"കൊൽക്കത്ത, ജയ്പൂർ, ഡൽഹി, മുംബൈ എന്നിങ്ങനെ എല്ലായിടത്തേയ്ക്കും മുളയിൽ തീർത്ത പോളോ പന്തുകൾ നേരിട്ട് ദ്യോൽപൂരിൽനിന്നാണ് കൊണ്ടുപോയിരുന്നത്," ഇന്ത്യയിൽ പോളോ എന്ന കായികയിനം അരങ്ങേറിയിരുന്ന സ്ഥലങ്ങൾ പരാമർശിച്ച് രഞ്ജിത്ത് മാൽ പറയുന്നു.
പശ്ചിമ ബംഗാളിലെ ദ്യോൽപൂർ സെൻസസ് പട്ടണത്തിൽനിന്നുള്ള പോളോ പന്ത് നിർമ്മാതാവായ 71 വയസ്സുകാരൻ രഞ്ജിത്ത്, കഴിഞ്ഞ 40 വർഷമായി ഗ്വാദ്വാ മുളയുടെ കാണ്ഡത്തിൽനിന്ന് പന്തുകൾ മെനയുന്ന ജോലി ചെയ്തുവരുന്നു. പ്രാദേശികമായി ഭാഷെർ ഗോഡ എന്നറിയപ്പെടുന്ന ഈ കാണ്ഡങ്ങൾ, മുള വൃക്ഷത്തെ വളരാനും പടരാനും സഹായിക്കുന്ന, അവയുടെ മണ്ണിനടിയിൽ കാണപ്പെടുന്ന ഭാഗങ്ങളാണ്. ഇവയിൽനിന്ന് പന്തുകൾ തീർക്കുന്ന കരവിരുത് സ്വായത്തമായുള്ള അവസാനത്തെ ശിൽപ്കാറാണ് (കൈപ്പണിക്കാരൻ) രഞ്ജിത്ത്. അദ്ദേഹം ചൂണ്ടിക്കാട്ടുന്നതുപോലെ ഈ നൈപുണ്യം ഇന്ന് ചരിത്രമായി മാറിയിരിക്കുന്നു.
എന്നാൽ, ഏകദേശം 160 വർഷം മുൻപ് ആധുനികരീതിയിൽ പോളോ കളിച്ചുതുടങ്ങിയ കാലംമുതൽ - തുടക്കത്തിൽ പട്ടാളക്കാരും രാജകുടുംബങ്ങളും വരേണ്യവർഗക്കാരുടെ ക്ലബുകളുമായിരുന്നു ഈ കളിയിൽ ഏർപ്പെട്ടിരുന്നത് -ദ്യോൽപൂരിലെ കൈപ്പണിക്കാർ മുളകൊണ്ട് നിർമ്മിച്ച പന്തുകളാണ് കളിയിൽ ഉപയോഗിച്ചിരുന്നത്. 1859-ൽ ലോകത്തിലെത്തന്നെ ആദ്യത്തെ പോളോ ക്ലബ് സ്ഥാപിതമായത് അസമിലെ സിൽച്ചറിലാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത. രണ്ടാമത്തേത് 1863-ൽ കൊൽക്കത്തയിലും. മണിപ്പൂരിലെ മെയ്തി സമുദായത്തിന്റെ പരമ്പരാഗത വിനോദമായ സാഗോൽ കാങ്‌ജെയുടെ പരിഷ്കരിച്ച രൂപമാണ് ആധുനിക പോളോ; മെയ്തി സമുദായക്കാർ മുളയുടെ കാണ്ഡത്തിൽ തീർത്ത പന്തുകൾകൊണ്ടാണ് കളിച്ചിരുന്നത്.
