23 വയസ്സുള്ള ഭാരതി കസ്തെയെ സംബന്ധിച്ചിടത്തോളം, ഏറ്റവും പ്രധാനം അവരുടെ കുടുംബമായിരുന്നു. തന്റെ ഇളയ സഹോദരിമാരുടെ വിദ്യാഭ്യാസം തുടരുന്നതിനുവേണ്ടിയായിരുന്നു, 10-ആം ക്ലാസ്സിൽവെച്ച് അവർ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഒരു ജോലിക്ക് കയറിയത്. ഒരു കമ്പനിയിൽ സഹായിയായി അവർ പ്രവേശിച്ചു. ജോലിക്കാരായ അച്ഛനും മൂത്ത ജ്യേഷ്ഠനും ഒരു കൈ സഹായമാവുക എന്ന ലക്ഷ്യത്തോടെ എല്ലുമുറിയെ പണിയെടുത്തു. കുടുംബം മാത്രമായിരുന്നു അവളുടെ മനസ്സിൽ. അവരെക്കുറിച്ച് മാത്രമായിരുന്നു അവൾ ചിന്തിച്ചിരുന്നത്. 2021 മേയ് വരെ.
പിന്നീട്, അവൾക്ക് അവരെക്കുറിച്ച് ചിന്തിക്കേണ്ടിവന്നിട്ടില്ല.
2021 മേയ് 13-ന് മധ്യ പ്രദേശിലെ ദേവാസ് ജില്ലയിലെ നേമവാറിൽനിന്ന്, ഭാരതിയുടെ കുടുംബത്തിലെ അഞ്ചുപേരെ കാണാതായി. സഹോദരിമാരായ 17 വയസ്സുള്ള രൂപാലി, 12 വയസ്സുള്ള ദിവ്യ, 45 വയസ്സുള്ള അമ്മ മമത, ബന്ധത്തിലുള്ള സഹോദരങ്ങളായ 16 വയസ്സുള്ള പൂജ, 14 വയസ്സുള്ള പവൻ എന്നിവരെ.
“ആരുമായും ബന്ധപ്പെടാൻ സാധിച്ചില്ല”, അവർ പറയുന്നു. രാത്രിയായിട്ടും അവർ വീട്ടിലെത്താതിരുന്നപ്പോൾ ഞങ്ങൾ പരിഭ്രമിച്ചു”.
വീട്ടുകാരെ കാണാതായി എന്ന് പറഞ്ഞ്, പൊലീസിൽ അവർ ഒരു പരാതി കൊടുത്തു. പൊലീസ് അന്വേഷണവും തുടങ്ങി.
ഒരു ദിവസം എന്നത് രണ്ടായി, മൂന്നായി. വീട്ടുകാർ തിരിച്ചുവന്നതേയില്ല. ഓരോ ദിവസം കഴിയുന്തോറും ഭയം കൂടിക്കൊണ്ടിരുന്നു. ഭാരതിയുടെ വയറ് കാളാൻ തുടങ്ങി. വീട്ടിലെ നിശ്ശബ്ദത ഉച്ചസ്ഥായിയിലെത്തി.
അവളുടെ ഭയത്തിന്റെ ആഴം കൂടി.
2021 ജൂൺ 29-ന്, വീട്ടുകാർ അപ്രത്യക്ഷമായി 49 ദിവസം കഴിഞ്ഞപ്പോൾ, പൊലീസിന്റെ അന്വേഷണം ആ ദുരന്തവാർത്ത എത്തിച്ചു. ഗ്രാമത്തിലെ ശക്തരായ രജപുത്ത സമുദായത്തിലെ സ്വാധീനമുള്ള ഒരംഗമായ സുരേന്ദ്ര ചൌഹാന്റെ കൃഷിയിടത്തിൽനിന്ന് അഞ്ച് മൃതദേഹങ്ങൾ പുറത്തെടുത്തു. വലതുപക്ഷ ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള ചൌഹാൻ, അതേ മണ്ഡലത്തിലെ ബി.ജെ.പി. എം.എൽ.എ അശീഷ് ശർമ്മയുടെ വളരെയടുത്ത ആളായിരുന്നു.
