സ്വർണ്ണനൂലുകൾകൊണ്ട് (സാരി) വസ്ത്രാലങ്കാരപ്പണികൾ ചെയ്യുന്നതിൽ വൈദഗ്ദ്ധ്യമുള്ളയാളാണ് സാമിൽ. മണിക്കൂറുകളോളം നിലത്ത് ചമ്രംപടിഞ്ഞിരുന്ന്, വിലകൂടിയ വസ്ത്രങ്ങൾക്ക് തിളക്കവും ഭംഗിയും വരുത്തുന്ന പണിയിലാണ് ഹൌറ ജില്ലയിൽനിന്നുള്ള ഈ 27 വയസ്സുകാരൻ. എന്നാൽ ഇരുപതാമത്തെ വയസ്സിൽത്തന്നെ ബോൺ ടി.ബി പിടിപെട്ടതോടെ, അയാൾക്ക് സൂചിയും നൂലും ഉപേക്ഷിക്കേണ്ടിവന്നു. രോഗം ബാധിച്ച്, കാലിന്റെ എല്ലുകൾക്ക് ബലം കുറഞ്ഞപ്പോൾ, മണിക്കൂറുകളോളം കാൽ മടക്കിയിരിക്കാൻ അയാൾക്ക് സാധിക്കാതായി.
“അച്ഛനമ്മമാർ വിശ്രമിക്കുകയും, ഞാൻ ജോലിയെടുക്കുകയും ചെയ്യേണ്ട കാലമാണിപ്പോൾ. എന്നാൽ നേരെ മറിച്ചാണ് സംഭവിക്കുന്നത്. എന്റെ ചികിത്സാച്ചിലവിന് എന്നെ സഹായിക്കേണ്ട അവസ്ഥയിലാണവർ“, ഹൌറ ജില്ലയിലെ ചെങ്കായിൽ പ്രദേശത്ത് താമസിക്കുകയും ചികിത്സയ്ക്കായി കൊൽക്കൊത്തയിലേക്ക് പോവുകയും ചെയ്യുന്ന ആ ചെറുപ്പക്കാരൻ പറയുന്നു.
ഹൌറ ജില്ലയിൽത്തന്നെയുള്ള പിൽഖാന ചേരിയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് അവിക്ക്. അയാളും ബോൺ ടി.ബി. രോഗിയാണ്. 2022- പകുതിയോടെ അയാൾക്ക് സ്കൂൾപഠനം അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോൾ ഭേദമായെങ്കിലും സ്കൂളിൽ പോകാറായിട്ടില്ല.
2022-ൽ ഈ കഥ ചെയ്യാൻ ആരംഭിച്ചപ്പോഴാണ് ഞാൻ സാമിലിനേയും അവിക്കിനേയും മറ്റുള്ളവരേയും ആദ്യമായി കണ്ടുമുട്ടിയത്. അവർ നിത്യജീവിതം നയിക്കുന്നത് കാണാൻ പിൽഖാനയിലെ ചേരിയിലുള്ള അവരുടെ വീടുകളിൽ നിരവധി തവണ പോകേണ്ടിവന്നപ്പോൾ ഞാൻ അവരുടെ ചിത്രങ്ങളെടുത്തു.
സ്വകാര്യ ക്ലിനിക്കുകളിലെ ചിലവ് താങ്ങാനാവാതെ, സാമിലും ആവിക്കും ആദ്യമൊക്കെ ചെക്കപ്പിന് വന്നിരുന്നത്, ഹൌറ, സൌത്ത് 24 പർഗാനാ ജില്ലകളിലെ രോഗികളെ സഹായിക്കുന്നതിനായി സർക്കാരിതര സംഘടനകൾ നടത്തിക്കൊണ്ടിരുന്ന സഞ്ചരിക്കുന്ന ടിബി ക്ലിനിക്കുകളിലായിരുന്നു. അവർ ഒറ്റയ്ക്കായിരുന്നില്ല.






