1940-കളുടെ തുടക്കത്തിൽ, ദ്യോൽപൂർ ഗ്രാമത്തിലെ ആറോ ഏഴോ കുടുംബങ്ങളുടെ കീഴിൽ ജോലിചെയ്തിരുന്ന ഏകദേശം 125 കൈപ്പണിക്കാർ ഒരുമിച്ച് ഒരുവർഷം ഒരു ലക്ഷം പോളോ പന്തുകൾവരെ ഉണ്ടാക്കിയിരുന്നു. "ഞങ്ങളുടെ കഴിവുറ്റ കൈപ്പണിക്കാർക്ക് പോളോ വിപണിയെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു," രഞ്ജിത്ത് കൂട്ടിച്ചേർക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട, ഹൗറ ജില്ലയെ സംബന്ധിച്ചുള്ള ഒരു സർവ്വേ ആൻഡ് സെറ്റിൽമെന്റ് റിപ്പോർട്ടിൽ , രഞ്ജിത്തിന്റെ അവകാശവാദങ്ങൾ സാധൂകരിക്കുന്ന ഒരു വാചകമുണ്ട് : "ഇന്ത്യയിൽ പോളോ പന്തുകൾ നിർമ്മിക്കുന്ന ഒരേയൊരിടം ദ്യോൽപൂർ ആണെന്നാണ് മനസ്സിലാക്കാനാകുന്നത്."
രഞ്ജിത്തിന്റെ ഭാര്യ മിനോതി മാൽ പറയുന്നു, "ഇവിടെ പോളോ പന്തുകളുടെ നിർമ്മാണമേഖല അഭിവൃദ്ധിപ്പെടുന്നത് കണ്ടാണ് എന്റെ അച്ഛൻ എനിക്ക് വെറും 14 വയസ്സുള്ളപ്പോൾ എന്നെ ഇവിടേയ്ക്ക് വിവാഹം കഴിപ്പിച്ചയച്ചത്." ഇപ്പോൾ അറുപതുകളിലെത്തിയ മിനോതി ഒരു പതിറ്റാണ്ട് മുൻപുവരെ ഭർത്താവിനെ അദ്ദേഹത്തിന്റെ കൈത്തൊഴിലിൽ സഹായിച്ചിരുന്നു. പശ്ചിമ ബംഗാളിൽ പട്ടികജാതിയായി പരിഗണിക്കപ്പെടുന്ന മാൽ സമുദായക്കാരാണ് ഈ കുടുംബം. രഞ്ജിത്ത് തന്റെ ജീവിതകാലം മുഴുവൻ ചിലവിട്ടത് ദ്യോൽപൂരിലാണ്.
വീടിനകത്ത്, മദൂർ പുല്ലിൽ തീർത്ത ഒരു പായിലിരുന്ന് പഴയ പത്രക്കട്ടിങ്ങുകളും മാസികയിലെ ലേഖനങ്ങളും അടങ്ങുന്ന തന്റെ വിലപ്പെട്ട ശേഖരത്തിലൂടെ പരതുകയാണ് രഞ്ജിത്ത്. "ലുങ്കി ധരിച്ച ഒരാൾ പോളോ പന്തുകളുണ്ടാക്കുന്ന ഒരു ചിത്രം നിങ്ങൾ ലോകത്തിലെവിടെയെങ്കിലും കാണുകയാണെങ്കിൽ, അത് എന്റെ ചിത്രമായിരിക്കും," അദ്ദേഹം അഭിമാനത്തോടെ പറയുന്നു.
സുഭാഷ് ബാഗിന്റെ വർക്ക് ഷോപ്പിൽ, മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ടേപ്പ് റെക്കോർഡറിലൂടെ ഒഴുകിവരുന്ന അന്തരീക്ഷത്തിൽ ജോലി ചെയ്തിരുന്ന ദിവസങ്ങൾ രഞ്ജിത്ത് ഓർത്തെടുക്കുന്നു. "ഞാൻ ഒരു കടുത്ത മുഹമ്മദ് റഫി ആരാധകനാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഞാൻ കാസെറ്റുകളിൽ റെക്കോർഡ് ചെയ്തുവെച്ചിരുന്നു," രഞ്ജിത്ത് ഒരു പുഞ്ചിരിയോടെ പറയുന്നു. കൊൽക്കത്തയിലെ ഫോർട്ട് വില്യമിൽനിന്നുള്ള പോളോ കളിക്കാരായ പട്ടാള ഉദ്യോഗസ്ഥർ കടയിൽ പന്ത് വാങ്ങാനെത്തും. "ഓഫീസർമാർക്ക് പാട്ടുകൾ കേട്ട് ഒരുപാട് ഇഷ്ടപ്പെട്ടു. അതിനു പിന്നാലെ അവർ കാസെറ്റുകൾ മുഴുവൻ കൊണ്ടുപോയി," അദ്ദേഹം ഓർത്തെടുക്കുന്നു.
