ഫാത്തിമ ബാനു ഒരു കവിത ആലപിക്കുകയാണ്: “മുകളിൽ പങ്ക കറങ്ങുന്നു, താഴെ കുഞ്ഞ് ഉറങ്ങുന്നു“, അവൾ ഹിന്ദിയിൽ ചൊല്ലി. “ഉറങ്ങൂ കുഞ്ഞേ ഉറങ്ങൂ, വലിയ ചുവന്ന കിടക്കയിൽ ഉറങ്ങൂ”..എല്ലാ കണ്ണുകളും ആ ഒമ്പതുവയസ്സുകാരിയിലാണെങ്കിലും, അവൾ അത് ശ്രദ്ധിക്കാത്ത മട്ടിലിരിക്കുകയാണ്. രാജാജി കടുവസങ്കേതത്തിനകത്തെ വന്‍ ഗുജ്ജർ ബസ്തിയിലെ ഒരു ക്ലാസ്സുമുറിയിൽ ഒരുച്ചയ്ക്ക് കൂടിയിരിക്കുകയായിരുന്നു ഒരു കൂട്ടം മുതിർന്ന കുട്ടികൾ.
ആ ദിവസം അവരുടെ ‘സ്കൂൾ’ നടക്കുന്നത്, തബസ്സും ബീവിയുടെ വീട്ടുമുറ്റത്താണ്. അഞ്ച് വയസ്സുമുതൽ 13 വയസ്സുവരെ വിവിധപ്രായത്തിലുള്ള കുറച്ച് കുട്ടികൾ നോട്ടുപുസ്തകമൊക്കെ പിടിച്ച് ഒരു വലിയ പായയിലിരിക്കുന്നു. തബസ്സും ബീവിയുടെ രണ്ട് കുട്ടികളും – ഒരാൺകുട്ടിയും പെൺകുട്ടിയും – അതിലുണ്ട്. ബസ്തിയിലെ മറ്റുള്ള മിക്ക കുടുംബങ്ങളെയുംപോലെ അവരുടെ കുടുംബവും എരുമകളെ മേച്ചും പാൽ വിറ്റുമാണ് ഉപജീവനം നടത്തുന്നത്.
2015 മുതൽക്ക് കുനാവു ചൗഡ് കോളണിയിൽ സ്കൂൾ ഇടയ്ക്കിടയ്ക്ക് കൂടാറുണ്ട്. ഒന്നുകിൽ മുറ്റത്തോ, അതല്ലെങ്കിൽ ഏതെങ്കിലുമൊരു വീട്ടിലെ വലിയൊരു മുറിയിലോ. തിങ്കൾ മുതൽ വെള്ളിവരെ, 9.30-നും 12.30-നും ഇടയിലാണ് ക്ലാസ്സുകൾ നടക്കാറുള്ളത്. 2020 ഡിസംബറിൽ ഒരിക്കൽ, ഫാത്തിമ ബാനു കവിത ചൊല്ലുമ്പോൾ ഞാൻ അവിടെ ചെന്നിരുന്നു. അന്ന്, അവിടെ ആ ക്ലാസ്സിൽ 11 പെൺകുട്ടികളും 16 ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.
