ഫോൺ വിളി കേൾക്കുമ്പോൾ ശീതൾ വാഗ്മാരെക്ക് ഭയമാണ്. കുറേ ദിവസങ്ങളായി താൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ (എം.എഫ്.ഐ) വീണ്ടെടുപ്പ് ഏജന്റിതേതല്ലാത്ത നമ്പർ കാണുമ്പോൾ അയാൾ ആശ്വാസത്തോടെ നെടുവീർപ്പിടും. "അവർ കൊറോണ വൈറസ്സൊന്നും പരിഗണിക്കുകയേയില്ല" 31 വയസ്സുള്ള ശീതൾ പറയുന്നു. എതോ കാരുണ്യത്താൽ ഒരാഴ്ചയായി വിളികൾ നിന്നിട്ട്. കാരണമെന്തെന്ന് ശീതളിന് തീർച്ചയില്ല. എന്നാൽ, അദ്ദേഹം പറയുന്നു, "അവ വീണ്ടും ആരംഭിക്കാം…".
ദിവസക്കൂലിക്കാരായ വാഗ്മാരെയുടെ കുടുംബാംഗങ്ങളെല്ലാം മഹാരാഷ്ട്രയിലെ കാർഷിക മേഖലയായ മറാത്ത്വാഡയിലെ ഒസ്മാനാബാദിലാണ് താമസിക്കുന്നത്. 2019 ജൂലൈയിൽ ശീതളിന്റെ മാതാവ് മംഗൾ, ജനലക്ഷ്മി ഫിനാൻഷ്യൽ സർവീസസ് എന്നു പേരുള്ള എം.എഫ്.ഐയിൽനിന്ന് 60,000 രൂപ കടമെടുത്തു. "ഞങ്ങൾ ഒരു തയ്യൽ മെഷീൻ വാങ്ങി, ഞാൻ ബ്ളൗസുകൾ തുന്നാനും എംബ്രോയ്ഡറി ചെയ്യാനും മറ്റും തുടങ്ങി," 53 വയസ്സ് പ്രായമുള്ള മംഗൾ പറയുന്നു. "എന്റെ ഭർത്താവും മകനും കർഷകത്തൊഴിലാളികളാണ്. ഞങ്ങൾക്ക് സ്വന്തമായി ഭൂമിയില്ല."
അതിനുശേഷം വാഗ്മാരെ കുടുംബം ഒരുതവണപോലും 24 ശതമാനം പലിശയുള്ള വായ്പയുടെ 3,230 രൂപ മാസഗഡു തിരിച്ചടവ് മുടക്കിയിട്ടില്ല. "പക്ഷേ ലോക്ക്ഡൗൺ ആരംഭിച്ചതോടെ അക്ഷരാർത്ഥത്തിൽ ചില്ലിക്കാശുപ്പോലും ഞങ്ങൾക്ക് സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല," ശീതൾ പറയുന്നു. "ഞങ്ങൾക്ക് ചുറ്റുമുള്ള ആരുടെയും കൈവശം പണമില്ല. ലോക്ക്ഡൗൺ കാലത്ത് (മഹാരാഷ്ട്രയിൽ മാർച്ച് 23- ന് ആരംഭിച്ചത്) എല്ലാവരുടെയും വാങ്ങൽശേഷി കുറഞ്ഞു. ഞങ്ങളെ ആരും തൊഴിലാളികളായി എടുക്കുന്നില്ല. വസ്ത്രങ്ങൾ തയ്പ്പിക്കുന്നത് ആർക്കും താങ്ങുകയും ഇല്ല."
എന്നാൽ ഇതൊന്നും കടക്കാരെ ഫോണിൽ വിളിച്ച്, അവരുടെ സാഹചര്യംപോലും പരിഗണിക്കാതെ, ഗഡുക്കൾ തിരിച്ചടക്കാൻ നിർബന്ധിക്കുന്നതിൽനിന്ന് എം.എഫ്.ഐക്കാരെ പിന്തിരിപ്പിച്ചില്ല. "എന്ത് സംഭവിച്ചാലും പണമടക്കണമെന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്," ശീതൾ പറയുന്നു. "നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ, അവർ പറഞ്ഞു, എന്നാൽ മാസാവസാനം പണം അടച്ചിരിക്കണം."