“ഞങ്ങളിത് ഉള്ളിന്റെയുള്ളിൽ പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും, ഈ വാർത്ത വെള്ളിടിപോലെയാണ് വന്നത്”, ഗോണ്ട് ഗോത്ര കുടുംബത്തിലെ ഭാർതി പറയുന്നു. “ഒരൊറ്റ രാത്രികൊണ്ട് കുടുംബത്തിലെ അഞ്ചുപേരെ നഷ്ടമാവുക എന്നുപറഞ്ഞാൽ അത് വിവരിക്കാനാവില്ല. എന്തെങ്കിലും ഒരത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞങ്ങളെല്ലാം”.
നേമവാറിൽ, ഒരു രാത്രിയിൽ ഒരു ഗോത്രകുടുംബത്തിന് അവരുടെ അഞ്ച് കുടുംബാംഗങ്ങലെ നഷ്ടമായി.
സുരേന്ദ്രയേയും അഞ്ച് കൂട്ടാളികളേയും കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
*****
മധ്യ പ്രദേശിൽ, ഗോണ്ട്, ഭിൽ, സഹാരിയ അടക്കമുള്ള ഗോത്രവർഗ്ഗങ്ങളുടെ സംഖ്യ 21 ശതമാനമാണ്. ഇത്ര വലിയ വിഭാഗമായിരുന്നിട്ടും, അവർ തീരെ സുരക്ഷിതരല്ല: ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി.) പ്രസിദ്ധീകരിച്ച, ക്രൈം ഇൻ ഇന്ത്യ 2021 പ്രകാരം, സംസ്ഥാനത്ത് 2019-2021 കാലഘട്ടത്തിൽ ഏറ്റവുമധികം അതിക്രമങ്ങൾക്ക് ഇരയായത് പട്ടികഗോത്രവർഗ്ഗക്കാരാണ്.
2019-ൽ എസ്.ടി.ക്കാർക്കെതിരായി 1,922 അതിക്രമങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ അത് 2,627 ആയി ഉയർന്നു. 36 ശതമാനം വർദ്ധന. ദേശീയ ശരാശരിയായ 16 ശതമാനത്തേക്കാൾ ഇരട്ടിയിലധികം.
2021-ൽ, ഇന്ത്യയിൽ അതിക്രമങ്ങൾക്കിരയായ പട്ടികഗോത്രക്കാരുടെ എണ്ണം 8,802 ആയിരുന്നു. അതിൽ 30 ശതമാനം, 2,627 എണ്ണം മധ്യ പ്രദേശിൽനിന്നായിരുന്നു. അതായത്, പ്രതിദിനം ഏഴ് സംഭവങ്ങൾ. അതിക്രൂരമായ സംഭവങ്ങൾ ദേശീയപത്രങ്ങളിൽ ഇടംപിടിക്കാറുണ്ടെങ്കിലും, നിത്യജീവിതത്തിൽ അവർ അനുഭവിക്കുന്ന ഭീഷണികളും കീഴ്പ്പെടുത്തലുകളും പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുകയാണ് പതിവ്.
മധ്യ പ്രദേശിൽ ഗോത്രസമൂഹങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ എണ്ണാൻപോലും പറ്റാത്ത വിധത്തിൽ വർദ്ധിച്ചിരിക്കുന്നുവെന്നാണ് ജാഗ്രിത് ആദിവാസി ദളിത് സംഘടന്റെ (ജെ.എ.ഡി.എസ്) നേതാവായ മാധുരി കൃഷ്ണസ്വാമി പറയുന്നത്. “ബി.ജെ.പി. നേതാക്കൾക്ക് മുൻതൂക്കമുള്ള രാഷ്ട്രീയമണ്ഡലങ്ങളിലാണ് ഏറ്റവും ഞെട്ടിക്കുന്ന ചില സംഭവങ്ങൾ നടക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം”, അവർ ചൂണ്ടിക്കാട്ടുന്നു.
ഈ വർഷം ജൂലായിൽ, സംസ്ഥാനത്തെ സിദ്ധി ജില്ലയിൽനിന്ന് പുറത്തുവന്ന ഒരു വീഡിയോ ജനശ്രദ്ധ പിടിച്ചുപറ്റി. ഒരു ഗോത്രക്കാരന്റെ ദേഹത്ത് പർവേഷ് ശുക്ല എന്നയാൾ മൂത്രമൊഴിക്കുന്ന ദൃശ്യമായിരുന്നു അത്. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ, ബി.ജെ.പി. പ്രവർത്തകനായ ശുക്ലയെ അറസ്റ്റ് ചെയ്തു.