വന്‍ ഗുജ്ജർ സമുദായത്തിലെ ചെറുപ്പക്കാരായ ചിലരാണ് അദ്ധ്യാപകർ. ഉത്തരാഖണ്ഡിലെ പൗഡി ഗഢ്വാൾ ജില്ലയിലെ യമകേശ്വർ ബ്ലോക്കിൽ 200-ഓളം കുടുംബങ്ങൾ താമസിക്കുന്ന കുനാവു ചൗഡ് എന്ന ബസ്തി വിദ്യാഭ്യാസത്തിൽ സ്ഥിരമായി അനുഭവിക്കുന്ന കുറവ് നികത്തുന്നത് ഇവരാണ്. (സംസ്ഥാനത്തിലെ കുമാവു, ഗഢ്വാൾ പ്രദേശങ്ങളിലായി 70,000ത്തിനും 100,000ത്തിനും ഇടയിൽ വൻ ഗുജ്ജറുകളുണ്ടെന്നാണ് സമുദായത്തിലെ പ്രവർത്തകർ കണക്കാക്കുന്നത്. സംസ്ഥാനത്തെ പട്ടികജാതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള അവർ ഇന്ന് പട്ടികവർഗ്ഗ പദവി ആവശ്യപ്പെടുന്നുണ്ട്). കടുവസങ്കേതത്തിലെ കോളണിയിലെ മിക്ക വീടുകളും മണ്ണും ഓലയുംകൊണ്ട് മേഞ്ഞവയാണ്. സ്ഥിരമായ വീടുകൾ കെട്ടുന്നതിന് വനംവകുപ്പിന്റെ നിരോധനമുണ്ട്. കക്കൂസ് സൗകര്യങ്ങൾ അവിടെ തീരെയില്ല എന്ന് പറയാം. വെള്ളത്തിന് ആ കുടുംബങ്ങൾ ആശ്രയിക്കുന്നത് കാട്ടിലെ അരുവികളെയാണ്.
റോഡിൽനിന്ന് അകലെയായി, സങ്കേതത്തിനകത്താണ് കുനാവു ചൗഡ് സ്ഥിതി ചെയ്യുന്നത്. നിരവധി തടസ്സങ്ങൾ കാരണം, വല്ലപ്പോഴുമൊക്കെയാണ് സ്കൂളിന്റെ പ്രവർത്തനം. സർക്കാർ മാതൃകാ പ്രാഥമിക വിദ്യാലയവും (അഞ്ചാം ക്ലാസ്സുവരെയുള്ളത്), സർക്കാർ ഇന്റർ കൊളെജും (12-ആം ക്ലാസ്സുവരെയുള്ളത്) മൂന്ന് കിലോമീറ്റർ ദൂരത്താണ്. കടുവ, ആന, മാനുകൾ തുടങ്ങിയ മൃഗങ്ങളെല്ലാം യഥേഷ്ടം സഞ്ചരിക്കുന്ന സ്ഥലമാണിത്. ഗംഗാനദിയുടെ കൈവഴിയായ ബീൻ നദി കടന്നുവേണം സ്കൂളിലെത്താൻ. ജൂലായ് – ഓഗസ്റ്റ് മാസങ്ങളിലെ മഴക്കാലത്ത്, കുട്ടികൾക്ക് സ്കൂളിൽ പോവാൻ സാധിക്കാറില്ല. ചിലപ്പോൾ രക്ഷകർത്താക്കൾ അവരെ സ്കൂളിലേക്ക് കൊണ്ടുപോവും.
പലരും സ്കൂളിൽ പേര് ചേർത്തിട്ടേയില്ല. രേഖകളുടെ അഭാവമാണ് ഒരു കാരണം. രേഖകൾക്കുവേണ്ടി അപേക്ഷ സമർപ്പിക്കലും വാങ്ങലുമൊക്കെ കാട്ടിലെ വിദൂരമായ ബസ്തികളിൽ താമസിക്കുന്ന ഗുജ്ജർ കുടുംബങ്ങൾക്ക് അത്ര എളുപ്പമല്ല. മിക്കവാറും കുട്ടികൾക്ക് ജനനസർട്ടിഫിക്കറ്റുകളോ ആധാർ കാർഡോ ഇല്ലെന്ന് കുനാവു ചൗഡിലെ അച്ഛനമ്മമാർ പറയുന്നു. (പ്രസവവും സങ്കേതത്തിനകത്തുതന്നെയാണ് നടക്കാറുള്ളത്). വന്‍ ഗുജ്ജറുകൾ നിരന്തരമായി നേരിടുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി 2021 മേയ് മാസത്തിൽ ഒരു കമ്മിറ്റിക്ക് രൂപം നൽകുകയുണ്ടായി.
