ഡൽഹി ഞങ്ങളുടേതാണ്!
കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി നിലകൊള്ളുന്നവരാരോ,
രാജ്യം ഭരിക്കുക അവർ മാത്രം!
2024 മാർച്ച് 14 വ്യാഴാഴ്ച, രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിലെ രാംലീല മൈതാനത്തിൽ ഒത്തുകൂടിയ ആയിരക്കണക്കിന വരുന്ന കർഷകരുടെ മുദ്രാവാക്യമായിരുന്നു ഇത്.
"മുന്ന് കൊല്ലം മുൻപ് നടന്ന, ഒരുവർഷം നീണ്ടുനിന്ന (2020-21) കർഷകപ്രക്ഷോഭത്തിൻ്റെ സമയത്ത് ഞങ്ങൾ ടിക്രിയയുടെ അതിർത്തിയിൽ വന്നിരുന്നു." പഞ്ചാബിലെ സങ്കുർ ഗ്രാമത്തിൽനിന്നുള്ള ഒരു കൂട്ടം സ്ത്രീ കർഷകർ രാംലീല മൈതാനത്തിൽവെച്ച് പാരിയോട് പറഞ്ഞു. "ആവിശ്യമെങ്കിൽ ഇനിയും വരാൻ ഞങ്ങൾ തയ്യാറാണ്." മൈതാനത്തിനടുത്തുള്ള റോഡുകളിൽ
പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള കർഷകരേയുംകൊണ്ട് വന്ന ബസ്സുകൾ മൈതാനത്തിനടുത്തുള്ള റോഡുകളിൽ നിരനിരയായി കിടന്നിരുന്നു. ചരിത്രപ്രാധാന്യമുള്ള ആ മൈതാനത്തിൻ്റെ നടപ്പാതകളിൽ രാവിലെ 9 മണിയോടെ, സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ചെറുസംഘങ്ങൾ വിറകും ഇഷ്ടികയും കൊണ്ടുള്ള അടുപ്പുകൾ കത്തിച്ച്, റൊട്ടി ചുടുന്നുണ്ടായിരുന്നു. അവരുടെ പ്രഭാതഭക്ഷണം.
ഊർജ്ജവും ഉന്മേഷവും നിറഞ്ഞൊഴുകുന്ന ഈ പ്രഭാതത്തിൽ ഈ മൈതാനം അവരുടെ ഗ്രാമമായി മാറിയിരുന്നു - സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന കർഷകരുടെ കൂട്ടം കൊടികളുമേന്തി രാംലീല മൈതാനിനുള്ളിലേക്ക് പ്രവേശിച്ചു. അവിടമെല്ലാം 'കിസാൻ മസ്‌ദൂർ സിന്ദാബാദ് [കർഷക തൊഴിലാളി ഐക്യം നീണാൾ വാഴട്ടെ]!' എന്ന മുദ്രാവാക്യം പ്രതിധ്വാനിച്ചു. രാവിലെ 10:30 ഓടെ നിലത്തു വിരിച്ച പച്ചനിറത്തിലുള്ള പോളിത്തീൻ ഷീറ്റുകളിൽ അവർ അച്ചടക്കത്തോടെ ഇരുന്നു. കിസാൻ മസ്_ദൂർ മഹാപഞ്ചായത്ത് (കർഷകരുടെയും തൊഴിലാളികളുടെയും മെഗാ വില്ലേജ് അസംബ്ലി) ആരംഭിക്കുന്നതും കാത്ത്, കർഷകരും കർഷകത്തൊഴിലാളികളും നിലത്ത് കുത്തിയിരുന്നു.
രാംലീല മൈതാനത്തിലേക്കുള്ള ഗേറ്റുകൾ രാവിലെ മാത്രമാണ് തുറന്നത്, ഗ്രൗണ്ടിൽ വെള്ളക്കെട്ടുള്ളതുകൊണ്ടാണ് ഇത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ, യോഗം തടസ്സപെടുത്താനായി ബോധപൂർവം മൈതാനത്തിനുള്ളിൽ വെള്ളകെട്ടുണ്ടാക്കാനുള്ള ശ്രമമുണ്ടായതായി കർഷക നേതാക്കൾ ആരോപിക്കുന്നു. സമ്മേളനം 5,000 പേരിൽ പരിമിതപ്പെടുത്താനായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവുകൾ സ്വീകരിക്കുന്ന ഡൽഹി പോലീസ് നിർദ്ദേശിച്ചിരുന്നത്. പക്ഷേ, അതിൻ്റെ പത്തിരട്ടിയോളം നിശ്ചയദാർഢ്യമുള്ള കർഷകർ ഗ്രൗണ്ടിലുണ്ടായിരുന്നു. കാര്യമായ മാധ്യമ സാന്നിധ്യവും ഉണ്ടായിരുന്നു.