പ്രാദേശികമായി ഗൊറോ ഭാഷ് എന്നറിയപ്പെടുന്ന ഗ്വാദ്വാ മുളയുടെ ലഭ്യതയായിരുന്നു ഹൗറ ജില്ലയിലെ ദ്യോൽപൂർ പ്രദേശത്തെ ആകർഷകമാക്കിയത്. ഗ്വാദ്വാ മുളകൾ കൂട്ടമായി വളരുന്നത് മൂലം, അവയ്ക്ക് മണ്ണിനടിയിൽ ഉറപ്പും നീളവുമുള്ള കാണ്ഡങ്ങൾ രൂപപ്പെടുന്നു; അവയിൽനിന്നാണ് പോളോ പന്തുകൾ മെനയുന്നത്.
"എല്ലാ മുളയിനങ്ങളുടെ കാണ്ഡങ്ങൾക്കും പോളോ പന്തുകൾ നിർമ്മിക്കാൻ ആവശ്യമായ ഭാരമോ വലിപ്പമോ ഉണ്ടാകില്ല," രഞ്ജിത്ത് വിശദീകരിക്കുന്നു. ഓരോ പന്തും ഏറെ സൂക്ഷ്മതയോടെ രൂപപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യൻ പോളോ അസോസിയേഷൻ നിർദേശിക്കുന്ന അളവുകൾപ്രകാരം, ഒരു പോളോ പന്തിന് ഏതാണ്ട് 78-90 മിലീമീറ്റർ വ്യാസവും 150 ഗ്രാം ഭാരവുമാണ് ഉണ്ടാകേണ്ടത്.
1990-കൾവരെ എല്ലാ പന്തുകളും മുളയുടെ കാണ്ഡം ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. "ക്രമേണ അർജന്റീനയിൽനിന്നുള്ള ഫൈബർഗ്ലാസ്സ് പന്തുകൾ അവയുടെ (മുള കൊണ്ടുള്ള പന്തുകളുടെ) സ്ഥാനം കയ്യടക്കി," വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഈ കൈപ്പണിക്കാരൻ പറയുന്നു.
ഫൈബർഗ്ലാസ്സ് പന്തുകൾ കൂടുതൽ കാലം ഈടുനിൽക്കുമെങ്കിലും അവയ്ക്ക് വില കൂടുതലാണ്. എന്നാൽ, "പോളോ ഇപ്പോഴും അതിസമ്പന്നരുടെ ഇഷ്ടവിനോദമായതിനാൽ, അതിനായി (പന്തുകൾക്കായി) കൂടുതൽ പണം ചിലവാക്കുന്നത് അവർക്ക് ഒരു പ്രശ്നമല്ല," രഞ്ജിത്ത് പറയുന്നു. വിപണിയിലുണ്ടായിട്ടുള്ള ഈ മാറ്റം ദ്യോൽപൂരിലെ കരകൗശലമേഖലയെ തകർത്തിരിക്കുകയാണ്. "2009-നു മുൻപ് ഇവിടെ “100-150 പന്ത് നിർമ്മാതാക്കൾവരെ ഉണ്ടായിരുന്നു," അദ്ദേഹം പറയുന്നു. “എന്നാൽ 2015 ആയപ്പോഴേക്കും പോളോ പന്ത് നിർമ്മാതാക്കളിൽ ഞാൻ മാത്രമാണ് അവശേഷിച്ചത്." പക്ഷെ അദ്ദേഹം ഉണ്ടാക്കുന്ന പന്തുകൾ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ് ഇന്ന്.
*****
മിനോതി കയ്യിൽ ഒരു അരിവാളുമായി അവരുടെ ഭാഷെർ ബഗനിലേയ്ക്ക് (മുളങ്കൂട്ടം) വഴികാണിച്ച് മുന്നിൽ നടന്നു; ഞാനും രഞ്ജിത്തും പിന്നാലെയും. രഞ്ജിത്ത്-മിനോതി ദമ്പതികൾക്ക് വീട്ടിൽനിന്ന് ഏതാണ്ട് 200 മീറ്റർ അകലെ ആറ് കഠ ഭൂമിയുണ്ട്. അവിടെ അവർ പച്ചക്കറികളും പഴങ്ങളുമാണ് കൃഷി ചെയ്യുന്നത്; വീട്ടിലെ ആവശ്യങ്ങൾക്കുള്ളത് മാറ്റിവെച്ചശേഷം അവശേഷിക്കുന്നത് അവർ പ്രദേശത്തെ കച്ചവടക്കാർക്ക് വിൽക്കും.