മംഗളിന് (മുകളിലെ കവർച്ചിത്രത്തിൽ) 24 മാസത്തേക്കുള്ള ഗഡുക്കൾ അടയ്ക്കേണ്ടതുണ്ട് – രണ്ട് വർഷങ്ങൾകൊണ്ട് 77,520 രൂപ അടയ്ക്കണം. എന്നാൽ കടമെടുത്ത തുക 60,000 ആണെങ്കിലും, അതിൽനിന്നും പ്രോസസിങ് ചാർജുകളും മറ്റും വെട്ടിക്കുറച്ച് അവർക്ക് 53,000 രൂപ മാത്രമാണ് എംഎഫ്ഐയിൽനിന്നും ലഭിച്ചത്.
കടമെടുത്ത തുകയായ 53,000 രൂപയ്ക്ക് പകരം 77,520 രൂപ തിരിച്ചടക്കുക എന്നത് വായ്പാ തുകയുടെ 46 ശതമാനം അധികമാണ്. എന്നിരുന്നാലും എളുപ്പത്തിൽ ലഭിക്കുന്നതിനാൽ ഒരുപാടുപേർ അത്തരം വായ്പകൾക്ക് അപേക്ഷിക്കുന്നു, കർഷകനേതാവും സ്വാഭിമാനി ഷേത്കാരി സംഘടനയുടെ സ്ഥാപകനുമായ രാജു ഷെട്ടി പറയുന്നു. സഹായവാഗ്ദാനത്തിന്റെ മറവിൽ എംഎഫ്ഐ പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയാണെന്നാണ് രാജുവിന്റെയും മറ്റുള്ളവരുടെയും അഭിപ്രായം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇത്തരം സാമ്പത്തികസ്ഥാപനങ്ങൾ പൊതുവേ വായ്പകൾ നൽകുന്നത് കുറഞ്ഞ വരുമാനമുള്ള, സ്വന്തമായി എന്തെങ്കിലും ആരംഭിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കാണ്.
"എംഎഫ്ഐ ലക്ഷ്യം വെക്കുന്നത് ഭൂരഹിതരായ തൊഴിലാളികളെയും, ചെറുകിട കരാറുക്കാരെയും, ഭൂമി കുറവുള്ള കർഷകരെയും മറ്റുമാണ്," ഷെട്ടി പറയുന്നു. "ബാങ്കുകൾ സാധാരണയായി അവരുടെ പക്കൽ ഈടില്ലാത്തതിനാൽ അവർക്ക് വായ്പകൾ അനുവദിക്കാറില്ല. എംഎഫ്ഐ തിരിച്ചറിയൽരേഖ മാത്രമേ ചോദിക്കുകയുള്ളു, വേഗത്തിൽ പണം നൽകുകയും ചെയ്യും. ഒരു പുതിയ മാർഗം കണ്ടെത്തുമ്പോൾ സാധാരണക്കാർക്കും നിരാശയിലുഴലുന്നവർക്കും ആശ്വാസമാണ്".