മിക്ക കുടുംബങ്ങളിലും മുതിർന്ന കുട്ടികൾ ദിവസത്തിന്റെ വലിയൊരു ഭാഗം ചിലവഴിക്കുന്നത് കന്നുകാലികളെ മേച്ചുകൊണ്ടാണ്. അവരിൽ സൈത്തൂന്‍ ബീബിയുടെ 10 വയസ്സായ മകൻ ഇമ്രാൻ അലിയുമുണ്ട്. അവനാണ് വീട്ടിലെ ആറ് എരുമകളെ പരിപാലിക്കുന്നത്. സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ അവൻ പേര് ചേർക്കുകയും പിന്നീട് 2021 ഓഗസ്റ്റിൽ ആറാം ക്ലാസ്സിൽ ചേരുകയും ചെയ്തെങ്കിലും അവന്റെ പഠനവും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നു. “ഞാൻ രാവിലെ 6 മണിക്ക് എഴുന്നേറ്റ് കന്നുകാലികൾക്ക് ഭക്ഷണം കൊടുത്ത് പാൽ കറക്കാൻ തുടങ്ങും. പിന്നെ അവയെ കൊണ്ടുപോയി വെള്ളം കുടിപ്പിച്ച് വൈക്കോൽ കൊടുക്കും”, അവൻ പറയുന്നു. ഇമ്രാന്റെ അച്ഛൻ പാൽ വിൽക്കുകയും അമ്മ വീട്ടുജോലികളിൽ ഏർപ്പെടുകയും ചെയ്യുന്നു. കന്നുകാലി പരിപാലനം അവരുടെ ജോലിയുടേയുംകൂടി ഭാഗമാണ്.
ഇമ്രാനെപ്പോലെ മിക്ക കുട്ടികളും വീട്ടിൽ ഇത്തരം പണികൾ ചെയ്യുന്നവരാണ്. അത് അവരുടെ പഠനത്തെ സാരമായി ബാധിക്കുന്നു. “എരുമകളെ നോക്കാൻ ഞങ്ങളുടെ കുട്ടികളും സഹായിക്കുന്നു”, ബാനു ബീബി പറയുന്നു. “വെള്ളം കുടിപ്പിക്കാനും മേയ്ക്കാനും അവരാണ് കൊണ്ടുപോകുന്നത്. കാട്ടിൽനിന്ന് വിറക് കൊണ്ടുവരാനും അവർ സഹായിക്കുന്നു”, അവർ പറയുന്നു. അവരുടെ മൂത്ത മകൻ 10 വയസ്സുള്ള യാക്കൂബ് ഇന്റർ കൊളെജിൽ ഏഴാം ക്ലാസ്സിലാണ് പഠിക്കുന്നത്. പക്ഷേ അഞ്ചുവയസ്സിനും ഒമ്പത് വയസ്സിനുമിടയിലുള്ള രണ്ട് പെണ്മക്കളും ഒരു മകനും പഠിക്കുന്നത്, ബസ്തിയിലെ അനൗപചാരിക വിദ്യാലയത്തിലും. “ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനേ. പക്ഷേ ഞങ്ങൾക്ക് ഈ കാട്ടിലല്ലേ ജീവിക്കാൻ പറ്റൂ” (അതുകൊണ്ട് ഈ ജോലികൾ ചെയ്യാതെ നിവൃത്തിയില്ല എന്നർത്ഥം) അവർ പറയുന്നു.
ഏറെക്കാലമായി ഈ സമുദായം നയിക്കുന്ന നാടോടി ജീവിതമാണ് വിദ്യാഭ്യാസത്തിനുള്ള മറ്റൊരു പ്രതിബന്ധം. എന്നാൽ ഈയിടെയായി മിക്ക വന്‍ ഗുജ്ജറുകളും വേനൽക്കാലങ്ങളിൽ ജോലി തേടി മലമ്പ്രദേശങ്ങളിലേക്ക് പോവാറില്ലെന്നും പകരം, മുഴുവൻ സമയവും ബസ്തിയിൽ കഴിയാറുണ്ടെന്നും ഷറഫത്ത് അലി പറയുന്നു. പ്രാദേശികമായ വനാവകാശ കമ്മിറ്റിയിലെ അംഗമാണ് ഷറഫത്ത്. അദ്ദേഹത്തിന്റെ കണക്കുപ്രകാരം, കുനാവു ചൗഡിലെ 200 കുടുംബങ്ങളിൽ നാലോ അഞ്ചോ കുടുംബങ്ങളിലുള്ളവർ മാത്രമാണ് ഉത്തരകാശിയിലേയും രുദ്രപ്രയാഗിലേയും മലകളിലേക്ക് പണിക്ക് പോവുന്നത്.
