“അവർ വോട്ട് ചോദിച്ച് വന്നാൽ ഞങ്ങൾ അവരോട് പറയും, ‘ആദ്യം ഞങ്ങൾക്ക് പെൻഷൻ തരൂ,” ലിതാതി മുർമു പറയുന്നു.
ജാർഘണ്ടിലെ ദുംക ജില്ലയിലെ കുസുംദി ഗ്രാമത്തിലെ ചേരിയായ ബുരുതോലയിലെ മൺവീടിന്റെ പുറത്തുള്ള ഒരു തിട്ടിലിരുന്ന് അവർ പാരിയോട് സംസാരിക്കുകയായിരുന്നു.
“ഇത്തവണ ഞങ്ങൾ വീടും, പെൻഷനും ചോദിക്കും,” അയൽക്കാരിയായ, അവരുടെ അടുത്തിരിക്കുന്ന ശർമ്മിള ഹേംബ്രാമും പറയുന്നു.
“ഇപ്പോൾ മാത്രമേ അവർ വരൂ,” രാഷ്ട്രീയ നേതാക്കന്മാരെ ഉദ്ദേശിച്ച് അവർ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് ഇവിടെ വരുമ്പോൾ അവർ ഗ്രാമത്തിലുള്ളവർക്ക് പൈസ കൊടുക്കുന്നത് പതിവാണ്. “അവർ 1,000 രൂപ തരും. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും 500 രൂപവീതം,” ശാർമ്മിള പറയുന്നു.
സർക്കാർ പദ്ധതികളും ഗുണഫലങ്ങളും അധികവും അവർക്ക് പ്രാപ്യമല്ലാത്തതിനാൽ ആ രണ്ട് സ്ത്രീകൾക്കും പൈസകൊണ്ട് ഗുണമുണ്ട്. ലിതാതിയുടെ ഭർത്താവ് 2022-ൽ പെട്ടെന്ന് മരിച്ചു. ശർമ്മിളയുടെ ഭർത്താവ് 2023-ൽ ഒരു മാസം അസുഖബാധിതനായി കിടന്നതിനുശേഷവും. ജോലിക്ക് പോവുമ്പോൾ, തങ്ങൾ പരസ്പരം തുണയാവാറുണ്ടെന്നും അത് വലിയൊരു ആശ്വാസമാണെന്നും അവർ സൂചിപ്പിച്ചു.
ഭർത്താക്കന്മാർ മരിച്ചപ്പോൾ ലിതാതിയും ശാർമ്മിളയും വിധവാ പെൻഷൻ പദ്ധതി ലഭിക്കാൻ ശ്രമം നടത്തി. സാർവജൻ പെൻഷൻ യോജന പദ്ധതിപ്രകാരം , 18 വയസ്സിന് മുകളിലുള്ള ഒരു വിധവയ്ക്ക്, മാസം 1,000 രൂപ പെൻഷൻ കിട്ടാൻ അർഹതയുണ്ട്. “ഞങ്ങൾ വളരെയധികം അപേക്ഷകളൊക്കെ പൂരിപ്പിച്ചു. ഗ്രാമമുഖ്യനെ ചെന്ന് കാണുകപോലും ചെയ്തു. എന്നിട്ടും ഒന്നും കിട്ടിയില്ല.”
പെൻഷൻ മാത്രമല്ല, പി.എം.എ.വൈ (പ്രധാൻ മന്ത്രി ആവാസ് യോജന) പോലുള്ള കേന്ദ്രപദ്ധതിയിലൂടെ ലഭിക്കുന്ന വീടുപോലും 43 ശതമാനംവരുന്ന ഭൂരിഭാഗവും സന്താൾ സമുദായക്കാരായ ഇവർക്ക് പ്രാപ്യമല്ല. “ഗ്രാമത്തിൽ ഒന്ന് ചുറ്റിനടന്നുനോക്കൂ സർ, ഒരൊറ്റയാൾക്കും കോളനി ( പി.എം.എ.വൈ പ്രകാരമുള്ള വീട്) കിട്ടിയിട്ടില്ലെന്ന് ബോദ്ധ്യമാവും,” ശാർമ്മിള ചൂണ്ടിക്കാട്ടുന്നു.
കുസുംദിയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ഹിജ്‌ല ഗ്രാമത്തിലെ നിരുണി മരണ്ടിക്കും ഭർത്താവ് റുബില ഹൻസദയ്ക്കും ഉജ്ജ്വല യോജന പദ്ധതിപ്രകാരം, കോവിഡ് 19-ന് മുമ്പ് ഗ്യാസ് സിലിണ്ടർ കിട്ടി. എന്നാൽ, “400 രൂപ വിലയുണ്ടായിരുന്ന സിലിണ്ടറിന് ഇപ്പോൾ 1,200 രൂപയാണ്. ഞങ്ങളെങ്ങിനെ അത് നിറയ്ക്കും?”, നിരുനി മരണ്ടി ചോദിക്കുന്നു.