എന്നാൽ ജനരോഷം പിടിച്ചുപറ്റുന്ന വീഡിയോയും മറ്റും ഇല്ലെങ്കിൽ, നിയമം വേഗത്തിൽ ചലിക്കാറില്ല. “ആദിവാസി സമൂഹങ്ങൾ ഇടയ്ക്കിടയ്ക്ക് കുടിയൊഴിക്കപ്പെടുകയോ, ഒരു ജില്ലയിൽനിന്ന് മറ്റൊന്നിലേക്ക് പോവുകയോ ചെയ്യുന്നു”, അവർ പറയുന്നു. “അത് അവരെ അതിക്രമങ്ങൾക്ക് എളുപ്പത്തിൽ വിധേയരാക്കുന്നു. ശക്തരും സ്വാധീനമുള്ളവരുമായ സമുദായങ്ങൾക്ക് ആദിവാസികളെ അപമാനവീകരിക്കാനും അക്രമിക്കാനും നിയമങ്ങൾ വഴിയൊരുക്കുന്നു”.
സുരേന്ദ്രയും ഭാർതിയുടെ സഹോദരി രൂപാലിയും തമ്മിലുണ്ടായിരുന്ന ബന്ധമാണ് ആ കുടുംബത്തിന്റെ കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.
കുറച്ചുകാലമായി അവരിരുവരും പരസ്പരം കാണാറുണ്ടായിരുന്നു. എന്നാൽ, മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള തീരുമാനം സുരേന്ദ്ര പ്രഖ്യാപിച്ചതോടെ ആ ബന്ധം അവസാനിച്ചു. രൂപാലിയെ അത് നെട്ടിച്ചു. “അവൾക്ക് 18 വയസ്സ് തികഞ്ഞാൽ വിവാഹം കഴിക്കാമെന്ന് അയാൾ വാക്ക് കൊടുത്തിരുന്നു. എന്നാൽ അയാൾക്ക് വേണ്ടത് ശാരീരികബന്ധം മാത്രമായിരുന്നു. അവളെ ഉപയോഗിച്ചതിനുശേഷം മറ്റൊരാളെ വിവാഹം കഴിക്കാനായിരുന്നു അയാളുടെ പദ്ധതി”, ഭാർതി പറയുന്നു.
സാമൂഹിക മാധ്യമത്തിലൂടെ സുരേന്ദ്രയുടെ തനിനിറം പുറത്ത് കൊണ്ടുവരുമെന്ന് രൂപാലി ഭീഷണിപ്പെടുത്തി. പ്രശ്നം പറഞ്ഞുതീർക്കാൻ ഒരു വൈകുന്നേരം സുരേന്ദ്ര അവളെ കൃഷിയിടത്തിലേക്ക് ക്ഷണിച്ചു. പവനും രൂപാലിയെ അനുഗമിച്ചിരുന്നുവെങ്കിലും വഴിയിൽവെച്ച് സുരേന്ദ്രയുടെ കൂട്ടുകാർ അവനെ തടഞ്ഞുനിർത്തി. കൃഷിഭൂമിയിലെ ആൾത്താമസമില്ലാത്ത ഒരു ഭാഗത്ത് സുരേന്ദ്ര ഇരുമ്പുദണ്ഡുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. രൂപാലി വന്നയുടൻ അയാൾ ദണ്ഡുകൊണ്ട് അവളുടെ തലയ്ക്കടിച്ച് അവിടെവെച്ചുതന്നെ കൊന്നു.