വാഗ്മാരെ കുടുംബത്തിനും ഇത്തരം പ്രതീക്ഷകളുണ്ടായിരുന്നു. കൃത്യമായി ഗഡുക്കൾ തിരിച്ചടക്കാൻപോലും അവർക്ക് സാധിച്ചു. "എന്നാൽ മഹാമാരി വരുന്നത് ആർക്കെങ്കിലും മുൻക്കൂട്ടി കാണാൻ കഴിയുമോ?" ശീതൾ ചോദിക്കുന്നു, അദ്ദേഹത്തിന്റെ പിതാവ് വസന്ത് ഒരു ഹൃദ്രോഗിയാണ്. "രണ്ടുവർഷം മുമ്പ് അദ്ദേഹത്തിന് ഒരു ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാകേണ്ടിവന്നു, ഇന്നും പതിവായി മരുന്ന് കഴിക്കേണ്ടതുണ്ട്. അദ്ദേഹം ദിവസം മുഴുവൻ വീട്ടിൽത്തന്നെ ഇരുന്ന് വാർത്ത കാണുന്നു. ചുറ്റുപാടും സംഘർഷഭരിതമാണ്. ജനങ്ങളെല്ലാം ലോക്ക്ഡൗൺ കാരണം ജോലി കണ്ടുപിടിക്കുന്നതിന്റെ ആശങ്കയിലാണ്. ഞങ്ങൾക്ക് പുറത്തുപോകാൻ കഴിയില്ല, കാരണം ഞങ്ങൾക്ക് വൈറസ് പിടിപെട്ടാൽ അച്ഛന്റെ കാര്യം ഗുരുതരമാവും."
തന്റെ കുടുംബത്തെ, പ്രത്യേകിച്ചും തന്റെ അച്ഛനെ, സംരക്ഷിക്കുക എന്നത് എത്രത്തോളം പ്രധാനമാണെന്ന് ശീതളിനറിയാം. മഹർ വിഭാഗത്തിൽപ്പെട്ട ഈ കുടുംബം താമസിക്കുന്നത് ദളിത് ബസ്തിയിലാണ് . തെക്കൻ ഒസ്മാനാബാദിലെ ജില്ലാ ആശുപത്രിക്ക് തൊട്ടടുത്താണ് ഇവരുടെ കോളനി. സങ്കീർണ്ണമായ കേസുകൾ കൈകാര്യം ചെയ്യാൻ വേണ്ടത്ര സജ്ജമല്ലാത്ത ഇവിടെനിന്നും രോഗികളെ 70 കിലോമീറ്റർ അകലെയുള്ള സോളാപൂർ പട്ടണത്തിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നു. "ഗ്രാമപ്രദേശങ്ങളിലെ ചികിത്സാസൗകര്യങ്ങൾ എങ്ങനെയാണെന്ന് നിങ്ങൾക്കറിയാമോ," ശീതൾ പറയുന്നു. "ഇപ്പോൾ ആശുപത്രികളുടെ മുൻഗണന കൊറോണ വൈറസിനെ കൈകാര്യം ചെയ്യുക എന്നതിൽ മാത്രമാണ്."
സോളാപൂർ ജില്ലയിൽ ഏകദേശം 100- ഓളം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേസുകൾ വർദ്ധിക്കാൻ തുടങ്ങിയതിനെത്തുടർന്ന് ഏപ്രിൽ 24 അർദ്ധരാത്രിമുതൽ മൂന്ന് ദിവസത്തേക്ക് അധികൃതർ ജില്ല അടച്ചിട്ടിരുന്നു. "അതിനർത്ഥം ഒസ്മാനാബാദിൽ കേസുകൾ വർദ്ധിച്ചാൽ (ഇതുവരെ വളരെ കുറച്ചേ ഉള്ളൂ) രോഗികൾക്ക് സോളാപൂരിലേക്ക് പോകാനുള്ള ആത്മവിശ്വാസംപോലും ഉണ്ടാകില്ല എന്നതാണ്,” ശീതൾ പറയുന്നു. "എന്നാൽ ഇവയൊന്നും ഏജന്റുമാർക്ക് ഒരു പ്രശ്നമല്ല." മഹാരാഷ്ട്രയിലൊട്ടാകെ ഏകദേശം 42 എംഎഫ്ഐകൾ പ്രവർത്തിക്കുന്നുണ്ടെന്ന് മഹാരാഷ്ട്രയിലെ മുൻ കൃഷിമന്ത്രി അനിൽ ബോണ്ടെ എന്നോട് ഫോണിൽ പറഞ്ഞു. ഷെട്ടിയുടെ കണക്കനുസരിച്ച് അവരുടെ വായ്പ ആയിരക്കണക്കിന് കോടിയോളം വരും.
