ദില്ലിയിലെ ഒരു തണുപ്പുള്ള ഉച്ചയ്ക്ക്, ജനുവരിയിലെ സൂര്യൻ ഒരതിഥിയെപ്പോലെ വരാന്തയിലിരിക്കുമ്പോൾ, ഖമർ. ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തുള്ള അദ്ദേഹത്തിന്റെ അമ്മയെ ഫോണിൽ വിളിച്ചു. 75 വയസ്സുള്ള ഷമീമ ഖാത്തൂനുമായുള്ള ആ സംസാരം, ബിഹാറിലെ സീതാമാർഹി ജില്ലയിലെ ബാരി ഫുൽവാരിയ ഗ്രാമത്തിലുള്ള ബാല്യകാലവസതിയിലേക്ക് ഖമറിനെ കൊണ്ടുപോയി.
ടെലിഫോണിന്റെ ഇരുഭാഗത്തുമുള്ള സംഭാഷണം കേട്ടിരുന്നെങ്കിൽ, എന്തോ ഒരു അസാധാരണത്വം നിങ്ങൾക്ക് അനുഭവപ്പെട്ടേനേ. നല്ല ഹിന്ദിയിൽ അയാൾ ചോദിച്ചത് ഇതായിരുന്നു. (അമ്മാ, പറയൂ, കുട്ടിക്കാലത്ത് എന്റെ തലയിൽ കണ്ടിരുന്ന ചിരങ്ങ് എങ്ങിനെയാണ് ചികിത്സിച്ച് ഭേദമാക്കിയത്?
“തലയിലുണ്ടായിരുന്ന ആ ചൊറിചിരങ്ങ്, അതിന് ഇവിടെ ബത്ഖോര എന്നാണ് പറയുക. ലവണരസമുള്ള മണലും, കളിമണ്ണും കൊണ്ട് നിന്റെ തല ഞാൻ കഴുകി. നല്ല വേദനയുണ്ടായിരുന്നു. പക്സേ അസുഖം മാറി”, തന്റെ നാട്ടുവൈദ്യത്തെ ഓർത്തുകൊണ്ട് അവർ ചിരിക്കുന്നു. പക്ഷേ അവരുടെ ഭാഷ ഖമറിന്റെ ഉറുദുവിൽനിന്ന് തീർത്തും വ്യത്യസ്തമായിരുന്നു.
ഇതിൽ അസാധരണത്വമൊന്നുമില്ല. ഖമറും അമ്മയും പരസ്പരം എപ്പോഴും സംസാരിക്കുന്നത്, വ്യത്യസ്തമായ ഭാഷയിലാണ്.
“അമ്മയുടെ വാമൊഴി എനിക്ക് മനസ്സിലാകും. പക്ഷേ സംസാരിക്കാൻ അറിയില്ല. എന്റെ ‘മാതൃഭാഷ‘ ഉറുദുവാണെന്ന് ഞാൻ പറയാറുണ്ട്. പക്ഷേ എന്റെ അമ്മയുടെ ഭാഷ മറ്റൊന്നാണ്”. അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെയന്ന് അവതരിപ്പിക്കാനുള്ള വിഷയത്തെക്കുറിച്ച് പിറ്റേ ദിവസം നടന്ന ചർച്ചയിൽ ഖമർ പറയുന്നു. അവരുടെ ഭാഷയെക്കുറിച്ച് കുടുംബത്തിലെ ആർക്കും ഒന്നും അറിയില്ലായിരുന്നു. എന്തിനേറെ, അമ്മയ്ക്കും, ആ ഭാഷ സംസാരിക്കുന്നവർക്കുപോലും അതെന്താണെന്ന് ധാരണയുണ്ടായിരുന്നില്ല”, ഖമർ കൂട്ടിച്ചേർത്തു. താനും അച്ഛനും സഹോദരനുമടക്കം, ജോലിയന്വേഷിച്ച് ഗ്രാമത്തിന് പുറത്തേക്ക് പോയവരാരും ആ ഭാഷയിൽ സംസാരിച്ചിരുന്നില്ല. ഖമറിന്റെ കുട്ടികൾ അതിൽനിന്ന് കൂടുതൽ ദൂരത്താണ്. അവർക്കൊരിക്കലും അച്ഛമ്മയുടെ ഭാഷ മനസ്സിലാക്കാൻ പറ്റിയിട്ടില്ല.
“ഞാൻ കൂടുതൽ അന്വേഷിക്കാൻ ശ്രമിച്ചു. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ഒരു ഭാഷാഗവേഷകനായ മൊഹമ്മദ് ജഹാംഗീർ വാർസി ആ ഭാഷയെ വിളിക്കുന്നത്, ‘മൈഥിലി ഉറുദു’ എന്നാണ്. ബിഹാറിലെ ആ പ്രദേശത്തുള്ള മുസ്ലിങ്ങൾ ഔദ്യോഗികമായി ഉറുദുവിനെയാണ് മാതൃഭാഷയായി രേഖപ്പെടുത്തുന്നതെങ്കിലും, വീടുകളിൽ അവർ വ്യത്യസ്തമായ ഭാഷയാ്ണ് സംസാരിക്കുന്നതെന്ന് ജെ.എൻ.യു.വിൽനിന്നുള്ള മറ്റൊരു പ്രൊഫസ്സറായ റിസ്‌വാനൂർ റഹ്മാൻ പറയുന്നു.
ഓരോ തലാമുറ കഴിയുന്തോറും നഷ്ടമായിക്കൊണ്ടിരിക്കുന്ന മാതൃഭാഷ.
അങ്ങിനെയായിരുന്നു! വാക്കിനെ അന്വേഷിക്കാൻ ഖമർ ഞങ്ങൾ അയച്ചു. മാതൃഭാഷയിൽനിന്ന് നഷ്ടമായ വാക്കുകളുടെ കാലടികൾ അന്വേഷിച്ച് പിന്നോട്ട് നടക്കാനും, അതിൽനിന്ന് കിട്ടുന്ന അടയാളങ്ങൾ പിന്തുടരാനും ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾപോലും അറിയാതെ, ഞങ്ങളെല്ലാവരും ബോർഹസിന്റെ ആലിഫി ലേക്ക് നോക്കുകയായിരുന്നു.
*****
ആദ്യം സംസാരിച്ചത് രാജയായിരുന്നു. “തമിഴിലെ പ്രചാരമുള്ള ഒരു ശൈലിയെക്കുറിച്ച് തിരുക്കുറലിൽ ഒരു ഈരടിയുണ്ട്”, രാജ പറയുന്നു.
മയിർ നീപ്പിൻ വാഴാ കവരിമ അണ്ണാർ
ഉയിർനീപ്പാർ മാനാം വരിൻ (
കുറൾ # 969
)
പരിഭാഷ ഇങ്ങനെ: മാനിന്റെ ദേഹത്തുനിന്ന് രോമം പിഴുതുമാറ്റിയാൽ അത് മരിക്കുന്നു. അതുപോലെ, ആളുകൾക്ക് അവരുടെ അഭിമാനം നഷ്ടപ്പെട്ടാൽ അവർ ലജ്ജകൊണ്ട് മരിക്കുന്നു.
“മനുഷ്യന്റെ ആത്മാഭിമാനത്തെ ഒരു മാനിന്റെ രോമത്തിനോട് സാദൃശ്യപ്പെടുത്തുകയാണ് ആ ഈരടിയിൽ. മു.വരതരാസനാറിന്റെ പരിഭാഷയിലെങ്കിലും അങ്ങിനെയാണ് കാണുന്നതെന്ന് രാജ അല്പം സംശയത്തോടെ സൂചിപ്പിച്ചു. “എന്നാൽ, രോമം പിഴുതുകളഞ്ഞാൽ എങ്ങിനെയാണ് മാൻ ചാവുക? പിന്നീട്, ഇൻഡോളജിസ്റ്റായ ആർ. ബാലകൃഷ്ണന്റെ ഇൻഡസ് താഴ്വരയിലെ തമിഴ് ഗ്രാമങ്ങളുടെ പേരുകൾ എന്ന പുസ്തകം വായിച്ചപ്പോൾ, ഈരടിയിലെ ‘കവരിമ’ എന്നത് കവരിമാനിനെ ഉദ്ദേശിച്ചല്ല, മറിച്ച് മലമ്പശുവിനെ (പർവ്വതപ്രദേശങ്ങളിൽ കാണുന്ന പശു – ഇംഗ്ലീഷിൽ യാക്ക്) ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി.
