"ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല. എല്ലാം നന്നായിരുന്നു, ജീവിതം സാധാരണരീതിയിൽ പോവുകയായിരുന്നു," മുപ്പത്തിമൂന്നുകാരനായ ദിനേശ് ചന്ദ്ര സുതാർ പറഞ്ഞു. തന്റെ കുടുംബത്തെ സംബന്ധിച്ച ഫയലുകൾക്കും റിപ്പോർട്ടുകൾക്കും ഇടയിൽ ഇരുന്ന് ആ അചിന്ത്യമായ കാര്യം സംഭവിക്കുന്നത് വരെ ദൈനംദിന കാര്യങ്ങൾ എങ്ങനെയായിരുന്നു എന്ന് ഓർത്തെടുക്കുകയായിരുന്നു അയാൾ.

രാജസ്ഥാനിലെ ബൻസി ഗ്രാമത്തിലെ സുതാർ കുടുംബത്തിന്റെ വീട്ടുചുമരുകളിൽ, അയാളുടെ മരിച്ചു പോയ ഭാര്യയുടെ ഫോട്ടോകൾ തൂക്കിയിട്ടുണ്ട്. ഭാവന ദേവിയുടെ ചിത്രം ദിനേശിന്റെ ഫയലുകളിൽ ഉള്ളത് തന്നെയാണ്. 2015-ൽ അവരുടെ കല്യാണത്തിന് കുറച്ചു മാസങ്ങൾക്കു ശേഷം ഒരു സർക്കാർ പദ്ധതിക്കുള്ള അപേക്ഷയോടൊപ്പം വയ്ക്കാൻ വേണ്ടി എടുത്തതാണ് അത്.

അഞ്ച്‌ വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ ഹ്രസ്വമായ വിവാഹജീവിതത്തെ ഓർമിപ്പിക്കുന്ന കടലാസുകളും ചിത്രങ്ങളും ദിനേശ്  മുറുകെപ്പിടിച്ചിരിക്കുകയാണ്. രണ്ട് ആൺകുട്ടികളുടെ അച്ഛനാണ് ഇന്ന് അയാൾ. മൂന്ന് വയസ്സുള്ള ചിരാഗും, ഭാവന മരിക്കുമ്പോൾ 29 ദിവസങ്ങൾ മാത്രം പ്രായമായിരുന്നതും നാമകരണം പൂർത്തിയാകാഞ്ഞതുമായ ദേവാൻശ്. ബരി സദ്രി മുനിസിപ്പാലിറ്റിയിലെ 50 കിടക്കകളുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടർന്ന് കുടലിൽ മുറിവുണ്ടായത് കാരണമാണ് ഭാവന മരിച്ചത്.

ബി. എഡ്. ബിരുദധാരിയായ ദിനേശ് ബൻസിയിൽ നിന്ന് ആറ് കിലോമീറ്റർ ദൂരത്തുള്ള ബദ്വാലിലെ ഒരു സ്വകാര്യ സ്കൂളിൽ 15,000 രൂപ ശമ്പളമുള്ള അദ്ധ്യാപകനാണ്.  അന്ന് സംഭവിച്ച കാര്യങ്ങൾ കോർത്തിണക്കാൻ അയാൾ പണിപ്പെടുകയാണ്. എവിടെ പാളിപ്പോയത് കൊണ്ടാണ് തങ്ങളുടെ ജീവിതം താറുമാറായത് എന്ന് ചികയുകയാണ് അയാൾ. അവസാനം സ്വയം കുറ്റപ്പെടുത്തുകയാണ്.

"ശസ്ത്രക്രിയക്ക് സമ്മതിച്ചതാണോ അതോ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ ഡോക്ടർമാരെ വിശ്വസിച്ചതാണോ എന്റെ തെറ്റ്? ഞാൻ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടണമായിരുന്നു. ഞാൻ ആ ശസ്ത്രക്രിയക്കു സമ്മതിക്കുകയോ അവരെ വിശ്വസിക്കുകയോ ചെയ്യാൻ പാടില്ലായിരുന്നു. അതാണ് എന്റെ തെറ്റ്," ദിനേശ് പറഞ്ഞു. 2019 ജൂലൈ 24-നു ഭാര്യ മരിച്ചതിനു ശേഷം ഇത്തരം ചിന്തകൾ അയാളെ അനവധിത്തവണ അലട്ടി.