"മുളയുടെ തണ്ട് വെട്ടിമാറ്റിയതിനുശേഷമാണ് കാണ്ഡം മണ്ണിനടിയിൽനിന്ന് പുറത്തെടുക്കുന്നത്," മുളയുടെ കാണ്ഡം പുറത്തെടുക്കുന്ന പ്രക്രിയ വിശദീകരിച്ച് മിനോതി പറയുന്നു. ദ്യോൽപൂരിലെ സർദാർ സമുദായമാണ് പ്രധാനമായും ഈ ജോലി ചെയ്തിരുന്നത്. അവരിൽനിന്ന് രഞ്ജിത്ത് പന്ത് നിർമ്മിക്കാൻ വേണ്ട കാണ്ഡങ്ങൾ വാങ്ങിക്കും - 2-3 കിലോ ഭാരമുള്ള ഒരു കാണ്ഡത്തിന് 25-32 രൂപ വിലവരും.
കാണ്ഡങ്ങൾ നാലുമാസത്തോളം വെയിലത്തുവെച്ച് ഉണക്കിയെടുക്കണം."കാണ്ഡങ്ങൾ ശരിക്ക് ഉണങ്ങിയില്ലെങ്കിൽ, പന്തിന്റെ ആകൃതി വികലമാകുകയും വിള്ളൽ വീഴുകയും ചെയ്യും," രഞ്ജിത്ത് വിശദീകരിക്കുന്നു.
വെയിലത്തുവെച്ച് ഉണക്കിയ കാണ്ഡങ്ങൾ പിന്നീട് 15-20 ദിവസം കുളത്തിൽ കുതിർത്താനിടും. "രോദ്-എ-പാക (വെയിൽകൊണ്ട് ഉണങ്ങിയ കാണ്ഡങ്ങൾ) മയപ്പെടുത്താനാണ് അവ കുതിർത്തുന്നത്-അങ്ങനെ ചെയ്തില്ലെങ്കിൽ അവ മുറിക്കാൻ ബുദ്ധിമുട്ടാകും," എന്ന് പറഞ്ഞ് അനുഭവസമ്പന്നനായ ആ കരകൗശലവിദഗ്ധൻ കൂട്ടിച്ചേർക്കുന്നു," അതിനുശേഷം ഞങ്ങൾ ആ കാണ്ഡങ്ങൾ പിന്നെയും ഒരു 15-20 ദിവസം ഉണക്കും. അപ്പോൾ മാത്രമാണ് അവ പന്തുകൾ മെനയാൻ തക്കവണ്ണം പാകമാകുക."
ഒരു കട്ടാരിയോ (അരിവാൾ) കുരുളോ (കൈമഴു) ഉപയോഗിച്ച് കാണ്ഡം ചെത്തുന്നതുമുതൽ ഒരു കൊരാത്ത് (ഈർച്ചവാൾ) കൊണ്ട്, കൃത്യമായ ഒരു ആകൃതിയില്ലാത്ത കാണ്ഡത്തെ മുറിച്ച് ദീർഘവൃത്താകൃതിയുള്ള കഷ്ണങ്ങളാക്കുന്നതുവരെയുള്ള, "ഈ പ്രക്രിയയിലെ ഓരോ പ്രവൃത്തിയും കുന്തിച്ചിരുന്നുവേണം ചെയ്യാൻ," രഞ്ജിത്ത് പറയുന്നു. കടുത്ത നടുവേദന അനുഭവപ്പെടുന്നതുമൂലം അദ്ദേഹത്തിന് ഇപ്പോൾ വളരെ പതുക്കെ മാത്രമേ നടക്കാൻ സാധിക്കുകയുള്ളൂ. "ഞങ്ങൾ കൈപ്പണിക്കാരുടെ മുതുകത്താണ് അവർ പോളോ കളിച്ചിരുന്നത്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കാണ്ഡത്തിൽനിന്ന് ചെത്തിയെടുക്കുന്ന ഏതാണ്ട് ദീർഘവൃത്താകൃതിയിലുള്ള കഷണങ്ങൾക്ക് പിന്നീട് ഉളികൊണ്ട് കൃത്യമായ വൃത്താകൃതി വരുത്തുന്നു; കഷണങ്ങൾക്ക് മേൽ ഉളിവെച്ച്, അതിന്റെ പിടിയിൽ കല്ലുകൊണ്ട് കൊത്തിയാണ് ഇത് ചെയ്യുന്നത്. "കാണ്ഡത്തിന്റെ വലിപ്പമനുസരിച്ച്, ഒരു കഷണത്തിൽനിന്ന് രണ്ടോ മൂന്നോ നാലോ പന്തുകൾ ഞങ്ങൾ തീർക്കും," രഞ്ജിത്ത് പറയുന്നു. അതിനുശേഷം അദ്ദേഹം കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരു റേദാ ഉപയോഗിച്ച് അതിന്റെ പ്രതലത്തിലുള്ള പോറലുകൾ ഉരച്ച് മിനുസപ്പെടുത്തും.