“മലമ്പശുവോ? ഹിമാലയത്തിന്റെ മുകൾപ്രദേശങ്ങളിൽ കാണുന്ന മൃഗത്തിന്, രാജ്യത്തിന്റെ തെക്കേയറ്റത്തുള്ളവരുടെ സംസാരഭാഷയായ തമിഴ് കവിതയുമായി എന്ത് ബന്ധമാണുള്ളത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. എന്നാൽ, ദക്ഷിണഭാഗത്തേക്ക് കുടിയേറിയപ്പോൾ, സിന്ധുനദീതടത്തിലെ ആളുകൾ അവരുടെ പ്രാദേശിക വാക്കുകളും, ജീവിതരീതിയും, സ്ഥലനാമങ്ങളും കൂടെ കൊണ്ടുപോയതായിരിക്കാമെന്ന്, സംസ്കാരങ്ങളുടെ കുടിയേറ്റത്തിലൂടെ ആർ. ബാലകൃഷ്ണൻ അതിനെ വിശദീകരിച്ചുതന്നു.
“ഇന്നത്തെ ദേശരാഷ്ട്ര, രാജ്യസങ്കല്പം വെച്ച് ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ ഭാവന ചെയ്യരുത്ന്ന് മറ്റൊരു പണ്ഡിതനായ വി.അരസു പറയുന്നു”, രാജ തുടർന്നു. ദ്രാവിഡ ഭാഷകൾ സംസാരിച്ചിരുന്ന ആളുകൾ ഇന്ത്യൻ ഭൂഖണ്ഡ്ത്തിലെമ്പാടും ഉണ്ടായിരുന്നിരിക്കാൻ ഇടയുണ്ട് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. വടക്ക് സിന്ധു താഴ്വര മുതൽ തെക്ക് ശ്രീലങ്കവരെയുള്ള ഭൂഭാഗം മുഴുവൻ അവരുടെ വാസസ്ഥലമായിരുന്നതിനാൽ, ഹിമാലയത്തിലെ ഒരു മൃഗത്തിന്റെ പേര് തമിഴിലും ഉണ്ടാകുന്നതിൽ അത്ഭുതമില്ലെന്നും അദ്ദേഹം തുടർന്നു.
“കവരിമ എന്നത് അത്ഭുതത്തിന്റെ ഒരു വാക്കാണ്. ക്രിയ എന്ന പ്രശസ്തമായ തമിഴ് നിഘണ്ടുവിൽ കവരിമ എന്നൊരു വാക്കില്ല എന്നത് കൌതുകകരമായി തോന്നാം”, രാജ പറയുന്നു.
*****
നിഘണ്ടുക്കളിൽ ഇനിയൊരിക്കലും കാണാനിടയില്ലാത്ത വാക്കുകളുടെ കഥകളെക്കുറിച്ച് ഞങ്ങളുടെയിടയിലെ മറ്റുള്ളവർക്കും പലതും പറയാനുണ്ടായിരുന്നു. ജോഷ്വ അതിനെ വിളിക്കുന്നത് മാനകീകരണത്തിന്റെ രാഷ്ട്രീയം എന്നാണ്.
“നൂറ്റാണ്ടുകളായി, ബംഗാളിലെ കർഷകർ, കുംഭാരന്മാർ, വീട്ടമ്മമാർ, കവികൾ, കരവേലക്കാർ തുടങ്ങിയവർ അവരവരുടെ പ്രാദേശികമായ ഭാഷയിലാണ് ആശയവിനിമയം നടത്തിയിരുന്നതും എഴുതിയിരുന്നതും. രാർഹി, വരേന്ദ്രി, മൻഭുമി, രംഗ്പുരി തുടങ്ങിയ ഭാഷകളിൽ. എന്നാൽ 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യകാലത്തുമായുണ്ടായ ബംഗാളി നവോത്ഥാനത്തിന്റെ വരവോടെ, ബംഗ്ലാ ഭാഷയ്ക്ക് അതിന്റെ പ്രാദേശികമായ അറബ്-പേർഷ്യൻ പദസമ്പത്ത് മിക്കതും നഷ്ടമായി. മാനകീകരണത്തിന്റേയും ആധുനികവത്കരണത്തിന്റേയും ഒന്നിനുപിറകേ ഒന്നായി വന്ന തരംഗങ്ങൾ സംസ്കൃതവത്കരണവും ഇംഗ്ലീഷ്, യൂറോപ്പ്യൻ വാക്കുകളുടേയും ശൈലികളുടേയും കുത്തൊഴുക്കുമായി കൈകോർത്തു പ്രവർത്തിച്ചു. ബംഗ്ലാ ഭാഷയുടെ ബഹുസ്വരതയെ അത് കവർന്നു. അതിനുശേഷം, ആദിവാസി ഭാഷകളായ സന്താളി, കുർമാലി, രാജ്ബോംഗ്ഷി, കുറുഖ് എന്നിവയിൽനിന്ന് കടമെടുക്കുകയോ, അവയിൽ അടിയുറച്ചതോ ആയ വാക്കുകൾ സാവധാനത്തിൽ മായ്ക്കപ്പെടുകയും ചെയ്തു”.
ഇത് ബംഗാളി ഭാഷയുടെ മാത്രം കഥയല്ല. “ഓരോ 12-15 കിലോമീറ്ററിലും വ്യത്യസ്തമായ ഭാഷ കേൾക്കാം” എന്ന പ്രയോഗം ഇന്ത്യയിലെ എല്ലാ ഭാഷകളിലും കാണാൻ സാധിക്കും. കൊളോണിയൽ കാലഘട്ടത്തിലും, സ്വാതന്ത്ര്യാനന്തരകാലത്തെ ഭാഷാ സംസ്ഥാന രൂപീകരണകാലത്തും പിന്നീടും, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സമാനമായ ഒരു പ്രക്രിയ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ രാഷ്ട്രഭാഷയുടെ കഥയിലും സാംസ്കാരികവും രാഷ്ട്രീയവുമായ സ്വാധീനങ്ങളുടെ ചരിത്രപരമായ ഇടപെടലുകൾ ആദ്യന്തം കാണാൻ കഴിയും.
“ഞാൻ ബങ്കുറയിൽനിന്നാണ് വരുന്നത്. പണ്ടത്തെ മല്ലഭും രാജ്യത്തിൽനിന്ന്. ബഹുവിധമായ വംശീയ-ഭാഷാ സമൂഹങ്ങൾ പങ്കിട്ടിരുന്ന രാജ്യമായിരുന്നു അത്. തന്മൂലം, ഭാഷയിലും, വസ്ത്രധാരണത്തിലും മറ്റ് പലതും ഏകദേശം തുടർച്ചയായ ആദാനപ്രദാനങ്ങളും നടന്നിരുന്നു. പ്രദേശത്തെ മിക്ക ഭാഷകളും, കുർമാലി, സന്താളി, ഭുമിജ്, ബിർഹോരി തുടങ്ങിയ ഭാഷകളിൽനിന്ന് ധാരാളം പദങ്ങൾ കടമെടുത്തിട്ടുണ്ട്.
“എന്നാൽ മാനകീകരണത്തിന്റേയും ആധുനികവത്കരണത്തിന്റേയും പേരിൽ, അർഹ (ഭൂമി), ജുമർഹകുച്ച (കത്തിച്ച വിറക്), കാക്കടി (ആമ), ജോർഹ് (അരുവി), അഗ്ര (പൊള്ളയായ), ബിലാതി ബേഗൻ (തക്കാളി) തുടങ്ങിയ ധാരാളം വാക്കുകളെ, കൊളോണിയൽ കൊൽക്കൊത്തയിലെ ഉപരിവർഗ്ഗ-സവർണ്ണജാതി സമൂഹങ്ങൾ ഉപയോഗിക്കുന്ന ഭാഷകൊണ്ട് സംസ്കൃതവത്കരിക്കുകയോ, യൂറോപ്പ്യവത്കരിക്കുകയോ ചെയ്തിട്ടുണ്ട്.
*****
എന്നാൽ, ഒരു വാക്ക് അപ്രത്യക്ഷമാകുമ്പോൾ നഷ്ടപ്പെടുന്നത് എന്താന്? ആദ്യം അപ്രത്യക്ഷമാകുന്നത് വാക്കാണോ, അതിന്റെ അർത്ഥമാണോ? അതോ, ഭാഷയെ ശൂന്യമാക്കിക്കൊണ്ട് അതിന്റെ പശ്ചാത്തലമോ? എന്നാൽ ഈ നഷ്ടം ബാക്കിവെക്കുന്ന ശൂന്യമായ ഇടങ്ങളിൽ പുതിയതെന്തോ ചിലത് പൊങ്ങിവരുന്നില്ലേ?
