കൃഷ്ണാജി ഭരിത് സെന്ററിൽ ഒരാൾപോലും വെറുതെയിരിക്കുന്നില്ല.

നിത്യേന ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മണിക്കൂറുകൾ മുൻപും പ്രധാന ദീർഘദൂര തീവണ്ടികൾ ജൽഗാവ് സ്റ്റേഷനിൽ നിർത്തുന്ന നേരത്തിന് മുൻപുമായി, ഈ ഭക്ഷണശാലയിൽവെച്ച് ഏകദേശം 300 കിലോഗ്രാം വഴുതനങ്ങ ഭരിത് പാകം ചെയ്ത്, കടയിലെത്തുന്നവർക്ക് വിളമ്പുകയോ ഓർഡർ ചെയ്യുന്നവർക്ക് പാക്ക് ചെയ്ത് അയക്കുകയോ ചെയ്യുന്നു. ജൽഗാവ് നഗരത്തിലെ പഴയ ബി.ജെ മാർക്കറ്റ് പ്രദേശത്തുള്ള ഈ ചെറിയ കടയിൽ എത്തുന്നവരിൽ വ്യവസായികൾ മുതൽ സാധാരണ തൊഴിലാളികൾവരെയും പാർലമെന്റ് സീറ്റ് മോഹിച്ചു നടക്കുന്നവർമുതൽ തളർന്നവശരായ പാർട്ടി പ്രവർത്തകർവരെയുമുണ്ട്.

ഉഷ്ണമേറിയ ഒരു ആഴ്ചദിവസം അത്താഴത്തിന് തൊട്ടുമുൻപുള്ള സമയം. കൃഷ്ണാജി ഭരിത് സെന്ററിന്റെ അകത്തളത്തിൽ, വഴുതനങ്ങ വൃത്തിയാക്കി, അരിഞ്ഞ്, തോല് കളഞ്ഞ്, വറുക്കുകയും പൊരിക്കുകയും ഇളക്കുകയും ചെയ്യുന്നതിന്റെയും ആവശ്യക്കാർക്ക് വിളമ്പുകയോ പാക്ക് ചെയ്ത് നൽകുകയോ ചെയ്യുന്നതിന്റെയും തിരക്കിലാണ് ജീവനക്കാർ. ഭക്ഷണശാലയ്ക്ക് പുറത്ത്, മൂന്ന് സ്റ്റീൽ കൈവരികൾക്കിടയിലായി ആളുകൾ തങ്ങളുടെ ഇഷ്ടവിഭവം വാങ്ങാൻ വരി നിൽക്കുന്നുണ്ട്; പണ്ടുകാലത്ത് ഒരേയൊരു സ്ക്രീൻ മാത്രമുണ്ടായിരുന്ന സിനിമാ തീയേറ്ററുകളിൽ ബ്ലോക് ഓഫീസിന് പുറത്ത് ആളുകളെ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന കൈവരികളെ അനുസ്മരിപ്പിക്കുന്ന ഒരു സംവിധാനമാണിത്.

14 സ്ത്രീകളാണ് ഇവിടത്തെ പ്രധാന കഥാപാത്രങ്ങൾ..

PHOTO • Courtesy: District Information Officer, Jalgaon

2024 ഏപ്രിലിലെ അവസാന ആഴ്ചയിൽ, ജൽഗാവ് ജില്ലാ കലക്ടറായ ആയുഷ് പ്രസാദ്, തിരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിടുന്ന ഒരു വീഡിയോ കൃഷ്ണാജി ഭരിത്തിൽവെച്ച് ചിത്രീകരിക്കുകയുണ്ടായി. ജില്ലാ ഇൻഫോർമേഷൻ ഓഫീസർ നൽകുന്ന വിവരമനുസരിച്ച്, ആ വീഡിയോ ലക്ഷണക്കണക്കിന് തവണ ഡൗൺലോഡ് ചെയ്യപ്പെടുകയും അനവധി ആളുകൾ അത് കാണുകയും ചെയ്തിട്ടുണ്ട്

എല്ലാ ദിവസവും, മൂന്ന് ക്വിന്റൽ വഴുതനങ്ങ പാകം ചെയ്ത്, രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ  ബെംഗൻ കാ ഭർത്ത എന്ന പേരിൽ അറിയപ്പെടുന്ന, വഴുതനങ്ങ ഭരിത് തയ്യാറാക്കുന്ന ബൃഹത്തായ പ്രക്രിയ നടക്കുന്നത് ഈ സ്ത്രീകളുടെ  നേതൃത്വത്തിലാണ്; ഈയിടെ, ജൽഗാവ് ഭരണകൂടം ജനങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം വളർത്താൻ ലക്‌ഷ്യമിടുന്ന ഒരു വീഡിയോ തിരക്കേറിയ ഈ ഭക്ഷണശാലയിൽവെച്ച് ചിത്രീകരിച്ചതിന് ശേഷം, ഇവരെ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

