‘റോഡു തടയുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്യുമ്പോൾ സമരക്കാരെ ക്രിമിനലുകളായി ചിത്രീകരിക്കാറുണ്ട്. എന്നാൽ സർക്കാർ അപ്രകാരം ചെയ്യുമ്പോഴോ? ഞങ്ങളെ വിളിക്കുന്ന അതേ പേരല്ലേ അപ്പോൾ അവരെയും വിളിക്കേണ്ടത്?’ പഞ്ചാബിലെ മോഗ ജില്ലയിലെ മെഹ്നാ ഗ്രാമത്തിൽ നിന്നുമുള്ള എഴുപതുകാരനായ ഹരീന്ദർ സിംഗ് ലഖാ എന്ന കർഷകൻ ചോദിക്കുന്നു.
പഞ്ചാബിൽ നിന്നും ദില്ലിയിലേക്ക് മാർച്ചു ചെയ്യുന്ന കർഷകരെ തടയാനായി റോഡിൽ പത്തടി ആഴത്തിൽ അധികൃതർ കുഴിച്ചിരിക്കുന്ന കിടങ്ങുകളെ പറ്റിയാണ് ലഖാ പറയുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പഞ്ചാബിൽ നിന്നുള്ളവർക്കൊപ്പം, ഉത്തർ പ്രദേശ്, ഹരിയാന എന്നിവടങ്ങളിൽ നിന്നുമുള്ള പതിനായിരത്തോളം കർഷകർ, രാജ്യത്തിന്റെ തലസ്ഥാനനഗരിയിലേക്കുള്ള പ്രവേശനാവകാശത്തിനായി പോലീസിനോടും മറ്റു സേനാവിഭാഗങ്ങളോടും ശക്തമായ പോരാട്ടം നടത്താൻ നിർബന്ധിതരായി തീർന്നിരിക്കുകയാണ്.
മൂന്ന് ദിവസത്തെ പ്രക്ഷോഭത്തിനൊടുവിൽ ദില്ലി പോലീസ് അയഞ്ഞെങ്കിലും, ഹരിയാന സർക്കാർ സമരക്കാരെ ഇപ്പോഴും സംസ്ഥാനാതിർത്തിയിൽ തടഞ്ഞുകൊണ്ടിരിക്കുകയാണ്. ദില്ലിയിലേക്ക് കടക്കാൻ കേന്ദ്ര സർക്കാർ ഔദ്യോഗികാനുവാദം നൽകിയെങ്കിലും, പ്രായോഗികതലത്തിൽ സമരക്കാർക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമല്ല. ‘പ്രവേശനാനുമതി’ നിലനിൽക്കുമ്പോൾ തന്നെ കിടങ്ങുകളും, മുൾവേലികളും, ബാരിക്കേഡുകളും അവിടെ അതുപോലെ തന്നെയുണ്ട്. കണ്ണീർവാതക ഷെല്ലുകളും, ജലപീരങ്കികളും സംഹാരത്തിന്റെ ബാക്കിപത്രം അവശേഷിപ്പിച്ചിരിക്കുന്നു.
ഈ വർഷം സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാനാണ് ഈ കർഷകർ അണിനിരന്നിട്ടുള്ളത്. പരിമിതമായ രീതിയിലാണെങ്കിലും ഫലപ്രദമായി നടന്നുപോരുന്ന മണ്ഡി സമ്പ്രദായം Agricultural Produce Marketing Committees (APMC/ എ. പി. എം. സി.)യെ സംബന്ധിക്കുന്ന നിയമം നശിപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. താങ്ങുവില വ്യവസ്ഥയെ തകർക്കുന്നതോടൊപ്പം വൻകിട കച്ചവട ശൃംഖലകളും, കോർപറേറ്റുകളും വില നിയന്ത്രിക്കുന്ന അവസ്ഥ വരും. ഈ മൂന്ന് നിയമങ്ങൾ താങ്ങുവിലയെ നയപരിധിയിൽ കൊണ്ടുവരുന്നില്ല എന്ന് മാത്രമല്ല, സ്വാമിനാഥൻ (National Commission for Farmers) കമ്മീഷൻ റിപ്പോർട്ടുകളെ പറ്റി പരാമർശിക്കുന്നു പോലുമില്ല. കരാറുകളെ സംബന്ധിക്കുന്ന Farmers (Empowerment And Protection) Agreement On Price Assurance And Farm Services Act, 2020 എന്ന രണ്ടാമത്തെ നിയമം സ്വകാര്യ കച്ചവടക്കാർക്കും, ഭീമൻ കോർപറേറ്റുകൾക്കും ക്രമാതീതമായ പരിഗണന നൽകുന്നു. ഭേദഗതി ചെയ്യപ്പെട്ട Essential Commodities Act ആകട്ടെ വൻകിട കമ്പനികളുടെ സംഭരണം, പൂഴ്ത്തിവെയ്പ്പ് എന്നിവ പ്രോത്സാഹിപ്പിക്കുകയും, കൂട്ടായ വിലപേശൽ നടത്താനുള്ള കർഷകരുടെ ശേഷിയെ അമർച്ച ചെയ്യുകയും ചെയ്യുന്നു.
ഈ മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് പ്രക്ഷോഭകർ ഉന്നയിക്കുന്നത്.