നൽ ജൽ യോജന, ആയുഷ്മാൻ ഭാരത് യോജന തുടങ്ങിയ സർക്കാർ പദ്ധതികളും, ഉറപ്പുള്ള വരുമാനം നൽകുന്ന എം.ജി.എൻ.ആർ.ഇ.ജി.എയും, അവരുടെ ഗ്രാമത്തിൽ ഇനിയും എത്തിയിട്ടില്ല. ജില്ലാ തലസ്ഥാനത്തുനിന്ന് കേവലം രണ്ട് കിലോമീറ്റർ ദൂരത്തായിട്ടുപോലും. ഗ്രാമത്തിലെ പല ഹാൻഡ് പമ്പുകളും വറ്റിവരണ്ടുകിടക്കുന്നു. ഒരു കിലോമീറ്റർ ദൂരത്തുള്ള പുഴയിൽ പോയിട്ടാണ് വെള്ളം കൊണ്ടുവരുന്നതെന്ന്, ഹിജ്‌ലയിലെ ഒരു താമസക്കാരൻ ഈ റിപ്പോർട്ടറോട് പറഞ്ഞു.
തൊഴിൽ കമ്പോളവും വറ്റിവരണ്ടിരിക്കുന്നു. (നരേന്ദ്ര മോദി) പത്തുവർഷമായി ഭരണത്തിലുണ്ട്. (പ്രധാനമന്ത്രി) എന്ന നിലയ്ക്ക് എത്ര ജോലികൾ ചെറുപ്പക്കാർക്ക് അദ്ദേഹം കൊടുത്തിട്ടുണ്ട്? എത്രയോ സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു,” ദിവസക്കൂലിക്കാരനായ റുബില ചോദിക്കുന്നു. രൂക്ഷമായ വരൾച്ച കാരണം, അവരുടെ സ്വന്തം രണ്ടേക്കർ സ്ഥലത്ത് കഴിഞ്ഞ മൂന്ന് വർഷമായി അവർ കൃഷി ചെയ്തിട്ടില്ല. നെല്ല്, ഗോതമ്പ്, ചോളമൊക്കെ കൃഷി ചെയ്തിരുന്ന ഭൂമിയായിരുന്നു. “കിലോവിന് 10-15 രൂപ കൊടുത്താണ് വാങ്ങിയിരുന്നത്. ഇപ്പോൾ കിലോവിന് 40 രൂപയായി,” റുബില പറയുന്നു.
വർഷങ്ങളോളം ജാർഘണ്ട് മുക്തി മോർച്ചയുടെ (ജെ.എം.എം) പോളിംഗ് ഏജന്റായിരുന്നു റുബില. ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം) പലപ്പോഴും കേടാവുന്നത് അദ്ദേഹം കണ്ടിട്ടുണ്ട്. “ചിലപ്പോൾ അവ പണിമുടക്കും. 10-11 വോട്ടുകൾവരെ ശരിയായി പ്രവർത്തിക്കും. പന്ത്രണ്ടാമത്തേത് ചെയ്യുമ്പോൾ പേപ്പർ തെറ്റായി അടിച്ചുവരും.” ഒരു പരിഹാരവും അയാൾ നിർദ്ദേശിച്ചു. “ബട്ടൺ അമർത്തുക, കടലാസ്സ് കിട്ടുക, അത് ശരിയാണോ എന്ന് നോക്കി, പഴയ സംവിധാനത്തിലുള്ളതുപോലെ പെട്ടിയിൽ നിക്ഷേപിക്കുക” എന്നതായിരിക്കണം പ്രക്രിയ എന്ന് അയാൾ സൂചിപ്പിക്കുന്നു.
പട്ടിഗോത്രക്കാരനായ സ്ഥാനാർത്ഥിക്കുവേണ്ടി സംവരണം ചെയ്ത ലോകസഭാ സീറ്റാണ് ഇവിടത്തേത്. ജാർഘണ്ടിലെ ദുംക സീറ്റ് കഴിഞ്ഞ എട്ട് തവണയും കൈവശം വെച്ചിരുന്നത് ജെ.എം.എമ്മിന്റെ സ്ഥാപകൻ ഷിബു സോറനായിരുന്നു. 2019-ൽ അദ്ദേഹം, ബി.ജെ.പി.യുടെ സുനിൽ സോറനോട് പരാജയപ്പെട്ടു. ഇപ്പോൾ ഷിബു സോറന്റെ മൂത്ത പുത്രവധു സീത സോറനാണ് ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷിയായ ജെ.എം.എമ്മിന്റെ നളിൻ സോറനോട് മത്സരിക്കുന്നത്. രണ്ടുമാസം മുമ്പാണ് സീത ജെ.എം.എമ്മിൽനിന്ന് ബി.ജെ.പി.യിലേക്ക് കൂറ് മാറിയത്.