പ്രാദേശികമായി ഗൊറോ ഭാഷ് എന്നറിയപ്പെടുന്ന ഗ്വാദ്വാ മുളയുടെ ലഭ്യതയായിരുന്നു ഹൗറ ജില്ലയിലെ ദ്യോൽപൂർ പ്രദേശത്തെ ആകർഷകമാക്കിയത്
പഴയ ഒരു പന്ത് എടുത്തുകാണിച്ച് മിനോതി പന്ത് മിനുസപ്പെടുത്തുന്ന പ്രക്രിയ വിവരിച്ചു. "വീട്ടുജോലികൾക്കിടെ ഞാൻ ഉരകടലാസുകൊണ്ട് പന്തിന് മിനുസം വെപ്പിക്കുകയും ഫിനിഷിങ് കൊടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ പന്തിന് വെള്ളച്ചായം അടിക്കും. ചിലപ്പോൾ ഞങ്ങൾ അതിൽ മുദ്ര വെക്കുകയും ചെയ്തിരുന്നു," അവർ വിശദീകരിക്കുന്നു.
ഒരു പന്തിന്റെ നിർമ്മാണം പൂർത്തിയാകാൻ 20-25 മിനിറ്റുകളെടുക്കും. "ഞങ്ങൾ ഇരുവരും ചേർന്ന് ഒരു ദിവസത്തിൽ 20 പന്തുകൾ നിർമ്മിച്ച് 200 രൂപ സമ്പാദിക്കുമായിരുന്നു," രഞ്ജിത്ത് പറയുന്നു.
ഏറെ നൈപുണ്യവും അറിവും സൂക്ഷ്മതയും ആവശ്യമായ ഒരു പ്രവൃത്തിയിൽ ഏർപ്പെട്ടിട്ടുപോലും, വർഷങ്ങൾ കടന്നുപോകവേ രഞ്ജിത്തിന് അതിൽനിന്ന് കാര്യമായി ഒന്നും സമ്പാദിക്കാനായില്ല. ഒരു കാർഖാനയിൽവെച്ച് (വർക്ക് ഷോപ്പ്) പോളോ പന്ത് നിർമ്മിച്ച് തുടങ്ങിയ കാലത്ത്, ഒരു പന്തിന് 30 പൈസ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. 2015 ആയപ്പോഴും അത് ഉയർന്ന് 10 രൂപ മാത്രമാണ് ആയത്.
"ദ്യോൽപൂരിൽ ഓരോ പന്തും 50 രൂപയ്ക്കാണ് വിറ്റിരുന്നത്," അദ്ദേഹം പറയുന്നു. കൊൽക്കത്ത പോളോ ക്ലബ് വെബ്സൈറ്റിലെ വ്യാപാരവുമായി ബന്ധപ്പെട്ട ഭാഗം പരിശോധിച്ചാൽ, കൈപ്പണിക്കാരുടെ അധ്വാനം ചൂഷണം ചെയ്ത് കച്ചവടക്കാർ കൊള്ളലാഭം കൊയ്തിരുന്നെന്ന് വ്യക്തമാകും.