മരിക്കുന്നതിന് ഏകദേശം ഒരു മാസം മുൻപ് അതായത് ജൂൺ 25 2019-നു ഭാവന ദേവാൻശ് എന്ന ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. രണ്ടാമത്തെ ഗർഭവും പ്രസവവും ആദ്യത്തേത് പോലെ സുഗമമായിരുന്നു. റിപ്പോർട്ടുകളും പരിശോധനാഫലങ്ങളും എല്ലാം സാധാരണമായിരുന്നു.  ചിത്തോർഗഢ് ജില്ലയിലെ ബരി സദ്രി ബ്ലോക്കിലെ തങ്ങളുടെ ഗ്രാമത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള ബരി സദ്രി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രസവവും സാധാരണമായിരുന്നു.

Bhavna Suthar underwent permanent sterilisation at the CHC in Bari Sadri on July 16, 2019; she died a week later
PHOTO • Anubha Bhonsle

ഭാവന സുതാർ ബരി സദ്രി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 2019 ജൂലൈ 16-ന് ശാശ്വതമായ വന്ധ്യകരണത്തിന് വേണ്ടിയുള്ള ശസ്ത്രക്രിയക്ക് വിധേയമാകുകയായിരുന്നു; ഒരാഴ്ചക്കു ശേഷം അവർ മരിച്ചു

പ്രസവത്തിന് 20 ദിവസങ്ങൾക്കു ശേഷം ഭാവന ബൻസിയിൽ അവരുടെ അമ്മയുടെ വീട്ടിലുള്ളപ്പോൾ ഒരു അംഗീകൃത അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (ആശാ വർക്കർ) അവരോട് പതിവുള്ള ആരോഗ്യപരിശോധനയ്ക്കും രക്തപരിശോധനയ്ക്കും വേണ്ടി സി.എച്ച്‌ .സിയിലേക്ക്  ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ടു. ക്ഷീണമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഭാവന അവരോടൊപ്പം പോകാൻ തീരുമാനിച്ചു. അമ്മ കൂടെപ്പോയി. "ആശാ വർക്കർ വീട്ടിൽ വന്നപ്പോൾ ശസ്ത്രക്രിയയെക്കുറിച്ച്‌ ഒന്നും തന്നെ പറഞ്ഞിരുന്നില്ല," ഭാവനയുടെ അമ്മ ദിനേശിനോട് പിന്നീട് പറഞ്ഞു.

പരിശോധനകൾക്കുശേഷം ആശാ വർക്കറും ഡ്യൂട്ടി ഡോക്ടറും അവരോട് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയാകാൻ ഉപദേശിച്ചു.

"ഇതിനകംതന്നെ രണ്ട് കുട്ടികളായി. ഈ ദമ്പതിമാർ കുടുംബാസൂത്രണത്തിനോ ഗർഭനിരോധനത്തിനോ ഉള്ള ഒരു മാർഗ്ഗവും സ്വീകരിക്കുന്നില്ല. അങ്ങനെയുള്ളപ്പോൾ ഈ ശസ്ത്രക്രിയ നടത്തുന്നതാണ് ഏറ്റവും നല്ലത്. തലവേദന ഒഴിയും [ബുദ്ധിമുട്ടുകൾ അവസാനിക്കും]," ഡോക്ടറും ആശാവർക്കറും ഭാവനയോട് അവരുടെ അമ്മയുടെ സാന്നിധ്യത്തിൽ പറഞ്ഞു.

പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ഭാവന വീട്ടിൽ പോയിട്ട് തന്റെ ഭർത്താവിനോട് ഈ വന്ധ്യംകരണ ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞപ്പോൾ അപ്പോൾത്തന്നെ ചെയ്യുന്നതാണ് നല്ലതെന്ന് അവർ പറഞ്ഞു. "സി. എച്ച്‌ . സി യിൽ അന്ന് ഒരു വന്ധ്യംകരണ ക്യാമ്പ് നടക്കുകയായിരുന്നു. അതിനാലാണ് അവർ അന്ന് തന്നെ അത് ചെയ്യാൻ നിർബന്ധിച്ചത്. ഏതായാലും അവൾ പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാനുള്ള വിശ്രമത്തിലാണ്. അതിന്റെയൊപ്പം ഈ ശസ്ത്രക്രിയകൂടി നടന്നാൽ പിന്നീട് വീണ്ടും ബുദ്ധിമുട്ടേണ്ടി വരില്ല," ഡോക്ടർ അങ്ങനെ പറഞ്ഞതായി ദിനേശ് ഓർക്കുന്നു. ഭാര്യ ഫോൺ ചെയ്തതിനാൽ അയാൾ വിദ്യാലയത്തിൽ നിന്ന് സി.എച്ച്‌ .സിയിൽ എത്തിയതായിരുന്നു.

"അത് വിചിത്രമായിത്തോന്നി. സത്യംപറഞ്ഞാൽ അത് വരെ ഞങ്ങൾ വന്ധ്യംകരണത്തെ പറ്റി ചിന്തിച്ചിരുന്നതേയില്ല. കാലക്രമേണ ഞങ്ങൾ അത് ചെയ്യുമായിരുന്നു. എന്നാൽ അന്ന് ആദ്യമായിട്ടാണ് ഞാൻ ഇതൊക്കെ കേൾക്കുന്നത്. ഞാൻ സമ്മതിച്ചു," ദിനേശ് പറഞ്ഞു.

"അതിനുശേഷം ഒന്നും പഴയതുപോലെ ആയിരുന്നില്ല," അയാൾ കൂട്ടിച്ചേർത്തു.

The loss is palpable, but Dinesh is determined to to get whatever justice can look like in the face of this catastrophe
PHOTO • Anubha Bhonsle

നഷ്‍ടം പ്രത്യക്ഷമാണ്. എന്നാൽ ഈ ദുരന്തത്തിന് ശേഷം ലഭിക്കാവുന്ന നീതിയത്രയും നേടിയെടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ദിനേശ്

2019 ജൂലൈ 16-നു ബരി സദ്രി സി.എച്ച്. സിയിൽ ശാശ്വതമായ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായ അഞ്ച് സ്ത്രീകളിൽ ഒരാളായിരുന്നു ഭാവന. അണ്ഡവാഹിനിക്കുഴലുകൾ അടയ്ക്കുന്ന പ്രക്രിയ ആദ്യം നടത്തിയത് അവരിലാണ്. മിനിലാപ് നടപടിയിലൂടെ ഒരു എംബിബിഎസ് ഡോക്ടറാണ് അത് ചെയ്തത്. മറ്റുള്ള നാല് പേരേയും ശസ്ത്രക്രിയക്ക് രണ്ട് മണിക്കൂറുകൾക്കു ശേഷം വിട്ടയച്ചു. മൂന്ന് മണിക്കൂറുകൾക്ക് ശേഷം ബോധം തെളിഞ്ഞപ്പോൾ, ഭാവനക്ക് വയറ്റിൽ അതിയായ വേദനയുണ്ടായിരുന്നു. അവർ ഭാവനക്ക് ഒരു കുത്തിവയ്പ്പ് നൽകി. രക്തസമ്മർദ്ദം വളരെ കൂടുതലായതിനാൽ അന്ന് രാത്രി സി. എച്ച്‌ .സിയിൽ തന്നെ കഴിയാൻ പറഞ്ഞു. പിറ്റേദിവസവും വയറ്റിലെ വേദന കുറഞ്ഞില്ല. എന്നിരുന്നാലും അവരെ വിട്ടയച്ചു.

"ശസ്ത്രക്രിയക്കുശേഷം വേദന സാധാരണമാണ്, അവളെ വീട്ടിൽ കൊണ്ടുപൊയ്ക്കോളു എന്ന് അതേ ഡോക്ടർ എന്നോട് പരുഷമായി പറഞ്ഞു," ദിനേശ് ഓർക്കുന്നു.

