തരിശായ ഒരു പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഒരു ദർഗ മാൽഗാംവിലെ താമസക്കാർക്ക് അനുഗ്രഹമായിരുന്നു. മഹാരാഷ്ട്രയിലെ സത്താറയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ദേവാലയം ഒരു അഭയകേന്ദ്രമായിരുന്നു അവർക്ക്.
ദർഗയിലേക്ക് ചാഞ്ഞുനിൽക്കുന്ന മരത്തിന്റെ കീഴിലിരുന്ന് സ്കൂൾകുട്ടികൾ അവരുടെ ഗൃഹപാഠങ്ങൾ ചെയ്യുന്നു. കവാടത്തിലിരുന്ന് യുവതീയുവാക്കൾ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. തിളയ്ക്കുന്ന വേനലിൽ, തണുത്ത കാറ്റ് കിട്ടുന്ന ഒരേയൊരു സ്ഥലം ആ കവാടമാണ്. അതിന് ചുറ്റുമുള്ള ഒഴിഞ്ഞ പറമ്പിൽ, പൊലീസുകാർ, തൊഴിലിലെ ഉയർച്ചയെ ലാക്കാക്കി, കഠിനമായ കായികപരിശീലനത്തിൽ മുഴുകിയിരിക്കുന്നു.
“എന്റെ മുത്തച്ഛനുപോലും ഇതിനെക്കുറിച്ച് (ദർഗയെക്കുറിച്ച്) കഥകൾ പറയാനുണ്ട്,” ഗ്രാമത്തിൽ 15 ഏക്കർ സ്വന്തമായുള്ള 76 വയസ്സുള്ള വിനായക് ജാദവ് പറയുന്നു. “അപ്പോൾ എത്ര പഴക്കമുണ്ടെന്ന് ആലോചിച്ചുനോക്കൂ. ഹിന്ദുക്കളും മുസ്ലിംകളും ചേർന്നാണ് ഇതിനെ പരിപാലിച്ചത്. സമാധാനപൂർവ്വമായ സഹവർത്തിത്വത്തിന്റെ അടയാളമായിരുന്നു ഇത്.”
2023 സെപ്റ്റംബറിൽ കാര്യങ്ങൾ മാറിമറിഞ്ഞു. എല്ലാവരാലും സ്നേഹിക്കപ്പെട്ടിരുന്ന ആ മന്ദിരത്തിന് മാൽഗാംവിൽ പുതിയൊരു അർത്ഥം ലഭിച്ചു. ഈ മന്ദിരം സ്ഥിതി ചെയ്യുന്നത് കൈയ്യേറിയ സ്ഥലത്താണെന്നവകാശപ്പെട്ട് ഒരു ചെറിയ കൂട്ടം ചെറുപ്പക്കാർ ആക്രോശത്തോടെ വന്നു. ഹിന്ദുത്വ സംഘടനകളുടെ ഒരു മുന്നണിയാണ് അവരെ ഇളക്കിവിട്ടത്.
ഈ ‘അനധികൃത കൈയ്യേറ്റം‘ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് മാൽഗാംവിലെ, 20-25 വയസ്സ് പ്രായക്കാരായ ഈ ഹിന്ദു യുവാക്കൾ ജില്ലാ ഭരണകൂടത്തിന് കത്തെഴുതി. ആരോ ചിലർ അതിനകംതന്നെ, അതിന്റെയടുത്തുള്ള ജലസംഭരണി നശിപ്പിച്ചിരുന്നു. “ചുറ്റുമുള്ള സ്ഥലം കൈയ്യേറാൻ മുസ്ലിം സമുദായം ശ്രമിക്കുന്നു. ഗ്രാമ പഞ്ചായത്തിന്റെ താത്പര്യത്തിന് വിരുദ്ധമായാണ് മന്ദിരം നിർമ്മിച്ചിട്ടുള്ളത്” എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.













