്ഥ. അദ്ദേഹം ആര്യസമാജക്കാരനായിരുന്നു. ബ്രാഹ്മണിക അധിനിവേശത്തിനെ ചെറുക്കാനായിരുന്നു ആര്യസമാജം സ്ഥാപിച്ചതെങ്കിലും അതിന്റെ നേതൃത്വത്തിൽ മുഴുവനും ബ്രാഹ്മണികരായിരുന്നു. റസാക്കറുകൾക്കെതിരെയുള്ള പോരാട്ടം നടത്തുമ്പോൾത്തനെ ആ നേതൃത്വത്തിന് ദളിതുകൾക്കെതിരേയും ധാരാളം മുൻ‌വിധികളുണ്ടായിരുന്നു. ‘ദളിതുകൾ നൈസാമിനെ പിന്തുണയ്ക്കുന്നു’, ‘ദളിത് വാസസ്ഥലങ്ങൾ റസാക്കർക്ക് അഭയം നൽകുന്നു’ തുടങ്ങിയ നുണപ്രചാരണങ്ങൾ സവർണ്ണരുടെ മനസ്സിൽ രൂഢമൂലമാവുകയും അംബേദ്കർ വിരുദ്ധരായ അവരെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ, റസാക്കർക്കെതിരായ പൊലീസ് നടപടിയിൽ ദളിതുകൾക്കും ധാരാളം പീഡനങ്ങൾ സഹിക്കേണ്ടിവന്നു. ഇതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ മറാത്ത്‌വാഡ പട്ടികജാതി ഫെഡറേഷന്റെ അന്നത്തെ അദ്ധ്യക്ഷനായ ഭാവുസാഹേബ് മോറെ അംബേദ്ക്കറിനും ഇന്ത്യൻ സർക്കാരിനും അയച്ചുകൊടുത്തു.

PHOTO • Keshav Waghmare
PHOTO • Keshav Waghmare

ഇടത്ത്: ഭാരതീയ ദളിത് പാന്തറിന്റെ വനിതാ വിഭാഗത്തിന്റെ ഉപാദ്ധ്യക്ഷയായി വിരമിച്ച നന്ദേദിലെ കേസരബായ് ഘോട്ട്മുഖെ. ‘ആത്മാറാം ഞങ്ങളുടെ എല്ലാ പ്രതിഷേധങ്ങളിലും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. വളരെ വേഗത്തിൽ പാട്ടുകൾ എഴുതിത്തരികയും ഞങ്ങളോടൊത്ത്പാടുകയും ചെയ്തിരുന്നു. വലത്ത്: നാമാന്തർ പ്രസ്ഥാനം വിദ്യാസമ്പന്നരായ ധാരാളം ദളിത് യുവജനങ്ങളെ ബാധിച്ചുവെന്ന് ഷഹീർ അശോക് നാരായൺ ചൌരേ പറയുന്നു. 'ഞങ്ങളുടെ തലമുറ ഒന്നടങ്കം ദുരിതമനുഭവിച്ചു'

ഡോ. അംബേദ്കറിനുശേഷം, ഭൂമിയുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ ദാദാസാഹിബ് ഗെയ്ക്ൿവാഡിന്റെ നേതൃത്വത്തിൽ നടന്നു. ‘കൃഷിഭൂമി കർഷകന്, ഭൂമിയില്ലാത്തവരുടെ കാര്യമോ?’ എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. മറാത്ത്‌വാഡയിലെ ദളിതരായിരുന്നു ഈ പ്രക്ഷോഭത്തിന്റെ മുൻ‌നിരയിൽ. ലക്ഷക്കണക്കിന് സ്ത്രീപുരുഷന്മാർ അതിനുവേണ്ടി ജയിലിൽ പോവുകയും ചെയ്തു. ഉപജീവനത്തിനായി ദളിതർ ലക്ഷക്കണക്കിന് ഹെക്ടർ തരിശുനിലങ്ങൾ കൈയ്യേറുകയുണ്ടായി. ദളിതർ പൊതുവിടങ്ങൾ കൈയ്യേറുന്നതിൽ സവർണ്ണർ സന്തുഷ്ടരായിരുന്നില്ല. ആ പക അവരുടെ മനസ്സിൽ കിടന്നു. വസന്ത്ദാദ പാട്ടിലും ശരദ് പവാറും തമ്മിലുള്ള വൈരാഗ്യവും ഇതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. അക്രമത്തിന്റേയും വെറുപ്പിന്റേയും രൂപത്തിൽ സവർണ്ണരുടെ രോഷം ഓരോരോ ഗ്രാമങ്ങളിലും പ്രതിഫലിച്ചു. “സർവ്വകലാശാലയ്ക്ക് നീലനിറം അടിക്കും’, ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ ഡോ. അംബേദ്കറിന്റെ ഫോട്ടോ ഉണ്ടായിരിക്കും’, “ഡോ. അംബേദ്കർ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്ന ആളായതിനാൽ, ഈ വിദ്യാസമ്പന്നരായ ദളിതുകൾ നമ്മുടെ പെണ്മക്കളെ തട്ടിക്കൊണ്ടുപോവും’ തുടങ്ങിയ കിംവദന്തികൾ ധാരാളമായി നാമാന്തർ പ്രക്ഷോഭത്തിന്റെ കാലത്ത് നാട്ടിലൊട്ടുക്ക് പ്രചരിച്ചു.

