“എനിക്ക് പഠിക്കാൻ അധികം ക്ഷമയില്ല”, പാർത്ഥ പ്രൊതിം ബറുവ പറയുന്നു. നവംബറിലെ ഒരു മനോഹരമായ സായാഹ്നത്തിൽ, മജൂലിയിലെ ഒരു ചെറിയ പട്ടണമായ ഗരമൊറിലെ വഴിയിലൂടെ നടക്കുകയായിരുന്നു ഞങ്ങൾ. “പഠനംകൊണ്ട് ഒരു ജോലി ഒരിക്കലും എനിക്ക് കിട്ടില്ലെന്ന് അറിയാം”, അവൻ പറയുന്നു. ജില്ലയിലെ ഗരമൊർ സാരു സത്രയിലെ ചെറുപ്പക്കാരായ ഗായൻ-ബായനുകളിൽ ഒരാളായിരുന്നു 16 വയസ്സുള്ള ആ യുവാവ്.
സത്രിയ സംസ്കാരത്തിന്റെ മുഖ്യഘടകമായ ഗായൻ-ബായൻ ഒരു മതപരമായ നാടൻ കലാരൂപമാണ്. അസമിലെ സത്രങ്ങളിലാണ് (വൈഷ്ണവ സന്ന്യാസിമഠങ്ങൾ) ഇത് പ്രാഥമികമായി അനുഷ്ഠിക്കപ്പെടുന്നത്. പാട്ട് പാടുന്നവരാണ് ഗായൻ എന്ന് അറിയപ്പെടുന്നത്.. അവർതന്നെയാണ് താളങ്ങളും (സിംബലുകൾ) വായിക്കുന്നത്. ഖോൾ ഡ്രമ്മുകളും ഓടക്കുഴലും പോലുള്ള ഉപകരണസംഗീതം വായിക്കുന്നവർ ബായൻ എന്ന് അറിയപ്പെടുന്നു. മജൂലിയിൽ, ഗായൻ, ബായൻ എന്നതൊക്കെ ഒരു തൊഴിലിന്റെ പേരല്ല. മറിച്ച്, ആളുകൾ അഭിമാനിക്കുകയും തങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായി കരുതുകയും ചെയ്യുന്ന പാരമ്പര്യമാണ്.
“സ്കൂൾ പഠനം കഴിഞ്ഞ്, ജോലി സമ്പാദിക്കാനായില്ലെങ്കിൽ, അത് എന്റെ വിധിയല്ലെങ്കിൽ, പിന്നെ ഞാനെന്ത് ചെയ്യണം?”, കാര്യമാത്രപ്രസക്തമായി പാർത്ഥ ചോദിക്കുന്നു. 12-ആം ക്ലാസ്സിനുശേഷം സംഗീതം തൊഴിലായി തിരഞ്ഞെടുക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ട്. അവന്റെ സഹോദരി, ഉത്തർ പ്രദേശിലെ ഒരു ഗ്രാമത്തിൽ സംഗീത അദ്ധ്യാപികയായി ജോലി ചെയ്യുന്നുമുണ്ട്.
“എന്റെ രക്ഷിതാക്കളും ഈ ആശയത്തിനെ പിന്തുണച്ചിരുന്നു (ഗുവഹാട്ടിയിൽ ഒരു സംഗീത സ്കൂളിൽ ചേരുന്നതിനെ). “ആ പിന്തുണയാണ് പ്രധാനം. അതില്ലെങ്കിൽ എങ്ങിനെ എനിക്ക് സംഗീതം തുടർന്നുപോകാൻ കഴിയും?”. അരിയും വിറകും വിൽക്കുന്ന ഒരു ചെറിയ കച്ചവടം നടത്തുന്ന അച്ഛൻ അവന്റെ ആഗ്രഹത്തിനെ അനുകൂലിക്കുന്നുണ്ടെങ്കിലും അമ്മയ്ക്ക് അതിൽ അത്ര സന്തോഷമില്ല. പഠിക്കാൻ വേണ്ടി വീട്ടിൽനിന്ന് ദൂരസ്ഥലത്തേക്ക് അവൻ പോകുന്നത് അവർക്ക് താത്പര്യമില്ല.
അവതരണത്തിനുള്ള സമയമായപ്പോൾ പാർത്ഥ എന്ന കലാകാരൻ തൂവെള്ള കുർത്തയും ധോത്തിയും, പാഗ് എന്ന് വിളിക്കുന്ന തലപ്പാവും ധരിച്ച്, ശരീരത്തിന് കുറുകെ സെലെംഗ് എന്ന തുണിയും ചുറ്റി. കലാകാരന്മാർ മോട്ടാമോണി മുത്തുകളുടെ ഒരു മാല ധരിക്കുകയും നെറ്റിയിൽ ചന്ദനംകൊണ്ട് കുറി വരയ്ക്കുകയും ചെയ്യുന്നു.
അവതരണത്തിന് തൊട്ടുമുമ്പായി ഞാൻ അഭിമുഖം നടത്തുന്ന ചെറുപ്പക്കാരായ കലാകാരന്മാരിൽ ഒരാൾ മാത്രമാണ് പാർത്ഥ. അണിയറയിൽ അവർ ആത്മവിശ്വാസത്തോടെ, പരസ്പരം, വേഷം ധരിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിന് കുറുകെയുള്ള തുണി, പിന്നുകളുപയോഗിച്ചാണ് കെട്ടിവെക്കുന്നത്.




























