ഇത് വലിയൊരു വിതരണശൃംഖലയാണ് - പഞ്ചാബിലുടനീളം 152 മുഖ്യ യാർഡുകളും 279 ഉപ യാർഡുകളും 1,389 വാങ്ങൽ കേന്ദ്രങ്ങളുമുണ്ട് (2019-20-ൽ). ഇവയെല്ലാം ജസ്വിന്ദർ സിംഗിന് ഒരു സുരക്ഷാ സംവിധാനം ഒരുക്കുന്നു. ഈ മണ്ഡി സംവിധാനത്തിൽ ഒരു കർഷകന് സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്ന് സംഗ്രൂർ ജില്ലയിലെ ലോംഗോവാൾ പട്ടണത്തിൽ നിന്നുള്ള 42-കാരനായ ജസ്വിന്ദർ പറഞ്ഞു. അദ്ദേഹത്തിൻറെ കുടുംബം 17 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. "മടിയോ പേടിയോ ഒന്നും കൂടാതെ എനിക്കെന്റെ വിളകൾ മണ്ഡിയിലേക്ക് കൊണ്ടുപോകാൻ കഴിയും, കാരണം അവയ്ക്ക് വില ലഭിക്കും. എനിക്കതിൻറെ പ്രക്രിയ അറിയാം, അർഹിക്കുന്നത് കിട്ടുമെന്ന് എനിക്കുറപ്പുണ്ട്.”
മുഖ്യ (അല്ലെങ്കിൽ പ്രധാന) യാർഡുകൾ വലിയ മാണ്ഡികളാണ് (ഇവിടെ നൽകിയിട്ടുള്ള ഫോട്ടോയിൽ കാണുന്ന സുനാം പോലെയുള്ളവ). ഈ യാർഡുകൾക്ക് പലതരത്തിലുള്ള സൗകര്യങ്ങളുണ്ട്. ഈ യാർഡുകളിൽ കർഷകർക്ക് അവരുടെ വിളകൾ കൂട്ടിയിടാനുള്ള സ്ഥലങ്ങൾ അനുവദിച്ച് നൽകിയിട്ടുണ്ട്. അവ പൊതുവെ അവരുടെ ആഢ്തിയാകളുടെ (commission agents - ദല്ലാള് ശിപായിമാര്) കടകൾക്കു മുമ്പിലായിരിക്കും. ഒരു വർഷത്തെ ഉൽപ്പന്നങ്ങൾ മുഖ്യ യാർഡുകളിൽ സംഭരിക്കുന്നത് തികയാതെ വരുമ്പോൾ അവയ്ക്കു പുറമെ അവയുടെ സമീപത്ത് പലപ്പോഴും സ്ഥാപിക്കുന്നവയാണ് ഉപ യാർഡുകൾ. വാങ്ങൽ കേന്ദ്രങ്ങൾ ചെറിയ മണ്ഡികളാണ്. അവ മിക്കപ്പോഴും ഗ്രാമങ്ങളിലായിരിക്കും (ഇവിടെ നൽകിയിട്ടുള്ള ചിത്രങ്ങളിൽ കാണുന്ന ശേരാം മാണ്ഡി പോലെയുള്ളവ). ഇവയെല്ലാം ചേരുന്നതാണ് പഞ്ചാബിലെ വിശാലമായ കാർഷികോത്പന്ന വിപണന സമിതികൾ അഥവാ എ.പി.എം.സി.കൾ (Agricultural Produce Marketing Committee - APMC)
“ഞാൻ ഉല്പന്നം വിൽക്കുമ്പോൾ എനിക്ക് പണം ലഭിക്കുന്നതുവരെയുള്ള ഉറപ്പിനായി ദല്ലാൾ ശിപായിയിൽ നിന്നും ഒരു ജെ-ഫോം ലഭിക്കുന്നു”, ജസ്വിന്ദർ പറഞ്ഞു. "പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യം ഇതൊരു സർക്കാർ സംവിധാനം ആയതിനാൽ എനിക്ക് പണം ലഭിക്കുന്ന കാര്യത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ സുരക്ഷിതനാണെന്നെനിക്കറിയാം, അത് വലിയൊരു സുരക്ഷയാണ്”, അയാൾ കൂട്ടിച്ചേർത്തു (1961-ലെ പഞ്ചാബ് കാർഷികോത്പ്പന്ന വിപണി നിയമം - Punjab Agricultural Produce Markets Act of 1961 - പരാമർശിച്ചുകൊണ്ട്)