പുതിയൊരു വാക്ക്, ‘ഉരൽപൂൽ’ (പറക്കും പാലം), ഫ്ലൈഓവറിന് പകരമുള്ള പുതിയ ബംഗാളി വാക്കാവുമ്പോൾ എന്തെങ്കിലും നേടുകയാണോ നഷ്ടപ്പെടുകയാണോ ചെയ്യുന്നത് നമുക്ക്”? ആ പ്രക്രിയയിൽ നഷ്ടപ്പെട്ടത്, പകരം ലഭിച്ചതിനേക്കാൾ വലുതായിരുന്നുവോ? സ്മിത ആലോചിക്കുന്നു.
മേൽക്കൂരയുടെ താഴെയായി, കാറ്റും വെളിച്ചവും കടക്കാനായി സ്ഥാപിക്കുന്ന പരമ്പരാഗത വെന്റിലേറ്ററുകളെ സൂചിപ്പിക്കുന്നതിനുള്ള പഴയ ബംഗ്ലാ വാക്ക് സ്മിത ഓർമ്മിച്ചെടുത്തു. ‘ഗുൽഗുലി’ എന്നായിരുന്നു അത്. ‘ആ വാക്ക് ഇപ്പോഴില്ല. 10 നൂറ്റാണ്ട് മുമ്പ്, ഖാന എന്നൊരു ജ്ഞാനവൃദ്ധ, ‘ഖാനാർ ബചൻ-ൽ തന്റെ സ്വന്തം ബംഗാളിയിൽ, കൃഷി, ആരോഗ്യം, മരുന്ന്, കാലാവസ്ഥ ഗൃഹനിർമ്മാണം എന്നിവയെക്കുറിച്ച് അതിശയകരമായ പ്രായോഗികബുദ്ധിയോടെ എഴുതിയ ഒരു ഈരടിയുണ്ട്
ആലോ ഹവ ബെന്ദ് ഹോനാ
രോഗേ ഭോഗേ മരോനാ
കാറ്റും വെളിച്ചവുമില്ലാതെ വീട് വെച്ചാൽ
രോഗം വന്ന് നീ മരിച്ചേക്കാം
പിർഹ്യൂഞ്ചുമെജേക്കൽ
തർ ദുഖോസർബകാൽ
പുറത്തെ ഭൂമിയേക്കാൾ താഴ്ചയിൽ നിലം പണിതാൽ
മറയ്ക്കാനാവാത്ത ഇരുട്ടും ദുരിതവും നിശ്ചയം
“ഞങ്ങളുടെ പൂർവ്വികർ ഖാനയുടെ അറിവിൽ വിശ്വാസമർപ്പിച്ച്, വീടുകളിൽ, ഗുൽഗുലുകൾക്ക് ഇടം കണ്ടെത്തി. എന്നാൽ, ആധുനിക കാലത്ത്, രാജ്യത്തിന്റെ സാമൂഹികസുരക്ഷാ പദ്ധതിൽ സാധാരണക്കാർക്ക് കിട്ടുന്ന ഗൃഹപദ്ധതിൽ പരമ്പരാഗതമായ അറിവുകൾക്ക് സ്ഥാനമില്ല. ആദ്യമേ നിർമ്മിച്ച ഷെൽഫുകളും, കുലുങി എന്നറിയപ്പെടുന്ന ഉള്ളറകളും മൂലം, ചാതൽ എന്ന് പേരുള്ള തുറസ്സായ ഇടങ്ങൾ പഴഞ്ചൻ ആശയമായി മാറിക്കഴിഞ്ഞു. ഗുൽഗുലികൾ ഇല്ലാതായതോടെ, ഉപയോഗത്തിൽനിന്ന് ആ വാക്കും അപ്രത്യക്ഷമായി”, സ്മിത പറയുന്നു.
വീടുകൾതന്നെ കുടുസ്സുമുറികളായി മാറിയ ഇക്കാലത്ത്, വാക്കുകളെക്കുറിച്ചോ, ഗുൽഗുലികളെക്കുറിച്ചോ അല്ല അവർ സങ്കടപ്പെടുന്നത്. പ്രകൃതിയിലെ മറ്റ് ജീവികളുമായി നമുക്കുണ്ടായിരുന്ന ബന്ധത്തിന്റെ വിച്ഛേദത്തെക്കുറിച്ചുകൂടി ഉള്ള വിഷാദമാണ് സ്മിതയുടേത്. ആ പഴയ വെന്റിലേറ്ററുകളിൽ ഒരുകാലത്ത്, കുരുവികൾ അവയുടെ കൂടുകൾ കൂട്ടിയിരുന്നു.
*****
“മൊബൈൽ ടവറുകൾ ഉണ്ടാക്കുന്ന പൊല്ലാപ്പ്, പുറം ലോകത്തുനിന്ന് വേർതിരിച്ചുനിർത്തിയ നമ്മുടെ വീടുകൾ, അടഞ്ഞ അടുക്കളകൾ, പാടങ്ങളിലെ കീടനാശിനിയുടേയും മറ്റും അമിതമായ ഉപയോഗം.. നമ്മുടെ വീടുകളിൽനിന്നും, പൂന്തോട്ടങ്ങളിൽനിന്നും ഗാനങ്ങളിൽനിന്നും കുരുവികൾ അപ്രത്യക്ഷമായതിന്റെ കാരണങ്ങൾ ഇവകൂടിയാണ് എന്ന് കമൽജിത് പറയുന്നു. ഭാഷയുടേയും പാരിസ്ഥിതികമായ വൈവിധ്യത്തിന്റെയും മുഖ്യമായ ബന്ധത്തെക്കുറിച്ചാണ് ഇവിടെ കമൽജിത് സൂചിപ്പിക്കുന്നത്. പഞ്ചാബി കവിയായ വാരിഷ് ഷായെ ഉദ്ധരിച്ചുകൊണ്ട്, അവർ പറയുന്നു,
ചിരി ചൂക്ഡി നാൽ ജാ തുരേ പാന്ഥി
പായിയാൻ ദൂധ് ദേ വിച് മഥാനിയാൻ നി
കുരുവികൾ ചിലയ്ക്കുമ്പോഴേക്കും,
യാത്രക്കാർ പുറപ്പെടുന്നു,
പാലിൽനിന്ന് ഒരു സ്ത്രീ വെണ്ണ കടഞ്ഞെടുക്കുന്നതുപോലെ
കുരുവികൾ ചിലയ്ക്കാൻ തുടങ്ങുമ്പോഴേക്കും യാത്രികർ യാത്ര തുടങ്ങുകയും കർഷകർ ദിവസം ആരംഭിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. നമ്മുടെ നാടൻ ഉണർത്തുശബ്ദമായിരുന്നു അത്. ഇന്ന് ഞാൻ അതിന്റെ റിക്കാർഡ് ചെയ്ത ശബ്ദം എന്റെ ഫോണിൽ കേട്ടാണ് ഉണരുന്നത്. പക്ഷികളുടെ പെരുമാറ്റം നിരീക്ഷിച്ചാണ് കർഷകർ കാലാവസ്ഥ പ്രവചിച്ചിരുന്നതും അവരുടെ വിളകളുടെ സമയം തീരുമാനിച്ചിരുന്നത്. അവയുടെ ചിറകുകളുടെ ചില ചലനങ്ങൾ നല്ല ലക്ഷണങ്ങളായിരുന്നു. കിസാനി കാ ഷുഗുൺ.
ചിഡിയാൻ ഖംഭ് ഖിലേരേ
വാസ്സൻ മീഹ്ൻ ബഹുതേരേ
എപ്പോഴൊക്കെ ഒരു മൈന അതിന്റെ ചിറക്ക് വിരിക്കുന്നുവോ
അപ്പോഴൊക്കെ ആകാശത്തുനിന്ന് മഴ പൊഴിയുന്നു.
ചെടികളും മൃഗങ്ങളും പക്ഷികളുമൊക്കെ വലിയ തോതിൽ ജൈവപരമായി നശിപ്പിക്കപ്പെടുന്ന കാലത്തുതന്നെ, നമ്മുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ സാരമായി അധപ്പതിക്കുന്നു എന്നത് കേവലം ഒരു യാദൃശ്ചികതയല്ല. കഴിഞ്ഞ 60 വർഷത്തിനുള്ളിൽ, ഏകദേശം, 250 ഭാഷകളെന്ന കണക്കിൽ, ഇന്ത്യയിലെ ഭാഷകൾ നശിച്ചുകൊണ്ടിരിക്കുന്നതായി 2010-ൽ ലിംഗ്വിസ്റ്റിക്ക് സർവേ ഓഫ് ഇന്ത്യയിൽ ഡോ. ഗണേഷ് ഡേവി സൂചിപ്പിച്ചിട്ടുണ്ട്.