"ഭീഷണിപ്പെടുത്തലിന്റെയും സ്ത്രീകളെ ഉപദ്രവിക്കുന്നതിന്റെയും ചരിത്രമുണ്ടവർക്ക്," ബോണ്ടെ പറയുന്നു. "കടം വാങ്ങുന്നവരുടെ ട്രാക്ടറുകൾ പിടിച്ചെടുക്കുമെന്നും അല്ലെങ്കിൽ അവരുടെ കാർഷികോത്പന്നങ്ങൾ കണ്ടുകെട്ടുമെന്നും അവർ ഭീഷണിപ്പെടുത്തുന്നു. മഹാരാഷ്ട്രയിൽ എത്ര എംഎഫ്ഐകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സംസ്ഥാനം കണക്കാക്കുകയും, പകർച്ചവ്യാധിയുടെ സമയത്ത് അവയുടെ പ്രവർത്തനം നിർത്തലാക്കുകയും വേണം."
കഴിഞ്ഞ ദശകത്തിൽ, മഹാരാഷ്ട്രയിലെ 31 സഹകരണ ബാങ്കുകൾ സൃഷ്ടിച്ച ശൂന്യതയിലാണ് എംഎഫ്ഐകൾ വളർന്നത് –മനഃപൂർവ്വം കുടിശ്ശിക വരുത്തുന്നവരും തെറ്റായ നിർവഹണവും കാരണം, അവരിൽ ഭൂരിഭാഗത്തിനും, വായ്പാ വിതരണം നടത്താൻ കഴിയുന്നില്ല. മറ്റൊരു വഴി ഉയർന്ന പലിശ ഈടാക്കുന്ന സാഹൂകാർ (സ്വകാര്യ പണമിടപാടുകാർ) ആയതിനാൽ എംഎഫ്ഐകളെ ഇതിനിടയിലുള്ള മാർഗ്ഗമായാണ് ആളുകൾ കാണുന്നതെന്ന് ഓൾ ഇന്ത്യ എംപ്ലോയീസ് ബാങ്ക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ദേവിദാസ് തുൾജാപൂർക്കർ പറയുന്നു. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെ വളർത്താനും സാഹചര്യം മുതലെടുക്കാനും റിസർവ് ബാങ്ക് മനഃപൂർവം അനുവദിച്ചു,” അദ്ദേഹം പറയുന്നു. "ശിക്ഷിക്കപ്പെടുകയില്ലെന്നത് അവർ മുതലാക്കുന്നു, വീഴ്ച വരുത്തുന്നവരെ ഭീഷണിപ്പെടുത്തുന്നു, എന്നിട്ട് വ്യവസ്ഥ നിയമാനുസൃതമാക്കിയ സാഹൂകാരായി പ്രവർത്തിക്കുന്നു."
കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തികമാന്ദ്യം കണക്കിലെടുത്ത് ഏപ്രിൽ 7-ന്, ഇന്ത്യയിലെ ബാങ്കുകൾ - സ്വകാര്യമേഖലയിലെയും പൊതുമേഖലയിലെയും - മൂന്ന് മാസത്തെ മൊറട്ടോറിയം വാഗ്ദാനം ചെയ്തു. എന്നാൽ എംഎഫ്ഐകൾ സാധാരണപോലെത്തന്നെ അവരുടെ ബിസിനസ് പ്രവർത്തിപ്പിക്കുന്നതായി തോന്നുന്നു.
ഒസ്മാനാബാദിലെ ജനലക്ഷ്മി ഫിനാൻസ് പ്രതിനിധി ഈ ലേഖകന്റെ പല ഫോൺ കോളുകളോടും പ്രതികരിച്ചിട്ടില്ല.