രൂപാലി സ്വയം കൊല്ലാൻ ശ്രമിച്ചുവെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും സുരേന്ദ്ര പവനെ അറിയിച്ചു. രൂപാലിയുടെ അമ്മയേയും സഹോദരിയേയും വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുവരാൻ അയാൾ പവനോട് ആവശ്യപ്പെട്ടു. തന്നെ കാണാൻ രൂപാലി പോന്നിട്ടുണ്ടെന്ന് അറിയാമായിരുന്ന എല്ലാവരേയും വകവരുത്താനായിരുന്നു അയാളുടെ പദ്ധതി. ഓരോരുത്തരെയായി സുരേന്ദ്ര കൊന്ന്, പാടത്ത് കുഴിച്ചുമൂടി. “ഒരു കുടുംബത്തെ ഇല്ലാതാക്കാനുള്ള കാരണമാണോ ഇത്?”, ഭാർതി ചോദിക്കുന്നു.
മൃതദേഹങ്ങൾ പുറത്തെടുത്തപ്പോൾ, രൂപാലിയുടേയും പൂജയുടേയും ശരീരങ്ങളിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. “കൊലയ്ക്ക് മുമ്പ് അവർ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നാണ് ഞങ്ങൾ സംശയിക്കുന്നത്. ഞങ്ങളുടെ ജീവിതത്തെ അത് തകർത്തുകളഞ്ഞു”, ഭാർതി പറയുന്നു.
എൻ.സി.ആർ.ബി.യുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കിൽ പറയുന്നത്, 2021-ൽ 376 ബലാത്സംഗക്കേസുകൾക്ക് മധ്യ പ്രദേശ് സാക്ഷിയായിട്ടുണ്ടെന്നാണ്. പ്രതിദിനം ഒന്നിൽക്കൂടുതൽ. അവരിൽ 154 പേർ പ്രായപൂർത്തിയാവാത്തവരായിരുന്നു
“പണ്ടും ഞങ്ങൾ പണക്കാരൊന്നുമായിരുന്നില്ല. എന്നാലും എല്ലാവർക്കും എല്ലാവരുമുണ്ടായിരുന്നു”, ഭാർതി പറയുന്നു. “ഞങ്ങളോരോരുത്തരും കഠിനമായി അദ്ധ്വാനിച്ചു”.
*****
സമൂഹത്തിൽ അധീശത്വമുള്ള സമുദായം ഗോത്രവർഗ്ഗങ്ങൾക്കെതിരേ ഇത്തരം അതിക്രമം നടത്തുന്നത് വിവിധ കാരണങ്ങൾകൊണ്ടാണ്. അവയിൽ പൊതുവായുള്ള ഒരു ഘടകം ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചുള്ളതാണ്. സംസ്ഥാനം ഭൂമി അനുവദിക്കുന്നതോടെ, ഗോത്രവർഗ്ഗങ്ങൾക്ക് ഉപജീവനത്തിനായി ജന്മിമാരെ ആശ്രയിക്കേണ്ട ആവശ്യമില്ലാതാവുന്നു. ഗ്രാമത്തിലെ പ്രബലവർഗ്ഗങ്ങളുടെ അധികാരത്തിന് ഇത് ഭീഷണിയായിത്തീരുന്നു.
2002-ൽ ദിഗ്‌വിജയ് സിംഗ് മധ്യ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോൾ, 3.5 ലക്ഷം ദളിതരെയും ആദിവാസികളെയും ശാക്തീകരിക്കാനെന്ന പേരിൽ, അവർക്ക് പട്ടയം വാഗ്ദാനം ചെയ്തിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ, അവരിൽ ചിലർക്ക് അതുസംബന്ധമായ രേഖകൾ കിട്ടുകയും ചെയ്തു. എന്നാൽ, ഭൂരിഭാഗം കേസുകളിലും, ഭൂമിയുടെ ഉടമസ്ഥത സവർണ്ണജാതി ജന്മിമാരുടെ കൈവശംതന്നെയായിരുന്നു ഉണ്ടായിരുന്നത്.
തങ്ങൾക്കർഹതപ്പെട്ട അവകാശങ്ങൾ ആവശ്യപ്പെടാൻ തുടങ്ങിയ അധസ്ഥിത സമുദായങ്ങൾക്ക് അതിനുള്ള വിലയായി സ്വന്തം ജീവൻ നൽകേണ്ടിവന്നു.