ഫെബ്രുവരി 21-ന് പട്യാലയിലെ ദാബി ഗുജ്‌റാനിൽ പ്രതിഷേധിച്ചുകൊണ്ടിരുന്ന കർഷകർക്കുനേരെ പോലീസ് കണ്ണീർ വതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചപ്പോൾ തലയ്ക്ക് മാരകമായി പരിക്കേറ്റ് മരിച്ച ബതിന്ദാ ജില്ലയിലെ ബല്ലോഹ് ഗ്രാമത്തിലെ കർഷകൻ ശുഭ്‌കരൻ സിങ്ങിൻ്റെ സ്മരണയ്ക്കായി ഒരു നിമിഷത്തെ മൗനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
മഹാപഞ്ചായത്തിലെ ആദ്യ പ്രാസംഗികനായ ഡോ. സുനിലം, സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) കർഷക യൂണിയൻ്റെ സങ്കൽപ് പത്ര അല്ലെങ്കിൽ ലെറ്റർ ഓഫ് റിസോൾവ് വായിച്ചു. വേദിയിൽ എസ്.കെ.എമ്മിൻ്റേയും അനുബന്ധ സംഘടനകളുടെയും 25-ലധികം നേതാക്കളുണ്ടായിരുന്നു; അവിടെയുള്ള മൂന്ന് വനിതാ നേതാക്കൾക്കിടയിൽ മേധാ പട്_കറും ഉണ്ടായിരുന്നു. എം.എസ്.പി.ക്ക് നിയമപരമായ ഗ്യാരണ്ടിയുടെ ആവശ്യകതയെക്കുറിച്ചും മറ്റ് ആവശ്യങ്ങളെക്കുറിച്ചും ഓരോരുത്തരും 5 മുതൽ 10 മിനിറ്റ് വരെ സംസാരിച്ചു.
2024 ഫെബ്രുവരിയിൽ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൂരി അതിർത്തിയിൽ പ്രതിഷേധിച്ച കർഷകർക്കുനേരെ കണ്ണീർവാതക ഷെല്ലുകളും ലാത്തിച്ചാർജും പ്രയോഗിച്ച സർക്കാരിൻ്റെ അടിച്ചമർത്തൽ നടപടികളിൽ കർഷകർ രോഷാകുലരാണ്. വായിക്കുക: ‘ശംഭു അതിർത്തിയിൽ ഞാൻ തടവിലായതായി തോന്നുന്നു’
കർഷകർ തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടസ്സപ്പെടുത്തുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ തടസ്സങ്ങൾക്കും നിയന്ത്രണങ്ങൾക്കുമുള്ള മറുപടിയായി, ഒരാൾ തീക്ഷ്ണമായ ഒരു ആഹ്വാനം നൽകി: “ദില്ലി ഹമാരി ഹേ,. ദേശ് പർ വോഹി രാജ് കരേഗാ, ജോ കിസാൻ മസ്ദൂർ കി ബാത് കരേഗാ! [ഡൽഹി ഞങ്ങളുടേതാണ്! കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി നിലകൊള്ളുന്നവരാരോ, രാജ്യം ഭരിക്കുക അവർ മാത്രം!].
‘കോർപ്പറേറ്റ്, വർഗീയ, സ്വേച്ഛാധിപത്യ' ഭരണത്തിന് നിലവിലെ സർക്കാരിനെ ശിക്ഷിക്കണമെന്ന് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള കർഷകത്തൊഴിലാളി യൂണിയനുകളുടെ നേതാക്കൾ ആവശ്യപ്പെട്ടു.