“നവബൌദ്ധ പ്രസ്ഥാനത്തിന്റെ ദർശനത്തിൽത്തന്നെ മറാത്ത്‌വാഡ സർവ്വകലാശാലയുടെ നാമാന്തരം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്ര ദളിത് സ്വത്വത്തിനായി വാദിക്കുന്ന ഒരു വിഘടനപ്രസ്ഥാനമാണ് തീർച്ചയായും അത്. അതിനുവേണ്ടി ബുദ്ധമത രാജ്യങ്ങളിൽനിന്ന് അത് സഹായവും അഭ്യർത്ഥിക്കുന്നുണ്ട്. ഇന്ത്യൻ പൌരത്വം ഉപേക്ഷിക്കണമെന്ന് നിലപാടും അത് കൈക്കൊണ്ടിരിക്കുന്നു. അതിനാൽ നമ്മൾ എത്രയു വേഗം കൃത്യവും ശക്തവുമായ ഒരു നിലപാടെടുക്കണം”. നാമാന്തർ വിരോധി കൃതി സമിതി ലാത്തൂരിൽ‌വെച്ച് ഈ പ്രമേയം പാസ്സാക്കുകയും, ദളിതരെ അവരുടെ ജന്മദേശത്തിൽനിന്ന് മാറ്റിനിർത്താനുള്ള ശ്രമം നടത്തുകയും ചെയ്തു. ഹിന്ദുക്കളും ബൌദ്ധന്മാരും തമ്മിലുള്ള യുദ്ധമായി നാമാന്തർ പ്രസ്ഥാനത്തെ ചിത്രീകരിക്കുകയും അത്തരം മുൻ‌വിധികൾ വ്യാപകമാവുകയും ചെയ്തു. നാമാന്തർ പ്രക്ഷോഭം തുടങ്ങുന്നതുവരെയും അതിൽ‌പ്പിന്നീടും അങ്ങിനെ എല്ലായ്പ്പോഴും മറാത്ത്‌വാഡ കത്തുകയായിരുന്നു. നാമാന്തർ പ്രക്ഷോഭത്തിന്റെ കാലത്ത് 27 ദളിതുകൾ രക്തസാക്ഷികളായി.

നിലനിൽ‌പ്പിന്റേയും സ്വത്വത്തിന്റേയും പ്രശ്നങ്ങൾ മാത്രമല്ലായിരുന്ന ആ പ്രക്ഷോഭം സാമൂഹിക-സാംസ്കാരിക ബന്ധങ്ങളേയും അതിൽ കൂട്ടിച്ചേർത്തു. ജനന-വിവാഹ-മരണ ചടങ്ങുകളിൽ അതിന്റെ പ്രതിഫലങ്ങൾ കാണാൻ തുടങ്ങി. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും ആളുകൾ ‘ഡോ.അംബേദ്കർ വിജയീഭവ’, ‘മറാത്ത്‌വാഡ സർവ്വകലാശാല പുനർനാമകരണം ചെയ്യുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങി. നാമാന്തറിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിലും സാമൂഹിക-സാംസ്കാരിക അവബോധം രൂപപ്പെടുത്തുന്നതിലും ഷഹീർ ആത്മാറാം സാൽ‌വേ മുഖ്യമായ പങ്ക് വഹിച്ചു.

PHOTO • Keshav Waghmare

ബീഡിലെ വിദ്യാർത്ഥിയായ സുമിത് സാൽ‌വേ ആത്മാറാമിനെ ധാരാളം ഗാനങ്ങൾ ആലപിക്കാറുണ്ട്. ‘ഷഹീരിന്റെ ഗാനങ്ങൾ പുതുതലമുറയെ പ്രചോദിപ്പിക്കുന്നു'