മഹാവ്യാധിയും, 2020-ലും വീണ്ടും 2021-ലും ഉണ്ടായ നീണ്ടകാലത്തെ അടച്ചുപൂട്ടലും സ്കൂളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. “ഞങ്ങളുടെ സ്കൂൾ (സർക്കാർ പ്രാഥമിക വിദ്യാലയം) അടച്ചുപൂട്ടൽ കാലത്ത് അടച്ചിട്ടിരുന്നു. ഇപ്പോൾ ഞങ്ങൾ സ്വന്തം സ്കൂളിലാണ് (ബസ്തിയിലെ സ്കൂൾ) പഠിക്കുന്നത്, 2020-ൽ ഇമ്രാൻ എന്നോട് പറയുകയുണ്ടായി.
2020 മാർച്ചിൽ അടച്ചുപൂട്ടൽ തുടങ്ങിയപ്പോൾ വീട്ടിലിരുന്നുള്ള പഠിപ്പ് ചിലർ തുടർന്നു. “ഞങ്ങൾ കുട്ടികൾക്ക് നോട്ട്ബുക്കിൽ പാഠങ്ങൾ കൊടുത്ത്, 3-4 ദിവസങ്ങൾക്കുശേഷം പരിശോധിക്കും. മൂന്നോ നാലോ കുട്ടികളെ ഒരുമിച്ച് വിളിച്ച് പുതിയ വിഷയങ്ങൾ പഠിപ്പിക്കും”, അദ്ധ്യാപകനായ 33 വയസ്സുള്ള മൊഹമ്മദ് ഷംസദ് പറഞ്ഞു. ഷംസദിന്റെ കൂടെ സ്കൂളിൽ അദ്ധ്യാപകരായി ജോലി ചെയ്യാൻ 26 വയസ്സുള്ള മൊഹമ്മദ് മിർ ഹംസയും, 20 വയസ്സുള്ള അഫ്താബ് അലിയുമുണ്ട്.
2017-ൽ അവരും മറ്റ് ചില ചെറുപ്പക്കാരും ചേർന്ന് വന്‍ ഗുജ്ജർ യുവ സംഘടന രൂപവത്ക്കരിച്ചു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഉത്തർ പ്രദേശിലുമായി 177 അംഗങ്ങളുണ്ട് ആ സംഘടനയിൽ. ആറുപേർ സ്ത്രീകളാണ്. വിദ്യാഭ്യാസത്തിലും വനാവകാശത്തിലുമാണ് അവർ കൂടുതൽ ഊന്നൽ നൽകുന്നത്. കറസ്പോണ്ടൻസ് കോഴ്സ് വഴി സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് ഹംസ. ഡെറാഡൂൺ കൊളെജിൽനിന്ന് ബി.കോം ബിരുദമെടുത്തിട്ടുണ്ട് ഷംസദ്. ഗവണ്മെന്റ് ഇന്റർ കൊളെജിൽനിന്ന് 12-ാം ക്ലാസ്സ് കഴിഞ്ഞയാളാണ് അഫ്താബ്. ബസ്തിയിലെ മറ്റ് താമസക്കാരെപ്പോലെ ഇവരുടെ കുടുംബത്തിന്റെയും മുഖ്യ ഉപജീവനമാർഗ്ഗം എരുമകളാണ്.
പഠനത്തിലേക്കുള്ള വഴിയിൽ വേറെയും പ്രതിബന്ധങ്ങളുണ്ടെന്ന് അദ്ധ്യാപകർ പറയുന്നു. കാരണം, വിദ്യാഭ്യാസം അത്യാവശ്യമാണെന്ന്, അതും ഇത്രയധികം ബുദ്ധിമുട്ടുകൾ തരണം ചെയ്തുകൊണ്ട് വിദ്യാഭ്യാസം നേടേണ്ട ആവശ്യമുണ്ടെന്ന്, മിക്ക രക്ഷകർത്താക്കൾക്കും – അവരും ഒരിക്കലും സ്കൂളിൽ പോയിട്ടുള്ളവരല്ല – ഇപ്പോഴും ബോദ്ധ്യം വന്നിട്ടില്ല.