2022-ന്റെ അവസാനം, ഉദ്യോഗസ്ഥവൃന്ദം, ഗുണ ജില്ലയിലെ ധനോരിയ ഗ്രാമത്തിൽ, രാംപ്യാരി സെഹരിയക്ക് കിട്ടിയ സ്ഥലത്തിന്റെ അതിർത്തി നിർണ്ണയിക്കാനെത്തി. രാംപ്യാരി എന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം, അതൊരു സ്വപ്നസാക്ഷാത്ക്കാരദിനമായിരുന്നു. സഹാരിയ ആദിവാസി കുടുംബത്തിന്റെ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ഒരു പോരാട്ടത്തിന്റെ അവസാനം
എന്നാൽ, സമൂഹത്തിൽ അധീശത്വമുണ്ടായിരുന്ന ധാക്കഡ്, ബ്രാഹ്മിൺ സമുദായക്കാരായ രണ്ട് കുടുംബങ്ങളുടെ കൈയ്യിലായിരുന്നു ആ ഭൂമി.
2022 ജൂലായ് 2-ന് തന്റെ 3 ഏക്കർ ഭൂമി പരിശോധിക്കാൻ വേണ്ടി പോകുമ്പോൾ, അതിന്റെ ഉടമസ്ഥയായതിന്റെ സന്തോഷംകൊണ്ട് വിടർന്നിരുന്നു രാംപ്യാരിയുടെ മുഖം. എന്നാൽ കൃഷിസ്ഥലത്തെത്തിയപ്പോൾ, മുൻപ് പറഞ്ഞ ആ രണ്ട് പ്രമുഖ കുടുംബങ്ങളിൽനിന്നുള്ള രണ്ട് അംഗങ്ങൾ അവിടെ ട്രാക്ടർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാംപ്യാരി അതിൽ ഇടപെടുകയും സ്ഥലത്തുനിന്ന് മാറാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു അത് തർക്കത്തിലേക്ക് നീണ്ടു. അവർ രാംപ്യാരിയെ തല്ലിച്ചതയ്ക്കുകയും തീകൊളുത്തുകയും ചെയ്തു.
“സംഭവം കേട്ട് അവരുടെ ഭർത്താവ് അർജുൻ കൃഷിസ്ഥലത്തേക്ക് ഓടിച്ചെന്നപ്പോൾ, ഭാര്യയെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി”, അർജുനന്റെ അമ്മാവനായ 70 ജംനാലാൽ പറയുന്നു. “ഞങ്ങളെ അവളെ ഉടൻ, ഗുണയിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ സ്ഥിതി ഗുരുതരമായതിനാൽ അവർ അവളെ ഭോപ്പാലിലേക്ക് റഫർ ചെയ്തു”.
ആറുദിവസത്തിനുശേഷം, രാംപ്യാരി മരണത്തിന് കീഴടങ്ങി. 40 വയസ്സേ ഉണ്ടായിരുന്നുള്ളു. ഭർത്താവും, വിവാഹം കഴിഞ്ഞ നാല് മക്കളും മാത്രം ബാക്കിയായി.
സഹാരിയ ഗോത്രക്കാരായ കുടുംബം, തൊഴിലെടുത്താണ് ഉപജീവനം നയിച്ചിരുന്നത്. “ഞങ്ങൾക്ക് മറ്റ് വരുമാനമാർഗ്ഗങ്ങളൊന്നുമില്ല”, ധനോരിയയിലെ കൃഷിസ്ഥലത്ത്, സോയാബീനുകൾ മുറിക്കുകയായിരുന്ന ജംനാലാൽ പറയുന്നു. ‘ഒടുവിൽ സ്ഥലം കൈവശം വന്നപ്പോൾ, ഒന്നുമില്ലെങ്കിൽ സ്വന്തമാവശ്യത്തിനുള്ള ഭക്ഷണം കൃഷി ചെയ്യാമല്ലോ എന്ന് ഞങ്ങൾ കരുതി”.
ആ സംഭവത്തിനുശേഷം രാംപ്യാരിയുടെ കുടുംബം ജീവനും കൈയ്യിൽപ്പിടിച്ച്, ഗ്രാമം വിട്ടുപോയി. ഗ്രാമത്തിൽത്തന്നെ താമസിക്കുന്ന ജംനാലാൽ, അവർ എവിടെയാണ് താമസിക്കുന്നതെന്ന കാര്യം വെളിപ്പെടുത്തിയില്ല. “ഞങ്ങളെല്ലാവരും ഈ ഗ്രാമത്തിൽ ജനിച്ചുവളർന്നവരാണ്. എന്നാൽ ഇവിടെക്കിടന്ന് മരിക്കാൻ ഞാൻ മാത്രമേ ഉണ്ടാവുള്ളു. അർജുനും അവന്റെ അച്ഛനും ഇനി ഇങ്ങോട്ട് തിരിച്ചുവരുമെന്ന് തോന്നുന്നില്ല”, അദ്ദേഹം പറയുന്നു.