ആത്മാറാം സാൽ‌വെയുടെ ജീവിതം അംബേദ്കറിനും നാമാന്തറിനും വേണ്ടി മാത്രമായി. അദ്ദേഹം പറയാറുണ്ടായിരുന്നു: “സർവ്വകലാശാലയുടെ പേർ ഔദ്യോഗികമായ മാറ്റുന്ന അന്ന്, ഞാനെന്റെ വീടും സ്ഥലവും വിറ്റ് ആ പണം കൊണ്ട് അംബേദ്കറിന്റെ നാമം സർവ്വകലാശാലയുടെ പ്രവേശനകവാടത്തിൽ സ്വർണ്ണാക്ഷരങ്ങൾകൊണ്ട് എഴുതും” എന്ന്. തന്റെ ശബ്ദവും വാക്കുകളും ഷാഹിരികളും ഉപയോഗിച്ച് അടിച്ചമർത്തലിനെതിരായ ചൂട്ട് കത്തിക്കുകയായിരുന്നു ആത്മാറാം. നാമാന്തർ എന്ന ലക്ഷ്യത്തിലെത്തുന്നതിനുവേണ്ടി, രണ്ട് പതിറ്റാണ്ടോളം കാലം നഗ്നപാദനായി അദ്ദേഹം, വാഹസൌകര്യങ്ങളൊന്നുമില്ലാതിരുന്ന മഹാരാഷ്ട്രയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ചുറ്റിനടന്നു. അദ്ദേഹത്തെ ഓർത്തുകൊണ്ട് ഔറംഗബാദിലെ ഡോ. അശോക് ഗെയ്ൿ‌വാഡ് പറയുന്നു, “എന്റെ ഗ്രാമം, നന്ദേദ് ജില്ലയിലെ ബോണ്ട്‌ഗാവ്‌ഹനിൽ ഇപ്പോഴും നല്ല റോഡുകളില്ല. ഒരു വാഹനവും ഇവിടെ എത്തുന്നില്ല. എന്നിട്ടും ആത്മാറാം 1979-ൽ ഞങ്ങളുടെ ഗ്രാമത്തിൽ വന്ന് ഒരു ഷഹീരി ജൽ‌സ സംഘടിപ്പിച്ചു. തന്റെ ഷഹീരികൊണ്ട് അദ്ദേഹം ഞങ്ങളുടെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവരികയും ആ ഗാനങ്ങൾ ദളിതർക്ക് അവരുടെ പോരാട്ടങ്ങളിൽ ശക്തിപകരുകയും ചെയ്തു. സവർണ്ണജാതിക്കാരെ പരസ്യമായി അദ്ദേഹം വെല്ലുവിളിച്ചു. അദ്ദേഹം പാട്ട് പാടാൻ തുടങ്ങുമ്പോഴേക്കും തേനീച്ചകൾ  കൂട്ടിലേക്കെന്നപോലെ ആളുകൾ കൂട്ടമായി എത്തും. അദ്ദേഹത്തിന്റെ പാട്ടുകൾ കാതുകൾക്ക് പുതുജീവൻ നൽകുകയും നിർജ്ജീവമായ മനസ്സുകളെ ഉണർത്തി വെറുപ്പിനെതിരേ പോരാടാൻ സജ്ജമാക്കുകയും ചെയ്യും”.

നന്ദേദ് ജില്ലയിലെ കിൻ‌വട്ടിലുള്ള ദാദാറാവു കായപാക്കിന് സാൽ‌വയെക്കുറിച്ചുള്ള ദീപ്തമായ ഓർമ്മകളുണ്ട്. “1978-ൽ ഗോകുൽ ഗോണ്ടെഗാവിലെ ദളിതർ ബഹിഷ്ക്കരിക്കപ്പെടാറുണ്ടായിരുന്നു. ഇതിനെതിരേ പ്രതിഷേധിക്കാൻ, എസ്.എം. പ്രധാൻ, സുരേഷ് ഗെയ്ൿ‌വാഡ്, മനോഹർ ഭഗത്ത്, അഡ്വക്കേറ്റ് മിലിന്ദ് സാർപെ എന്നിവരും ഞാനും ഒരു പ്രകടനം നടത്തി. കൂട്ടംകൂടൽ നിരോധിച്ചുകൊണ്ട് പൊലീസ് സി.ആർ.പി.സി. സെക്ഷൻ 144 പ്രഖ്യാപിച്ചു. ആത്മാറാം ഒരു ജൽ‌സ സംഘടിപ്പിക്കുകയും അന്തരീക്ഷം വലിഞ്ഞുമുറുകുകയും ചെയ്തു ഷഹീർ സാൽ‌വെയേയും പാന്തർ പ്രവർത്തകരേയും അറസ്റ്റ് ചെയ്യണമെന്ന് സവർണ്ണവിഭാഗം ആവശ്യപ്പെട്ടു. അവർ പൊലീസ് സൂപ്രണ്ട് ശൃംഗാർ‌വേലിനേയും ഡെപ്യൂട്ട് സൂപ്രണ്ട് എസ്.പി.ഖാനേയും ഘെരാവോ ചെയ്യുകയും പൊലീസ് ഗസ്റ്റ് ഹൌസിന് തീവെക്കുകയും ചെയ്തു. അന്തരീക്ഷം സംഘർഷഭരിതമായി. പൊലീസ് വെടിവെപ്പ് നടത്തി. കോൺഗ്രസ്സ് എം.പി. ഉത്തം‌റാവു റാത്തോഡിന്റെ സന്തതസഹാചാരിയായ ജെ. നാഗൊറാവിനും മറ്റൊരു ദളിത് പ്രവർത്തകനും ജീവൻ നഷ്ടമാവുകയും ചെയ്തു.