ജാർഘണ്ടിലെ മുൻ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ 2024 ജനുവരി 31-ന് അറസ്റ്റ് ചെയ്തതിനുശേഷം ഈ മേഖലയിൽ അസ്വാസ്ഥ്യം പുകയുന്നുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട പണത്തട്ടിപ്പ് ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹം പദവിയിൽനിന്ന് രാജി വെക്കുകയും ചെയ്തു.
“ഇത്തവണ ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് ഒരൊറ്റ വോട്ടുപോലും ബി.ജെ.പി.ക്ക് പോവില്ല.” റുബില പറയുന്നു. “ഇപ്പോൾ നിങ്ങളുടെ സർക്കാരാണ് അധികാരത്തിൽ. അതുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഈ രാഷ്ട്രീയമൊക്കെ ഗോത്രസമൂഹത്തിന് മനസ്സിലാവും,” റുബില പറയുന്നു.
*****
സന്താൾ ഗോത്രസമുദായത്തിൽനിന്നുള്ള, മുപ്പതുകളിലെത്തിയ ലിതാതിക്കും ശാർമ്മിളയ്ക്കും സ്വന്തമായി ഭൂമിയൊന്നുമില്ല. പാട്ടക്കൃഷിക്കാരായി കൃഷിസമയത്ത് ജോലി ചെയ്യുന്ന അവർക്ക്, വിളയുടെ 50 ശതമാനമാണ് കിട്ടുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി, “ഒരൊറ്റ പാടംപോലും കൃഷി ചെയ്തിട്ടില്ല” എന്ന് ശാർമ്മിള പറയുന്നു. സ്വന്തമായുള്ള അഞ്ച് താറാവുകളിൽനിന്ന് കിട്ടുന്ന മുട്ടകൾ അഞ്ച് കിലോമീറ്റർ അകലെയുള്ള ദശോരായ്ധിയിലെ പ്രാദേശികച്ചന്തയിൽ വിറ്റിട്ടാണ് അവർ ജീവിക്കുന്നത്.
ബാക്കിയുള്ള കാലത്ത്, ദുംക പട്ടണത്തിലെ നിർമ്മാണ സൈറ്റുകളിൽ പോകും. ഗ്രാമത്തിൽനിന്ന് നാല് കിലോമീറ്റർ അകലെയുള്ള അവിടെ പോയിവരാൻ വൈദ്യുത റിക്ഷയിൽ 20 രൂപ വേണം. “ദിവസത്തിൽ 350 രൂപ കിട്ടും. എല്ലാറ്റിനും വില കൂടി. എങ്ങിനെയൊക്കെയോ തള്ളിനീക്കുന്നു എന്നുമാത്രം,” ശാർമ്മിള പറയുന്നു.
ലിതാതിയും അതിനോട് യോജിക്കുന്നു. “ഞങ്ങൾ കുറച്ചേ സമ്പാദിക്കുന്നുള്ളു. ഭക്ഷണവും കുറച്ചുമാത്രം കഴിക്കുന്നു. ജോലിയില്ലെങ്കിൽ, ചോറും കഞ്ഞിവെള്ളവും കുടിക്കും,” അവർ പറയുന്നു. എന്തായാലും അവരുടെ കോളണിയിൽ തൊഴിലൊന്നുമില്ലെന്ന് സ്ത്രീകൾ പറയുന്നു.
ഇവിടെ, ഈ ദുംക ജില്ലയിൽ, മിക്ക ഗോത്രങ്ങളും ഉപജീവനത്തിനായി കൃഷിയേയും അനുബന്ധ ജോലികളേയും അല്ലെങ്കിൽ സർക്കാർ പദ്ധതികളേയും ആശ്രയിക്കുന്നു. അവർക്ക് ലഭിക്കുന്ന ഒരേയൊരു സർക്കാർ ആനുകൂല്യം, പൊതുവിതരണ സംവിധാനത്തിലൂടെ ലഭിക്കുന്ന അഞ്ച് കിലോഗ്രാം റേഷനാണ്.
സ്ത്രീകൾക്ക് അവരുടെ പേരിൽ ലേബർ കാർഡുകളില്ല. “കഴിഞ്ഞ വർഷം, ലേബർ കാർഡുണ്ടാക്കാൻ ആളുകൾ വന്നിരുന്നു. എന്നാൽ ഞങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. പണിക്ക് പോയിരുന്നു. പിന്നീട് ആരും വന്നതുമില്ല,” ശാർമ്മിള പറയുന്നു. കാർഡില്ലെങ്കിൽ, മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗാരന്റി (എം.എൻ.ആർ.ഇ.ജി.എ) സൈറ്റുകളിൽ ജോലി ചെയ്യാനാവില്ല.