മംഗളിനെപ്പോലെയുള്ള കടക്കാരുടെ സാശ്രയസംഘത്തിൽ അർച്ചന ഹുണ്ടെയുമുണ്ട്, അവരും പട്ടികജാതിയിൽപ്പെട്ട മഹർ വിഭാഗത്തിൽനിന്നുള്ളവരാണ്. അവരുടെ ഭർത്താവ് 40 വയസ്സുകാരൻ പാണ്ഡുരംഗ് ഒസ്മാനാബാദ് നഗരത്തിലെ നിർമ്മാണ സൈറ്റുകളിൽ അസംസ്കൃത വസ്തുക്കളും തൊഴിലാളികളേയും എത്തിച്ചുനൽകുന്ന ഒരു ചെറുകിട കരാറുകാരനാണ്. ലോക്ക്ഡൗൺ കാരണം സൈറ്റുകൾ ഇപ്പോൾ അടച്ചിരിക്കുന്നതിനാൽ പാണ്ഡുരംഗിന് ജോലിയില്ല. “ഞങ്ങൾ പതിവായി വായ്പ തിരിച്ചടയ്ക്കുന്നുണ്ടായിരുന്നു”, 37-കാരിയായ അർച്ചന പറയുന്നു, അവരുടെ തവണയും വായ്പാത്തുകയും മംഗളിന്റേതിന് തുല്യമാണ്. “ഞങ്ങൾ വായ്പ എഴുതിത്തള്ളാൻ ആവശ്യപ്പെടുന്നില്ല. ഞങ്ങൾ അവരോട് അഭ്യർത്ഥിക്കുന്നത് മൂന്ന് മാസത്തേക്ക് കൂടി നീട്ടിത്തരണമെന്നാണ്. രണ്ടുവർഷത്തിനുള്ളിൽ തവണകൾ തിരിച്ചടച്ച് അവസാനിപ്പിക്കുന്നതിന് പകരം രണ്ടുവർഷവും മൂന്ന് മാസവുംകൊണ്ട് തിരിച്ചടയ്ക്കാം. വളരെ കൂടുതലാണോ ചോദിക്കുന്നത്?"
ഒരുമാസത്തെ റേഷനായ ഗോതമ്പും അരിയും സർക്കാരിൽനിന്ന് മുൻകൂറായി ലഭിച്ചതുകൊണ്ടുമാത്രമാണ് ദളിത് ബസ്തിയിലെ കുടുംബങ്ങൾ ലോക്ക്ഡൗൺ കാലത്ത് പട്ടിണിയാവാത്തതെന്ന് അർച്ചന പറയുന്നു. "അങ്ങനെയല്ലെങ്കിൽ ഞങ്ങൾക്ക് ഭക്ഷണംപോലും വാങ്ങാൻ കഴിയുമായിരുന്നില്ല,” അവർ പറയുന്നു. “കൈയിൽ കുറച്ച് പണം ലഭിക്കേണ്ടത് അത്രത്തോളം ആവശ്യമായതിനാൽ, സ്ത്രീകളുടെ ജൻധൻ അക്കൗണ്ടിൽ 500 രൂപ നിക്ഷേപിക്കും എന്ന് ധനമന്ത്രി പ്രഖ്യാപിച്ചതുമുതൽ (മാർച്ച് 26-ന്), രാവിലെതൊട്ട് ആളുകൾ ക്യൂവിൽ നിൽക്കുകയാണ്. എല്ലാ ദിവസവും ബാങ്കുകളിൽ തിരക്കാണ്."