"2021 ജനുവരി 22ന് ശേഷം സർക്കാർ കർഷക സംഘടനകളുമായി സംസാരിച്ചിട്ടില്ല. ചർച്ചകളൊന്നും നടത്താതെ എങ്ങിനെയാണ് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുക?” രാകേഷ് ടികായിത് തൻ്റെ പ്രസംഗത്തിൽ ചോദിച്ചു. ഭാരതീയ കിസാൻ യൂണിയൻ്റെ (ബികെയു) ദേശീയ വക്താവും എസ്‌കെഎമ്മിലെ നേതാവുമാണ് ടികായത്ത്.
“2020-21 ലെ കർഷക സമരത്തിനൊടുവിൽ, C2 + 50 ശതമാനത്തിൽ എം.എസ്.പി. [കുറഞ്ഞ താങ്ങുവില] നൽകാൻ നിയമപരമായ ഗ്യാരണ്ടി ഉണ്ടാകുമെന്ന് നരേന്ദ്ര മോദി സർക്കാർ വാഗ്_ദാനം നൽകിയിരുന്നു. അത് നടപ്പാക്കിയിട്ടില്ല. വായ്പ എഴുതിത്തള്ളുമെന്ന് അവർ ഉറപ്പ് നൽകിയിരുന്നു, അതും ഇതുവരെ ചെയ്തിട്ടില്ല,” ഓൾ ഇന്ത്യ കിസാൻ മഹാസഭ (എഐകെഎസ്) ജനറൽ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ പറഞ്ഞു. കർഷക പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള പാരിയുടെ മുഴുവൻ കവറേജും വായിക്കുക.
ഒരു വർഷം നീണ്ട കർഷകസമരത്തിനിടെ മരിച്ച 736-ലധികം കർഷകരെക്കുറിച്ചും , അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്നും അവർക്കെതിരായ എല്ലാ കേസുകളും ഒഴിവാക്കാമെന്നുമുള്ള സർക്കാർ വാഗ്_ദാനങ്ങൾ പാലിക്കാത്തതിനെക്കുറിച്ചും കൃഷ്ണൻ സംസാരിച്ചു. “വൈദ്യുത നിയമ ഭേദഗതികൾ പിൻവലിക്കേണ്ടതായിരുന്നു, അത് നടപ്പാക്കിയിട്ടില്ല,” അദ്ദേഹം മഹാപഞ്ചായത്തിൽ പാരിയോട് പറഞ്ഞു.
ഉത്തർ പ്രദേശിലെ ലഖിംപുർ ഖേരിയിൽ അഞ്ച് കർഷകരേയും ഒരു പത്രപ്രവർത്തകനേയും വണ്ടിയിടിച്ച് കൊന്ന അശീഷ് മിശ്രയുടെ അച്ഛൻ അജയ് മിശ്ര ഇപ്പോഴും സർക്കാർ മന്ത്രിയായി തുടരുന്നതിലുള്ള എസ്.കെ.എമ്മിൻ്റെ എതിർപ്പും കൃഷ്ണൻ സൂചിപ്പിച്ചു.
“അടുത്ത പൊതുതിരഞ്ഞെടുപ്പിനുശേഷം ആരുതന്നെ ഭരണത്തിൽ വന്നാലും, കർഷകരുടേയും തൊഴിലാളികളുടേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ രാജ്യവ്യാപകമായി വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുമെന്ന് തിക്കായത്ത് ഓർമ്മിപ്പിച്ചു.
തൻ്റെ ചെറുപ്രസംഗത്തിനൊടുവിൽ മഹാപഞ്ചായത്തിൻ്റെ പ്രമേയങ്ങൾ പാസാക്കാൻ എല്ലാവരും കൈകൾ ഉയർത്തണമെന്ന് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ അവിടെ തടിച്ചുകൂടിയ ആയിരക്കണക്കിന് കർഷകരും തൊഴിലാളികളും കൊടികളോടൊപ്പം കൈകളുയർത്തി. ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയിൽ, തിളങ്ങുന്ന സൂര്യൻ്റെ കീഴിൽ ചുവപ്പും, മഞ്ഞയും, പച്ചയും, വെള്ളയും, നീലയും നിറങ്ങളിലുള്ളതലപ്പാവുകളുടേയും സ്കാർഫുകളുടേയും, തൊപ്പികളുടേയും അലകടൽ കാണാമായിരുന്നു.
പരിഭാഷ: അനുഗ്രഹ നായർ