ഷഹീർ ആത്മാറാം സാൽ‌വെയുടെ പാട്ടുകളിൽ മാനവികതയും സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും നീതിയും ആവർത്തിച്ചാവർത്തിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. യുദ്ധം, തീപ്പൊരി, വിപ്ലവ, തീ, യുദ്ധക്കളം, ആയുധം, പീരങ്കി, പുതിയ ചരിത്രം തുടങ്ങിയ വാക്കുകൾ ആ പാട്ടുകളെ അലങ്കരിച്ചു. സ്വന്തം ആത്മാനുഭവങ്ങളുടെ പ്രതിബിംബമായിരുന്നു ആ വാക്കുകൾ. അദ്ദേഹത്തിന്റെ ഓരോ പാട്ടും ഒരു പടപ്പാട്ടായിരുന്നു.

പീരങ്കി കൊണ്ടുവന്ന് കുതിച്ചുചാടി
മനുവിന്റെ സന്താനങ്ങളെ കുഴിച്ചുമൂടാൻ,
വിപ്ലവത്തിന്റെ വിത്തുകൾ നട്ടുകൊണ്ട്
നമുക്ക് പുതിയൊരു ചരിത്രം നിർമ്മിക്കാം
തോക്കിൽനിന്നൊരു വെടിയുണ്ട
ഹോളിയെ ജ്വലിപ്പിക്കും
മനുവിന്റെ കോട്ടകൾ തകർക്കാൻ

എന്ന കവിത തേജേറാവു ഭാദ്രെ വിവരിക്കുന്നത് കാണൂ
‘ഉള്ളിലെ തീ കത്തിക്കൂ ദളിത് സഹോദരരേ’

വിനോദത്തിനോ പണത്തിനോ പ്രശസ്തിക്കോ പേരിനോ വേണ്ടിയായിരുന്നില്ല ആത്മാറാം പാട്ടുകളവതരിപ്പിച്ചത്. കല നിഷ്പക്ഷമോ, വിനോദത്തിനോ വേണ്ടിയല്ലെന്നും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മാറ്റങ്ങൾക്കുവേണ്ടി പൊരുതാനുള്ള ആയുധമാണെന്ന് അദ്ദേഹം വിശ്വസിച്ചു

കലാകാരൻ എന്ന നിലയ്ക്കും ഷഹീർ എന്ന നിലയ്ക്കും ആത്മാറാം ഒരിക്കലും നിഷ്പക്ഷനായിരുന്നില്ല. ഒരിക്കലും ഒരു പ്രാദേശികവാദിയോ സങ്കുചിതമനസ്കനോ ആയിരുന്നില്ല. 1977-ൽ ബിഹാറിലെ ബെൽച്ചിയിൽ ദളിതുകളെ കൂട്ടക്കൊല ചെയ്തപ്പോൾ ബെൽച്ചിയിലേക്ക് പോയി ഒരു പ്രസ്ഥാനം അദ്ദേഹം അവിടെ തുടങ്ങി. അതിന്റെപേരിൽ 10 ദിവസം അദ്ദേഹത്തെ ജയിലിലടച്ചു ആ കൂട്ടക്കൊലയെക്കുറിച്ച് അദ്ദേഹം എഴുതി:

ഈ ഹിന്ദു രാജ്യത്ത്, ബെലിച്ചിയിൽ
എന്റെ സഹോദരരെ ചുട്ടെരിച്ചത് ഞാൻ കണ്ടു,
അമ്മമാരും സഹോദരിമാരും കുട്ടികളും
ജീവനുംകൊണ്ടോടിയത് ഞാൻ കണ്ടു

ഇതേ പാട്ടിൽത്തന്നെ, ദളിത് നേതാക്കളുടെ പ്രത്യയശാസ്ത്രമായി പൊള്ളയും സ്വാർത്ഥവുമായ രാഷ്ട്രീയത്തെയും അദ്ദേഹം ആക്രമിക്കുന്നുണ്ട്:

ചിലർ കോൺഗ്രസ്സുകാരുടെ പാവകളായി
ചിലർ അവരുടെ മനസ്സും ശരീരവും ജനതാ (ദൾ)ന് കൊടുത്തു
നിർണ്ണായകമായ ഈ സന്ദർഭത്തിൽ,
ഗവായിയെപ്പോലുള്ള വഞ്ചകന്മാർ
ശത്രുക്കളുമായി കൈകോർക്കുന്നത് ഞാൻ കണ്ടു

ബിരുദാനന്തരബിരുദപഠനത്തിന് പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക് സംവരണമേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളായി വേഷം ധരിച്ച ചില സംവരണവിരുദ്ധർ 1981-ൽ ഗുജറാത്തിൽ തെരുവിലിറങ്ങി. തീവെക്കലും കവർച്ചയും കഠാരകൊണ്ടുള്ള ആക്രമണങ്ങളും കണ്ണീർവാതകവും വെടിവെപ്പുമൊക്കെയുണ്ടായി. ദളിതർക്കുനേരെയായിരുന്നു ആക്രമണങ്ങളിലധികവും. അഹമ്മദാബാദിൽ തൊഴിലാളികളുടേയും ദളിതരുടേയും കോളനികൾക്ക് തീവെച്ചു. സൌരാഷ്ട്രയിലെയും വടക്കൻ ഗുജറാത്തിലെയും ഗ്രാമപ്രദേശങ്ങളിൽ സവർണ്ണസമുദായക്കാർ ദളിത് ചേരികളെ ആക്രമിച്ചു. ഗ്രാമം വിട്ട് ഓടിപ്പോകാൻ നിരവധി ദളിതർ നിർബന്ധിതരായി.

ഇതിനെക്കുറിച്ച് ആത്മാറാം എഴുതി:

സംവരണസീറ്റുകൾക്കുവേണ്ടി
എന്തിനാണ് നിങ്ങൾ ദുർബ്ബലരെ ആക്രമിക്കുന്നത്
ജനാധിപത്യത്തിന്റെ ഗുണഭോക്താക്കളല്ലേ നിങ്ങൾ?
എന്തിനാണ് ഇത്ര നീചമായി പെരുമാറുന്നത്?
ഇന്ന് ഗുജറാത്ത് കത്തുന്നു
നാളെ ഈ രാജ്യമൊന്നാകെ കത്തും
ഇത് ആളിപ്പടരുന്ന തീയാണ്
എന്തിനാണ് നിങ്ങളതിൽ എരിയുന്നത്

വിനോദത്തിനോ പണത്തിനോ പ്രശസ്തിക്കോ പേരിനോ വേണ്ടിയായിരുന്നില്ല ആത്മാറാം പാട്ടുകളവതരിപ്പിച്ചത്. കല നിഷ്പക്ഷമോ, വിനോദത്തിനോ വേണ്ടിയല്ലെന്നും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മാറ്റങ്ങൾക്കുവേണ്ടി പൊരുതാനുള്ള ആയുധമാണെന്ന് അദ്ദേഹം വിശ്വസിച്ചു. 300-ലധികം പാട്ടുകളെഴുതി ആത്മാറാം. ഇവയിൽ ഇന്ന് നമുക്ക് 200 പാട്ടുകൾ ലിഖിത രൂപത്തിൽ ബാക്കിയുണ്ട്.

ഭോക്കറിലെ ലക്ഷ്മൺ ഹീരെ, മാർഖേലിലെ നഗർബായ് വജാർക്കർ, മുഖേഡിലെ തേജേറാവ് ഭാദ്രെ (എല്ലാം നന്ദേദ് ജില്ലയിലുള്ള സ്ഥലങ്ങൾ), ഫൂലെ പിംപാൽ‌ഗാവിലെ (ബീഡ് ജില്ല) ഷഹീർ മഹേന്ദ്ര സാൽ‌വെ എന്നിവരുടെ കൈകളിൽ പാട്ടുകളുടെ ആ ശേഖരമുണ്ട്. അപൂർണ്ണമായ പല പാട്ടുകളും ആളുകളുടെ ഓർമ്മയിലുണ്ട്. ആരാണവ എഴുതിയത്? ആർക്കുമറിയില്ല. പക്ഷേ ആളുകൾ അവ മൂളി നടക്കുന്നു.

നമ്മളെല്ലാം ജയ് ഭീം‌വാലേകൾ
രാജാ ധാലെ നമ്മുടെ തലവൻ

അക്കാലത്തെ ഓരോ പാന്തർ അംഗങ്ങളുടേയും ചുണ്ടുകളിലുണ്ടായിരുന്ന ഈ ‘ദളിത് പാന്തർ നേതൃഗാനം’ എഴുതിയത് സാൽ‌‌വേയായിരുന്നു. ഇന്നും മറാത്ത്‌വാഡയിലെ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ഈ ഗാനം അലയടിക്കുന്നു.