ഒസ്മാനാബാദ് പട്ടണത്തിൽനിന്നും 58 കിലോമീറ്റർ അകലെയുള്ള ലാത്തൂരിലെ ഖുന്തേഫാൽ ഗ്രാമത്തിലും എംഎഫ്ഐകളുമായി ഇടപാട് നടത്തുന്നതിലുള്ള ഉത്കണ്ഠ രൂക്ഷമാണ്. ഈ ഗ്രാമത്തിലെ ഒരുപാടുപേർക്കൊപ്പം അയൽപക്കത്തെ മത്തേഫൽ ഗ്രാമത്തിലെ പലരും, എംഎഫ്ഐകളിൽ നിന്ന് കടം വാങ്ങിയിട്ടുണ്ടെന്ന് ഒരു പ്രാദേശിക കർഷക പ്രവർത്തകൻ പറയുന്നു. ഇവരിൽ ഒരാളായ വികാസ് ഷിൻഡെ (35 വയസ്സ്) ഈ വർഷം ഫെബ്രുവരിയിൽ 50,000 രൂപ കടമെടുത്തു. "എനിക്ക് 1.5 ഏക്കർ ഭൂമിയുണ്ട്," അദ്ദേഹം പറയുന്നു. “ജീവിക്കാൻ ഇത് പര്യാപ്തമല്ല, അതിനാൽ ഞാനും കൂലിപ്പണി ചെയ്യുന്നു. രണ്ടുമാസം മുമ്പ് ഞാൻ ആ കടം എടുത്തത് ഒരു പശുവിനെ വാങ്ങാനും ഒരു ക്ഷീരോത്പാദനകേന്ദ്രം ആരംഭിക്കാനും വേണ്ടിയാണ്.
ലോക്ക്ഡൗൺ ആരംഭിച്ചതോടെ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം താമസിക്കുന്ന വികാസിന് പ്രതിമാസഗഡുവായ 3,200 രൂപ അടയ്ക്കാൻ കഴിയുന്നില്ല. "ലോക്ക്ഡൗൺ കാരണം എനിക്കെന്റെ റാബി വിളവെടുപ്പ് വിൽക്കുവാൻ സാധിക്കുന്നില്ല," അദ്ദേഹം പറയുന്നു. "ഗോതമ്പ് ഇപ്പോഴും അവിടെ പാടത്ത് കിടപ്പുണ്ട്. വിളവെടുപ്പ് മണ്ഡിയിലേക്ക് കൊണ്ടുപോകുന്നത് ഇപ്പോൾ ഏറെക്കുറെ അസാധ്യമായിരിക്കുന്നു. ഞങ്ങളിനി എന്താണ് വേണ്ടത്?"
ഒരു പകർച്ചവ്യാധിയുടെ സമയത്ത് കർഷകരെയും തൊഴിലാളികളെയും ഭയപ്പെടുത്തി കൊള്ളയടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ഷെട്ടി പറയുന്നു. "എംഎഫ്ഐകൾക്ക് മറ്റൊരു ഭാഷയും മനസ്സിലാകില്ല," അദ്ദേഹം പറയുന്നു. "അവരെ വരുതിയിൽ കൊണ്ടുവരാൻ നിയമംതന്നെ ഉപയോഗിക്കണം."
പരമ്പരാഗത ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് (സഹകരണബാങ്കുകൾ പോലുള്ളവ) ആളുകൾക്ക് വായ്പയെടുക്കാൻ പറ്റുമെന്ന് ഉറപ്പാക്കാൻ സംസ്ഥാനം എപ്പോഴും ശ്രമിക്കുന്നുണ്ടെന്ന് മഹാരാഷ്ട്രയിലെ കൃഷിമന്ത്രി ദാദാ ഭൂസെ എന്നോട് ഫോണിൽ പറഞ്ഞു. "എന്നാൽ പണം കിട്ടാൻ എളുപ്പമായതിനാൽ നിരവധി ആളുകൾ എംഎഫ്ഐകളിൽനിന്ന് വായ്പ എടുക്കുന്നു എന്നത് ശരിയാണ്,” അദ്ദേഹം പറയുന്നു. "ഇത് പരിശോധിച്ച് എന്താണ് ചെയ്യാൻ കഴിയുകയെന്ന് നോക്കാൻ ഞാൻ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെടും."
അതുവരേക്കും ശീതളിനേയും അർച്ചനയേയും വികാസിനേയുംപോലെ കടമെടുത്തവർ എംഎഫ്ഐ വീണ്ടെടുപ്പ് ഏജന്റിന്റെ ഫോൺ വിളിയും ഭയന്നാണ് കഴിയുന്നത്. എപ്പോൾ വേണമെങ്കിലും ഫോൺ മണി മുഴങ്ങാം.
പരിഭാഷ: നതാഷ പുരുഷോത്തമൻ