സഹരിയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഗുട്ടി സമന്യയെ മധ്യ പ്രദേശ് വനംവകുപ്പ് ‘ചീറ്റ മിത്ര’യായി (ചീറ്റയുടെ ചങ്ങാതി) തിരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തോട്, “കടുവകളെ കണ്ടാൽ ഫോറസ്റ്റ് റേഞ്ചറേ അറിയിക്കണം”, എന്ന് പറഞ്ഞിരുന്നു.
മതിയായ ശമ്പളം കിട്ടിയിരുന്നില്ലെങ്കിലും ഇതൊരു ഗൗരവമേറിയ ജോലിയായി അദ്ദേഹത്തിന് തോന്നി. എല്ലാത്തിനുമുപരി, ആഫ്രിക്കൻ ചീറ്റപുലികൾ 8,000 കി.മി അകലെനിന്നും കുനോ ദേശീയോദ്യാനത്തിലേക്ക് കാടും മേടും കടന്ന് ചരക്കുകപ്പലിലും സൈനിക വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും വരികയായിരുന്നു. അവരുടെ യാത്രാച്ചിലവിനായി പുറത്ത് വെളിപ്പെടുത്താത്തത്ര തുക ഇന്ത്യൻ ഭരണകൂടം വിദേശനാണ്യമായി ചെലവഴിക്കുകയും താമസത്തിനും സംരക്ഷണത്തിനുമായി ഖജനാവ് കാലിയാക്കുകയും ചെയ്തു.
ചീറ്റ ‘മിത്രകൾ’ക്ക് അവയെ വേട്ടക്കാരിൽനിന്നും അവ വഴിതെറ്റി വീടുകളിലെത്തിയാൽ കുപിതരാവാൻ ഇടയുള്ള നാട്ടുകാരിൽനിന്നും സംരക്ഷിക്കുകയും വേണം. അങ്ങനെ കുനോ-പാൽപൂർ ദേശീയോദ്യാനത്തിന്റെ (കെഎൻപി) അതിർത്തിയിലുള്ള ചെറിയ കുഗ്രാമങ്ങളിലും ഗ്രാമങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഏതാണ്ട് 400-500 ഓളം വരുന്ന, വനവാസികളും കർഷകരും കൂലിപ്പണിക്കാരും അടങ്ങുന്ന മിത്രകൾ രാഷ്ട്രസേവനത്തിനായി തയ്യാറെടുത്തു.
എന്നാൽ ചീറ്റകൾ നാട്ടിൽ കാലുകുത്തിയതുമുതൽ കൂടുതൽ സമയവും ചിലവഴിക്കുന്നത് കൂടുകളിലാണ്. മാത്രമല്ല, കുനോയിലെ വനങ്ങളിൽ വേലികൾ പൊന്തിക്കഴിഞ്ഞു, ചീറ്റകൾ പുറത്തു പോകുന്നില്ലെന്നും അതോടൊപ്പം പുറത്തുനിന്നാരും അകത്തു പ്രവേശിക്കുന്നില്ലെന്നും ഉറപ്പ് വരുത്താനാണ് അത്. “ഞങ്ങൾക്ക് അകത്തേക്ക് പ്രവേശനം ഇല്ല. സെസിയാപുരിലും ബാഗ്ച്ചയിലും പുത്തൻ ഗേറ്റുകളുണ്ട്,” ‘ചീറ്റ മിത’യാവാൻ പേരുനൽകിയവരിൽ ഒരാളായ ശ്രീനിവാസ് ആദിവാസി പറയുന്നു.




