“കൈയ്യിൽ കിട്ടുന്ന എന്ത് ജോലിയും ഞങ്ങൾ ചെയ്യും,” ലിതാതി കൂട്ടിച്ചേർക്കുന്നു. ചുമട്ടുപണിയാണ് അധികവും കിട്ടുക. വീടുകൾ നിർമ്മിക്കുമ്പോൾ മണ്ണും ഇഷ്ടികയുമൊക്കെ ഞങ്ങൾ ചുമക്കും.”
എന്നാൽ ഉറപ്പൊന്നുമില്ലെന്ന് ശാർമ്മിള സൂചിപ്പിക്കുനു. “ചില ദിവസം ജോലിയുണ്ടാവും. ചിലപ്പോൾ ഇല്ല. ചിലപ്പോൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ജോലി കിട്ടും.” നാലുദിവസം മുമ്പാണ് ഒടുവിൽ ജോലി കിട്ടിയത്. ലിതാതിയെപ്പോലെ ശാർമ്മിളയും, വീട്ടിൽ, വരുമാനമുണ്ടാക്കുന്ന ഒരേയൊരു അംഗമാണ്. അവിടെ തന്റെ മൂന്ന് മക്കളും, ഭർത്തൃബന്ധുക്കളുമായി അവർ കഴിയുന്നു.
തോലയിലെ 50 വീടുകൾക്ക് വെള്ളം നൽകുന്ന പ്രവർത്തിക്കുന്ന ഒരേയൊരു ഹാൻഡ് പമ്പിൽനിന്ന് അതിരാവിലെ വെള്ളം കൊണ്ടുവരുന്നതോടെ അവരുടെ ദിവസം ആരംഭിക്കുന്നു. പിന്നെ, പാചകം, വീട്ടുപണി. അതിനുശേഷം പ്ലാസ്റ്റിക്ക് ബക്കറ്റും കരണ്ടികളുമായി പണിയന്വേഷിച്ച് പോകും. തലയിൽ ഭാരം കയറ്റുന്നതിനുമുമ്പ് വെക്കാനുള്ള സിമന്റ് ചാക്കുകൾകൊണ്ടുണ്ടാക്കിയ ഒരു ചെറിയ കുഷ്യനും കൈയ്യിൽ കരുതും.
ഈ സ്ത്രീകൾ ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കുന്നത്, അവരുടെ കൂടെ താമസിക്കുന്ന മുത്തച്ഛന്മാരും മുത്തശ്ശിമാരുമാണ്
“പണിയൊന്നുമില്ലെങ്കിൽ വീട്ടിലൊന്നുമുണ്ടാവില്ല. പൈസ കിട്ടുന്ന ദിവസം എന്തെങ്കിലും കുറച്ച് പച്ചക്കറി കൊണ്ടുവരും,” ലിതാതി പറയുന്നു. മേയ് ആദ്യവാരം, പച്ചക്കറി വാങ്ങാൻ ചന്തയിൽ പോയപ്പോൾ ഉരുളക്കിഴങ്ങിന് കിലോയ്ക്ക് 30 രൂപ. “തല കറങ്ങിപ്പോയി,” ശാർമ്മിളയുടെ നേർക്ക് തിരിഞ്ഞ് ലിതതി പറയുന്നു.
“ഞങ്ങൾക്ക് എന്തെങ്കിലും ജോലി തരൂ. അടിച്ചുവാരലോ തുടയ്ക്കലോ എന്തെങ്കിലും,” ലിതാതി പാരി റിപ്പോർട്ടറോട് പറയുന്നു. “എന്നാൽ ഞങ്ങൾക്ക് ദിവസവും അലഞ്ഞുതിരിയേണ്ടിവരില്ല. ഒരു സ്ഥലത്തുതന്നെ ഇരുന്ന് ജോലി ചെയ്യാമല്ലോ”. ഗ്രാമത്തിലെ എല്ലാവരുടേയും സ്ഥിതി സമാനമാണെന്ന് ആ സ്ത്രീകൾ സൂചിപ്പിച്ചു. വളരെ കുറച്ചുപേർക്കേ സർക്കാർ ജോലിയുള്ളു.
ശാർമ്മിള യോജിക്കുന്നു. “രാഷ്ട്രീയക്കാർ വോട്ട് ചോദിക്കാൻ വരും, തിരിച്ചുപോകും. ഞങ്ങളുടെ സ്ഥിതിയിൽ ഒരു മാറ്റവുമില്ല.”
പരിഭാഷ: രാജീവ് ചേലനാട്ട്