"പശ്ചിമ ബംഗാളിലെ ഗ്രാമീണ വ്യവസായമേഖലയുടെ ഉത്പന്നമായ, സവിശേഷമായി മെനഞ്ഞെടുത്ത, മുളയിൽ തീർത്ത പന്തുകൾ" എന്ന വിവരണത്തോടെ വെബ്‌സൈറ്റിൽ അവതരിപ്പിച്ചിരിക്കുന്ന പന്തുകൾ ഒന്നിന് 150 രൂപ നിരക്കിലാണ് വിൽക്കുന്നത്. രഞ്ജിത്തിന് ഒരു പന്ത് നിർമ്മിക്കുന്നതിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ പതിനഞ്ച് ഇരട്ടിയോളമാണിത്.
"ഒരു പോളോ മത്സരത്തിൽ ഉടനീളം ഉപയോഗിക്കാൻ മുളയിൽ തീർത്ത 25-30 പന്തുകൾ വേണ്ടിവന്നിരുന്നു." ഇത്രയും കൂടുതൽ പന്തുകൾ ആവശ്യം വരുന്നതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു, "കാണ്ഡങ്ങൾ പ്രകൃതിദത്തമായതിനാൽ അവ ഓരോന്നിന്റെയും ഭാരം വ്യത്യസ്തമായിരിക്കും. അതിനുപുറമേ, പോളോ മത്സരത്തിനിടെ മാലറ്റ് കൊണ്ട് തുടർച്ചയായി പന്തിൽ അടിക്കുന്നത് മൂലം അവയുടെ ആകൃതിയിൽ പെട്ടെന്നുതന്നെ മാറ്റം വരികയും വിള്ളൽ വീഴുകയും ചെയ്യും." അതേസമയം ഫൈബർഗ്ലാസ് പന്തുകൾ കൂടുതൽ കാലം ഈടുനിൽക്കും. "ഒരു മത്സരം പൂർത്തിയാക്കാൻ അത്തരത്തിലുള്ള മൂന്നോ നാലോ പന്ത് മതിയാകും," രഞ്ജിത്ത് പറയുന്നു.
`1860-ൽ കൊൽക്കത്ത പോളോ ക്ലബ് സ്ഥാപിക്കപ്പെട്ടതോടെ അവിടെനിന്ന് വെറും 30 കിലോമീറ്റർ അകലെയുള്ള ദ്യോൽപൂരിലെ പോളോ പന്ത് നിർമ്മാണമേഖലയ്ക്ക് പുത്തൻ ഉണർവ്വ് ലഭിച്ചു. എന്നാൽ കാലക്രമേണ മുളകൊണ്ടുള്ള പന്തുകളുടെ ആവശ്യം കുറഞ്ഞതോടെ, 2015-ൽ ക്ലബ് ഇവിടെനിന്ന് പന്തുകൾ വാങ്ങുന്നത് പൂർണ്ണമായും അവസാനിപ്പിച്ചു.
*****
കായികമേഖലയോ കളിമികവോ രഞ്ജിത്തിന് അപരിചിതമല്ല -ദ്യോൽപൂർ പ്രഗതി സംഘ എന്ന ഗ്രാമീണ സ്പോർട്സ് ക്ലബിന്റെ ആദ്യത്തെ സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ഫുട്ബോളും ക്രിക്കറ്റും കളിച്ചിട്ടുണ്ട്. "ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയ്ക്കും ഡിഫൻഡർ എന്ന നിലയ്ക്കും ഞാൻ ഗ്രാമത്തിൽ ഏറെ പ്രശസ്തനായിരുന്നു," അദ്ദേഹം ഓർത്തെടുക്കുന്നു.
സുഭാഷ് ബാഗിന്റെ ഉടമസ്ഥതയിലുള്ള കാർഖാനയിലാണ് രഞ്ജിത്ത് പന്ത് നിർമ്മിക്കുന്ന ജോലി ചെയ്യാനാരംഭിച്ചത്. പോളോ പന്ത് നിർമ്മാണകല ദ്യോൽപൂരിൽ അവതരിപ്പിച്ചതിന്റെ ഖ്യാതി സുഭാഷിന്റെ മുത്തച്ഛനാണ്. പോളോയും ദ്യോൽപൂറും തമ്മിലുള്ള ബന്ധത്തിന്റെ അവശേഷിക്കുന്ന ഏക കണ്ണിയാണ് 55 വയസ്സുകാരനായ സുഭാഷ് - എന്നാൽ അദ്ദേഹം ഇപ്പോൾ പോളോ മാലറ്റുകളുടെ നിർമ്മാണത്തിലേയ്ക്ക് ചുവട് മാറ്റിയിരിക്കുകയാണ്.