വിപ്ലവത്തിന്റെ തീപ്പൊരികൾ വിതച്ച്
ഈ തീ കത്തട്ടെ
എത്രകാലം നമുക്ക് അവഗണന താങ്ങാനാവും
ഹൃദയത്തിൽ ഒരു തീ എരിയുന്നു
ഗർഭപാത്രത്തിലിരുന്ന് ഒരു കുഞ്ഞ്
ഭാവിയിലേക്ക് നോക്കിക്കൊണ്ട്
അമ്മയെ ചവിട്ടുന്നു
ഭീം‌ബായുടെ ധീരയോദ്ധാവേ
അത് നിന്നെ ഉണർത്തട്ടെ

PHOTO • Labani Jangi

ആത്മാറാമിനെ അവതരണം കാണാനും കേൾക്കാനും, ദൂരങ്ങൾ താണ്ടി അടുത്തുനിന്നും അകലെനിന്നും ആളുകളെത്തും

മുകളിലെഴുതിയ ജനകീയഗാനം അത്മാറാം എഴുതിയതാണ്. മറാത്ത്‌വാഡയിലെ നാമാന്തറിനുള്ള നാടോടിപ്പാട്ടുകളും അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ കൈയ്യെഴുത്തുപ്രതിയുടെ പട്ടികയിൽ അത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ലിഖിതരൂപം നമ്മുടെ കൈയ്യിലില്ല. എന്നിട്ടും, റിപ്പബ്ലിക്കൻ പാ‍ർട്ടി ഓഫ് ഇന്ത്യയുടെ നേതാവായ പുണെയിൽനിന്നുള്ള രോഹിദാസ് ഗെയ്ക്ക്‌വാഡും അംബേദ്കർ പ്രസ്ഥാനത്തിന്റെ മുഖ്യപ്രചാരകനായ വസന്ത് സാൽ‌വെയും എനിക്കുവേണ്ടി കുറച്ച് വരികൾ പാടിത്തന്നു. ഇന്ദാപുർ താലൂക്കിൽ‌പ്പെടുന്ന ബാവ്‌ഡ ഗ്രാമത്തിലെ ദളിതരെ സവർണ്ണ ഗ്രാമീണർ ബഹിഷ്കരിച്ചപ്പോൾ ആത്മാറാം സാൽ‌വെ പുണെയിൽ വന്ന് പല ചേരികളിലും പാട്ട് അവതരിപ്പിക്കുകയുണ്ടായി. കൂട്ടായ്മയും സംവേദനവുമായിരുന്നു ആ പാട്ടുകളുടെ ഇതിവൃത്തം. എപ്പോഴൊക്കെ ആത്മാറാം പാട്ടുകളവതരിപ്പിച്ചുവോ, അപ്പോഴൊക്കെ ദൂരദേശങ്ങളിൽനിന്നും അടുത്തുനിന്നും ആളുകൾ അത് കേൾക്കാനും കാണാനും കിലോമീറ്ററുകൾ താണ്ടി നടന്നെത്തുമായിരുന്നു. അദ്ദേഹത്തിന്റെ അവതരണത്തിനുശേഷം പാന്തർ പ്രവർത്തകർ സദസ്സിനെ അഭിസംബോധന ചെയ്യും. പാന്തറുകളുടേയും നാമാന്തർ പ്രക്ഷോഭത്തിന്റേയും ഏറ്റവും വലിയ താരമായി മാറി അദ്ദേഹം. ഏതുവിധത്തിലാണോ നാംദേവ് ഠസാൽ ദളിത് പാന്തറിന്റെ കാവ്യബിംബമായത്, അതേവിധത്തിൽ ആത്മാറാമും പാന്തർ കാലഘട്ടത്തിന്റെ ഗായകബിംബമായി മാറി. നാംദേവ് എങ്ങിനെയാണോ തന്റെ കവിതകളിൽ വ്യത്യസ്തമായ വഴി തുറന്നത്, അതേ രീതിയിൽ ആത്മാറാമും അംബേദ്കറിനുശേഷമുള്ള പ്രക്ഷോഭത്തിന്റെ ഷാഹിരികളിൽ പുതിയ വഴി വെട്ടിത്തെളിച്ചു. നാംദേവിന്റെ കവിതകൾ പാന്തർ കാലഘട്ടത്തെ വിശദീകരിച്ചതുപോലെ, ആത്മാറാമിന്റെ ഷാഹിരികളും ആ കാലഘട്ടത്തെ വ്യാഖ്യാനിച്ചു. ഏറ്റവും അവസാനമായി എങ്ങിനെയാണോ നാംദേവിന്റെ കവിതകൾ ജാതിയേയും വർഗ്ഗത്തേയും ഒരുമിച്ച് നേരിട്ടത്, അതേവിധത്തിൽ ആത്മാറാമിന്റെ ഷഹീരികളും ഒരേസമയം, ജാതീയവും വർഗ്ഗപരവും ലിംഗപരവുമായ അടിച്ചമർത്തലുകളെ എതിരിട്ടു. പാന്തറുകൾ അദ്ദേഹത്തെ സ്വാധീനിച്ചു. അദ്ദേഹം പാന്തറുകളേയും ജനങ്ങളേയും ഒരുപോലെ സ്വാധീനിച്ചു. അതിന്റെ സ്വാധീനത്താലാണ് അദ്ദേഹം എല്ലാം ഉപേക്ഷിച്ച് – ഉപരിവിദ്യാഭ്യാസം, തൊഴിൽ, വീട്, എല്ലാം – താൻ തിരഞ്ഞെടുത്ത പാതയിലൂടെ നിർഭയമായും നിസ്വാർത്ഥമായും സഞ്ചരിച്ചത്.

