അവർ കർഷകർ കൂടിയാണ്. അഭിമാനത്തോടെ നെഞ്ചിലണിയുന്ന മെഡലുകളുടെ നിരകള്‍ ഇല്ലായിരുന്നെങ്കില്‍ ഡെൽഹിയുടെ കവാടങ്ങളിലെ കർഷക സാഗരങ്ങൾക്കിടയിൽ അവര്‍ നഷ്ടപ്പെടുമായിരുന്നു. അവർ വലിയ അനുഭവ സമ്പത്തുള്ളവരാണ്, പാക്കിസ്ഥാനുമായി 1965-ലും 1971-ലും നടന്ന യുദ്ധത്തിൽ നിര്‍ഭയമായി പങ്കെടുത്ത് ധീരതയ്ക്കുള്ള ബഹുമതി നേടിയവരാണവർ. അവരിൽ കുറച്ചുപേർ 1980 കളിൽ ശ്രീലങ്കയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. അവർ ഇപ്പോള്‍ ദേഷ്യത്തിലാണ്. പ്രക്ഷോഭകരെ ദേശവിരുദ്ധർ, തീവ്രവാദികൾ, ഖാലിസ്ഥാനികൾ എന്നൊക്കെ സർക്കാരും മാദ്ധ്യമങ്ങളിലെ ശക്തരായ ചില വിഭാഗങ്ങളും വിളിച്ച് അപഹസിയ്ക്കുന്നതിനേക്കാൾ കൂടുതലായി മറ്റൊന്നിനും അവരെ കുപിതരാക്കാനാവില്ല.
“സമാധാനപരായി സമരം ചെയ്യുന്ന കർഷകർക്കെതിരെ സർക്കാർ ബലപ്രയോഗം നടത്തിയത് കഷ്ടമാണ്. അവർക്ക് ഡെൽഹിയിൽ എത്തണമായിരുന്നു, പക്ഷേ സർക്കാർ അവരെ തടഞ്ഞു. അത് ധിക്കാരപരവും തെറ്റുമാണ്. അവർ ബാരിക്കേഡുകൾ ഉയർത്തി, റോഡുകൾ കുഴിച്ചു, കർഷകരെ ലാത്തിചാർജ്ജ് ചെയ്തു, അവർക്കു മേൽ ജലപീരങ്കിയും പ്രയോഗിച്ചു. എന്തിനു വേണ്ടി? എന്തുകൊണ്ട്? എന്തായിരുന്നു അതിനുള്ള കാരണം? കർഷകരുടെ നിശ്ചയദാർഢ്യം കാരണമാണ് അവർ ഈ തടസ്സങ്ങളെല്ലാം മറികടന്നത്”, പഞ്ചാബിലെ ലുധിയാനാ ജില്ലയിൽ നിന്നുള്ള ബ്രിഗേഡിയർ എസ്. എസ്. ഗിൽ (റിട്ടയേർഡ്) എന്നോടു പറയുന്നു.
ഗില്ലിൽ കുറച്ച് ഏക്കറുകൾ സ്വന്തമായുള്ള, 16 അംഗങ്ങളുള്ള കുടുംബത്തിൽ നിന്നും വരുന്ന 72-കാരനായ ഈ മുതിര്‍ന്ന സൈനികന് സജീവമായി സേവനത്തിലിരിയ്ക്കുമ്പോൾ 13 മെഡലുകൾ നേടിയിട്ടുണ്ട്. 1971-ലെ യുദ്ധത്തിലും, അതിനു ശേഷം 1990-കളിൽ പഞ്ചാബിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകൾ ഉൾപ്പെടെയുള്ള മിലിട്ടറി ഓപ്പറേഷനുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
“കർഷകരോട് ഈ നിയമങ്ങളെക്കുറിച്ച് ചോദിച്ചിട്ടുമില്ല, അവരോട് ഇതേക്കുറിച്ച് കൂടിയാലോചിച്ചിട്ടുമില്ല”, ബ്രിഗേഡിയർ ഗിൽ പറയുന്നു. “ഡെൽഹിയുടെ കവാടങ്ങളില്‍ ഇപ്പോൾ നടക്കുന്ന ഈ സമരം ലോകത്തിൽ ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്ന വലിയ വിപ്ലവങ്ങളിൽ ഒന്നാണ്. ഈ നിയമങ്ങൾ എന്തുകൊണ്ട് സർക്കാർ പിൻവലിയ്ക്കുന്നില്ല എന്ന് എനിയ്ക്ക് മനസ്സിലാകുന്നില്ല, നേരത്തേ തന്നെ അതു ചെയ്യേണ്ടതായിരുന്നു.”
കേന്ദ്ര സർക്കാർ ആദ്യം ഓർഡിനൻസായി 2020 ജൂൺ 5-ാം തീയതി ഇറക്കുകയും, പിന്നീട് സെപ്റ്റംബർ 14-ാം തീയതി പാർലമെന്റിൽ ബില്ലുകൾ ആയി അവതരിപ്പിയ്ക്കുകയും, അതേ മാസം 20-ാം തീയതിയോടുകൂടി പാസ്സാക്കി എടുക്കുകയും ചെയ്ത മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ ലക്ഷക്കണക്കിന് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നു. ഇവയാണ് ഈ മൂന്നു നിയമങ്ങൾ: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിയ്ക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം; അവശ്യ സാധന (ഭേദഗതി) നിയമം, 2020