പഞ്ചാബിലെ കുരുവികളുടെ കുറഞ്ഞുവരുന്ന എണ്ണത്തെക്കുറിച്ച് പക്ഷിശാസ്ത്രജ്ഞർ ആശങ്കപ്പെടുമ്പോൾ, പണ്ടുകാലത്ത്, വിവാഹസമയത്ത് പാടിയിരുന്ന ഒരു നാടൻ പാട്ടിനെക്കുറിച്ച് കമൽജിത് ഓർമ്മിക്കുന്നു.
സാദാ ചിഡിയൻ ദാ ചംബാ വേ
,
ബാബുൽ ആസാൻ ഉഢ് ജാനാ
നമ്മളും നമ്മളും കുരുവികളെപ്പോലെ
കൂടുവിട്ട് ദൂരേക്ക് പോകേണ്ടവർ
നമ്മുടെ നാടൻപാട്ടുകളിൽ കുരുവികളെ പതിവായി കണ്ടിരുന്നു. ഇപ്പോൾ, അതൊന്നുമില്ല” കമൽജിത് പറയുന്നു.
*****
കാലാവസ്ഥാ പ്രതിസന്ധിയും കുടിയേറ്റവുംപോലെ, അപ്രത്യക്ഷമാകുന്ന ഉപജീവനങ്ങൾക്കും ഭാഷയുമായി ബന്ധമുണ്ടെന്ന് പങ്കജ് നിരീക്ഷിക്കുന്നു. ഇക്കാലത്ത്, രംഗിയ, ഗോരേശ്വർ, തുടങ്ങിയ സ്ഥലങ്ങളിലെ കമ്പോളങ്ങളിലെല്ലാം, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വിലകുറഞ്ഞ ഗമോച കളും (തൂവാലയും, ശിരോവസ്ത്രവും തലേക്കെട്ടുമായി പരമ്പരാഗതമായി ഉപയോഗിക്കുന്ന നേർത്തതും പരുപരുത്തതുമായ പരുത്തിത്തുണികൾ), ചഡോർ - മെഖേല യും (സ്ത്രീകൾ പുതയ്ക്കുകയും അരയിൽ ചുറ്റുകയും ചെയ്യുന്ന പരമ്പരാഗത പുതപ്പ്) നിറഞ്ഞുകവിഞ്ഞിരിക്കുന്നു. അസമിലെ പരമ്പരാഗത കൈത്തറി വ്യവസായവും നാടൻ ഉത്പന്നങ്ങളും നെയ്ത്തുമായി ബന്ധപ്പെട്ട വാക്കുകളും മരിക്കുന്നു”, പങ്കജ് സൂചിപ്പിക്കുന്നു.
“അസമിലെ ഭേഹ്ബാരി ഗ്രാമത്തിൽ ഇപ്പോഴും കൈത്തറി നെയ്ത്ത് തുടരുന്ന 72 വയസ്സുള്ള അക്ഷയ് ദാസ് പറയുന്നത്, ആ വൈദഗ്ദ്ധ്യം നഷ്ടമായി എന്നാണ്. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും ആ തൊഴിൽ ചെയ്യുന്നുണ്ട്. ജോലിക്കുവേണ്ടി ചെറുപ്പക്കാർ, ഗ്രാമത്തിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള ഗുവഹാട്ടിയിലേക്ക് പോകുന്നു. നെയ്ത്ത് പാരമ്പര്യത്തിൽനിന്ന് അകന്നുപോയ അവർക്ക് സെരെകി എന്ന വാക്കുപോലും അറിയുന്നുണ്ടാവില്ല. ജോട്ടോർ എന്ന ചർക്ക ഉപയോഗിച്ച്, മൊഹുറയിൽ (നൂലുകൾ ചുറ്റിവെക്കുന്ന സ്പൂൾ) ചെറിയ കുടുക്കുകളായി നൂലുകൾ ചുറ്റിവെക്കാൻ ഉപയോഗിക്കുന്ന മുളകൊണ്ടുള്ള ഉപകരണമാണത്.
“ഞാൻ ഒരു ബിഹു ഗാനം ഓർക്കുന്നു”, പങ്കജ് പറയുന്നു. “സെരെകി ഘുരാഡി നാസ് (നെയ്ത്തുയന്ത്രം പോലെ നൃത്തം ചെയ്യൂ). ആ തൊഴിലുമായി ബന്ധമില്ലാത്ത ഒരു ചെറുപ്പക്കാരന് ആ പാട്ടിൽ എന്തർത്ഥമാണ് കണ്ടെത്താനാവുക?”. അക്ഷയൌടെ 67 വയസ്സുള്ള നാത്തൂൻ ബിലാതി ദാസ് (അന്തരിച്ച മൂത്ത സഹോദരൻ നാരായൺ ദാസിന്റെ ഭാര്യ) മറ്റൊരു പാട്ട് പാടുകയാണ്.
തെതേലിർ തൊലോത്തെ
,
കപുർ ബൊയി അസിലോ
,
സൊരായേ സിഗിലേ ക്സുടാ
(പുളിമരത്തിന് ചുവട്ടിലിരുന്ന് ഞാൻ നെയ്യുകയായിരുന്നു,
പക്ഷികൾ നൂലുകൾ
പൊട്ടിച്ചുകളഞ്ഞു)
പാവുകൾ നെയ്യുന്ന പ്രക്രിയ അവർ വിശദീകരിക്കുകയായിരുന്നു എന്നോട്. പുതിയ ഉപകരണങ്ങളും യന്ത്രങ്ങളും കമ്പോളത്തിൽ നിറയുമ്പോൾ, പ്രാദേശികമായ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നഷ്ടപ്പെടുകയാണ്”.
*****
“നമ്മൾ സർവ്വനാശത്തിന്റെ സാങ്കേതികവിദ്യയുടെ കാലത്താണ്”, ഗൂഢമായ ഒരു ചിരിയോടെ നിർമ്മൽ പറയുന്നു.
“ഈയടുത്ത കാലത്ത് ഞാൻ ചത്തീസ്ഗഢിലെ എന്റെ ഗ്രാമമായ പട്ടൻദാദാറിൽ ഒരു യാത്ര പോയി”, നിർമ്മൽ തന്റെ കഥ പറയാൻ ആരംഭിച്ചു. “ഞാൻ ദൂബ് (സിനോഡോൺ ദാക്ടിലോൺ അഥവാ ബർമുഡ പുല്ല്) അന്വേഷിക്കുകയായിരുന്നു. ഒരു പൂജയ്ക്കുവേണ്ടി. ആദ്യം വീടിന്റെ പിന്നിലെ അടുക്കളത്തോട്ടത്തിൽ പോയി. ഒരു കഷണംപോലും കിട്ടിയില്ല. അതിനാൽ പാടത്തേക്ക് പോയി”.
“വിളവെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു. പാലിന്റെ സ്വാദുള്ള പുന്നെല്ല് പാടത്ത് നിറയുകയും, കൃഷിക്കാർ ആരാധനയ്ക്കായി പാടത്തേക്ക് പോവുകയും ചെയ്യുന്ന സമയം. അവരും ഈ വിശുദ്ധമായ പുല്ല് ഉപയോഗിക്കാറുണ്ട്. ഞാൻ പാടത്തേക്ക് നടന്നു. എന്നാൽ വെൽവെറ്റുപോലെ, മഞ്ഞിൻതുള്ളിയിൽ നനഞ്ഞിരിക്കേണ്ട പുല്ല് ഉണങ്ങിക്കിടന്നിരുന്നു. ബെർമുഡ ഗ്രാസ്സും, സാധാരണ പുല്ലും, കൻഡിയും (സസ്യങ്ങൾ) എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. പുല്ലുകളൊക്കെ കരിഞ്ഞിരിക്കുന്നു”.
“ഞാൻ ഒരാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു. “സർവ്വനാശം, ദലാ ഗയാ ഹേ, ഇസ്ലിയേ” (നാശം തളിച്ചിരിക്കുന്നു). എന്തോ പേരുള്ള ഒരു കീടനാശിനിയെയാണ് അയാൾ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവാൻ ഞാൻ അല്പസമയമെടുത്തു. ചത്തീസ്ഗഢിയിൽ പറയുന്നപോലെ നിന്ദൻഷാക്ക് (കളനാശിനി) എന്നോ ഒഡിയയിൽ പറയുന്നതുപോലെ ഘാസ് മാരാ എന്നോ അല്ല അയാൾ പറഞ്ഞത്. ഖർപട്‌വാർ നാശക്, ചരാമാർ എന്നൊക്കെ ഹിന്ദി സംസാരിക്കുന്ന സ്ഥലങ്ങളിൽ പറയുന്ന വാക്കുമല്ല അയാൾ പറഞ്ഞത്. അതിനെല്ലാം പകരമായി സർവ്വനാശ് എന്നായിരുന്നു!