സന്ധ്യയായപ്പോഴേക്കും ഭാവനയുടെ വയറ് വീർത്തിരുന്നു. വേദന അസഹ്യമായിരുന്നു. രാവിലെ ആ ദമ്പതിമാർ പിന്നെയും സി.എച്ച്‌ .സിയിൽ എത്തി. എക്സ്റേക്കും സോണോഗ്രഫിക്കും ശേഷം ഭാവനയെ വീണ്ടും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എന്താ കുഴപ്പമെന്ന് അവർക്ക് ഒരു വിവരവുമുണ്ടായിരുന്നില്ല. അടുത്ത മൂന്ന് ദിവസം ഭാവനക്ക് ദിവസവും ആറ് കുപ്പി ഐ വി ഫ്ലൂയിഡ് നൽകി. രണ്ടു ദിവസം അവർക്ക് ഭക്ഷണം ഒരു തരി പോലും കഴിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ല. വയറിന്റെ വീർപ്പ് കുറഞ്ഞു പക്ഷെ പിന്നീട് കൂടി.

ശസ്ത്രക്രിയക്ക് അഞ്ചു ദിവസങ്ങൾക്കു ശേഷം രാത്രി ഏകദേശം പത്ത് മണിയായപ്പോൾ ആ പ്രക്രിയ നടത്തിയ ഡോക്ടർ, ദിനേശിനോട് ഭാര്യയെ തുടർചികിത്സക്കായി അവിടെനിന്നും ഏതാണ്ട് 95 കിലോമീറ്റർ അകലെ ഉദയ്പ്പൂരിലുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പറഞ്ഞു. "അയാൾ സ്വകാര്യവാഹനം വിളിച്ചു, എനിക്ക് അതിന് 1,500 രൂപ കൊടുക്കേണ്ടി വന്നു. ഞങ്ങളുടെയൊപ്പം സി.എച്ച്‌ .സിയിലെ ഒരു കമ്പൗണ്ടറേയും അയച്ചു. എന്നാൽ പ്രശ്നം എന്തായിരുന്നുവെന്ന് എനിക്ക് അപ്പോഴും അറിയില്ലായിരുന്നു. ശസ്ത്രക്രിയയോട് അനുബന്ധിച്ചു എന്തോ അത്രമാത്രം."

ഉദയ്പ്പൂരിലെ മഹാറാണാ ഭൂപാൽ സർക്കാർ ആശുപത്രിയുടെ അത്യാഹിത വാർഡിൽ  ഞങ്ങൾ രാത്രി രണ്ടു മണിക്ക് എത്തി. അവർ പുതിയ എക്സറേ പരിശോധിച്ചതിനുശേഷം ഞങ്ങളോട് വേറെ ഒരു ഭാഗത്തു സ്ഥിതിചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വാർഡിൽ ചെല്ലാൻ പറഞ്ഞു. ഭാവനക്ക് അവിടെ വീണ്ടും പ്രവേശനനടപടികളിലൂടെ കടന്നുപോകേണ്ടി വന്നു.

"ഞങ്ങൾ മറ്റ് ആശുപത്രികളുടെ തെറ്റുകൾ തിരുത്താനായി ചികിത്സിക്കാറില്ല" എന്ന് അവിടുത്തെ ഡ്യൂട്ടി ഡോക്ടർമാർ പറഞ്ഞപ്പോഴാണ് വളരെ ഗൗരവമുള്ള എന്തോ പ്രശ്നമാണെന്ന് ദിനേശിന് ആദ്യമായി മനസ്സിലായത്.

Dinesh is left with two sons, three-year-old Chirag (in the photo with relatives) and Devansh, who was just 29 days old when Bhavna, his mother, died of a punctured intestine
PHOTO • Anubha Bhonsle

ദിനേശിന് രണ്ട് ആൺമക്കളുണ്ട്. മൂന്നുവയസ്സുകാരൻ ചിരാഗ് (ബന്ധുക്കളുടെ കൂടെ ചിത്രത്തിൽ) പിന്നെ കുടലിൽ തുളവീണതിനെ തുടർന്ന് ഭാവന മരിക്കുമ്പോൾ 29 ദിവസം മാത്രം പ്രായമായിരുന്ന ദേവാനശ്

ഒടുവിൽ ജൂലൈ 22-നു ഭാവനയെ പ്രവേശിപ്പിച്ചു. സോണോഗ്രഫി നടത്തിയതിനു ശേഷം ദിനേശിനോട് പറഞ്ഞു രണ്ടു ശസ്ത്രക്രിയകൾ അടിയന്തരമായി നടത്തുകയാണെന്ന്. ഒന്ന് ട്യൂബ് ഇറക്കി വൻകുടൽ വറ്റിക്കാനും രണ്ടാമത്തേത് കുടലിൽ ദ്വാരം വീണത് ശരിയാക്കാനും. അടുത്ത 48 മണിക്കൂറുകൾ നിർണായകമാണെന്നും അയാളെ അറിയിച്ചു.

