ഞങ്ങൾ തയ്യാറാക്കുന്ന റിപ്പോർട്ടുകളുടെ സൂക്ഷിപ്പുകാരും, ഓരോ റിപ്പോർട്ടിൻ്റേയും ‘ഊന്നലും ഒറ്റനോട്ടവും’ സംഗ്രഹിക്കുന്നവരുമായ ഞങ്ങളുടെ സന്നദ്ധപ്രവർത്തകരാണ് ഞങ്ങളുടെ പ്രവർത്തനങ്ങളുടെ ആത്മാവ്. ആഴവും പരപ്പുമുള്ള വിഷയങ്ങളെ, ലളിതമായി അവതരിപ്പിക്കാൻ സഹകരിക്കുന്നവരിൽ കോളേജ് വിദ്യാർത്ഥികളും, റിട്ടയർ ചെയ്ത പ്രൊഫഷണലുകളും എല്ലാം ഉൾപ്പെടുന്നു. തങ്ങളുടെ കഴിവും സമയവും അർപ്പിച്ചുകൊണ്ടാണ്, ശേഖരം എല്ലാവർക്കും ലഭ്യമാക്കുകയും, പണ്ഡിതോചിതമായ വിഷയങ്ങളുടെ വൈവിധ്യം ഉറപ്പുവരുത്തുകയും ചെയ്യുന്നത്.
നിലവിൽ, പാരി ലൈബ്രറിയിൽ 450 വോളൻ്റിയറുകളുണ്ട്. തുടക്കം മുതൽ ഞങ്ങളോടൊപ്പം പ്രവർത്തിച്ചവരാണ് അവർ.
2025 അവസാനിക്കുമ്പോൾ, പതിവായി വോളൻ്റിയർ ചെയ്യുന്ന ചിലരുടെ അനുഭവങ്ങളും അവർക്ക് ഇതിൽനിന്ന് ലഭിച്ച അറിവുകളും ഞങ്ങളിവിടെ സന്തോഷത്തോടെ പങ്കുവെക്കുന്നു.
ഐ.ഐ.ടി. ബോംബെയിൽ എൻവയണ്മെൻ്റൽ സയൻസ് ആൻഡ് എൻജിനിയറിംഗിൽ എം.ടെക് വിദ്യാർത്ഥിനി
റിപ്പോർട്ടുകളിൽ ഞാൻ കൂട്ടിച്ചേർത്ത ‘ഊന്നലും ഒറ്റനോട്ടവും’ പലപ്പോഴും എന്നെ വിട്ടുപോകാൻ വിസമ്മതിച്ചു. ചുരുക്കം ചില റിപ്പോർട്ടുകൾ, ഉദാഹരണത്തിന്, ടെയിൻ്റൻഡ് കാർപ്പറ്റ്സ്: സ്ലേവറി ആൻഡ് ചൈൽഡ് ലേബർ ഇൻ ഇന്ത്യാസ് ഹാൻഡ് മേഡ് കാർപ്പറ്റ് സെക്ടർ’ അല്ലെങ്കിൽ, ക്ലൈമറ്റ് ഇന്ത്യ 2024: ആൻ അസസ്മെൻ്റ് ഓഫ് എക്സ്ട്രീം വെതർ ഈവൻ്റ്സ് എന്നെ വല്ലാതെ അസ്വസ്ഥയാക്കി. അതിലൂടെ കടന്നുപോകാൻ ദിവസങ്ങൾ വേണ്ടിവന്നു എനിക്ക്. എന്നാൽ ഈ റിപ്പോർട്ടുകളിൽനിന്ന് ഞാൻ പഠിച്ചതും അതിനുവേണ്ടി ചെയ്ത ജോലിയും ഈ വിഷയങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ എന്നെ സഹായിച്ചു.
ഒരു പേജുള്ള പോസ്റ്ററായാലും 500 പേജുള്ള സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടായാലും, പാരി ലൈബ്രറിയിൽ ഘടനാപരമായി ഉള്ളടക്കം ചെയ്തിട്ടുള്ള “ഊന്നലും ഒറ്റനോട്ടവും’ വിഷയത്തിൻ്റെ ഉള്ളിലേക്ക് നിങ്ങളെ എത്തിക്കും. നിർഭാഗ്യകരമെന്ന് പറയട്ടെ, ഈ റിപ്പോർട്ടുകളിൽ പലതും ഇപ്പൊഴും മുഖ്യധാരയിലെത്തിയിട്ടില്ല.
അബിസർ ഷെയ്ക്ക്
30 വർഷത്തെ അനുഭവപരിചയമുള്ള ഒരു കമ്മ്യൂണിക്കേഷൻസ്, ഫിനാൻഷ്യൽ സർവീസ് സ്പെഷ്യലിസ്
അർത്ഥവത്തായ എന്തെങ്കിലും ചെയ്യാനും അതിന് ചിലവഴിക്കാനുമുള്ള സമയം എനിക്കുണ്ടായിരുന്നു. പാരി ലൈബ്രറിയിൽ സന്നദ്ധപ്രവർത്തനം നടത്തിയത് ഒരു അസുലഭ അവസരാമായി എനിക്ക്. പാരി ചെയ്യുന്ന ജോലികൾ എൻ്റെ വ്യക്തിപരമായ താത്പര്യങ്ങളുമായി കൃത്യമായി യോജിച്ചുപോവുന്നതായിരുന്നു.
ഒരു വായനക്കാരൻ എന്ന നിലയ്ക്ക്, കാറ്റലോഗിംഗ് കൂടുതൽ മെച്ചപ്പെടുത്താനും റിപ്പോർട്ടുകൾ സുഗമമായി തിരഞ്ഞുപിടിക്കാനും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
ജെറി
ജോസ്
കേരളത്തിലെ കോട്ടയത്തുനിന്നുള്ള ഒരു കാലാവസ്ഥാ ശാസ്ത്രജ്ഞൻ
വെബ്സൈറ്റിൻ്റെ റിലീസ് സമയത്ത് പി.സായ്നാഥ് നടത്തിയ ഒരു പ്രഭാഷണത്തിലൂടെയാണ് പാരിയെക്കുറിച്ച് ഞാൻ അറിയുന്നത്. ഗ്രാമീണ ഇന്ത്യ എന്ന ‘ഉപഭൂഖണ്ഡത്തിനകത്തുള്ള ഭൂഖണ്ഡത്തെ’ രേഖപ്പെടുത്തിവെക്കാനുള്ള ശ്രമം പ്രചോദനം നൽകുന്ന ഒന്നായിരുന്നു. അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന പാരി ലൈബ്രറിയിലേക്ക് വിദൂരമായെങ്കിലും സംഭാവന ചെയ്യുന്നതിനാണ് ഞാനിതിൽ പങ്കാളിയായത്.
സൂക്ഷിച്ചുവെച്ചിട്ടുള്ള റിപ്പോർട്ടുകളും അവയുടെ ‘ഊന്നലും ഒറ്റനോട്ടവും’ ലൈബ്രറിയുടെ ഭാഗമാണെന്നത് അഭിനന്ദനീയമാണ്. പാരിയുടെ പത്രപ്രവർത്തനത്തിൻ്റെ അനുബന്ധംതന്നെയാണ് അത്. ഞാൻ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചത് സന്തോഷം നൽകുന്നു. അവയ്ക്ക് വെളിയിലുള്ള റിപ്പോർട്ടുകളിലുള്ള ഗവേഷണം എന്നെ സംബന്ധിച്ചിടത്തോളം ഒരു വിദ്യാഭ്യാസവുമായിരുന്നു.