രാംപ്യാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയത്തിലിടപെടാനും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും പൊലീസ് ജാഗ്രത കാണിച്ചു.
*****
ആളുകൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ, നീതി കിട്ടാനായി ഇരകൾ സംസ്ഥാനത്തിനെ സമീപിക്കുകയാണ് പതിവ്. എന്നാൽ ചായിൻ സിംഗിന്റെ കാര്യത്തിലാകട്ടെ, അയാളെ കൊന്നത് സംസ്ഥാനത്തിന്റെതന്നെ സംവിധാനമായിരുന്നു.
2022 ഓഗസ്റ്റിൽ, ചായിൻ സിംഗും, സഹോദരൻ മഹേന്ദ്ര
സിംഗും മധ്യ പ്രദേശിലെ വിദിഷ ജില്ലയിലെ അവരുടെ ഗ്രാമമായ റായ്പുരയിലെ കാട്ടിൽനിന്ന്
ബൈക്കിൽ തിരിച്ചുവരികയായിരുന്നു. ‘വീട്ടിലെ പണിക്ക് കുറച്ച് വിറക് വേണമായിരുന്നു”, 20 വയസ്സുള്ള
മഹേന്ദ്ര പറയുന്നു.
“ഏട്ടനാണ് ബൈക്ക് ഓടിച്ചിരുന്നത്. ശേഖരിച്ച വിറകുകൽ
കൈയ്യിലേന്തി ഞാൻ പിന്നിലും”.
വിദിഷയിലെ കൊടുംവനത്തോട് ചേർന്നാണ് റായ്പുര സ്ഥിതി ചെയ്യുന്നത്. അസ്തമയത്തിനുശേഷം കൂരാകൂരിരുട്ടായിരിക്കും. വഴിവിളക്കുകളൊന്നുമില്ല. നിരപ്പല്ലാത്ത സ്ഥലത്തുകൂടി വരാൻ ബൈക്കിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു.
വനപ്രദേശത്തെ കയറ്റിറക്കങ്ങൾ ശ്രദ്ധയോടെ കടന്ന്, ചായിൻ സിംഗും, മഹേന്ദ്രയും പ്രധാനപാതയിലെത്തിയപ്പോൾ, രണ്ട് ജീപ്പ് നിറയെ വനപാലകർ വഴിയരികിൽ നിൽക്കുന്നത് കണ്ടു. ഭിൽ ഗോത്രക്കാരായിരുന്നു ഈ സഹോദരന്മാർ. ബൈക്കിന്റെ വെളിച്ചം നേരിട്ട് ജീപ്പുകളിലടിച്ചു.
“എന്റെ സഹോദരൻ പെട്ടെന്നുതന്നെ ബൈക്ക് നിർത്തി. എന്നാൽ ഞങ്ങളുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെ ഒരു വനപാലകൻ ഞങ്ങൾക്കുനേരെ വെടിയുതിർത്തു. വിറക് കൊണ്ടുവരിക മാത്രമായിരുന്നു ഞങ്ങൾ ചെയ്തിരുന്നത്”.