ബരി സദ്രിയിലെ സി.എച്ച്‌.സിയിൽ ഭാവനക്ക് നടത്തിയ ഗർഭനിരോധന പ്രക്രിയക്കിടയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്തികൊണ്ട് അവരുടെ കുടലിൽ തുള വീണിരുന്നുവെന്ന് ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർമാർ ദിനേശിനോട് പറഞ്ഞു. അതിനാൽ ഉദരത്തിൽ മലം പടർന്ന് അവരുടെ ശരീരമാകെ അണുബാധ ഉണ്ടായി.

ശസ്ത്രക്രിയയെ തുടർന്ന് 48 മണിക്കൂർ ഭാവന നിരീക്ഷണത്തിലായിരുന്നു. അവരുടെ കുട്ടികൾ മുത്തശ്ശിയുടെയും മുത്തച്ഛന്റേയും കൂടെയായിരുന്നു. ചായയും വെള്ളവും മാത്രം കുടിച്ച് ഭർത്താവ് അവരുടെ ആരോഗ്യം ഭേദപ്പെടുന്നതിന്റെ എന്തെങ്കിലും സൂചനക്കുവേണ്ടി കാത്തിരുന്നു. ഭാവന ഭേദപ്പെട്ടില്ല. 2019 ജൂലൈ 24 രാത്രി 7:15-ന്  അവർ  മരിച്ചു.

ചിത്തോർഗഢിലെ പ്രയാസ് എന്ന സന്നദ്ധസംഘടനയും ഹ്യൂമൻ റൈറ്സ് ലോ നെറ്റ്‌വർക്കും ചേർന്ന് ഈ സംഭവം ഏറ്റെടുത്ത് 2019 ഡിസംബറിൽ ഒരു വസ്തുതാനിർണയ പഠനം നടത്തി. ഭാവനയുടെ വന്ധ്യംകരണം ഭാരതസർക്കാരിന്റെ കുടുംബ ആരോഗ്യക്ഷേമ മന്ത്രാലയം സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വന്ധ്യംകരണ സേവനങ്ങൾക്ക് പറഞ്ഞിരിക്കുന്ന വ്യവസ്ഥകളുടെ (2006) വ്യക്‌തമായ ലംഘനമായിരുന്നു എന്ന് കണ്ടെത്തി.

അവരുടെ റിപ്പോർട്ട് പ്രകാരം ഭാവനയെ പ്രലോഭിപ്പിച്ചു കമ്മ്യൂണിറ്റി സെന്ററിലേക്ക് വരുത്തുകയും പിന്നീട് ഒരു മുന്നറിയിപ്പോ ഉപദേശമോ കൂടാതെ ഒരു സ്ഥിരമായ വന്ധ്യംകരണ പ്രക്രിയക്ക് നിർബന്ധിച്ചു വിധേയയാക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷവും സി.എച്ച്‌.സിയിലെ ഡോക്ടർമാർ അവരുടെ ശ്രദ്ധക്കുറവ് കൊണ്ട് സുഷിരമുണ്ടായത് കുടുംബത്തെ അറിയിക്കുകപോലും ചെയ്തില്ല. മാത്രമല്ല അത് ശസ്ത്രക്രിയവഴി ശരിയാക്കാൻ ഒരു നടപടിയുമെടുത്തില്ല. സി.എച്ച്‌.സിയിലെയോ ഉദയ്‌പൂരിലെ ആശുപത്രിയിലെയോ ആരും തന്നെ 2013-ലെ സർക്കാർ ഫാമിലി പ്ലാനിംഗ് ഇൻഡെമിനിറ്റി പദ്ധതിയെക്കുറിച്ച് ഒന്നും അവരോടു പറഞ്ഞില്ല. ആ പദ്ധതിയിൽ കുടുംബത്തിന് അണ്ഡവാഹിനിക്കുഴലുകൾ അടയ്ക്കുന്ന പ്രക്രിയയെ തുടർന്ന് ഉടനടി ഉണ്ടാകുന്ന മരണത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം.

