"ഈ പ്രക്രിയ ഒന്നാകെ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു നൂലിലാണ്," നേർത്ത പുഞ്ചിരിയോടെ രേഖാ ബെൻ വാഗേല പറയുന്നു. ഗുജറാത്തിലെ മോട്ടാ ടിംല ഗ്രാമത്തിലുള്ള വീട്ടിൽ, തന്റെ തറിയിൽ ഒരു സിംഗിൾ ഇക്കത്ത് പട്ടോലു നെയ്യുകയാണവർ. "ബോബിനിൽ ഒരു നൂൽ ചുറ്റിയാണ് ഞങ്ങൾ തുടങ്ങുന്നത്; ഏറ്റവുമൊടുവിൽ, നിറം പകർന്ന നൂല് ബോബിനിലേയ്ക്ക് ചുറ്റുകയും ചെയ്യും," പട്ടോല നിർമ്മാണത്തിൽ, ഊടുനൂലിനുള്ള ബോബിനുകൾ തയ്യാറാക്കുകയും പാവുനൂല് തറിയിൽ കോർക്കുകയും ചെയ്യുന്നതിന് മുൻപുള്ള അനേകം പ്രക്രിയകൾ രേഖാ ബെൻ വിശദീകരിക്കുന്നു.
രേഖാ ബെൻ താമസിക്കുന്ന, സുരേന്ദ്ര നഗർ ജില്ലയിലുള്ള ഈ ഗ്രാമത്തിലെ വൻകർവകളിൽ മിക്കവരും പട്ടോലു എന്നറിയപ്പെടുന്ന, വിഖ്യാതമായ പട്ടുസാരികളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള വിവിധ ജോലികൾ ചെയ്യുന്നവരാണ്. എന്നാൽ, ലിംബ്ഡി താലൂക്കിൽ, സിംഗിൾ, ഡബിൾ ഇക്കത്തുകൾ ഉൾപ്പെടെ പട്ടോലകൾ നെയ്യുന്ന ഒരേയൊരു ദളിത് വനിതയാണ് ഇപ്പോൾ നാല്പതുകളിലെത്തിയ രേഖാ ബെൻ. (വായിക്കുക: രേഖാ ബെന്നിന്റെ ജീവിതത്തിന്റെ ഊടും പാവും )
'ഝാലാവാഡി' പട്ടോല എന്നും അറിയപ്പെടുന്ന, സുരേന്ദ്രനഗറിലെ പട്ടോലകൾക്ക് പഠാനിൽ നിർമ്മിക്കപ്പെടുന്നവയേക്കാൾ വില കുറവാണ്. നേരത്തെ സിംഗിൾ ഇക്കത്ത് സാരികളുടെ പേരിൽ പ്രശസ്തമായിരുന്ന ഝാലാവാഡ് പ്രദേശത്തെ വൻകർമാർ (നെയ്ത്തുകാർ) ഇപ്പോൾ ഡബിൾ ഇക്കത്ത് സാരികളും നെയ്യുന്നുണ്ട്. "സിംഗിൾ ഇക്കത്തിൽ ഊടിൽ മാത്രമാണ് ഡിസൈൻ ഉണ്ടാകുക. എന്നാൽ ഡബിൾ ഇക്കത്തിൽ ഊടിലും പാവിലും ഡിസൈൻ ഉണ്ടാകും," രണ്ടുതരം പട്ടോലകൾ തമ്മിലുള്ള വ്യത്യാസം രേഖാ ബെൻ വിശദീകരിക്കുന്നു.
പട്ടോലയിലെ ഡിസൈനാണ് അതിന്റെ നിർമ്മാണത്തെ സങ്കീർണ്ണമാക്കുന്നത്. രേഖാ ബെൻ ആ പ്രക്രിയ ഒന്നുകൂടി വിശദീകരിക്കാൻ ശ്രമിച്ചു. "ഒരു സിംഗിൾ ഇക്കത്തിൽ 3500 പാവുനൂലുകളും 13570 ഊടുനൂലുകളുമാണുണ്ടാകുക. അതേസമയം ഒരു ഡബിൾ ഇക്കത്തിൽ 2200 പാവുനൂലുകളും 9870 ഊടുനൂലുകളുമുണ്ടാകും," ഊടുനൂലിന്റെ ബോബിൻ തറിയിലേയ്ക്ക് നീക്കുന്നതിനിടെ അവർ പറഞ്ഞു.