മനുഷ്യകേന്ദ്രിത യുക്തിക്കനുസരിച്ച് ഓരോ ഇഞ്ച് സ്ഥലവും നമ്മുടെ ആവശ്യങ്ങൾക്കായി ഉത്പാദനക്ഷമമാക്കി നമ്മുടെ സ്വന്തം അതിജീവനം ഉറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിൽ നമ്മൾ രാസവളങ്ങളും കളനാശിനികളും സാങ്കേതികവിദ്യകളും കൊണ്ട് കൃഷിസ്ഥലം നിറച്ചു. കഷ്ടിച്ച് ഒരേക്കർ സ്ഥലമുള്ള കർഷകൻപോലും, പരമ്പരാഗത ഉപകരണങ്ങൾക്കുപകരം, ട്രാക്ടർ ഉപയോഗിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് നിർമ്മൽ പറയുന്നു.
“രാത്രിയും പകലും ട്യൂബ് കിണറുകൾ പൊന്തിവന്ന് നമ്മുടെ ഭൂമാതാവിനെ വറ്റിവരണ്ടതാക്കുന്നു. ‘മാതി മാഹ്താരി’, അവളുടെ ഗർഭപാത്രത്തിൽനിന്ന് (ഉപരിഭാഗത്തെ മണ്ണ്) 6 മാസം കൂടുമ്പോൾ ബലം പ്രയോഗിച്ച് ഉത്പാദനമുണ്ടാക്കുന്നു. “എത്രകാലം അവൾക്ക് ഈ സർവ്വനാശം അനുഭവിക്കേണ്ടിവരും?”, നിരാശ കലർന്ന ശബ്ദത്തോടെ നിർമ്മൽ ചോദിക്കുന്നു. വിഷം കലർന്ന വിളകൾ നമ്മുടെ ശരീരത്തിലേക്കും വേഗം എത്തും. നമ്മുടെ സർവ്വനാശവും എനിക്ക് കാണാൻ കഴിയുന്നുണ്ട്”.
“ഭാഷയെ സംബന്ധിച്ചാണെങ്കിൽ, ഒരു മധ്യവയസ്കനായ കർഷകൻ ഒരിക്കൽ എന്നോട് പറഞ്ഞു, നാഗർ (കലപ്പ), ബാഖർ (കള പറിക്കുന്ന ഒരു ഉപകരണം), കോപർ (മണ്ണിന്റെ കട്ടകൾ ഉടയ്ക്കാനുള്ള മരത്തിന്റെ ഗദ) – ആർക്കും ഈ വാക്കുകൾപോലും അറിയില്ല. കാളകളെക്കൊണ്ട് ഓടിച്ച് കറ്റ മെതിക്കുന്ന വിദ്യ, മറ്റേതോ കാലത്തിന്റേതായിരിക്കുന്നു”.
“മേടികംബ പോലെ”, ശങ്കർ പറയുന്നു.
“അത്തരമൊരു വടി ഞങ്ങളുടെ കൈയ്യിലുണ്ടായിരുന്നത് എനിക്ക് ഓർമ്മയുണ്ട്, കർണ്ണാടകയിലെ, ഉഡുപ്പിയിലുള്ള വാന്ദ്സേ ഗ്രാമത്തിലെ മുറ്റത്ത്” ശങ്കർ ഓർമ്മിക്കുന്നു. “അക്ഷരാർത്ഥത്തിൽ അത് കൃഷിയുടെ ദണ്ഡുതന്നെയായിരുന്നു. ഞങ്ങൾ ഒരു ബെഞ്ച് – ഹാദിമഞ്ച - അതിനോട് ചേർന്ന് കെട്ടിവെക്കും. കറ്റ തല്ലി നെല്ല് വേർതിരിച്ചെടുക്കാൻ ഞങ്ങൾ അതുപയോഗിക്കും. ഒരു കാളയെ അതിൽ കെട്ടിയിട്ട് ചുറ്റും നടത്തിച്ച്, നെൽച്ചെടിയിലെ ബാക്കിയുള്ള അരിമണികൂടി മാറ്റും. ഇന്ന് ആ ദണ്ഡ് അപ്രത്യക്ഷമായി. വിളകൊയ്യൽ യന്ത്രങ്ങളുടെ ഈ കാലത്ത്, ആ പ്രക്രിയ എളുപ്പമായി”, ശങ്കർ പറയുന്നു.
“വീട്ടിൽ ഒരു മേടികംബ ഉള്ളത് അഭിമാനമായിരുന്നു ഒരുകാലത്ത്. വർഷത്തിലൊരിക്കൽ അതിനൊരു പൂജ നടത്തി, നല്ല സദ്യയൊക്കെ ഉണ്ടാക്കും. ആ ദണ്ഡ്, ആ പൂജ, ആ സദ്യ, ആ വാക്ക്, ഒരു വലിയ ലോകമായിരുന്നു അതൊക്കെ. ഇപ്പോൾ ഇല്ല”.
*****
“ഭോജ്പുരിയിൽ ഒരു പാട്ടുണ്ട്”, സ്വർണ്ണ കാന്ത പറയുന്നു. “ഹർദി ഹർദ്പുർ ജൈഹ എ ബാബ, സോനേ കേ കുദാലി ഹാർദി കൊറേ എ ബാബ (അച്ഛാ, ഹർദ്പുരിൽനിന്ന് കുറച്ച് മഞ്ഞൾ കൊണ്ടുവരൂ, സ്വർണ്ണ കൈക്കോട്ടുപയോഗിച്ച് ആ മഞ്ഞൾ കുഴിച്ചിടൂ). കല്യാണസമയത്ത്, ഉബ്ടാൻ (മഞ്ഞൾ പുരട്ടുന്ന) ചടങ്ങിന്റെ സമയത്താണ് ഭോജ്പുരി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളിൽ ഈ പാട്ട് പാടുക. പണ്ടെല്ലാം ആളുകൾ ബന്ധുക്കളുടെ വീടുകളിൽ പോയി ജാണ്ട അരകല്ല്) ഉപയോഗിച്ച് മഞ്ഞളരച്ചുകൊടുക്കും. ഇന്ന് വീടുകളിൽ അരകല്ലുമില്ല. ആ ചടങ്ങും ഇല്ലാതായി”.
“ഉബ്ടാൻ ആലാപനവുമായി ബന്ധപ്പെട്ട നിരവധി ഭോജ്പുരി വാക്കുകൾ - കൊടൽ (കൈക്കോട്ട്), ഉബ്ടാൻ (മഞ്ഞൾക്കുളി), സിൻഹോര (കുങ്കുമപ്പെട്ടി), ദൂബ് (ബർമുഡ പുല്ല്) – ഇല്ലാതായതിനെക്കുറിച്ച്, ഈയടുത്തൊരു ദിവസം ഞാനും എന്റെ ബന്ധത്തിലുള്ള സഹോദരിയും ആലോചിച്ചിരുന്നു. സിലൌട്ട് (പരന്ന അരകല്ല) ലോധ (ഉലക്കപോലെയുള്ള ഒരു ഉപകരണം), ഖൽ-മൂസൽ (ഉരലും ഉലക്കയും) ഒന്നും ആധുനിക അടുക്കളകളിലോ ഞങ്ങളുടെ പാട്ടുകളിലോ കാണുന്നില്ല. നാഗരിക ഇന്ത്യയിലെ സാംസ്കാരികമായ നഷ്ടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സ്വർണ്ണ കാന്ത.
*****
ഞങ്ങളെല്ലാം സംസാരിക്കുന്നത് ഞങ്ങളുടേതായ സ്ഥലപരവും സാംസ്കാരികവും വർഗ്ഗപരവുമായ വ്യത്യസ്തങ്ങളായ ഇടങ്ങളെക്കുറിച്ചായിരുന്നു. എന്നിട്ടും ഞങ്ങളെല്ലാം ഒരുപോലെ ആശങ്കപ്പെട്ടിരുന്നത്, വാക്കുകളുടെ നഷ്ടത്തെക്കുറിച്ചും, അവയുടെ ചുരുങ്ങിച്ചുരുങ്ങി വരുന്ന അർത്ഥങ്ങളെക്കുറിച്ചും, നമ്മുടെതന്നെ സ്വന്തം വേരുകളും പരിസ്ഥിതിയും പ്രകൃതിയും ഗ്രാമങ്ങളും വനങ്ങളുമായുള്ള നമ്മുടെ ബന്ധം ദുർബ്ബലമാകുന്നതിനെക്കുറിച്ചുമായിരുന്നു. ഇടയ്ക്കെപ്പൊഴോ ഞങ്ങൾ, പുരോഗമനമെന്ന പുതിയൊരു കളി കളിക്കാൻ ആരംഭിച്ചിരുന്നു.
