പച്ച നിറത്തിൽ ക്രോക്കഡൈല്‍-സ്റ്റൈലിലുള്ള ഹൂഡിയും (തല കൂടി മൂടാന്‍ പറ്റുന്ന സ്വെറ്റ്ഷര്‍ട്ട്) കട്ടിയുള്ള കമ്പിളി സോക്സും ധരിച്ച ഹർഭത്തേ സിംഗ് രാജസ്ഥാൻ-ഹരിയാനാ അതിർത്തിയിൽ വട്ടത്തിലുള്ള വലിയൊരു പാത്രത്തിൽ ഗ്രീൻപീസു പൊളിയ്ക്കാൻ തന്റെ അച്ഛനെ സഹായിച്ചു കൊണ്ടിരിയ്ക്കുന്നു. ഡൽഹി-ജയ്പൂർ ഹൈവേയിൽ രാജസ്ഥാനിലെ ആൾവാർ ജില്ലയിലെ ഹാജഹാൻപൂരിലുള്ള സമരക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞത് ഉറപ്പായും 18 മാസo പ്രായമുള്ള ഈ കുഞ്ഞ് ആയിരിയ്ക്കും. ഇപ്പോൾ നടന്നു കൊണ്ടിരിയ്ക്കുന്ന കർഷക സമരത്തിലേയ്ക്ക് ഹർഭത്തേയുടെ സംഭാവന പച്ചക്കറികൾ പൊളിയ്ക്കുക എന്നതാണ്. നല്ലത്, ശ്രമിയ്ക്കട്ടെ. വളരെ കൃത്യതയോടെയും കാര്യക്ഷമമായും അവന് അത് ചെയ്യാൻ പറ്റണമെന്നില്ല, അത് പക്ഷേ അവന് താൽപ്പര്യം ഇല്ലാത്തതു കൊണ്ടോ അവൻ ശ്രമിയ്ക്കാത്തതുകൊണ്ടോ അല്ല.
തങ്ങളുടെ ഉപജീവനത്തിന് വിനാശകരമായ മൂന്നു കാർഷിക നിയമങ്ങളും പിൻവലിയ്ക്കണെമെന്ന് ആവശ്യപ്പെടുന്നതിനായി ഡൽഹിയുടെയും ഹരിയാനയുടയും വ്യത്യസ്ത അതിർത്തികളിൽ പല സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കർഷകർ ഒരുമിച്ചു ചേർന്നിരിയ്ക്കുന്നു. ആദ്യം ജൂൺ 5-ന് ഓർഡിനൻസായി ഇറക്കിക്കൊണ്ട് ഈ നിയമങ്ങൾ സെപ്റ്റംബർ 14-ന് പാർലമെന്റിൽ ബില്ലുകൾ ആയി അവതരിപ്പിയ്ക്കപ്പെടുകയും അതേ മാസം 20-ഓടു കൂടി ധൃതി പിടിച്ച് നിയമമാക്കി മാറ്റുകയും ചെയ്തു.
ഡിസംബർ 25-ന് ഞാൻ ഹർഭത്തേയെ കണ്ട സമയത്ത് മഹാരാഷ്ട്രയിൽ നിന്നുള്ള ഏകദേശം ആയിരത്തോളം കർഷകർ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് കർഷകരോടൊപ്പം അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഷാജഹാൻപൂരിലെ പ്രതിഷേധ സ്ഥലത്ത് കൂടിച്ചേർന്നിരുന്നു. ഈ കർഷകരും കർഷക തൊഴിലാളികളും നാസികിൽ നിന്നും ടെമ്പോ, ജീപ്പ്, മിനിവാൻ തുടങ്ങിയ വാഹനങ്ങളിൽ 1200 കിലോ മീറ്ററിലധികം യാത്ര ചെയ്ത്, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും വന്ന് വ്യത്യസ്ത സമര സ്ഥലങ്ങളിൽ തമ്പടിച്ചിട്ടുള്ള തങ്ങളുടെ സഹ കർഷകർക്കൊപ്പം ചേർന്നു.
മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകരെ സ്വീകരിയ്ക്കാനുള്ള കുടുംബങ്ങളിൽ ഒന്ന് ഹർഭത്തേയുടേതായിരുന്നു. ഏകദേശം 100 പേർക്ക് ആലൂ മട്ടർ (ഉരുളക്കിഴങ്ങും പീസും ചേർത്ത് ഉണ്ടാക്കുന്ന ഒന്ന്) ഉണ്ടാക്കാനായി അവർ നിയോഗിയ്ക്കപ്പെട്ടിരുന്നു. “ഞങ്ങൾ ഈ തണുത്ത മഞ്ഞുകാല ദിവസങ്ങളിൽ ഇവിടെ കൂടിച്ചേർന്നിരിയ്ക്കുന്നത് ഞങ്ങളുടെ കുട്ടികളുടെ ഭാവിയ്ക്കു വേണ്ടിയാണ്. ഞങ്ങൾ കർഷകർ ഇന്ന് സമരം ചെയ്തില്ലെങ്കിൽ ഫത്തേയ്ക്ക് ഒരു ഭാവിയും ഉണ്ടാവില്ല,” കുട്ടിയുടെ 41-കാരനായ അച്ഛൻ ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ഛാജുപൂർ ഗ്രാമത്തിൽ നിന്നുള്ള ജഗ്രൂപ് സിംഗ് പറയുന്നു.




