ഗുരുപ്രതാപ് സിംഗ് 11-ാം ക്ലാസ്സിലും അവന്റെ കസിനായ 13-കാരന് സുഖ്ബീർ 7-ാം ക്ലാസ്സിലും പഠിയ്ക്കുന്നു. രണ്ടുപേരും പഞ്ചാബിലെ അമൃത്സർ ജില്ലയിൽ നിന്നുള്ളവരാണ്. ഇപ്പോൾ അവർ തങ്ങളുടെ സ്ക്കൂളിൽ നിന്നും അകലെയാണ്. പക്ഷേ വ്യത്യസ്തമായ ഒരുതരം വിദ്യാഭ്യാസത്തിലൂടെ അവര്‍ കടന്നുപോകുന്നു.
“ഞങ്ങൾ ഇവിടെ എല്ലാ രാത്രികളിലും കർഷകരുടെ പ്രദേശം കാക്കുന്നു, ഞങ്ങൾ അത് തുടരുകയും ചെയ്യും”, ഹരിയാനയിലെ സോണിപതിലെ സിംഘു-ഡെൽഹി അതിർത്തിയിൽ വച്ച് 17-കാരനായ ഗുർപ്രതാപ് എന്നോടു പറഞ്ഞു.
ഡെൽഹി അതിർത്തികളിലെ വിവിധ സ്ഥലങ്ങളിൽ കൂടിച്ചേർന്നിരിയ്ക്കുന്ന നൂറായിരക്കണക്കിനുള്ള കർഷക കുടുംബങ്ങളിൽ നിന്നുള്ളവരാണവർ. കുറച്ചു കർഷകർ കുറച്ചു ആഴ്ചകൾക്കു മുമ്പുതന്നെ തലസ്ഥാനത്തെത്തി വടക്കൻ ഡെൽഹിയിലുള്ള ബുരാരി ഗ്രൗണ്ടിൽ ക്യാമ്പ് ചെയ്യുന്നു.
ഈ വർഷം സെപ്റ്റംബറിൽ പാർലമെന്റിലൂടെ പാസ്സാക്കിയെടുത്ത മൂന്ന് കാർഷിക നിയമങ്ങളും പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്ലാ സമര സൈറ്റുകളിലും നടക്കുന്ന വിപുലവും സമാധാനപരവുമായ അവരുടെ പ്രക്ഷോഭങ്ങൾ ശമിയ്ക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ടും വിഷയത്തോട് പ്രതിബദ്ധത പുലർത്തിക്കൊണ്ടും കർഷകർ മുന്നോട്ടുള്ള നീണ്ട ഒരു സമരത്തിന് സന്നദ്ധരാണ്.
ക്യാമ്പുകൾ സജ്ജമാക്കിയിട്ടുള്ള സിംഘുവിലെയും ബുരാരിയിലെയും ചില സ്ഥലങ്ങളിലൂടെ ഞാൻ പോകുമ്പോൾ ഏറെ സന്ധ്യയായിരുന്നതുകൊണ്ട് പലരും കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ചില കർഷകർ ട്രക്കുകളിൽ തങ്ങുന്നു, മറ്റു ചിലർ പെട്രോൾ പമ്പുകളിൽ ഉറങ്ങുന്നു, ഇനിയും വേറെ ചിലർ കൂട്ടമായി പാട്ടു പാടിക്കൊണ്ട് രാത്രി തള്ളി നീക്കുന്നു. ഊഷ്മളത, സഹവര്‍ത്തിത്വം, പ്രതിരോധിയ്ക്കുന്നതിനും നിശ്ചയദാർഢ്യം പുലര്‍ത്തുന്നതിനുമുള്ള ഊര്‍ജ്ജം എന്നിവയൊക്കെ ഈ കൂടിയിരിയ്ക്കുന്നവരില്‍ കാണാനുണ്ട്.
ഈ മൂന്ന് നിയമങ്ങൾക്കെതിരെയാണ് കർഷകരൊക്കെ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിയ്ക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം; അവശ്യ സാധന (ഭേദഗതി) നിയമം, 2020
കൃഷിയിലെ തങ്ങളുടെ അവകാശങ്ങളും ഭാഗധേയങ്ങളുമൊക്കെ രാജ്യത്തെ ഏറ്റവും ശക്തരായ കോർപ്പറേഷനുകൾക്ക് കൈമാറിക്കൊണ്ട്, അത്തരം ബിസിനസ്സുകാരുടെ ദയയിൽ ജീവിയ്ക്കാൻ തങ്ങളെ വിട്ടുകൊടുക്കുന്ന ഒന്നായിട്ടാണ് ഈ നിയമത്തെ അവർ കാണുന്നത്. “ഇത് വഞ്ചനയല്ലെങ്കിൽ മറ്റെന്താണ്?” ഇരുട്ടിൽ നിന്നൊരു ചോദ്യം ഉയരുന്നു.
“ഞങ്ങൾ കർഷകർക്ക് ഈ കോർപ്പറേറ്റുകളിൽ നിന്നുള്ള അനുഭവം മുമ്പും ഉണ്ടായിട്ടുണ്ട്- ഞങ്ങൾ അവരെ വിശ്വസിയ്ക്കില്ല. അവർ ഞങ്ങളെ നേരത്തേ വഞ്ചിച്ചു, ഞങ്ങൾ വിഡ്ഢികളല്ല. ഞങ്ങളുടെ അകാശം എന്തെന്ന് ഞങ്ങൾക്കറിയാം.” സിംഘുവിൽ സജ്ജമാക്കിയിട്ടുള്ള ക്യാമ്പുകളിലൂടെ അന്നു വയ്കുന്നേരം വൈകി ഞാൻ കടന്നു പോകുമ്പോൾ പലരില്‍ ഒരാള്‍ പറഞ്ഞു.
നിയമങ്ങൾ പിൻവലിയ്ക്കാനുള്ള ഏതു സാദ്ധ്യതയും സർക്കാർ തള്ളിക്കളയുമ്പോൾ അതുമൂലമുണ്ടാകുന്ന സ്തംഭനാവസ്ഥയെക്കുറിച്ച് അവർ ആശങ്കാകുലരല്ലേ? അവർ തുടർന്നു നിൽക്കുമോ?
“ഞങ്ങൾ ശക്തരാണ്”, പഞ്ചാബിൽ നിന്നുള്ള മറ്റൊരു കർഷകൻ പറയുന്നു. “ഞങ്ങൾ ഞങ്ങൾക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നു, അത് മറ്റുള്ളവർക്കുകൂടി കൊടുക്കുകയും ചെയ്യുന്നു. ഞങ്ങൾ കർഷകരാണ്, എങ്ങനെ ശക്തരായി നിൽക്കണമെന്ന് ഞങ്ങൾക്കറിയാം.”