വിദ്യാഭ്യാസം നേടിയിട്ടുള്ളവർക്കുപോലും അധികം തൊഴിലുകളൊന്നും ലഭിക്കുന്നില്ല. അതേസമയം, മറ്റ് ഉപജീവനമാർഗ്ഗങ്ങളും പരിമിതമാണ്. വനഭൂമിയിൽ കൃഷി ചെയ്യാൻ വനംവകുപ്പിൽനിന്ന് നിയന്ത്രണങ്ങൾ നേരിടേണ്ടിവരുന്നുണ്ട് വന്‍ ഗുജ്ജറുകൾക്ക്. മിക്ക കുടുംബങ്ങൾക്കും എരുമകളും കുറച്ച് പശുക്കളും മാത്രമേ സ്വന്തമായുണ്ടാവൂ. 5 മുതൽ 25 വരെ കന്നുകാലികൾ ഉള്ളവരാണവർ. പാലിന്റെ കച്ചവടമാണ് പ്രധാനമായും അവരുടേത്. ഋഷികേശിൽ താമസമാക്കിയ വ്യാപാരികൾ (ഈ കോളണിയിൽനിന്ന് 10 കിലോമീറ്റർ അകലെയാണ് പട്ടണം) ഗുജ്ജർ കുടുംബങ്ങളിൽനിന്നാണ് പാൽ വാങ്ങുക. കന്നുകാലികളുടെ എണ്ണത്തെ ആശ്രയിച്ച്, പാൽ വിറ്റാൽ 20,000-ത്തിനും 25,000-ത്തിനും ഇടയിൽ സമ്പാദ്യം കിട്ടും. പക്ഷേ അതിന്റെ നല്ലൊരു ശതമാനം, കന്നുകാലിത്തീറ്റയും മറ്റും വാങ്ങാൻ ഇതേ വ്യാപാരികൾക്ക് കൊടുക്കേണ്ടിവരികയും ചെയ്യുന്നു ഇവർക്ക്. അതിനുപുറമേയാണ് പഴയതും പലിശയ്ക്ക് പുറത്ത് പലിശ കൊടുക്കേണ്ടതുമായ കടബാധ്യതകൾ (ഏപ്രിൽ - സെപ്റ്റംബർ മാസങ്ങളിൽ മറ്റിടങ്ങളിലേക്ക് കുടിയേറാൻ പണ്ട് വാങ്ങിയിരുന്ന വായ്പകളാണ് ആ പഴയ ബാധ്യതകളിൽ ഏറിയ പങ്കും).
കുനാവു ചൗഡിലെ 10 ശതമാനം കുട്ടികൾക്കുപോലും തുടർച്ചയായ ഔപചാരിക വിദ്യാഭ്യാസം കിട്ടുന്നില്ലെന്നാണ് യുവ സംഘടനയുടെ ഡയറക്ടറായ മീർ ഹംസയുടെ വിലയിരുത്തൽ. “വിദ്യാഭ്യാസ അവകാശങ്ങൾക്കായി നിയമങ്ങളുണ്ടായിട്ടുപോലും, അതുമായി ബന്ധപ്പെട്ട സർക്കാരിന്റെ പല പദ്ധതികളും ഈ സമുദായത്തിലേക്ക് എത്തുന്നില്ല. കാരണം, ഞങ്ങളുടെ ബസ്തി ഏതെങ്കിലും ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട ഒന്നല്ല (ആയിരുന്നെങ്കിൽ, പല പദ്ധതികളുടേയും ഗുണഭോക്താവാവാൻ അവർക്ക് കഴിയുമായിരുന്നു). കുനാവു ചൗഡിന് റവന്യൂ വില്ലേജിന്റെ പദവി കിട്ടണമെന്ന് അന്നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കുറച്ചുനാളായി.
സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാക്കുന്ന 2009-ലെ നിയമത്തിന്റെ ചുവട് പിടിച്ച്, കുനാവു ചൗഡിനെപോലുള്ള വിദൂരസ്ഥലങ്ങളിലെ വന്‍ ഗുജ്ജർ കുട്ടികളെ ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തുന്ന നോൺ റസിഡൻഷ്യൽ സ്പെഷ്യൽ ട്രെയിനിംഗ് സെന്ററുകൾ (എൻ.ആർ.എസ്.ടി.സി.കൾ) 2015-16-ൽ ചില ബസ്തികളിൽ ആരംഭിക്കുകയുണ്ടായി
ആ അക്കാദമിക വർഷം, കുനാവു ചൗഡിലെ 38 കുട്ടികൾ പ്രാദേശിക ക്ലാസ്സുകളിൽ പങ്കെടുത്തുവെന്ന്, യമകേശ്വറിലെ ബ്ലോക്ക് വിദ്യാഭ്യാസ ഉദ്യോഗസ്ഥനായ ശൈലേന്ദ്ര അമോലി പറയുന്നു. 2019-ൽ വീണ്ടും അനുമതി വാങ്ങി, ജൂൺ മുതൽ 92 കുട്ടികളെ രജിസ്റ്റർ ചെയ്ത് ക്ലാസ്സുകൾ വീണ്ടും തുടങ്ങി. 2020 മാർച്ചിലെ അടച്ചുപൂട്ടൽ കാലം വരെ അത് തുടർന്നു. 2021-22 അക്കാദിമക വർഷത്തേക്കുള്ള എൻ.ആർ.എസ്.ടി.സി. ക്ലാസ്സുകൾക്കും അംഗീകാരം കിട്ടിയിട്ടുണ്ട്. കുനാവു ചൗഡിലെ 6-നും 12-നും ഇടയിൽ പ്രായമുള്ള 63 കുട്ടികളാണ് അതിലുള്ളതെന്ന് ശൈലേന്ദ്ര പറയുന്നു.
എന്തായാലും വന്‍ ഗുജ്ജറുകൾക്ക് ഔപചാരിക വിദ്യാഭ്യാസത്തിൽ വലിയ വിശ്വാസമില്ലെന്ന് അയാൾ കൂട്ടിച്ചേർത്തു. 2015-16-ൽ എൻ.ആർ.എസ്.ടി.സി.യിൽ രജിസ്റ്റർ ചെയ്ത മിക്ക കുട്ടികളും 2021-22-ൽ വീണ്ടും രജിസ്റ്റർ ചെയ്തു. ആ ക്ലാസ്സുകൾ ഒരു താത്ക്കാലിക സംവിധാനമായിട്ടാണ് ഉദ്ദേശിച്ചിരുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
എന്നാൽ, 2015-16-ലും 2019-ലും എൻ.ആർ.എസ്.ടി.സി. ക്ലാസ്സുകൾ പതിവായി നടന്നിരുന്നില്ലെന്നും മേൽനോട്ടമുണ്ടായിരുന്നില്ലെന്നും ഹംസയും മറ്റ് പ്രാദേശിക അദ്ധ്യാപകരും പറയുന്നു. അദ്ധ്യാപകർ പലപ്പോഴും സന്നിഹിതരായിരുന്നില്ല. മറ്റ് ഗ്രാമങ്ങളിൽനിന്നും സമുദായങ്ങളിൽനിന്നും വന്ന അദ്ധ്യാപകർക്കാകട്ടെ, പ്രദേശത്തിന്റെ വൈവിധ്യങ്ങൾ പരിചയവുമില്ലായിരുന്നു.
എൻ.ആർ.എസ്.ടി.സി.യുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഈ പദ്ധതി നടപ്പാക്കുന്ന കോളണികളിലെയും ഗ്രാമങ്ങളിലെയും വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർക്കാണ് അദ്ധ്യാപക പരിശീലനം നൽകേണ്ടിയിരുന്നത്. മാസം 7,000 രൂപ ശമ്പളത്തിൽ. എന്നാൽ, 2015-16-ൽ കുനാവു ചൗഡിൽ ഈ പദ്ധതി നടപ്പാക്കുമ്പോൾ ബസ്തിയിൽ ഒരു ബിരുദധാരിപോലും ഉണ്ടായിരുന്നില്ല. മറ്റൊരു ഗ്രാമത്തിലെ ഒരാളെയാണ് അദ്ധ്യാപകനായി നിയമിച്ചത്. തങ്ങൾക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ലെന്നാണ് മാസ്റ്റർ ബിരുദത്തിന് പഠിക്കുന്ന മീർ ഹംസയുടേയും ബി.കോം ബിരുദമുള്ള ഷംസദിന്റേയും സങ്കടം.
