അമ്പതുകളിലെത്തിയ അശോക് റാണി ഗോണ്ട് ഒരിക്കലും സ്കൂളിൽ പോയിട്ടില്ല. പക്ഷേ തന്റെ ഒമ്പത് വയസ്സുകാരനായ കൊച്ചുമകൻ ഒരു ദിവസംപോലും സ്കൂൾ ഒഴിവാക്കില്ലെന്ന് അവർ ചിരിച്ചുകൊണ്ട് പറയുന്നു. “ഒരു ദിവസംപോലും അവൻ പോവാതിരുന്നിട്ടില്ല,” അവർ പാരിയോട് പറയുന്നു.
ദാബ പ്രാഥമിക സ്കൂളിൽ പഠിക്കുന്ന 39 കുട്ടികളിൽ ഒരാളാണ് അവരുടെ കൊച്ചുമകൻ. ഏകദേശം 500 പേർ താമസിക്കുന്ന (2011-ലെ സെൻസസ്) ഈ ഗ്രാമം ദമോഹ് ജില്ലയുടെ ഒരറ്റത്താണ് സ്ഥിതി ചെയ്യുന്നത്. ചെറുകുന്നുകൾ, തുറന്ന പുൽപ്രദേശങ്ങൾ, ചിതറിക്കിടക്കുന്ന കൃഷിയിടങ്ങൾ എന്നിവയാണ് ചുറ്റും. ഭൂരിപക്ഷവും ഗോണ്ട് ആദിവാസി കുടുംബങ്ങൾ. ചെറിയ തോതിൽ കൃഷിയും പശുപാലനവും നടത്തിവരുന്നവർ.
ഇവിടത്തെ മുതിർന്നവർ മിക്കവരും സ്കൂളുകളിൽ പോയിട്ടില്ല. ഗോണ്ട് ആദിവാസികളിൽ ഏകദേശം 50 ശതമാനം പേർക്ക് സാക്ഷരതയില്ലെന്ന് 2013-ലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതുകൊണ്ടുതന്നെ ദാബ സ്കൂളിൽ പഠനത്തിൽ താത്പര്യമില്ലാത്ത കുട്ടികൾ എപ്പോഴും ഉണ്ടായിരുന്നു; അവരുടെ എണ്ണം കാലാനുസൃതമായി മാറുകയും ചെയ്യും. ജോലി കുറയുന്ന സമയങ്ങളിൽ കുടുംബങ്ങൾ കുട്ടികളെയുംകൊണ്ട് അന്യനാടുകളിലേക്ക് പോകുന്നതിനാൽ സ്കൂളിലെ ഹാജർ കുറയാറുണ്ട്. ചില കുട്ടികൾക്ക് വീട്ടിനോട് ചേർന്ന് കളിക്കുന്നതുതന്നെയാണ് ഇഷ്ടം — മാമ്പഴം, പേരയ്ക്ക തുടങ്ങിയ മരങ്ങളിൽ കയറിക്കളിക്കുന്നത് ആറുമുതൽ ഒമ്പത് വയസ്സുവരെയുള്ള ഏതു കുട്ടിക്കും പുസ്തകങ്ങളെക്കാൾ ആകർഷകമാണ്.
സ്കൂളിലെ രണ്ട് അധ്യാപകരിൽ ഒരാളായ താരചന്ദ് യാദവ് ഇവിടെത്തന്നെയാണ് ജനിച്ചുവളർന്നത്. സ്കൂളിൽ ഹാജരാവാത്ത കുട്ടികൾക്കായി അദ്ദേഹത്തിന് സ്വന്തമായ ഒരു സമീപനമുണ്ട്. ഒന്നു രണ്ടുദിവസം കാത്തിരുന്നതിനുശേഷം കുറച്ച് ചോക്ലേറ്റുകളുമായി കുട്ടിയുടെ വീട്ടിലെത്തും. “ആദ്യം ഞാൻ മാതാപിതാക്കളോടാണ് സംസാരിക്കുക. കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ അഭ്യർത്ഥിക്കും,” അദ്ദേഹം പറയുന്നു. “അവർ പറയും — ‘മാസ്റ്റർ, ഞങ്ങൾ പുലർച്ചെ തന്നെ എഴുന്നേറ്റു കൂലിപ്പണിക്ക് പോകുന്നവരാണ്… ഞങ്ങൾ എന്ത് ചെയ്യാനാണ്?’”















