"എന്നെ പലതവണ ആനകൾ പിന്തുടർന്നിട്ടുണ്ടെങ്കിലും എനിക്ക് ഒരിക്കലും പരിക്കേറ്റിട്ടില്ല", രവി കുമാർ നേതാം പുഞ്ചിരിയോടെ പറയുന്നു.
അർസികൻഹാർ മലനിരകളിലെ വനപാതയിലൂടെ നടന്നുപോകുകയാണ് 25-കാരനായ ഈ ഗോണ്ട് ആദിവാസി. ചത്തീസ്ഗഡിലെ ഉദന്തി സീതാനദി ടൈഗർ റിസർവിലെ ആന ട്രാക്കറായ അദ്ദേഹത്തിന് ആനകളുടെ വിസർജ്ജ്യവും കാൽപ്പാടുകളും ഉപയോഗിച്ച് അവയെ പിന്തുടരാൻ അറിയാം.
"ഞാൻ ജനിച്ചതും വളർന്നതും വനത്തിലാണ്. ഇത്തരം കാര്യങ്ങൾ പഠിക്കാൻ എനിക്ക് സ്കൂളിൽ പോകേണ്ട ആവശ്യമില്ല", ധംതാരി ജില്ലയിലെ ടേനഹി ഗ്രാമത്തിൽനിന്നുള്ള രവി പറയുന്നു. പന്ത്രണ്ടാം ക്ലാസുവരെ പഠിച്ച അദ്ദേഹം ഏതാണ്ട് നാല് വർഷങ്ങൾക്കുമുമ്പ് വനം വകുപ്പിൽ ഫയർ ഗാർഡായിട്ട് ജോലി ആരംഭിച്ച്, പിന്നീട് തന്റെ ഇപ്പോഴത്തെ തൊഴിലിലേക്ക് മാറുകയായിരുന്നു.
ട്രാക്കർമാർ ഞങ്ങളെ കാട്ടിലേക്ക് നയിക്കുമ്പോൾ, പ്രാണികളുടെ മൃദുവായ മൂളലും സാൽ (ഷോറിയ റോബസ്റ്റ), തേക്ക് (ടെക്ടോണ ഗ്രാൻഡിസ്) തുടങ്ങിയ മരങ്ങൾക്കിടയിലൂടെ വീശുന്ന കാറ്റിന്റെ ശബ്ദവും മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളു. ഇടയ്ക്ക് വല്ലപ്പോഴും, ഒരു പക്ഷിയുടെ വിളി അല്ലെങ്കിൽ ഒരു ചില്ല പൊട്ടുന്ന ശബ്ദവും. ചുറ്റുമുള്ള ശബ്ദങ്ങളിലും കണ്ണിൽപ്പെടുന്ന സൂചനകളിലും ശ്രദ്ധ ചെലുത്തേണ്ടത് ആന ട്രാക്കർമാർക്ക് അനിവാര്യമാണ്.