കളികളെക്കുറിച്ച് സംസാരിക്കുമ്പോൾ, അവർക്കും ഇക്കാലത്തിനുള്ളിൽ പല നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. സുധാമയിയും ദേവേഷും അതിനെക്കുറിച്ചുതന്നെയായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. “കുട്ടികൾ ഇപ്പോൾ കളിക്കാത്ത കളികളെക്കുറിച്ച് നിങ്ങളെന്നോട് ചോദിച്ചാൽ ഞാൻ നിങ്ങൾക്ക് ഒരു ലിസ്റ്റ് തരാം. ഗാചകായലു അല്ലെങ്കിൽ വല്ലാഞ്ചി. കല്ലുകൾ മുകളിലേക്കിട്ട്, കൈപ്പത്തിയുടെ പിൻഭാഗംകൊണ്ട് അത് പിടിക്കുന്ന കളി; ഓമനഗുണ്ടലു, ഒരു മേശയിൽ, രണ്ടുവരിയായി, പുളിങ്കുരുവും കക്കയും പതിന്നാല് ഓട്ടകളും (അല്ലെങ്കിൽ കള്ളികൾ) വെച്ചുള്ള കളി; അല്ലെങ്കിൽ കള്ളഗണ്ടലു, കണ്ണുകെട്ടി ഓടുന്നവനെ പിടിക്കുന്ന കളി”, സുധാമയി പട്ടിക നിരത്തുന്നു.
എനിക്ക് ‘സാറ്റിലോ’ എന്ന കളിയെക്കുറിച്ചുള്ള ഓർമ്മകളുണ്ട്, ദേവേഷ് പറയുന്നു. രണ്ട് ടീമുകൾ, ഒന്നിനുമുകളിലൊന്നായി വെച്ച ഏഴ് കല്ലുകൾ. ഒരു ടീം പന്തെറിഞ്ഞ് ആ കൽക്കൂന വീഴ്ത്തുന്നു, മറ്റേ സംഘം പുറത്താവാതെ, അത് വീണ്ടും നിർമ്മിക്കുന്നു. ചിലപ്പോൾ ബോറടിക്കുമ്പോൾ ഞങ്ങൾ ആൺകുട്ടികൾ മറ്റൊരു കളി കണ്ടുപിടിക്കും.’ഗേന ഭാദ്ഭാദ്’ എന്നാണ് പറയുക. അതിൽ ഗോളും ടീമുമൊന്നുമില്ല. എല്ലാവരും എല്ലാവരേയും ലക്ഷ്യമാക്കി പന്തെറിയുക. ചിലപ്പോൾ പരിക്കുകൾ പറ്റാം. ആൺകുട്ടികളുടെ കളിയായിട്ടാണ് ഇതറിയപ്പെടുന്നത്. പെൺകുട്ടികൾ ഗേന ഭാദ്ഭാദ് കളിക്കാറില്ല.
“ഞാൻ സൂചിപ്പിച്ച കളികളൊന്നും ഞാൻ കളിച്ചിട്ടില്ല. എന്റെ അമ്മൂമ്മ ഗജുൽവാർതി സത്യ വേദം ഇതിനെക്കുറിച്ച് പറഞ്ഞത് ഞാൻ ഓർമ്മിക്കുന്നു എന്നുമാത്രം. അവർ കൊലാകലുരുവിലുള്ള എന്റെ ഗ്രാമത്തിൽനിന്ന് 17 കിലോമീറ്റർ അകലെയുള്ള ചിനഗദേലവരു എന്ന സ്ഥലത്തായിരുന്നു. എനിക്ക് അമ്മൂമ്മയെക്കുറിച്ച് അധികമൊന്നും അറിയില്ല. എനിക്ക് ഭക്ഷണം തരുമ്പോഴും ഉറക്കുമ്പോഴും അവർ പറയാറുള്ള കഥകളെക്കുറിച്ച് എനിക്ക് നല്ല ഓർമ്മയുണ്ടെന്ന് മാത്രം. ഞാനത് ശ്രദ്ധയോടെ കേൾക്കാറുണ്ടായിരുന്നു. എനിക്ക് കളിക്കാനൊന്നും പറ്റിയില്ല. സ്കൂളിൽ പോകേണ്ടതുണ്ടായിരുന്നു”.
“ഞങ്ങളുടെ പ്രദേശത്തുള്ള കുട്ടികൾ കല്ലിന്റെ കഷണങ്ങൾകൊണ്ട് ‘ഗുട്ടെ’ എന്നൊരു കളി കളിക്കാറുണ്ടായിരുന്നു. അല്ലെങ്കിൽ ബിഷ്-അമൃത് (വിഷവും അമൃതും) എന്നൊരു കളി. മറ്റേ ടീമിനെ രക്ഷിക്കുകയോ പിടിക്കുകയോ ആയിരുന്നു ലക്ഷ്യം. നിലത്ത് വരച്ച ഒമ്പത് കള്ളികളിലൂടെ ഒറ്റക്കാലിൽ ചാടുന്ന ‘ലംഗ്ഡ്ടാംഗ്’ എന്നൊരു കളിയും എനിക്കോർമ്മയുണ്ട്. ഒറ്റക്കാലോട്ടത്തിന്റെ മറ്റൊരു രൂപം.
“അന്നത്തെ കുട്ടികൾ, അവരുടെ ഭാഷയേയും കുട്ടിക്കാലത്തേയും നഷ്ടപ്പെടുത്തിക്കളയുന്ന ഡിജിറ്റൽ സാധനങ്ങളുമായിട്ടല്ല വളർന്നുവലുതായത്. ഇന്ന് എന്റെ 5 വയസ്സുള്ള മരുമകൻ ഹർഷിതിനും 6 വയസ്സുള്ള മരുമകൾ ഭൈരവിക്കും ആ കളികളുടെ പേരുകൾപോലും അറിയില്ല”, ദേവേഷ് പറയുന്നു.
*****
പക്ഷേ ചില നഷ്ടങ്ങൾ അനിവാര്യമാണ്, അല്ലേ? പ്രണതി തന്റെ മനസ്സിനോടുതന്നെ ചോദിക്കുന്നു. ചില മേഖലകളിലെ മാറ്റങ്ങൾ നമ്മുടെ ഭാഷയേയും മാറ്റാനിടയില്ലേ? ശാസ്ത്രവിജ്ഞാനത്തിലെ അതിവേഗത്തിലുള്ള മറ്റങ്ങൾ, ഉദാഹരണത്തിന്, വിവിധ രോഗങ്ങളെക്കുറിച്ചും, അവയുടെ കാരണങ്ങൾ, പ്രതിവിധി, ആളുകൾക്കിടയിൽ അവയെക്കുറിച്ചുള്ള അവബോധം എന്നിവയൊക്കെ, അവർ അതിനെ കാണുന്ന രീതിയിലും മാറ്റം വരുത്തും. ചുരുങ്ങിയത്, അതുമായി താദാത്മ്യം പ്രാപിക്കുന്ന രീതിയിലെങ്കിലും. അല്ലെങ്കിൽ എങ്ങിനെയാണ് ഒഡിയ ഭാഷയിൽ ചില ശാസ്ത്രീയ പദങ്ങൾ വന്നതിനെ നിങ്ങൾ വിശദീകരിക്കുക?
“ഗ്രാമങ്ങളിൽ ഒരുകാലത്ത്, വിവിധ രോഗങ്ങൾക്ക് വിവിധ പേരുകളുണ്ടായിരുന്നു. വസൂരിക്ക് ബഡി മാ, ചിക്കൻപോക്സിന് ചോട്ടി മാ, അതിസാരത്തിന് ബഡി, ഹജ്ജ അല്ലെങ്കിൽ ആമാശയ്; മഞ്ഞപ്പിത്തത്തിന് ആന്ത്രിക ജ്വരം. പ്രമേഹത്തിനുപോലും ഞങ്ങൾക്ക് വാക്കുണ്ടായിരുന്നു. ബഹുമുത്ര, സന്ധിവീക്കത്തിന് ഗന്തിബാത്ത്, കുഷ്ഠത്തിന് ബഡാ രോഗ്. എന്നാലിന്ന് ആളുകൾ ഈ ഒഡിയ വാക്കുകളെ അരികിലേക്ക് മാറ്റിനിർത്തി, അവരുടെ ഭാഷയിലേക്ക് ഇംഗ്ലീഷ് പദങ്ങൾ കൊണ്ടുവരുന്നു. ഇത് സങ്കടപ്പെടേണ്ട കാര്യമാണോ? എനിക്കുറപ്പില്ല”.
