കോമളിന് ട്രെയിൻ പിടിക്കണം. അസമിലെ രംഗിയ ജങ്ക്ഷനിലെ തന്റെ വീട്ടിലേക്ക് പോവുകയാണ് അവൾ.
മാനസിക വിഭ്രാന്തിയുള്ള അമ്മയെ സന്ദർശിക്കാൻപോലും ആ വീട്ടിൽ പോവില്ലെന്ന് ശപഥം ചെയ്തതായിരുന്നു അവൾ.
തന്നെ ലൈംഗികമായി പീഡിപ്പിച്ച വീട്ടിലേക്ക് പോവുന്നതിനേക്കാൾ അവൾക്ക് താത്പര്യം, ജി.ബി. റോഡിലെ വേശ്യാലയങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്നതായിരുന്നു. തന്നെ തിരിച്ചയയ്ക്കുന്ന ആ വീട്ടിൽത്തന്നെയാണ് തനിക്ക് 10 വയസ്സുള്ളപ്പോൾത്തന്നെ പലതവണ ബലാത്കാരം ചെയ്ത 17 വയസ്സുള്ള ബന്ധത്തിലുള്ള ഒരു സഹോദരനും താമസിക്കുന്നത് എന്ന് അവൾ പറയുന്നു. “എനിക്ക് അവന്റെ മുഖം കാണുന്നത് ഇഷ്ടമല്ല. ഞാനവനെ വെറുക്കുന്നു,” കോമൾ പറയുന്നു. അവൻ ഇടയ്ക്കിടയ്ക്ക് അവളെ മർദ്ദിക്കുകയും തന്നെ തടഞ്ഞാൽ അമ്മയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവൾ പറയുന്നു. ഒരിക്കൽ അവൻ എന്തോ കൂർത്ത സാധനംകൊണ്ട് അവളെ അടിക്കുകയും നെറ്റിയിൽ അതിന്റെ പാട് അവശേഷിക്കുകയും ചെയ്തു.
“ഇതുകൊണ്ടാണ് വീട്ടിൽ പോകാൻ എനിക്ക് ഇഷ്ടമല്ലാത്തത്. ഞാനത് പലതവണ അവരോട് പറഞ്ഞിട്ടുമുണ്ട്,” പൊലീസുമായുള്ള തന്റെ ആശയവിനിമയത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു. എന്നിട്ടും പൊലീസ് അവളെ അസമിലേക്കുള്ള് 35 മണിക്കൂർ ദൈർഘ്യമുള്ള തീവണ്ടി യാത്രയ്ക്ക് തയ്യാറാക്കി. ഒരു സംവിധാനവും ചെയ്തിരുന്നില്ല. അവൾ സുരക്ഷിതയായി എത്തുമെന്ന് ഉറപ്പിക്കാൻ സിം കാർഡോ, വീട്ടിലെത്തിയാൽ വീണ്ടും ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പിക്കാനുള്ള മറ്റെന്തെങ്കിലും സംവിധാനമോ അവരൊരുക്കിയിരുന്നില്ല.
മനുഷ്യക്കടത്തിന് വിധേയരാകേണ്ടിവന്ന പ്രായപൂർത്തിയാകാത്തവരും, ചെറുപ്പക്കാരായ പെൺകുട്ടികൾക്കാവശ്യമുള്ള പ്രത്യേകമായ പിന്തുണയാണ് കോമളിന് ആവശ്യം.