ഏതുവിധത്തിലാണോ നാംദേവ് ഠസാൽ ദളിത് പാന്തറിന്റെ കാവ്യബിംബമായത്, അതേവിധത്തിൽ ആത്മാറാമും പാന്തർ കാലഘട്ടത്തിന്റെ ഗായകബിംബമായി മാറി

സുമിത് സാൽ‌വേ പാടുന്നത് കാണുക
'പഴകിയ കമ്പിളിപ്പുതപ്പുകൊണ്ട് എത്രകാലം നിങ്ങളെ നിങ്ങളെ പുതപ്പിക്കും?'

വാസയിൽനിന്നുള്ള എം.എൽ.എ ആയ വിവേക് പണ്ഡിറ്റ് രണ്ട് പതിറ്റാണ്ടോളം ആത്മാറാം സാൽ‌വേയുടെ സുഹൃത്തായിരുന്നു. അദ്ദേഹം പറയുന്നു. “ഭയം, സ്വാർത്ഥതാത്പര്യം – ഇവ രണ്ടും ഒരിക്കലും ആത്മാറാമിന്റെ നിഘണ്ടുവിലുണ്ടായിരുന്നില്ല”. തന്റെ ശബ്ദത്തിന്റേയും വാക്കുകളുടേയും മേൽ അപാരമായ നിയന്ത്രണമുണ്ടായിരുന്നു അദ്ദേഹത്തിന്. തനിക്ക് അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് നല്ല ബോദ്ധ്യവുമുണ്ടായിരുന്നു. മറാത്തിക്ക് പുറമേ, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നിവയും വശമുണ്ടായിരുന്നു അദ്ദേഹത്തിന്. ഹിന്ദിയിലും ഉറുദുവിലും ചില ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഹിന്ദിയിൽ ഏതാനും ഖവാലികൾപോലും എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ തന്റെ കലയെ ഒരിക്കലും വാണിജ്യവത്കരിക്കുകയോ കമ്പോളത്തിലേക്ക് കൊണ്ടുവരികയോ ചെയ്തില്ല. തന്റെ കലയേയും ഘനഗംഭീരമായ ശബ്ദത്തേയും വാക്കുകളേയും ആയുധങ്ങളാക്കിക്കൊണ്ട് ജാതി-വർഗ്ഗ-ലിംഗ അടിച്ചമർത്തലുകൾക്കെതിരേ ഒരു ഭടനെപ്പോലെ പൊരുതിക്കൊണ്ടിരുന്നു. മരിക്കുന്നതുവരെ അത് തുടരുകയും ചെയ്തു.

ഒരു ആക്ടിവിസ്റ്റിനെ സംബന്ധിച്ചിടത്തോളം അയാളെ മാനസികമായി പിന്തുണയ്ക്കുന്ന സ്രോതസ്സുകൾ കുടുംബം, പ്രസ്ഥാനം, തൊഴിൽ എന്നിവയാണ്. അവയെയെല്ലാം ഒരുമിച്ച് കൊണ്ടുവന്ന് ആക്ടിവിസ്റ്റുകൾക്കും ജനകീയ കലാകാരന്മാർക്കും നിലനിൽക്കാനും അതിജീവിക്കാനും ഒരു ബദൽ ഇടം സൃഷ്ടിക്കുകയുമാണ് ഒരു ജനകീയപ്രസ്ഥാനം ചെയ്യേണ്ടത്. അവർ ഒറ്റപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്യാത്ത ഒരിടം.