ഭാഷാശാസ്ത്രജ്ഞന്മാരാണെങ്കിലും അല്ലെങ്കിലും നമുക്കറിയാം, ഭാഷ എന്നത് സ്ഥായിയായ ഒന്നല്ല. അതൊരു പുഴപോലെയാണ്. സ്ഥലങ്ങളിലൂടെയും സാമൂഹികസംഘങ്ങളിലൂടെയും സമയത്തിലൂടെയും എപ്പോഴും മാറിമറിഞ്ഞ്, പ്രചരിപ്പിച്ച്, ഉൾക്കൊണ്ട്, ചുരുങ്ങുകയും മായുകയും പുതുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണത്. അതുകൊണ്ട് എന്തിനാണ് നഷ്ടങ്ങളെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും ഇത്രവലിയ കോലാഹലമുണ്ടാക്കുന്നത്? ചില കാര്യങ്ങളൊക്കെ മറക്കുന്നതും നല്ലതല്ലേ?
*****
“നമ്മുടെ ഭാഷയുടെ പിന്നിൽ നിലനിൽക്കുന്ന നിരവധി സാമൂഹികഘടനകളെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. ഉദാഹരണത്തിന് മുർദാദ് മട്ടൺ എന്നൊരു വാക്കിനെക്കുറിച്ച് ആലോചിക്കുക”, മേധ പറയുന്നു. ‘പിടിവാശിക്കാരനായ; ഒരാളെക്കുറിച്ച് പറയാനാണ് ഞങ്ങളിത് ഉപയോഗിക്കുന്നത്. വാക്കുകൾകൊണ്ടോ, സാഹചര്യങ്ങൾകൊണ്ടോ മാറാൻ സമ്മതിക്കാത്ത ഒരാളെ. മുർദാദ് മട്ടൺ, അഥവാ, ചത്ത ഇറച്ചി വിവിധ ഗ്രാമങ്ങളിലെ ദളിതുകൾ തിന്നാൻ നിർബന്ധിക്കപ്പെടുന്ന സാധനമാണ്. അതിൽനിന്നാണ് ഈ വാക്ക് വരുന്നത്”.
രാജീവ് മലയാളത്തെക്കുറിച്ച് ആലോചിക്കുകയാണ്. “ഒരുകാലത്ത്, താഴ്ന്ന ജാതിക്കരുടെ വീടിനെയായിരുന്നു കേരളത്തിൽ, ചെറ്റ എന്ന് വിളിച്ചിരുന്നത്. ഓലപ്പുര എന്നൊക്കെയാണ് അർത്ഥം. ആ വീടുകളിൽ താമസിക്കുന്ന ആളുകളെ ചീത്ത വിളിക്കാനും ആ വാക്കുതന്നെ ഉപയോഗിച്ചിരുന്നു. തങ്ങളുടെ വീടുകളെ, പുര എന്നോ വീട് എന്നോ വിളിക്കാൻ അവർക്ക് അനുവാദമുണ്ടായിരുന്നില്ല. അതെല്ലാം സവർണ്ണർക്ക് മാത്രം അവകാശമുള്ള വാക്കുകളായിരുന്നു. സവർണ്ണരുടെ ആണ്മക്കളെ ‘ഉണ്ണി’ എന്ന് വിളിക്കുമ്പോൾ, താഴ്ന്ന ജാതിക്കാരുടെ ആൺകുട്ടികളെ വിളിക്കാൻ ഉപയോഗിച്ചിരുന്നത്, ‘ചെക്കൻ’ എന്ന വാക്കായിരുന്നു. സവർണരും ജന്മിമാരുമായി സംസാരിക്കുമ്പോൾ, താഴ്ന്ന ജാതിക്കാർ തങ്ങളെ സ്വയം അഭിസംബോധന ചെയ്തിരുന്നത് ‘അടിയൻ’ എന്ന വാക്കുകൊണ്ടായിരുന്നു. ‘നിങ്ങളുടെ വിനീതനായ അടിമ’ എന്നാണ് ആ വാക്കിന്റെ അർത്ഥം. എന്നാൽ ഇന്ന് അത്തരം വാക്കുകളൊക്കെ ഉപയോഗത്തിലില്ലാതായിരിക്കുന്നു”, രാജീവ് പറയുന്നു.
“ചില വാക്കുകളും പ്രയോഗങ്ങളും എന്നന്നേക്കുമായി നഷ്ടപ്പെടുന്നത് നല്ലതാണ്”, മേധ പറയുന്നു. “മറാത്ത്‌വാഡ പ്രദേശത്തുനിന്നുള്ള ദളിത് നേതാവ് അഡ്വക്കേറ്റ് ഏക്നാഥ് അവാദ്, താനും ചില സുഹൃത്തുക്കളും ചേർന്ന് സൃഷ്ടിച്ച ഒരു ഭാഷയെക്കുറിച്ച് തന്റെ ആത്മകഥയിൽ പറയുന്നുണ്ട് (ലോകത്തെ മാറ്റിമറിക്കാൻ പ്രഹരമേൽപ്പിക്കുക എന്ന് ജെറി പിന്റോ അതിനെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്). മാതംഗ് അടക്കമുള്ള ദളിത് ജാതിക്കാരുടെ ഭാഷയായിരുന്നു അത്. അതീവദാരിദ്ര്യത്തിൽ ജീവിച്ചിരുന്ന അവർ ഭക്ഷണം മോഷ്ടിച്ചിരുന്നു. അതിജീവിക്കാനും, പരസ്പരം മുന്നറിയിപ്പ് നൽകാനും, പിടിക്കപ്പെടുന്നതിനുമുൻപ് ഓടിരക്ഷപ്പെടാനുമാണ് ആ ഭാഷ ഉപയോഗിക്കപ്പെട്ടിരുന്നത്. “ആ ഭാഷ വിസ്മരിക്കപ്പെടണം. ആർക്കും അത് ഓർക്കുകയോ ഉപയോഗിക്കേണ്ടിവരുകയോ ചെയ്യരുത്’ എന്ന് ജീജ എന്ന സ്നേഹത്തോടെയുള്ള വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം പറയുന്നു.
“സോലാപ്പുർ ജില്ലയിലെ സംഗോലയിൽനിന്നുള്ള ദീപാലി ഭുസ്നാറും അഡ്വ. നിതിൻ വാഗ്‌മാരെയും നിരവധി വാക്കുകളും പഴഞ്ചൊല്ലുകളും നിരത്തുന്നു. ‘കായ് മാംഗ് ഗരുഡ്യാസാരഖ രഹാതോ?’ പോലുള്ളവ. (നീ ഒരു മാംഗിനെപ്പോലെയോ ഗരുഡിയേയോപോലെ ഇരിക്കുന്നതെന്തിനാണ്?). വ്യക്തിപരമായി വൃത്തിയും വെടിപ്പുമില്ലതെ, അതീവദാരിദ്ര്യത്തിലും ജാതീയമായ വിവേചനത്തിലും കഴിയുന്ന ദളിതുകളുടെ അവസ്ഥയെ സൂചിപ്പിക്കാനാണ് ഇതുപയോഗിക്കുന്നത്. എന്നാൽ, ജാതീയമായ അധികാരക്രമത്താൽ ബന്ധിക്കപ്പെട്ട ഒരു ഭാഷയിൽ ഒരു വ്യക്തിയെ, പാർധി, മാംഗ്, മഹർ ജാതികളുമായി തുലനപ്പെടുത്തുന്നത്, അങ്ങേയറ്റത്തെ അപമാനിക്കലായിട്ടാണ് കരുതിവരുന്നത്. അത്തരം വാക്കുകൾ പറിച്ചുകളയേണ്ട ആവശ്യം നമുക്കില്ല”.
*****
എന്നാലും രക്ഷപ്പെടുത്തേണ്ട ചിലതെല്ലാമുണ്ട്. നമ്മുടെ ഭാഷയുടെ പ്രതിസന്ധി കേവലം ഒരു ഭാവനയല്ല. പെഗ്ഗി മോഹൻ പറയുന്നതുപോലെ, ഖനികളിലെ ആദ്യത്തെ മൈനയെപ്പോലെയാണെങ്കിൽ, കൂടുതൽ മോശമായ എന്തെങ്കിലും വരാനുണ്ടോ? ജനത എന്ന നിലയ്ക്കും, ഒരു സംസ്കാരം എന്ന നിലയ്ക്കും നമ്മുടെ ബഹുസ്വരതയുടെ വ്യാപകമായ നാശത്തിലേക്കാണോ നമ്മൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആരംഭമാണോ ഇവിടെ ഭാഷകളിൽ നമ്മൾ കാണുന്നത്? എവിടെയാണ് ഇതിന്റെ അവസാനം, ഇതിൽനിന്നുള്ള ഒരു മോചനം?