30 വയസ്സുള്ള ചായിൻ സിംഗ് സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. ബൈക്കിന്റെ നിയന്തണം തെറ്റി അയാൾ വീണു. മഹേന്ദ്രയ്ക്കും വെടിയേറ്റു. കൈയ്യിൽ ഏറ്റിയിരുന്ന വിറക് നിലത്ത് ചിതറി. ബൈക്കിനോടൊപ്പം വീണ അയാളുടെ ബോധം മറിഞ്ഞു. “ഞാനും മരിക്കാൻ പോവുകയാണെന്നാണ് എനിക്ക് തോന്നിയത്. സ്വർഗ്ഗത്തിലൂടെ ഒഴുകിനടക്കുന്നതുപോലെ തോന്നി”, മഹേന്ദ്ര പറയുന്നു. പിന്നീട് ബോധം വന്നപ്പോൾ അയാൾ ആശുപത്രിയിലായിരുന്നു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് വിദിഷയിലെ ജില്ലാ വനം ഉദ്യോഗസ്ഥൻ ഓംകാർ മസ്കൊലെ പറയുന്നു. “കുറ്റാരോപിതനെ സസ്പെൻഡ് ചെയ്തുവെങ്കിലും അയാൾ തിരികെ ജോലിക്ക് കയറിയിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു. “ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് വന്നാൽ ഞങ്ങൾ ഉചിതമായ നടപടിയെടുക്കും”.
തന്റെ സഹോദരനെ വെടിവെച്ച് കൊന്ന വനപാലകനെതിരേ കുറ്റം ചുമത്തപ്പെടുമോ എന്നതിനെക്കുറിച്ച് മഹേന്ദ്രയ്ക്ക് സംശയമുണ്ട്. “അയാൾ ചെയ്തതിന് എന്തെങ്കിലും ശിക്ഷ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, അയാൾ പറഞ്ഞു. “അല്ലെങ്കിൽ, എന്ത് സന്ദേശമാണ് അത് നിങ്ങൾക്ക് നൽകുന്നത്? ഒരു ഗോത്രവർഗ്ഗക്കാരനെ കൊല്ലുന്നതിൽ കുഴപ്പമില്ലെന്നോ? അത്ര നിസ്സാരമാണോ ഞങ്ങളുടെ ജീവിതം?”
ചായിൻ സിംഗിന്റെ കുടുംബത്തെ ഈ സംഭവം വഴിയാധാരമാക്കി. കുടുംബത്തിൽ ജോലി ചെയ്യുന്നവർ ഈ രണ്ട് സഹോദരന്മാർ മാത്രമായിരുന്നു. അതിൽ ഒരാളാണ് ഇല്ലാതായത്. മഹേന്ദ്രയാകട്ടെ, സംഭവം കഴിഞ്ഞ് ഒരുവർഷമായിട്ടും മുടന്തിയാണ് നടക്കുന്നത് “എന്റെ സഹോദരൻ പോയി. ഈ പരിക്കുംകൊണ്ട് എനിക്ക് പഴയതുപോലെ ജോലി ചെയ്യാനാവില്ല. ഏട്ടന്റെ ചെറിയ നാല് കുട്ടികളെ ഇനി ആര് നോക്കും? ഞങ്ങൾക്ക് ഒരേക്കർ കൃഷിഭൂമിയുണ്ട്. അവിടെ സ്വന്തമാവശ്യത്തിനുള്ള കടല കൃഷി ചെയ്യുന്നു. എന്നാൽ ഒരുവർഷമായി കാശായി ഒന്നും വരുന്നില്ല”.
*****
അന്നത്തെ ആ സംഭവത്തിനുശേഷം ഭാർതിക്കും സ്വന്തമായൊന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല.
കുടുംബാംഗങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ടതോടെ അച്ഛൻ മോഹൻലാലിന്റെയും മൂത്ത സഹോദരൻ സന്തോഷിന്റെയും കൂടെ അവൾ നേമവാർ ഗ്രാമത്തിൽനിന്ന് പോയി. “അവിടെ ഞങ്ങൾക്ക് കൃഷിഭൂമിയൊന്നും ഉണ്ടായിരുന്നില്ല. കുടുംബം മാത്രമാണ് ഞങ്ങൾക്ക് ആകെയുണ്ടായിരുന്നത്. കുടുംബം കൂടെയില്ലാതെ അവിടെ നിൽക്കുന്നതിൽ കാര്യമില്ലെന്ന് ഞങ്ങൾക്ക് തോന്നി. അവിടെ നിന്നാൽ ഓർമ്മകളിൽനിന്ന് രക്ഷ കിട്ടില്ല. ഒട്ടും സുരക്ഷിതത്വവും തോന്നിയില്ല അവിടെ” ഭാർതി പറഞ്ഞു.
