ഞങ്ങളവരെ സന്ദർശിക്കുമ്പോൾ അവർക്ക് 104 വയസ്സായിരുന്നു. സഹായിക്കാൻ വരുന്ന കൈകളെ അക്ഷമയായി തള്ളിക്കളഞ്ഞ്, മുറിയിൽനിന്ന് പുറത്ത് വരുകയായിരുന്നു അവർ. ഊന്നുവടിയൊഴിച്ച്, മറ്റൊരു സഹായം അവർ സ്വീകരിച്ചില്ല. ആ പ്രായത്തിലും അവർ നടക്കുകയും നിൽക്കുകയും ഇരിക്കുകയും ചെയ്തു, പരസഹായമില്ലാതെ. പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ ചെപ്പുവ ഗ്രാമത്തിലെ അവരുടെ വിശാലമായ കൂട്ടുകുടുംബത്തിന്റെ കേന്ദ്രമായിരുന്നു അവർ. കൃഷിയെ ആശ്രയിച്ചാണ് ആ കൂട്ടുകുടുംബം കഴിഞ്ഞിരുന്നത്.
2024 ഓഗസ്റ്റ് 29-30 ദിവസങ്ങൾക്കിടയിലെ അർദ്ധരാത്രിയിൽ ഉറക്കത്തിൽ, സ്വാതന്ത്ര്യസമരസേനാനി ഭബാനി മഹാതോ അന്തരിച്ചു. അവരുടെ 106-ആം വയസ്സിൽ. അവരുടെ മരണത്തോടെ, എന്റെ ദി ലാസ്റ്റ് ഹീറോസ്: ഫൂട്ട്സോൾജേഴ്സ് ഓഫ് ഇന്ത്യൻ ഫ്രീഡം (പെൻഗ്വിൻ, നവംബർ 2022) എന്ന പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുള്ള 16 സ്വാതന്ത്ര്യസമരസേനാനികളിൽ നാലുപേർ മാത്രമേ ഇപ്പോൾ ജീവനോടെയുള്ളു. ഒരുതരത്തിൽ പറഞ്ഞാൽ, പാരിയുടെ ഫ്രീഡം ഫൈറ്റേഴ്സ് ഗാലറിയിൽ സൂക്ഷിച്ചിട്ടുള്ള അസാധാരണക്കാരായ സ്വാതന്ത്ര്യഭടന്മാരുമായുള്ള അഭിമുഖങ്ങളിൽ, എടുത്തുപറയത്തക്ക ഒന്നായിരുന്നു ഭബാനിയുടേത്. ഞങ്ങളുമായി നടത്തിയ അഭിമുഖത്തിലുടനീളം, ആ ഇതിഹാസ സമരത്തിലെ തന്റെ പങ്കിനെ നിഷേധിച്ച ഒരേയൊരാൾ അവരായിരുന്നു. “അതിൽ എനിക്കെന്ത് പങ്കാണുണ്ടായിരുന്നത്, അതുപോലുള്ളതിലൊക്കെ,” 2022 മാർച്ചിൽ ആദ്യമായി ഞങ്ങൾ കണ്ടപ്പോൾ അവർ ചോദിച്ചു. വായിക്കുക: ഭവാനി മഹാതോ വിപ്ലവത്തെ ഊട്ടിയപ്പോൾ