അര നൂറ്റാണ്ട് മുൻപുവരെ, ദ്യോൽപൂർ നിവാസികൾ ഉപജീവനം കണ്ടെത്താനായി ചെയ്തുവന്നിരുന്ന അനേകം കൈപ്പണികളിൽ ഒന്നായിരുന്നു പോളോ പന്ത് നിർമ്മാണം. "ജോരീർ കാജ് (ലോഹനൂലുകൾ കൊണ്ടുള്ള കൈത്തുന്നൽ), ബീഡി ബാന്ധ (ബീഡി തെറുക്കൽ), പോളോ പന്ത് നിർമ്മാണം എന്നിങ്ങനെ സാധ്യമായ എല്ലാ ജോലികളും ചെയ്താണ് ഞങ്ങൾ കുടുംബം പുലർത്തുകയും മൂന്ന് മക്കളെ വളർത്തി വലുതാക്കുകയും ചെയ്തത്," മിനോതി പറയുന്നു. "ഇവയെല്ലാം വളരെ കുറവ് ശമ്പളം ലഭിക്കുന്നതും എന്നാൽ ഏറെ ശാരീരികാദ്ധ്വാനം ആവശ്യം വരുന്നതുമായ ജോലികളായിരുന്നു. ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്," രഞ്ജിത്ത് കൂട്ടിച്ചേർക്കുന്നു.
"ഇവിടെനിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയുള്ള ധൂലാഗർ ചൗരസ്ഥയിൽ ഇപ്പോൾ ഒരുപാട് വ്യവസായങ്ങൾ ഉയർന്നുവന്നിട്ടുണ്ട്," ദ്യോൽപൂർ നിവാസികൾക്ക് മെച്ചപ്പെട്ട ജോലികൾ ലഭ്യമാകുന്നതിൽ രഞ്ജിത്ത് സന്തുഷ്ടനാണ്. "ഒരുവിധം എല്ലാ വീട്ടിലെയും കുറഞ്ഞത് ഒരാൾക്കെങ്കിലും ഇപ്പോൾ ശമ്പളമുള്ള ജോലിയുണ്ട്. എന്നാൽ ചില ആളുകൾ ഇപ്പോഴും വീട്ടിൽവെച്ച് ജോരീർ കാജ് ചെയ്യുന്നുണ്ട്," മിനോതി കൂട്ടിച്ചേർക്കുന്നു. 2011-ലെ കണക്കെടുപ്പനുസരിച്ച്, ദ്യോൽപൂരിൽ ഏകദേശം 3,253 ആളുകൾ കുടിൽവ്യവസായങ്ങളിൽ ജോലി ചെയ്യുന്നു.
രഞ്ജിത്ത്-മിനോതി ദമ്പതിമാർ അവരുടെ ഇളയ മകൻ 31 വയസ്സുകാരനായ ഷോമിതിനും മരുമകൾ ശുമോണയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. ഷോമിത് കൊൽക്കത്തയ്ക്കടുത്തുള്ള ഒരു സി.സി.ടി.വി ക്യാമറ കമ്പനിയിൽ ജോലി ചെയ്യുന്നു. ഡിഗ്രി വിദ്യാർത്ഥിനിയായ ഷുമോണയും പഠനം പൂർത്തിയാക്കിയശേഷം ഒരു ജോലി നേടാനാണ് ആഗ്രഹിക്കുന്നത്.
*****
"എന്നെപ്പോലെയുള്ള കൈപ്പണിക്കർ ഈ കലയ്ക്ക് വേണ്ടി ഞങ്ങളുടെ ജീവിതംതന്നെ സമർപ്പിച്ചു, എന്നാൽ പോളോ കളിക്കാരിൽനിന്നോ സർക്കാരിൽനിന്നോ ഞങ്ങൾക്ക് തിരിച്ചൊന്നും ലഭിച്ചില്ല," രഞ്ജിത്ത് പറയുന്നു.
