ബർഹ്വാർ ഗ്രാമത്തിലെ സുരേഷ് കോലി ചന്ദേരി തുണി നെയ്താണ് ജീവിക്കുന്നത്. കോലി പറയുന്നു “എന്റെ പക്കലുണ്ടായിരുന്ന നൂലെല്ലാം തീർന്നിരിക്കുന്നു. ഒപ്പം പണവും. ഞാൻ നെയ്തുവച്ചിരിക്കുന്ന സാരികൾ സേട്ടിന് കൊടുക്കാനും കഴിയുന്നില്ല. ലോക്ക്ഡൗൺതന്നെ കാരണം”
കോവിഡ്-19 ലോക്ക്ഡൗൺ ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും സുരേഷ് കോലി തന്റെ പക്കൽ അവശേഷിച്ച അവസാനത്തെ പിടി നൂലും നെയ്ത് കഴിഞ്ഞിരുന്നു. നെയ്ത് പൂർത്തിയാക്കിയ മൂന്ന് സാരികൾ 31-കാരനായ കോലിയുടെ കൈവശമുണ്ട്. പ്രാൺപൂർ ഗ്രാമത്തിലെ ചന്ദേരി തുണിവ്യാപാരിയായ ആനന്ദിലാലിന് അവ എത്തിച്ചുകൊടുക്കാൻ അയാൾക്ക് കഴിയുന്നില്ല.
ഉത്തർപ്രദേശിലെ ലളിത്പുർ ജില്ലയിൽ ബെട്വാ നദിയിലെ രാജ്ഘട്ട് അണക്കെട്ടിനടുത്താണ് ഈ നെയ്ത്തുകാരന്റെ സ്വദേശം. നദിയുടെ മറുകരയിലെ ചന്ദേരി നഗരം അതേ പേരിലുള്ള കൈത്തറിത്തുണിയുടെ നിർമ്മാണകേന്ദ്രമാണ്. മദ്ധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലുള്ള ചന്ദേരി നഗരത്തിനടുത്തുതന്നെയാണ് സേട്ടിന്റെ ഗ്രാമമായ പ്രാൺപൂർ.
ബുർഹ്വാറും ചന്ദേരിയും തമ്മിൽ റോഡ് മാർഗം 32 കിലോമീറ്റർ ദൂരമുണ്ട്. ഉത്തർ പ്രദേശിനും മദ്ധ്യ പ്രദേശിനും ഇടയ്ക്കുള്ള അതിർത്തി, ബാരിക്കേഡുകളുയർത്തി പൊലീസ് തടഞ്ഞിരിക്കുകയാണ്. ഈ ബാരിക്കേഡുകളാണ് സുരേഷിന് ആനന്ദിലാലിനടുത്തെത്താൻ കഴിയാത്തതിന്റെ കാരണം. “എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. ദൽഹിയിൽനിന്ന് സ്വദേശത്തേക്ക് മടങ്ങിവന്നവരെയെല്ലാം പോലീസ് പിടിച്ചുകൊണ്ടുപോയി. ഞങ്ങളുടെ ഗ്രാമത്തിൽ എങ്ങനെയാണ് ഈ രോഗം വരിക? പക്ഷേ സർക്കാർ ഞങ്ങളുടെ ജില്ലയിലും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഞങ്ങളുടെ ജീവിതം താറുമാറായി” സുരേഷ് പറയുന്നു.
പൂർത്തിയായ മൂന്ന് സാരികൾക്കായി 5,000 രൂപ സുരേഷ് ആനന്ദിലാലിനോട് ആവശ്യപ്പെട്ടിരുന്നു. “അദ്ദേഹം 500 രൂപ കൊടുത്തയച്ചു. കമ്പോളം പൂർവസ്ഥിതിയിലായിട്ടുമാത്രമേ മുഴുവൻ തുക നൽകാൻ കഴിയൂ എന്നാണ് സേട്ട് പറയുന്നത്” സുരേഷ് കൂട്ടിച്ചേർത്തു.
ലോക്ക്ഡൗണിന് മുമ്പ് സ്ഥിതി വ്യത്യസ്തമായിരുന്നു. പരുത്തിനൂലും പട്ടുനൂലും സാരിക്കാവശ്യമായ മറ്റ് അസംസ്കൃതവസ്തുക്കളും സാരിയുടെ ഡിസൈനും സേട്ട് തന്നെയാണ് സുരേഷിന് നൽകിയിരുന്നത്. സാരി, ദുപ്പട്ട, മറ്റ് വിവിധ തുണിത്തരങ്ങൾ എന്നിവ നെയ്യാനായി സുരേഷിനെ ഏൽപിക്കുമ്പോൾത്തന്നെ ഓരോ ജോലിയുടെയും നിരക്ക് നിശ്ചയിച്ചിരുന്നു. നെയ്ത്ത് പൂർത്തിയാക്കി തുണി കൈമാറുമ്പോൾ തന്നെ പണം ലഭിച്ചിരുന്നു.