അത്തരമൊരു വിഷാദത്തിലേക്ക് പോകാൻ കലാകാരന്മാരെ അനുവദിക്കാതിരിക്കുകയും പോയാൽത്തന്നെ അതിൽനിന്ന് അവരെ രക്ഷിക്കാനുമുള്ള സർഗ്ഗാത്മകമോ സംഘടനാപരമോ ആയ ഒരു സംവിധാനം അംബേദ്ക്കറൈറ്റ് പ്രസ്ഥാനത്തിൽ ഉണ്ടായതുമില്ല. അപ്പോൾ സ്വാഭാവികമായും സംഭവിക്കുന്നതുതന്നെയാണ് ആത്മാറാം സാൽ‌വയെപ്പോലെയുള്ള ഒരു കലാകാരന് സംഭവിച്ചതും.

പിന്നീടുള്ള ജീവിതത്തിൽ ആ മൂന്ന് തലത്തിലും അദ്ദേഹം നിരാശനായി. പ്രസ്ഥാനം കാരണം അദ്ദേഹത്തിന്റെ കുടുംബം തകർന്നു. മദ്യത്തിനോടുള്ള ആസക്തി നിയന്ത്രണാധീനമായി. അവസാനകാലമായപ്പോഴേക്കും സ്ഥലകാലബോധം നഷ്ടപ്പെട്ട്, എവിടെയും നിന്ന്, ആരാവശ്യപ്പെട്ടാലും പാടും എന്ന സ്ഥിതിയോളമായി. വഴിമധ്യത്തിലോ, നഗരചത്വരത്തിലോ എവിടെയും. നാമാന്തറിനുവേണ്ടി പൊരുതിയ ഈ ഷഹീർ മദ്യാസക്തി മുഴുത്ത് 1991-ൽ ഒരു രക്തസാക്ഷിയെപ്പോലെ മരിച്ചു. സർവ്വകലാശാലയുടെ പേർ സ്വർണ്ണാക്ഷരങ്ങളിൽ എഴുതാതെ.

ഈ കഥ മറാത്തിയിലാണ് ആദ്യം എഴുതപ്പെട്ടത്.

നാടോടിപ്പാട്ടുകളുടെ പരിഭാഷ: നമിത വൈകർ.

ഈ കഥ റിപ്പോർട്ട് ചെയ്യുന്നതിന് സഹായിച്ച ഭോകറിലെ ലക്ഷ്മൺ ഹീരെ, നന്ദേദിലെ രാഹുൽ പ്രധാൻ, പുണെയിലെ ദയാനന്ദ് കനൿദണ്ഡെ എന്നിവർക്ക് നന്ദി.

ഇന്ത്യാ ഫൌണ്ടേഷൻ ഫോർ ആർട്ട്സിന്റെ ആർക്കൈവ്സ് ആൻഡ് മ്യൂസിയംസ് പ്രോഗ്രാമും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയും ചേർന്ന് നടപ്പക്കിയതും ‘ഇൻഫ്ലുവെൻഷ്യൽ ഷഹീർസ്, നരേറ്റീവ്സ് ഫ്രം മറാത്ത്‌വാഡ – സ്വാധീനം ചെലുത്തിയ ഷഹീറുകൾ, മറാത്ത്‌വാഡയിൽനിന്നുള്ള ആഖ്യാനങ്ങൾ’എന്ന് പേരിട്ടതുമായ സമാഹാരത്തിൽനിന്നുള്ള ഒരു മൾട്ടിമീഡിയ സ്റ്റോറിയാണ് ഇത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Keshav Waghmare

केशव वाघमारे, महाराष्ट्र के पुणे ज़िले के एक लेखक और शोधकर्ता हैं. वह साल 2012 में गठित ‘दलित आदिवासी अधिकार आंदोलन (डीएएए)’ के संस्थापक सदस्य हैं और कई वर्षों से मराठवाड़ा में रहने वाले समुदायों का दस्तावेज़ीकरण कर रहे हैं.

की अन्य स्टोरी Keshav Waghmare
Illustrations : Labani Jangi

लाबनी जंगी साल 2020 की पारी फ़ेलो हैं. वह पश्चिम बंगाल के नदिया ज़िले की एक कुशल पेंटर हैं, और उन्होंने इसकी कोई औपचारिक शिक्षा नहीं हासिल की है. लाबनी, कोलकाता के 'सेंटर फ़ॉर स्टडीज़ इन सोशल साइंसेज़' से मज़दूरों के पलायन के मुद्दे पर पीएचडी लिख रही हैं.

की अन्य स्टोरी Labani Jangi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

की अन्य स्टोरी Rajeeve Chelanat