“ഒരു രഹസ്യപാതയിലൂടെ ഞങ്ങൾ പുറത്തേക്ക് ഒളിച്ചുകടന്നു. അല്ലാതെ എന്ത് ചെയ്യാനാണ്? കുട്ട മെടയാനുള്ള വസ്തുക്കളെങ്കിലും കൈവശമുണ്ടെങ്കിൽ വീട്ടിലിരുന്ന് കുട്ട തയ്യാറാക്കിവെക്കാമല്ലോ” തെലുങ്കാനയിലെ കാംഗൽ ഗ്രാമത്തിലുള്ള ഒരു സംഘം കുട്ടനിർമാണത്തൊഴിലാളികൾ പറയുന്നു. എന്താണവർ പറയുന്ന രഹസ്യപാത? പോലീസ് ബാരിക്കേഡുകളോ ഗ്രാമീണർ നട്ടുവളർത്തിയ മുൾച്ചെടികളുടെ വേലിയോ വഴി മുടക്കാത്ത പാതകളെപ്പറ്റിയാണ് അവർ പറയുന്നത്.
ഏപ്രിൽ 4-ന് രാവിലെ ഏതാണ്ട് 9 മണിക്ക് നെലിഗുന്ധരാശി രാമുലമ്മ വെല്ലിഡാംഡുപാഡുവിലേക്ക് പുറപ്പെട്ടു. രമുലമ്മയ്ക്ക് പുറമെ നാല് സ്ത്രീകളും ഒരു പുരുഷനും അവരുടെ സംഘത്തിലുണ്ട്. കാംഗലിൽനിന്ന് 7 കിലോമീറ്റർ ദൂരെയുള്ള ഈ സ്ഥലത്തുനിന്ന് സിൽവർ ഡേറ്റ് പാമിന്റെ ഇലയും മടലും ശേഖരിക്കുകയാണ് അവരുടെ ലക്ഷ്യം. ഇവ ഉപയോഗിച്ചാണ് അവർ കുട്ട നിർമ്മിക്കുന്നത്. മിക്കവാറും പുറമ്പോക്കിൽനിന്നാണ് അവർ മടൽ ശേഖരിക്കുന്നത്. ചിലപ്പോഴൊക്കെ കൃഷിയിടങ്ങളിൽനിന്നും. പ്രതിഫലമായി ഏതാനും കുട്ടകൾ അവർ ആ കൃഷിക്കാർക്ക് നൽകുകയും ചെയ്യും.
തെലുങ്കാനയിൽ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന യെരുകുല വിഭാഗത്തിൽപ്പെട്ടവരാണ് ഈ കുട്ട നിർമാതാക്കൾ. മാർച്ച് മുതൽ മേയ് വരെയുള്ള വേനൽക്കാലത്താണ് അവർ മടൽ ഉണക്കിയെടുക്കുക. അവരുടെ കച്ചവടം നടക്കുന്നതും ഈ മാസങ്ങളിലാണ്.
വർഷത്തിലെ മറ്റ് മാസങ്ങളിൽ കൃഷിയിടങ്ങളിൽ പണിയെടുത്താണ് അവർ ഉപജീവനം കണ്ടെത്തുന്നത്. ദിവസം 200 രൂപയാണ് കൃഷിപ്പണിക്ക് പ്രതിഫലം ലഭിക്കുക. ഡിസംബർ മുതൽ ഫെബ്രുവരിവരെ നീളുന്ന പരുത്തി വിളവെടുപ്പ് കാലത്ത് ചിലർക്ക് 700-800 രൂപ ദിവസക്കൂലി ലഭിക്കും. പക്ഷേ എന്തുമാത്രം പണിയുണ്ട് എന്നതിനെക്കൂടി ആശ്രയിച്ചാണ് കൂലി നിശ്ചയിക്കപ്പെടുക.
ഈ വർഷം കോവിഡ്-19 ലോക്ക്ഡൗൺ ആരംഭിച്ചതോടെ കുട്ട വിൽപനയിൽനിന്നുള്ള അവരുടെ വരുമാനം നിലച്ചു. “കൈയിൽ പണമുള്ളവർക്ക് ആഹാരം കഴിക്കാം. ഞങ്ങളെന്ത് ചെയ്യും? അത് കൊണ്ടാണ് (മടൽ ശേഖരിക്കാനായി) ഞങ്ങൾ വീട്ടിൽനിന്ന് പുറത്തിറങ്ങിയത്. അല്ലെങ്കിൽ ഞങ്ങളെന്തിന് പുറത്തിറങ്ങണം?” 70 വയസുള്ള രമുലമ്മ ചോദിക്കുന്നു.