“മറ്റെവിടെയാണ്, നമ്മുടെ സ്വന്തം ഭാഷകളിൽത്തന്നെ, 69 വയസ്സുള്ള ജയന്ത് പാർമർ പറയുന്നു. ഉറുദു ഭാഷയിൽ കവിതയെഴുതുന്ന ഒരു ഗുജറാത്ത് ദളിത് കവിയാണ് അദ്ദേഹം.
“അമ്മ, അവരുടെ ഗുജറാത്തിയിൽ ധാരാളം ഉറുദു വാക്കുകൾ ഉപയോഗിച്ചിരുന്നു”, ഭാഷയുമായുള്ള തന്റെയും, അമ്മ ദഹിബെൻ പർമാരുടെ ബന്ധത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. “ഒരു പ്രത്യേക പാത്രം കൊണ്ടുവരാൻ പറയുന്നതിന് അവർ എന്നോട് ‘ജാ, കാഡോ ലായി ആവ്ഖാവ കാഠു’ എന്നാണ് പറയുക. ഈ തരത്തിലുള്ള പാത്രങ്ങൾ ഇപ്പോൾ ഉപയോഗത്തിലുണ്ടോ എന്ന് എനിക്കറിയില്ല. അരി ചേർത്ത് കഴിക്കാനുള്ള പാത്രമാണ് അത്. ഗാലിബിനെ വായിച്ചുകഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി, ആ വാക്ക് ‘കാഡ’ എന്നാണെന്ന്”, അദ്ദേഹം കൂട്ടിച്ചേർത്തു.
“അതുപോലുള്ള ധാരാളം വാക്കുകളുണ്ടായിരുന്നു, “താര ദീദാർ തൂ ജോ (നിന്റെ വേഷത്തിൽ ശ്രദ്ധിച്ചാൽ മതി), താരു ഖമീസ് ധോവാ ആപ് (നിന്റെ ഷർട്ട് ഞാൻ അലക്കാനിടട്ടെ), “മൊൻഹ്മതി ഏക് ഹരാഫ് കാധൊ നാതി (നിനക്ക് എന്തെങ്കിലുമൊരു വാക്ക് പറഞ്ഞുകൂടേ?)“. അല്ലെങ്കിൽ അമ്മ പറയും, “മുല്ലാനേ ത്യാന്തി ഗോഷ് ലായ് ആവ് (മുല്ലയുടെ വീട്ടിൽ പോയി കുറച്ച് ഇറച്ചി വാങ്ങിക്കൊണ്ട് വാ). ഗോഷ്ട് എന്നാണ് വാക്ക്. പക്ഷേ സംസാരഭാഷയിൽ അതിന് ഗോഷ് എന്നാണ് പറയുക. ഞങ്ങളുടെ ഭാഷയിൽ പ്രചാരത്തിലുണ്ടായിരുന്ന ഈ വാക്കുകളൊക്കെ ഇപ്പോൾ വിസ്മരിക്കപ്പെട്ടിരിക്കുന്നു. ഉറുദു കവിതകളിൽ ഈ വാക്കുകൾ കാണുമ്പോഴൊക്കെ ഞാൻ എന്റെ അമ്മയുടെ മുഖം കാണും”.
ഇന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്, കാലാവസ്ഥയും, നഗരത്തിന്റെ ഭൂമിശാസ്ത്രവും എല്ലാം. “അന്നൊക്കെ എല്ലാ സമുദായങ്ങളിലേയും ആളുകൾ ഒരുമിച്ച്, അഹമ്മദബാദിന്റെ ചുമരുകളാൽ ചുറ്റപ്പെട്ട നഗരത്തിൽ താമസിച്ചിരുന്നു. സംസ്കാരത്തിൽ വർഗ്ഗീയത കലർന്നിരുന്നില്ല. ദീപാവലിക് ഞങ്ങളുടെ മുസ്ലിം സുഹൃത്തുക്കൾക്ക് എന്റെ വീട്ടിൽനിന്ന് മധുരപലഹാരവും വിവിധ മിസ്ക്ചറുകളും കൊടുത്തിരുന്നു. ഞങ്ങൾ പരസ്പരം ആശ്ലേഷിക്കും. മുഹറത്തിന്റെ അന്ന് ഞങ്ങളെല്ലാവരും താജിയ ഘോഷയാത്ര കാണാൻ പോകും. ചിലതെല്ലാം മനോഹരമായിരുന്നു. യക്ഷികൾക്കുവേണ്ടിയുള്ള അലങ്കരിച്ച താഴികക്കുടങ്ങൾ. ചെറിയ കുട്ടികൾ അതിന്റെ താഴേക്കൂടി കടന്ന്, സന്തോഷത്തിനും ആരോഗ്യത്തിനും പ്രാർത്ഥിക്കും”, അദ്ദേഹം പറയുന്നു.
ആദാന-പ്രദാനങ്ങളുണ്ടായിരുന്നു. ആത്മാർത്ഥമായ കൊടുക്കൽ-വാങ്ങലുകൾ. “നമ്മളിപ്പോൾ വ്യത്യസ്തമായ ഒരു കാലത്തല്ല കഴിയുന്നത്. അത് നമ്മുടെ ഭാഷകളിലും കാണും. എന്നാലും ഇവിടെ പ്രതീക്ഷയുണ്ട്. എനിക്ക് മറാത്തിയും, പഞ്ചാബിയും ബംഗാളിയും അറിയാം. അവയിൽനിന്ന് പലതിനേയും ഉറുദുവിലേക്ക് കൂട്ടിക്കൊണ്ടുവരാറുണ്ട്. കാരണം, കവിതയിലൂടെ മാത്രമേ ഇവയെ രക്ഷിക്കാനാവൂ എന്ന് ഞാൻ വിശ്വസിക്കുന്നു”, അദ്ദേഹം പറയുന്നു.
മറ്റെന്താണ് വാക്കുകൾ, ഒരു മണൽത്തരിയിലെ ലോകങ്ങളല്ലാതെ.
ദേവേഷ് (ഹിന്ദി), ജോഷ്വ ബോധിനേത്ര (ബംഗാളി), കമൽജിത്കൌർ (പഞ്ചാബി), മേധാ കാലെ (മറാത്തി), മൊഹമ്മദ് ഖമർ തബ്രീസ് (ഉറുദു), നിർമൽ കുമാർ സാഹു (ചത്തീസ്ഗഢ്), പങ്കജ് ദാസ് (അസമീസ്), പ്രണതി പരീദ (ഒഡിയ), രാജസംഗീതം (തമിഴ്), രാജീവ് ചേലനാട്ട് (മലയാളം), സ്മിത ഖാടോർ (ബംഗാളി), സ്വർണ കാന്ത (ഭോജ്പുരി), ശങ്കർ എൻ. കെഞ്ചാനുരു (കന്നട), സുധാമയി സത്തെനപല്ലി (തെലുഗു) എന്നീ പാരിഭാഷാ അംഗങ്ങളുടെ സംഭാവനകളിലൂടെയാണ് ഈ വിവിധ സ്ഥലങ്ങളിൽനിന്നുള്ള ഈ കഥ സാധ്യമായത്
ജയന്ത് പർമാർ (ഉറുദുവിലെഴുതുന്ന ഗുജറാത്തി ദളിത് കവി), ആകാംക്ഷ, അന്തരാ രാമൻ, മഞ്ജുള മസ്തികട്ടെ, പി. സായ്നാഥ്, പുരുഷോത്തം താക്കൂർ, റിതായൻ മുഖർജി, സങ്കേത് ജയ്ൻ എന്നിവരുടെ സംഭാവനകൾക്ക് നന്ദി പറയുന്നു.
ഈ കഥ പി.സായ്നാഥ്, പ്രീതി ഡേവിഡ്, സ്മിത ഖാടോർ, മേധാ കാലെ എന്നിവരുടെ സഹായത്തോടെ എഡിറ്റ് ചെയ്തത് പ്രതിഷ്ത പാണ്ഡ്യയാണ്. പരിഭാഷാ സഹായം ചെയ്തത് ജോഷ്വാ ബോധിനേത്രയും, ഫോട്ടോ എഡിറ്റും രൂപകല്പനയും ബിനായ്ഫർ ഭറൂച്ചയും നിർവഹിച്ചു.
പരിഭാഷ: രാജീവ് ചേലനാട്ട്