ഇടവിട്ടുള്ള എൻ.ആർ.എസ്.ടി.സി. ക്ലാസ്സുകൾ ഉണ്ടാക്കുന്ന വിദ്യാഭ്യാസ വിടവ് നികത്താൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള അനൗപചാരിക ക്ലാസ്സുകൾ, ഗവണ്മെന്റ് ഇന്റർ കൊളെജിൽ പഠിക്കുന്ന മുതിർന്ന കുട്ടികൾക്ക് ഒരു അധിക ട്യൂഷൻ എന്ന നിലയ്ക്കും, ചെറിയ കുട്ടികൾക്ക് (പ്രാഥമിക സ്കൂളിൽ പഠിക്കുന്നവരും, പേർ ചേർത്തിട്ടില്ലാത്തവർക്കും ഒരുപോലെ) ഒരു തയ്യാറെടുപ്പെന്ന നിലയ്ക്കും മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ. 5-ാംആം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ് ആറാം ക്ലാസ്സിൽ ചേരാൻ അത് ചെറിയ കുട്ടികളെ സഹായിക്കുമെന്ന് മാത്രം. ഒരു കുട്ടിയിൽനിന്ന് 30 – 35 രൂപയാണ് അദ്ധ്യാപകർ സ്വന്തം ചിലവിലേക്കായി ആവശ്യപ്പെടുന്നത്. ഇതിലും വ്യത്യാസങ്ങളുണ്ടാവാം, മാത്രമല്ല, ഇത് നിർബന്ധവുമല്ല.
സമുദായാംഗങ്ങളുമായി ഏറെക്കാലം ഇടപഴകുകയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവത്ക്കരിക്കുകയും ചെയ്തതുകൊണ്ട് സാവധാനം മാറ്റം വരുന്നുണ്ടെന്ന് അദ്ധ്യാപകർ പറയുന്നു.
“ഞങ്ങളുടെ കുട്ടികൾക്ക് വായിക്കാനും എഴുതാനും സാധിക്കണം. കാട്ടിലെ ജീവിതം ബുദ്ധിമുട്ടുള്ളതാണ്. ഞങ്ങൾ അദ്ധ്വാനിക്കുന്നതുപോലെ അദ്ധ്വാനിക്കാൻ അവർക്കാവില്ല. ഞങ്ങളാരും പഠിപ്പുള്ളവരല്ല. പക്ഷേ ഞങ്ങളുടെ കുട്ടികൾ ഞങ്ങളെപ്പോലെയാവരുത്” സൈത്തൂന്‍ ബീബി പറയുന്നു.
5 വയസ്സിനും 11 വയസ്സിനുമിടയിലുള്ള തന്റെ മൂന്ന് കുട്ടികളും പഠിക്കണമെന്നാണ് മൊഹമ്മദ് റാഫിയുടേയും ആഗ്രഹം. 11 വയസ്സുള്ള മകൻ യാക്കൂബ് സർക്കാർ സ്കൂളിൽ 7-ാം ക്ലാസ്സിലും, താഴെയുള്ള രണ്ട് കുട്ടികൾ ബസ്തിയിലെ ക്ലാസ്സിലുമാണ് പഠിക്കുന്നത്. “പുറത്തുള്ള ലോകം കാണുമ്പോൾ, ഞങ്ങളുടെ കുട്ടികൾക്കും വിദ്യാഭ്യാസമുണ്ടാവണമെന്ന് ഞങ്ങൾക്ക് തോന്നുന്നുണ്ട്”, റാഫി പറയുന്നു.