വന്ധ്യംകരണ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിനു നിശ്ചയിച്ച സംഖ്യതികയ്ക്കുക എന്ന സമീപനത്തിന്റെ കൃത്യമായ മാതൃകയാണ് ഭാവനയുടേത് എന്ന് പ്രയാസ് എന്ന സംഘടനയുടെ അധ്യക്ഷ ഛായ പചൗളി ചൂണ്ടിക്കാട്ടി. അങ്ങനെ വന്ധ്യംകരണത്തിനുള്ള സർക്കാർ മാർഗ്ഗനിർദേശങ്ങളെല്ലാം അവഗണിക്കപ്പെടുകയും തന്മൂലം സ്ത്രീകളുടെ ആരോഗ്യവും അവകാശങ്ങളും ഹനിക്കപ്പെടുകയുമാണെന്ന് അവർ പറഞ്ഞു.

താനും തന്റെ പങ്കാളിയും വന്ധ്യംകരണ ശസ്ത്രക്രിയക്കു വിധേയരാവാൻ ഒരുക്കമാണോ എന്ന് പരിഗണിക്കാനും അതിനെക്കുറിച്ചു ആലോചികുക മാത്രമല്ല പുനരവലോകനം ചെയ്യാനുമുള്ള സമയം ഒരു സ്ത്രീക്ക് കൊടുക്കണം എന്നാണ് മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നതെന്ന് ഛായ പറഞ്ഞു. "ക്യാമ്പിൽ പങ്കെടുക്കാൻ സ്ത്രീകളെ കണ്ടെത്തണം എന്ന് മേലധികാരികളിൽ നിന്നും സമ്മർദമുണ്ട് എന്ന കാരണത്താൽ ഒരു വിധത്തിലും അവരെ നിർബന്ധിച്ചു ഈ ശസ്ത്രക്രിയക്ക് വിധേയരാക്കരുത്. ഇപ്പോൾ എണ്ണം തികയ്ക്കുക അല്ലെങ്കിൽ വർധിപ്പിക്കുക എന്ന ലക്ഷ്യങ്ങൾ ഇല്ല എന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും സ്ത്രീകളെ വന്ധ്യംകരണത്തിന് സമ്മതിപ്പിക്കാൻ ആരോഗ്യപ്രവർത്തകരുടെമേൽ സമ്മർദ്ദമുണ്ടെന്ന് നമുക്കറിയാം. ജില്ലാഭരണകൂടങ്ങളുടെ മികവ് അളക്കുന്നത് എത്ര വന്ധ്യംകരണങ്ങൾ നടത്തിയെന്ന് നോക്കിയാണ്. ഏറ്റവും അധികം നടത്തിയ ജില്ലകൾക്ക് സർക്കാരിന്റെ പുരസ്കാരവുമുണ്ട്. ഈ പതിവ് നിർത്തേണ്ടതാണ്."

"സുരക്ഷിതമായ ശസ്ത്രക്രിയകൾ നടത്താനും വന്ധ്യംകരണത്തിന് മുൻപും പിൻപും മാത്രമല്ല എന്തെങ്കിലും സങ്കീർണതയുണ്ടായാലും മികച്ച പരിചരണം ഉറപ്പാക്കാനും ഈ ക്യാമ്പ് സമീപനം അവസാനിപ്പിച്ചേ മതിയാകു," പചൗളി തുടർന്നു. "പകരം വന്ധ്യംകരണത്തെ ഒരു പതിവ് പ്രക്രിയയായി പ്രാഥമികാരോഗ്യ പരിപാലനത്തിൽ സംയോജിപ്പിക്കണം. മാത്രമല്ല ഇതിനെക്കുറിച്ച് ഉപദേശം നൽകാനുള്ള പാടവം ആരോഗ്യപ്രവർത്തകർക്കുണ്ടാകണം, ആ സേവനത്തെ പരിപാലനത്തിന്റെ ഒരു അവശ്യഘടകമായി പ്രചരിപ്പിക്കുകയും വേണം."

