ഉടമസ്ഥത എന്ന പുത്തനനുഭവം സന്തോഷി കോരി ആസ്വദിക്കുന്നുണ്ട്. “ഞങ്ങൾ സ്ത്രീകളാണ് ഫാർമർ കോഓപ്പറേറ്റീവ് തുടങ്ങാൻ തീരുമാനിച്ചത്. അത് നല്ലൊരു കാര്യമായി എന്ന് ഇപ്പോൾ ഗ്രാമത്തിലെ ഞങ്ങളുടെ പുരുഷന്മാരും സമ്മതിക്കുന്നുണ്ട്,” ചിരിച്ചുകൊണ്ട് അവർ പറയുന്നു.
ഭൈരഹ പഞ്ചായത്തിലെ ഗുചാര കോളണിയിലെ ദളിത് കർഷകയായ അവർ രൂഞ്ജ് മഹിളാ ഫാർമർ പ്രൊഡ്യൂസർ കോഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (എം.എഫ്.പി.ഒ.) അംഗത്വഫീസിലേക്ക് 1,000 രൂപ അടച്ചു. അത്തരത്തിൽ അംഗത്വമെടുത്ത 300 ആദിവാസി, ദളിത്, ഒ.ബി.സി. സ്ത്രീകളിൽ ഒരാളാണ് അവർ. 2024 ജനുവരിയിലാണ് അതുണ്ടായത്. അഞ്ച് ബോർഡ് മെംബർമാരിലൊരാളായ സന്തോഷി ഈ സംരംഭത്തെക്കുറിച്ച് കൂട്ടായ്മകളിൽ സംസാരിക്കാനും ഇത് പ്രചരിപ്പിക്കാനും പോകാറുണ്ട്.
“മുമ്പ്, ബിചോലിയകൾ (വ്യാപാരികൾ) വന്ന് ഞങ്ങളുടെ കൈയ്യിൽനിന്ന് തുവരപ്പരിപ്പ് വാങ്ങി പോകാറുണ്ടായിരുന്നു. സംസ്കരിക്കാത്തതായതിനാൽ, കുറഞ്ഞ വിലയ്ക്കാണ് അവരത് വാങ്ങിയിരുന്നത്. ചിലപ്പോൾ അവർ സമയത്തിന് വരില്ല. ഞങ്ങൾക്ക് പൈസയും കൃത്യമായി കിട്ടില്ല,” അവർ പാരിയോട് പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ ആ 45-കാരി അവരുടെ സ്വന്തം രണ്ടേക്കറിൽ തുവരപ്പരിപ്പ് കൃഷി ചെയ്യുന്നുണ്ട്. ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് അതിലും അവർ കൃഷി ചെയ്യുന്നു. മഴയെ ആശ്രയിച്ചാണ് നനയ്ക്കുന്നത്. ഇന്ത്യയിൽ, 11 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് സ്വന്തമായി ഭൂമിയുള്ളത്. മധ്യ പ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല.
യമുനയിലേക്ക് ഒഴുകിയെത്തുന്ന ബഗൈൻ നദിയുടെ പോഷകനദിയായ രൂഞ്ജിന്റെ പേരാണ് രുഞ്ജ് എം.എഫ്.പി.ഒ.യുടേത്. അജയ്ഗർ, പന്ന ബ്ലോക്കിലെ 28 ഗ്രാമങ്ങളിലെ കർഷകസ്ത്രീകളുടെ കൂട്ടായ്മയാണ് രൂഞ്ജ് എഫ്.പി.ഒ. 2024-ൽ തുടങ്ങിയ ഈ എഫ്.പി.ഒ.യുടെ വിറ്റുവരവ് ഇപ്പോൾത്തന്നെ 40 ലക്ഷമാണ്. അടുത്ത വർഷം അത് ഇരട്ടിയാക്കാനാണ് അവർ ലക്ഷ്യമിടുന്നത്.