അതിൽപ്പിന്നെ ഭാർതി, മോഹൻലാലിൽനിന്നും സന്തോഷിൽനിന്നും അകന്നാണ് ജീവിക്കുന്നത്. “ഇൻഡോറിലുള്ള എന്റെ ബന്ധുക്കളുടെ കൂടെയാണ് ഞാൻ കഴിയുന്നത്. അവർ പിതംപുരിലും”, അവർ പറഞ്ഞു. “എല്ലാം മറന്ന്, ജീവിതം ആദ്യംതൊട്ട് തുടങ്ങാമെന്നാണ് അച്ഛനും ഏട്ടനും പറഞ്ഞത്. ഒരുപക്ഷേ അവർക്ക് പേടിയായിരിക്കാം എന്നാൽ എന്റെ കുടുബത്തിനെ ഇല്ലാതാക്കിയവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണ് എന്റെ ആഗ്രഹം. അത് അവസാനിപ്പിക്കാതെ എങ്ങിനെയാണ് ഞാൻ വീണ്ടും ആദ്യം മുതൽ എല്ലാം തുടങ്ങുക?”.
രൂപാലിക്ക് ഡോക്ടറാവാനായിരുന്നു ആഗ്രഹം. പവന് സൈന്യത്തിൽ ചേരാനും. തന്റെ താഴെയുള്ളവരുടെ ഭക്ഷണത്തിനായി തെരുവിൽ ഭിക്ഷയെടുക്കുകപോലും ചെയ്തിട്ടുള്ള ഭാർതിക്ക് നീതിയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഇപ്പോൾ ചിന്തിക്കാനാവുന്നില്ല.
2022 ജനുവരിയിൽ അവൾ നേമവാറിൽനിന്ന് ഭോപ്പാൽവരെ കാൽനടയായി ഒരു ‘ന്യായ യാത്ര’ നടത്തി. ഒരാഴ്ച നീണ്ടുനിന്ന 150 കിലോമീറ്റർ യാത്രയെ പിന്തുണച്ചത് പ്രതിപക്ഷത്തുള്ള കോൺഗ്രസ്സ് പാർട്ടിയാണ്. മോഹൻലാലും സന്തോഷും അതിൽ പങ്കെടുത്തില്ല. “അവർ ഇപ്പോൾ എന്നോട് അധികമൊന്നും സംസാരിക്കാറില്ല. എനിക്ക് എങ്ങിനെയുണ്ടെന്നുപോലും അവർ ചോദിക്കാറില്ല”, ഭാർതി സങ്കടപ്പെടുന്നു.
ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരമായി മധ്യ പ്രദേശ് സർക്കാർ 41 ലക്ഷം രൂപ കുടുംബത്തിന് നൽകി. ആ സംഖ്യ, ഭാർതിയും, മോഹൻലാലും, സന്തോഷും, അമ്മാവന്റെ കുടുംബവും പങ്കിട്ടു. ഇപ്പോൾ അതുപയോഗിച്ചാണ് ഭാർതി കഴിയുന്നത്. കുടുംബത്തെ നോക്കാൻവേണ്ടി പാതിവഴിയിൽ ഉപേക്ഷിച്ച തന്റെ സ്കൂളിലേക്ക് തിരിച്ചുപോയി പഠനം പൂർത്തിയാക്കാനാണ് അവർ ഇപ്പോൾ ആഗ്രഹിക്കുന്നത്. ഈ കേസിൽ തീർപ്പ് വന്നതിനുശേഷം മാത്രം.
രാഷ്ട്രീയസ്വാധീനമുപയോഗിച്ച് സുരേന്ദ്രയുടെ കേസ് ഇല്ലാതാക്കപ്പെടുമെന്ന് ഭാർതിക്ക് ഭയമുണ്ട്. അതൊരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ സാമ്പത്തികമായി താങ്ങാവുന്ന നിരക്കിലുള്ള, എന്നാൽ മിടുക്കരായ അഭിഭാഷകരെ അവർ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അവരുടെ ജീവിതത്തിലെ എല്ലാം മാറിമറിഞ്ഞു. ഒന്നൊഴിച്ച്, ഇപ്പോഴും തന്റെ കുടുംബത്തെക്കുറിച്ച് മാത്രമാണ് അവരുടെ ചിന്ത.
പരിഭാഷ: രാജീവ് ചേലനാട്ട്