Dinesh Suthar is holding on to papers and photographs that mark his brief married life with Bhavna
PHOTO • Anubha Bhonsle
Dinesh Suthar is holding on to papers and photographs that mark his brief married life with Bhavna
PHOTO • Anubha Bhonsle

ഭാവനയോടൊപ്പമുള്ള തന്റെ ഹ്രസ്വമായ വിവാഹജീവിതത്തെ ഓർമിപ്പിക്കുന്ന കടലാസുകളും ചിത്രങ്ങളും ദിനേശ് സുതാർ കൈവശംവച്ചിരിക്കുകയാണ്

വന്ധ്യംകരണം പരാജയപ്പെട്ടാൽ നഷ്ടപരിഹാരത്തിന് അവർ അർഹരാണ് എന്നറിയാതെ അതിനു അപേക്ഷിക്കാതിരുന്ന ധാരാളം സ്ത്രീകളെ പ്രയാസ് എന്ന സംഘടന രാജസ്ഥാനിലെ തങ്ങളുടെ പ്രവർത്തനങ്ങൾക്കിടയിൽ കണ്ടുമുട്ടി.

"മിക്കപ്പോഴും വന്ധ്യംകരണത്തിന് സ്ത്രീകളെ നിർബന്ധിക്കുന്നത് ആ പ്രക്രിയുടെ ആവശ്യഘടകങ്ങളും ഭവിഷ്യത്തുകളും എന്തൊക്കെയാന്നെന്നു അവരെയോ അവരുടെ ഭർത്താക്കന്മാരെയോ അല്ലെങ്കിൽ കുടുംബത്തെയോ കൃത്യമായി ബോധ്യപ്പെടുത്താതെയാണ്. അപൂർവം ചില സാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന സങ്കീർണതകളെക്കുറിച്ച് ഒരിക്കലും ചർച്ച ചെയ്യാറില്ല എന്നതിനാൽ സ്ത്രീകൾ അതിനൊന്നും ഒരുങ്ങിയിരിക്കില്ല. വന്ധ്യംകരണം പരാജയപ്പെടുകയോ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്താൽ എന്ത് ചെയ്യണമെന്ന് ഒരിക്കലും അവർക്ക് ഉപദേശം നൽകാറില്ല. ശസ്ത്രക്രിയ പരാജയപ്പെടുകയോ മരണമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ എന്തൊക്കെ നഷ്ടപരിഹാരം അവർക്കു ചോദിക്കാമെന്ന് അവരെ അറിയിക്കുന്നത് വിരളമാണ്," പചൗളി കൂട്ടിച്ചേർത്തു.

അത്തരത്തിലുള്ള എല്ലാ മാനദണ്ഡങ്ങളുടെയും ലംഘനത്തിന് ഇരയായിട്ടുകൂടി ദിനേശ് തന്റെ കുടുംബത്തിന്റെ നഷ്ടത്തെ മനക്കരുത്തോടെ സ്വീകരിച്ചിരിക്കുകയാണ്. അദ്ധ്യാപനത്തിലേക്കു തിരിച്ചെത്താൻ പരിശ്രമിക്കുകയാണ് അയാൾ. ഉച്ചയൂണ് തനിയെ പൊതിഞ്ഞെടുക്കുമ്പോൾ ഒരു പരിഹാസചിരിയോടെ അയാൾ പറഞ്ഞു, "ഒരു ദിവസം ഞാൻ കാലിയായ ചോറ്റുപാത്രമാണ് കൊണ്ടുപോയത്."

സുതാർ കുടുംബത്തിന്റെ നഷ്ടം പ്രത്യക്ഷമാണ് എന്നാൽ ഒരു പുതിയ തുടക്കം ആവശ്യമാണെന്ന് അയാൾക്കറിയാം. കോൺക്രീറ്റ് കൊണ്ടുള്ള തന്റെ വീട്ടിൽ അയാൾ ചില നിർമ്മാണപ്പണികൾ തുടരുകയാണ്.  ടെലിവിഷൻ പ്രവർത്തിക്കുന്നു, ഒരു മൂലയിൽനിന്നും ഉരലിന്റെയും ഉലക്കയുടെയും ശബ്‍ദം കേൾക്കാം. അയൽപക്കത്തെ സ്ത്രീകൾ ദേവാൻശിനെ പരിചരിക്കുകയാണ്.