2013-ൽ, പശ്ചിമ ബംഗാൾ സർക്കാർ യുണെസ്‌കോയുമായി ചേർന്ന് സംസ്ഥാനത്തുടനീളമുള്ള പരമ്പരാഗത കലാ, കരകൗശലരൂപങ്ങൾ വികസിപ്പിക്കുക ലക്ഷ്യമിട്ട് റൂറൽ ക്രാഫ്റ്റ് ഹബ് പ്രൊജക്റ്റ്സ് എന്ന പദ്ധതി ആരംഭിക്കുകയുണ്ടായി. നിലവിൽ മൂന്നാം ഘട്ടത്തിലെത്തിനിൽക്കുന്ന ഈ പങ്കാളിത്ത പദ്ധതി സംസ്ഥാനത്തുടനീളമുള്ള 50,000 കലാകാരന്മാർക്ക് സഹായം നൽകുന്നുണ്ട് - എന്നാൽ മുളകൊണ്ട് പോളോ പന്തുകൾ നിർമ്മിക്കുന്ന കരകൗശലവിദഗ്ധർ ഒരാൾപോലും അതിൽ ഉൾപ്പെട്ടിട്ടില്ല.
"2017-18-ൽ ഞങ്ങൾ നബണ്ണയിൽ (സംസ്ഥാന സർക്കാരിന്റെ ആസ്ഥാനം) ചെന്ന് ഞങ്ങളുടെ കല അന്യം നിന്നുപോകാതിരിക്കാൻ വേണ്ട നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ ഞങ്ങളുടെ അവസ്ഥ വിശദീകരിക്കുകയും അപേക്ഷകൾ നൽകുകയും ചെയ്‌തെങ്കിലും ഒന്നും സംഭവിച്ചില്ല," രഞ്ജിത്ത് പറയുന്നു. "ഞങ്ങളുടെ സാമ്പത്തികസ്ഥിതി എന്താകും? ഞങ്ങൾ എന്ത് കഴിക്കും? ഞങ്ങളുടെ കലയും ഉപജീവനവും നശിച്ചിരിക്കുന്നു, ഞങ്ങൾ അവരോട് ചോദിച്ചു."
"ഒരുപക്ഷെ പോളോ പന്തുകൾക്ക് കാഴ്ചയിൽ ഭംഗി കുറവായത് കൊണ്ടാകും ആരും അതിനു വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നത്," ഒരു ക്ഷണം ആലോചിച്ചശേഷം രഞ്ജിത്ത് കൂട്ടിച്ചേർക്കുന്നു,"...ആരും ഞങ്ങളെപ്പറ്റി ചിന്തിച്ചത് പോലുമില്ല."
കുറച്ച് ദൂരത്തിരുന്ന് ഉച്ചഭക്ഷണത്തിനു വേണ്ട ബാട്ട (പുഴമത്സ്യം) കഴുകി, ചെതുമ്പൽ കളയുകയാണ് മിനോതി. രഞ്ജിത്ത് പറയുന്നത് കേട്ട് അവർ കൂട്ടിച്ചേർക്കുന്നു, "ഞങ്ങളുടെ നിരന്തരമായ അധ്വാനത്തിന് എന്തെങ്കിലും അംഗീകാരം ലഭിക്കുമെന്ന് എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട് ."
എന്നാൽ രഞ്ജിത്തിന് അതേപ്പറ്റി വലിയ പ്രതീക്ഷയില്ല. "കുറച്ച് വർഷം മുൻപുവരെ പോളോ ലോകം മുഴുവനായും ഞങ്ങൾ കൈപ്പണിക്കരെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. പക്ഷെ അവർ വളരെ പെട്ടെന്ന് ഞങ്ങളെ ഉപേക്ഷിച്ച് മുന്നോട്ട് പോയി," അദ്ദേഹം പറയുന്നു. "അന്യം നിന്നുപോയ ഒരു കലയുടെ അവശേഷിക്കുന്ന ഒരേയൊരു തെളിവാണ് ഞാൻ."
പരിഭാഷ: പ്രതിഭ ആര്‍. കെ .