ഫോറസ്റ്റ് ഗാർഡെന്ന നിലയിൽ നൗരാദേഹി വന്യജീവിസങ്കേതത്തിൽ ജോലി ചെയ്ത തൻ്റെ 13 വർഷങ്ങൾക്കിടയിൽ, താരാചന്ദ് ഗോണ്ട് കൂടുതൽ കണ്ടിട്ടുള്ളത് കടുവകളെയാണ്, ഇന്ത്യൻ ഗ്രേ വൂൾഫുകളെയല്ല (ഇന്ത്യൻ ചാരച്ചെന്നായ). അതിലെ വിരോധാഭാസമോർത്ത് ആ 34 വയസ്സുകാരൻ്റെ കണ്ണുകളിൽ കൗതുകച്ചിരി വിടർന്നു.
വംശനാശഭീഷണി നേരിടുന്ന ചെന്നായകൾക്കുവേണ്ടി നിർമ്മിച്ച ഇന്തയിലെത്തന്നെ ഏറ്റവും പഴയ പാർക്കിൻ്റെ അവസ്ഥയെക്കുറിച്ചോർത്താണ് അദ്ദേഹം ചിരിച്ചത്. അതേസമയം കടുവകളെ ഇവിടേക്ക് കൊണ്ടുവന്നതാകട്ടെ 2018-ൽ മാത്രവും. എന്നാൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ പുരാതനവും തദ്ദേശീയവുമായ ഇന്ത്യൻ ഗ്രേ വൂൾഫിനെ (കാനിസ് ലുപസ് പാല്ലിപസ്) അവിടെ കണ്ടെത്താൻ ബുദ്ധിമുട്ടാണ് എന്നതാണ് അവസ്ഥ. രാജ്യത്ത് അവ കഷ്ടിച്ച് 3,000-ത്തോളമേ ഉള്ളു. 2022-ലെ കടുവകളുടെ എണ്ണമാകട്ടെ 3,682 ആണ്.
ആദ്യമായി ഗ്രേ വൂൾഫിനെ കണ്ടത് താരാചന്ദിന് ഒരിക്കലും മറക്കാൻ പറ്റില്ല. “റോന്ത് ചുറ്റൽ തുടങ്ങിയിട്ട് രണ്ട് വർഷമായപ്പോഴാണ് അതുണ്ടായത്. മേഖലയിലെ ഭരായ് പ്രദേശത്ത് മുതിർന്ന മറ്റൊരു റേഞ്ചറിൻ്റെ കൂടെ പോവുമ്പോഴാണ് ദൂരത്തായി ഈ മൃഗത്തെ കണ്ടത്. അത് ഞങ്ങളിൽനിന്ന് അകന്നുപോവുകയായിരുന്നു. ഞാൻ കൂടെയുള്ള ആ റേഞ്ചറോട് ചോദിച്ചു, അതെന്താണെന്ന്, അദ്ദേഹം പറഞ്ഞു, ‘അതാണ് ഭേഡിയ’. ഇവയ്ക്കുവേണ്ടിയാണ് ഈ സങ്കേതം ഉണ്ടാക്കിയതുതന്നെ.”
നൗരാദേഹിയിലെ പ്രധാന ഇരപിടിയന്മാരായിരുന്നു ഏറെക്കാലം ഈ ചെന്നായ്ക്കൾ. മധ്യപ്രദേശിലെ ദക്ഷിണ വിന്ധ്യാപർവ്വത്തിൽ വ്യാപിച്ചുകിടക്കുന്ന കുറ്റിച്ചെടിക്കാടുകളിലെ രാജാക്കന്മാരായിരുന്നു അവർ. പൊതുവെ ലജ്ജാശീലരായ അവരെ കണ്ടുകിട്ടാൻ ബുദ്ധിമുട്ടായിരുന്നു. പലപ്പോഴും കുറുക്കന്മാരായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിരുന്നു. “മിക്കപ്പോഴും കാണാൻ കഴിയുക അവയുടെ പിൻഭാഗമോ അരികുവശമോ ആയിരിക്കും,” ഫോറസ്റ്റ് വാച്ച്മാനായ ശുഭം റൈക്വാർ പറയുന്നു.
രാജ്യത്ത് ഏറ്റവുമധികം ചെന്നായകളുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ഏകദേശം 700 എണ്ണം. “എന്നാലും അവയെ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ്. കടുവകളേക്കാളും സൂത്രശാലികളാണ് അവ!” ഡോ. അനിരുദ്ധ മജുംദാർ പറയുന്നു. ‘ഇക്കോളജി ഓഫ് ദ് ഇന്ത്യൻ വൂൾഫ് ആൻഡ് ഇറ്റ്സ് കൺസർവേഷൻ ഇംപ്ലിക്കേഷൻസ് ഇൻ നൗരാദേഹി വൈൽഡ് ലൈഫ് ഡിവിഷൻ’ എന്ന പേരിലുള്ള ഒരു പ്രൊജക്ടിൻ്റെ ഭാഗമായി അവയുടെ സ്വഭാവം പഠിക്കുകയാണ് ജബൽപുരിലെ സ്റ്റേറ്റ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂറ്റിലെ വന്യജീവി ജന്തുശാസ്ത്രജ്ഞനായ അദ്ദേഹം.