രേഖാ ബെന്നിന്റെ കൈവശമുള്ള ബോബിനുകൾ കണ്ടപ്പോൾ 55 വയസ്സുകാരിയായ ഗംഗാ ബെൻ പർമാറിന്റെ രൂപം എന്റെ കണ്മുന്നിൽ തെളിഞ്ഞു. "തടികൊണ്ടുള്ള വലിയ നെയ്ത്തുകുഴലിൽ നൂൽക്കിഴി ചുറ്റുകയും പിന്നീട് ഒരു നെയ്ത്തുചക്രം ഉപയോഗിച്ച് നൂല് ബോബിനിലേയ്ക്ക് ചുറ്റുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. നെയ്ത്തുചക്രം ഇല്ലാതെ ബോബിനിൽ നൂല് ചുറ്റാനാകില്ല," ലിംബ്ഡിയിലെ ഗാഘ്റേട്ടിയ ഗ്രാമത്തിലുള്ള വീട്ടിൽവെച്ച് നെയ്ത്തുചക്രത്തിൽ ജോലി ചെയ്യുന്നതിനിടെ അവർ പറഞ്ഞത് ഞാൻ ഓർത്തു.
"നിങ്ങൾ എന്താണ് ആലോചിച്ചിരിക്കുന്നത്?" രേഖാ ബെന്നിന്റെ ശബ്ദം എന്നെ പട്ടോല നൂലുകളെക്കുറിച്ചുള്ള ഞങ്ങളുടെ ചർച്ചയിലേക്ക് മടക്കിക്കൊണ്ടുവന്നു. സങ്കീർണമായ ആ പ്രക്രിയ അവർ അന്നേദിവസം പല തവണ എനിക്ക് വിവരിച്ച് തരികയുണ്ടായി. 'എഴുതൂ," എന്റെ നോട്ടുപുസ്തകത്തിൽ കണ്ണുകൾ ഉറപ്പിച്ച് അവർ ആജ്ഞാപിച്ചു. എനിക്ക് ആ നെയ്ത്തുപ്രക്രിയ പൂർണ്ണമായി മനസ്സിലായിയെന്ന് ഉറപ്പ് വരുത്താനായി അവർ കുറച്ച് നേരത്തേയ്ക്ക് ജോലി നിർത്തിവെച്ചിരിക്കുകയാണ്.
പട്ടോല നെയ്യുന്ന വ്യക്തിക്ക് പുറമേ വേറെയും ഒരുപാട് തൊഴിലാളികൾ ഏർപ്പെടുന്നതും ആഴ്ചകളോളം നീണ്ടുനിൽക്കാവുന്നതുമായ, ഒരു ഡസനിൽക്കൂടുതൽ ഘട്ടങ്ങളുള്ള ആ സങ്കീർണ്ണ പ്രക്രിയ പടിപടിയായി ഞാൻ കുറിച്ചെടുത്തു. ഒരു പട്ടുനൂൽക്കിഴിയിൽ തുടങ്ങി 252 ഇഞ്ച് നീളമുള്ള പട്ടോല സാരിയിൽ അവസാന നൂലിഴ ചേർക്കുന്നതുവരെയുള്ള ഈ പ്രക്രിയ ആറ് മാസത്തോളം നീളുന്ന കഠിനാധ്വാനത്തിലൂടെയാണ് പൂർത്തിയാക്കുന്നത്.
"ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒരൊറ്റ പാളിച്ച സംഭവിച്ചാൽപ്പോലും പട്ടോലു നാശമാകും," അവർ പ്രഖ്യാപിച്ചു.
പരിഭാഷ: പ്രതിഭ ആര്‍. കെ .