ഷറഫത്ത് അലിയുടെ രണ്ട് കുട്ടികൾ - ഏഴ് വയസ്സുള്ള നൗഷാദും അഞ്ച് വയസ്സുള്ള ആശയും – ബസ്തിയിലെ സ്കൂളിൽ പഠിക്കുന്നുണ്ട്. “വേനൽക്കാലത്ത് കന്നുകാലികളുമായി മലമുകളിലേക്ക് പോവുന്നത് ഞാൻ നിർത്തിയിട്ട് അഞ്ച് കൊല്ലമാവുന്നു”, അയാൾ പറഞ്ഞു. “കുട്ടികൾക്ക് വായിക്കാനും എഴുതാനും കഴിയണമെന്നതുകൊണ്ട് ഞങ്ങൾ ഇവിടെത്തന്നെ സ്ഥിരതാമസമാക്കി. അവർക്ക് നല്ല വിദ്യാഭ്യാസം കിട്ടണം. സമൂഹത്തിൽ, മറ്റുള്ളവരെപ്പോലെത്തന്നെ അവർക്കും ജീവിക്കാൻ സാധിക്കണം. ജോലിയും കിട്ടണം”, അയാൾ കൂട്ടിച്ചേർത്തു.
വിവിധ വന്‍ ഗുജ്ജർ കോളനികളിൽ ഈ അദ്ധ്വാനം ഫലം കാണുന്നുണ്ടെന്ന് ഷംസദ് പറയുന്നു. “2019-ൽ ഏകദേശം 40 കുട്ടികളാണ്, ഞങ്ങളുടെ സംഘടന വഴി, വന്‍ ഗുജ്ജർ ബസ്തികളിൽനിന്ന് ആറാം ക്ലാസ്സിലേക്ക് കയറിയത്. ചില ആൺകുട്ടികളും പെൺകുട്ടികൾപോലും, 10-ാം ക്ലാസ്സിലേക്കെത്താറായി. ചുരുക്കം ചിലർ 12-ാം ക്ലാസ്സിലും എത്തി (പക്ഷേ, ഇവരിൽ കുനാവു ചൗഡിൽനിന്ന് ആരും ഇതുവരെയില്ല).” ഷംസദ് പറയുന്നു.
ആദ്യമൊക്കെ വളരെ കുറച്ച് പെൺകുട്ടികളേ ബസ്തിയിലെ ക്ലാസ്സുകളിൽ വരാറുണ്ടായിരുന്നുള്ളുവെന്ന് ഷംസദ് പറഞ്ഞു. “ഞങ്ങൾക്ക് രക്ഷകർത്താക്കളെ പറഞ്ഞ് മനസ്സിലാക്കിക്കേണ്ടിവന്നു. കഴിഞ്ഞ 3-4 വർഷമായി മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്”. ഈ അക്കാദമിക വർഷം ആറാം ക്ലാസ്സിലേക്ക് പ്രവേശനം കിട്ടിയ കുട്ടികളിൽ കുനാവു ചൗഡില്നിന്നുള്ള 12 വയസ്സുകാരിയായ റംസാനോയും ഉൾപ്പെടുന്നു. കുടുംബത്തിൽനിന്ന് ഔപചാരിക വിദ്യാലയത്തിൽ ചേരുന്ന ആദ്യത്തെ പെൺകുട്ടിയാണ് താൻ എന്ന് അവൾ പറയുന്നു. 10-ാം ക്ലാസ്സ് പാസ്സാവാണമെന്നും അവൾക്ക് ആഗ്രഹമുണ്ട്.
കുറച്ചുകാലത്തിനുള്ളിൽ അവർക്കിടയിലേക്ക് ഒരുപക്ഷേ ആ കവിത വായിച്ച ഒമ്പതുവയസ്സുകാരി ഫാത്തിമ ബാനുവും എത്തിയേക്കാം. സർക്കാർ സ്കൂളിലേക്കുള്ള തന്റെ സമുദായത്തിന്റെ അനിശ്ചിതമായ യാത്രയിൽ ഒരുപക്ഷേ അവളും പങ്കുചേർന്നുവെന്ന് വരാം.
പരിഭാഷ: രാജീവ് ചേലനാട്ട്