സ്വകാര്യ വ്യാപാരികളോ ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ അല്ലെങ്കിൽ മാർക്കറ്റ് ഫെഡ് (പഞ്ചാബ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) എന്നിവ പോലെയുള്ള സർക്കാർ ഏജൻസികളോ നിയന്ത്രണങ്ങൾക്ക് വിധേയമായ പ്രക്രിയകളിലൂടെ വിളകൾ സംഭരിക്കുമെന്ന് എ.പി.എം.സി. ശൃംഖല ഉറപ്പു വരുത്തുന്നു. അവ അവ സംസ്ഥാനം ഉറപ്പുനൽകുന്ന കുറഞ്ഞ താങ്ങുവിലയിൽ നെല്ലും ഗോതമ്പും സംഭരിക്കുന്നു. പഞ്ചാബിലെ ഏതെങ്കിലും മണ്ഡിയിലോ എഫ്.സി.ഐ.യിലോ അല്ലെങ്കിൽ മാർക്കറ്റ് ഫെഡിലോ ധാന്യങ്ങൾ എത്തിയാൽ, അവയിൽ അടങ്ങിയിരിക്കുന്ന ഈർപ്പത്തിന്റെ അളവ് പോലെയുള്ള പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ച് ഉദ്യോഗസ്ഥർ അവയുടെ ഗുണമേന്മ പരിശോധിക്കുന്നു. പിന്നീട് ധാന്യം ലേലം വിളിക്കുകയും വിൽക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ദല്ലാൾ ശിപായിമാരെ ആശ്രയിച്ചിരിക്കുന്നു. അവർ ഈ ശൃംഖലയിലെ നിർണ്ണായക കണ്ണിയാണ്.
ഇത്തരമൊരു സംവിധാനത്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങൾ അതിന്റെ പ്രാപ്യതയും വിശ്വാസ്യതയുമാണെന്ന് പട്യാല ജില്ലയിലെ പാതഡാം താലൂക്കിലെ ദുഗൽ കലാം ഗ്രാമത്തിലെ അമൻദീപ് കൗർ എന്ന 32-കാരി പറഞ്ഞു. "ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് ഉത്പ്പനം നേരിട്ട് ഗ്രാമ മണ്ഡിയിൽ [വിൽപന കേന്ദ്രം] എത്തിക്കാമെന്നുള്ളതാണ്. ഇത് സൗകര്യപ്രദവും വിളകൾക്ക് ലഭിക്കുന്ന വില എനിക്ക് അറിയാൻ പറ്റുകയും ചെയ്യും [എം.എസ്.പി. എന്ന നിലയിൽ). സംസ്ഥാനത്ത് കരിമ്പിനെന്ത് സംഭവിച്ചുവെന്ന് നമ്മൾ കണ്ടു. അതിനൊരു കേന്ദ്രീകൃത സംവിധാനം ഇല്ലായിരുന്നു. അതിനാൽ കർഷകർക്ക് അവരുടെ ഉത്പ്പന്നം ചിലപ്പോൾ ഒരു നഗരത്തിലേക്കും പിന്നീട് മറ്റൊരിടത്തേക്കും കൊണ്ടുപോകണമായിരുന്നു – എവിടെയാണോ അവർക്ക് മികച്ച വില കിട്ടുന്നത് അവിടെവരെ. മെച്ചപ്പെട്ട വിലതേടി നമുക്കെങ്ങനെ സംസ്ഥാനത്തലയൻ കഴിയും?"





















