നിങ്ങൾ 6-4 വയസ്സിനിടയിലുള്ളവരാണെങ്കിൽ, നിങ്ങളുടെ വീടിന്റെ സമീപത്തുള്ള സ്കൂളുകളിൽത്തന്നെ “സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം” ലഭിക്കുമ എന്നത് നിങ്ങളുടെ അവകാശമാണ്. 2009-ലെ ഇന്ത്യാ ഗവണ്മെന്റ് പാസ്സാക്കിയ കുട്ടികൾക്കുള്ള സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസാവകാശ നിയമമാണ് ഇത് അനുശാസിക്കുന്നത്.
എന്നാൽ ഒഡിഷയിലെ ജയ്പുർ ജില്ലയിലെ ചന്ദ്രിക ബെഹെറ ഇപ്പോൾ രണ്ടുവർഷമായി സ്കൂളിൽനിന്ന് പുറത്താണ്. ഏറ്റവുമടുത്തുള്ള സ്കൂൾ അവളുടെ വീട്ടിൽനിന്ന് ഏകദേശം 3.5 കിലോമീറ്റർ അകലെയാണെന്നതാണ് കാരണം.
ഗ്രാമീണ ഇന്ത്യയിലെ അദ്ധ്യാപന, അദ്ധ്യയന രീതികൾക്ക് നിശ്ചിതത്വമൊന്നുമില്ല. നിയമങ്ങളും നയങ്ങളും മിക്കവാറും കടലാസ്സിൽ ഒതുങ്ങുന്നു. ചുരുങ്ങിയത്, ചിലപ്പോൾ മാത്രം, വ്യവസ്ഥിതി ഉയർത്തുന്ന വെല്ലുവിളികളെ ഏതെങ്കിലും ഒരു അദ്ധ്യാപകന്റെ വ്യക്തിപരമായ നിശ്ചയദാർഢ്യമോ നൂതനരീതികളോ കൊണ്ട് അതിജീവിച്ചുവെന്നുംവരാം. പലപ്പോഴും അത് യഥാർത്ഥമായ മാറ്റങ്ങൾ സൃഷ്ടിക്കാറുമുണ്ട്.
ഉദാഹരണത്തിന്, കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സഞ്ചരിക്കുന്ന അദ്ധ്യാപകന്റെ കാര്യമെടുക്കാം. തന്റെ നാടോടി സമുദായത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതിനായി, നാലുമാസക്കാലം അദ്ദേഹം ലിഡ്ഡർ താഴ്വരയിലെ ഗുജ്ജർ വാസകേന്ദ്രങ്ങളിലേക്ക് താമസം മാറ്റുന്നു. തങ്ങളുടെ പരിമിതമായ വിഭവങ്ങളെ പരമാവധി ഉപയോഗിക്കുന്നതിനായി അദ്ധ്യാപകർ നൂതനമായ രീതികളും പരീക്ഷിക്കുന്നുണ്ട്. ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് ചർച്ച ചെയ്യാൻ കുട്ടികളെ തയ്യാറാക്കിയ കോയമ്പത്തൂരിലെ വിദ്യാവനം സ്കൂളിലെ അദ്ധ്യാപകരെപ്പോലെയുള്ളവർ. ആ കുട്ടികളിൽ പലരും, ഇംഗ്ലീഷ് സംസാരിക്കുന്ന ആദ്യത്തെ തലമുറയിലുള്ളവരാണ്. അവരാണ് ജനിതക അരിയെക്കുറിച്ചു മറ്റും ഇംഗ്ലീഷിൽ ചർച്ച ചെയ്യുന്നത് എന്നോർക്കണം.
പാരി ലൈബ്രറി സന്ദർശിക്കുന്നതിലൂടെ, ക്ലാസ്സുമുറികളിലേക്ക് കടന്ന്, അദ്ധ്യായനത്തിന്റെ ഗുണഫലങ്ങളെക്കുറിച്ചും ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ചുമുള്ള ഒരു വിശദമായ ചിത്രം കാണാൻ സാധിക്കും. ഗ്രാമീണ വിദ്യാഭ്യാസത്തിന്റെ പ്രാപ്യത, അതിന്റെ ഗുണനിലവാരം, അതിലെ വിടവുകൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾ മുന്നോട്ട് വെക്കുന്നു. ലൈബ്രറിയിലെ ഓരോ രേഖകളും, അതിന്റെ പ്രധാനവശങ്ങളെക്കുറിച്ചുള്ള രത്നച്ചുരുക്കം നൽകുന്നു.