ഭാവനയുടെ മരണത്തിനു മുന്നോടിയായി മരുന്നിനും യാത്രക്കുമായി കുടുംബം ഇരുപത്തിഅയ്യായിരത്തിലധികം രൂപ ചിലവഴിച്ചു. ഈ ദുരന്തത്തിനുശേഷം കിട്ടാവുന്നത്രയും നീതി നേടണമെന്ന് ദിനേശ്  തീരുമാനിച്ചുറച്ചിരിക്കുകയാണ്. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരത്തിനുള്ള അയാളുടെ അപേക്ഷ ചിത്തോർഗഢിലെ ചീഫ് മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ തീർപ്പു കാത്തുകിടക്കുകയാണ്. "എന്റെ കൈയിലുണ്ടായിരുന്ന എല്ലാം ഞാൻ ചിലവാക്കി," അയാൾ പറഞ്ഞു. "അവൾ ഇവിടെയുണ്ടായിരുന്നെങ്കിൽ എല്ലാം ശരിയായിരുന്നു."

മുഖചിത്രം: പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ നിന്നുള്ള ലാബാനി ജംഗി വരച്ചതാണ്. സ്വയംശിക്ഷിത ചിത്രകാരിയായ അവർ ബംഗാളി തൊഴിലാളികളുടെ കുടിയേറ്റം എന്ന വിഷയത്തിൽ കൊൽക്കത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസ് എന്ന സ്ഥാപനത്തിൽനിന്നും പിഎച്ച്‌ഡി നേടാൻ പ്രയത്നിക്കുകയാണ്. യാത്രകൾ ഇഷ്ടപെടുന്നു.

ഗ്രാമീണ ഇന്ത്യയിലെ കൗമാരപ്രായത്തിലുള്ള പെൺകുട്ടികളെയും യുവതികളെയും അനുബന്ധിച്ചു പരിയും കൗണ്ടർമീഡിയ ട്രസ്റ്റും ഒരുമിച്ചു ചെയ്യുന്ന ദേശവ്യാപകമായ പത്രപ്രവർത്തന പദ്ധതി പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയുള്ള ഒരു സംരംഭമാണ്. സാധാരണക്കാരുടെ മൊഴികളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും ഈ നിർണ്ണായകമായ, എന്നാൽ പാർശ്വവൽക്കരിക്കപ്പെട്ട, വിഭാഗത്തിന്റെ സ്ഥിതി നിരീക്ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണോ? ദയവായി [email protected] , ഒരു കോപ്പി [email protected] , എന്ന അഡ്രസിലേക്കു മെയിൽ അയക്കുക.

പരിഭാഷ: ജ്യോത്സ്ന വി.

Anubha Bhonsle

২০১৫ সালের পারি ফেলো এবং আইসিএফজে নাইট ফেলো অনুভা ভোসলে একজন স্বতন্ত্র সাংবাদিক। তাঁর লেখা “মাদার, হোয়্যারস মাই কান্ট্রি?” বইটি একাধারে মণিপুরের সামাজিক অস্থিরতা তথা আর্মড ফোর্সেস স্পেশাল পাওয়ারস অ্যাক্ট এর প্রভাব বিষয়ক এক গুরুত্বপূর্ণ দলিল।

Other stories by Anubha Bhonsle
Illustration : Labani Jangi

২০২০ সালের পারি ফেলোশিপ প্রাপক স্ব-শিক্ষিত চিত্রশিল্পী লাবনী জঙ্গীর নিবাস পশ্চিমবঙ্গের নদিয়া জেলায়। তিনি বর্তমানে কলকাতার সেন্টার ফর স্টাডিজ ইন সোশ্যাল সায়েন্সেসে বাঙালি শ্রমিকদের পরিযান বিষয়ে গবেষণা করছেন।

Other stories by Labani Jangi
Editor : Hutokshi Doctor
Series Editor : Sharmila Joshi

শর্মিলা জোশী পিপলস আর্কাইভ অফ রুরাল ইন্ডিয়ার (পারি) পূর্বতন প্রধান সম্পাদক। তিনি লেখালিখি, গবেষণা এবং শিক্ষকতার সঙ্গে যুক্ত।

Other stories by শর্মিলা জোশী
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

Other stories by জ্যোৎস্না ভি.