അനന്യ ടൊപ്പ്നോ, രോഹിത് ഗാഗ്‌റായ്, ആകാശ് ഏക, പല്ലബി ലുഗുൺ എന്നീ റിപ്പോർട്ടർമാർ അവരുടെ അനുഭവങ്ങളെക്കുറിച്ച് പാരിയോട് സംസാരിച്ചു. “ഇത്തരത്തിലുള്ള ഗവേഷണം ഞങ്ങൾക്ക് ഒരു പുതിയ അനുഭവമാണ്. ആളുകൾ പച്ചക്കറി വില്പനക്കാരുമായി വിലപേശുന്നത് ഞങ്ങൾ കാണാറുണ്ട്. എന്നാൽ ഇപ്പോൾ ഞങ്ങൾക്കറിയാം, പച്ചക്കറി ഉണ്ടാക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന്. ആളുകൾ കർഷകരുമായി വിലയെച്ചൊല്ലി തർക്കിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല”.
ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോയിട്ടില്ലാത്ത കുട്ടികൾക്കുപോലും ധാരാളം എഴുതാനുണ്ടാകും. ഒരു തുറന്ന അടുക്കള നടത്തുന്ന തിരുവനന്തപുരത്തെ ആക്രിക്കച്ചവടക്കാരിയായ എൻ.സാറാമ്മയെപ്പോലുള്ളവരുടെ കഥകൾ. “കുട്ടിക്കാലത്ത് പട്ടിണി അറിഞ്ഞിട്ടുള്ളതുകൊണ്ട്, ആരും വിശന്നിരിക്കാൻ പാടില്ലെന്ന ഒരു നിർബന്ധം എനിക്കുണ്ട്” എന്നാണ് അവർ ആ കഥയിൽ പറയുന്നത്.
ആ കഥ തയ്യാറാക്കിയത് ആയ്ഷ ജോയ്സായിരുന്നു. ആയിരക്കണക്കിന് കമന്റുകളും വായനക്കാരുടെ അനുമോദനങ്ങളും കിട്ടിയ ഒരു കഥയായിരുന്നു അത്. നിരവധിപേർ സഹായിക്കാനും മുന്നോട്ട് വന്നു. മകളും ഈ ജോലി ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ സാറാമ്മ തിരിച്ച് ചോദിച്ചത്, “ആരാണ് ഒരു ദളിതിന് ജോലി കൊടുക്കുക?” എന്നായിരുന്നു. “മറ്റുള്ളവരുമായി താരതമ്യം ചെയ്തുകൊണ്ടാണ് എല്ലാവരും നിങ്ങളെ നോക്കിക്കാണുക. നമ്മൾ എത്ര ഭംഗിയായി കാര്യങ്ങൾ ചെയ്താലും അതിൽനിന്ന് ഒരു മോചനമുണ്ടാവില്ല”, അവർ ആയ്ഷയോട് പറഞ്ഞു.
അഭിമുഖം ചെയ്യുന്നതിന്റെ രീതികൾ ഞങ്ങൾ അവരെ പരിശീലിപ്പിക്കുന്നു. അഭിമുഖം ചെയ്യപ്പെടുന്ന ആളിൽനിന്ന് അനുവാദങ്ങൾ വാങ്ങിക്കേണ്ടത് എങ്ങിനെയാണ്, ആളുകളെ വായിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ കഥയിലുള്ള മറ്റ് വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടത് എങ്ങിനെ, എന്നിവയൊക്കെ ഞങ്ങൾ അവർക്ക് പകർന്നുകൊടുക്കുന്നു. എന്നാൽ ഏറ്റവും പ്രധാനമായി ഞങ്ങളവർക്ക് പറഞ്ഞുകൊടുക്കുന്നത്, എങ്ങിനെയാണ് വ്യക്തിപരമായ ഒരു കുറിപ്പ് എന്നതിൽക്കവിഞ്ഞ്, വസ്തുനിഷ്ഠമായ ഒരു റിപ്പോർട്ടാവാൻ കഥകൾ എഴുതേണ്ടതെന്നും അതിന്റെ ഘടന എന്തായിരിക്കണമെന്നുമാണ്.
പത്രപ്രവർത്തനമെന്നത് പലപ്പോഴും ദീർഘരൂപത്തിലുള്ള അന്വേഷണാത്മകമായ റിപ്പോർട്ടുകളും, അതിനനുബന്ധമായുള്ള സ്രോതസ്സുകളും സ്ഥിതിവിവരങ്ങളും ഉൾപ്പെടുന്നതാണ്. എന്നാൽ, വളരെ ലളിതമായി ആളുകളുടെ കഥകൾ രേഖപ്പെടുത്താനാണ് കുട്ടികളെ ഞങ്ങൾ പരിശീലിപ്പിക്കുന്നത്. വ്യക്തികളുടെ ദൈനംദിനാനുഭവങ്ങൾ, അവരുടെ തൊഴിലിന്റെ സ്വഭാവം, അതിനായി അവർ ചിലവഴിക്കുന്ന സമയം, അതിൽനിന്ന് അവർക്ക് കിട്ടുന്ന ആനന്ദം, അവർ നേരിടുന്ന വെല്ലുവിളികൾ, പ്രതിബന്ധങ്ങളെ അവർ തരണം ചെയ്യുന്ന രീതി, അവരുടെ ജീവിതത്തിന്റെ സാമ്പത്തികവശം, അവരുടെ ആഗ്രഹങ്ങൾ, കുട്ടികളെക്കുറിച്ച് അവർ വെച്ചുപുലർത്തുന്ന പ്രതീക്ഷകൾ എന്നിവയൊക്കെ.
സത്യസന്ധമായ പത്രപ്രവർത്തന സൂക്ഷ്മദർശിനി ഉപയോഗിച്ച് സാമൂഹികമായ വിഷയങ്ങളെ കാണാൻ ചെറുപ്പക്കാരെ സഹായിക്കുക എന്നതാണ് പാരി എഡ്യുക്കേഷന്റെ ഉദ്ദേശ്യം. ആളുകളേയും അവരുടെ കഥകളേയും ശ്രദ്ധിച്ചുകേൾക്കുകവഴി, കുട്ടികൾ പത്രപ്രവർത്തനത്തിലേക്കും ക്ലാസ്സുമുറികളിലേക്കും മനുഷ്യത്വത്തെ കൊണ്ടുവരികയാണ് ചെയ്യുന്നത്.
നിങ്ങളുടെ സ്ഥാപനവുമായി പാരിയെ ബന്ധപ്പെടുത്താൻ താത്പര്യപ്പെടുന്നപക്ഷം, ദയവായി, [email protected]. – ലേക്ക് എഴുതുക.
ഈ ലേഖനത്തിന്റെ മുഖചിത്രം എടുത്തത് പാരിയുടെ ഫോട്ടോ എഡിറ്റർ ബിനായ്ഫർ ഭറൂച്ചയാണ്.
പരിഭാഷ: രാജീവ് ചേലനാട്ട്