മെയ് 13-നു ജൽഗാവ് ലോക്‌സഭാ മണ്ഡലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാരുടെ പങ്കാളിത്തം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയ ഈ വീഡിയോയിൽ, കൃഷ്ണാജി  ഭരിത്തിലെ സ്ത്രീകൾ  സ്വന്തം അവകാശങ്ങളെക്കുറിച്ച് തങ്ങൾക്ക് നേരത്തെ അറിയാമായിരുന്ന കാര്യങ്ങളും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നത് സംബന്ധിച്ച് അന്നേദിവസം മനസ്സിലാക്കിയ കാര്യങ്ങളും ചർച്ച ചെയ്യുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

"കൈവിരലിൽ മഷിയടയാളം പതിപ്പിച്ച് നമ്മൾ വോട്ടിങ് യന്ത്രത്തിന് മുന്നിൽ നിൽക്കുന്ന ആ ഒരു നിമിഷം, നാം പൂർണ്ണ സ്വതന്ത്രരാണെന്ന് ജില്ലാ കലക്ടർ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഞാൻ മനസ്സിലാക്കി," മീരാഭായി നാരൾ കോണ്ടേ പറയുന്നു' അവരുടെ കുടുംബം ഒരു ചെറിയ ബാർബർ ഷോപ്പ് നടത്തുകയാണ്. ഭക്ഷണശാലയിലെ ജോലിയിൽനിന്ന് മീരാഭായിക്ക് കിട്ടുന്ന ശമ്പളം അവരുടെ കുടുംബവരുമാനത്തിന് ഒരു വലിയ മുതൽക്കൂട്ടാണ്. "വോട്ടിങ് യന്ത്രത്തിന് മുന്നിൽ നിൽക്കുമ്പോൾ, നമ്മുടെ ഭർത്താവിനോടോ രക്ഷിതാവിനോടോ മേലധികാരിയോടോ നേതാവിനോടോ ചോദിക്കാതെ നമുക്ക് ഒരു തിരഞ്ഞെടുപ്പ് നടത്താനാകും."

ഒക്ടോബർമുതൽ ഫെബ്രുവരിവരെയുള്ള ശൈത്യകാല മാസങ്ങൾ ഉൾപ്പെടുന്ന പ്രധാന സീസണിൽ, പ്രാദേശിക വിപണികളിൽ നല്ലയിനം വഴുതനങ്ങ കുന്നുകൂടുമ്പോൾ, കൃഷ്ണാജി ഭരിത്തിലെ അടുക്കളയിൽനിന്നുള്ള ഉത്പാദനം 500 കിലോവരെ കുതിച്ചുയരാറുണ്ട്. പുതുതായി പൊടിച്ച്, വറുത്തെടുത്ത മുളക്, മല്ലി, വറുത്ത നിലക്കടല, വെളുത്തുള്ളി, തേങ്ങ എന്നിവ ചേരുമ്പോഴുള്ള രുചിയാണ് ഈ വിഭവത്തെ ആകർഷകമാക്കുന്ന ഒരു ഘടകമെന്ന് ഇവിടത്തെ സ്ത്രീകൾ പറയുന്നു. മറ്റൊന്ന്, അത് വളരെ മിതമായ നിരക്കിൽ ലഭ്യമാണെന്നതാണ്. ഒരു കുടുംബത്തിന് ആവശ്യമായ ഒരു കിലോ  ഭരിത്തിനും കൂടെയുള്ള ചില ചെറുവിഭവങ്ങൾക്കും കൂടി 300-ൽ താഴെ രൂപയേ വിലയുള്ളൂ.

കൃഷ്ണാജി ഭരിത്തിലെ 10X 15 അടി വിസ്തീർണ്ണമുള്ള അടുക്കള നാല് അടുപ്പുകളും കത്തിക്കുന്നതോടെ ഒരു തീകുണ്ഡമായി മാറും. ദാൽ ഫ്രൈ, പനീർ മട്ടർ, മറ്റു സസ്യ വിഭവങ്ങൾ എന്നിങ്ങനെ മൊത്തം 34 വിഭവങ്ങളാണ് ഈ ഭക്ഷണശാലയിൽ തയ്യാറാക്കുന്നത്. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായിട്ടുള്ളത് ഭരിത്, ഷേവ് ഭാജി എന്നിവയാണ്; കടല മാവുകൊണ്ടുണ്ടാക്കുന്ന സേവ നല്ലവണ്ണം വറുത്തെടുത്ത് കറി ചേർത്ത് പാകം ചെയ്യുന്ന ഒരു വിഭവമാണിത്.

PHOTO • Kavitha Iyer
PHOTO • Kavitha Iyer

ഇടത്ത്: പ്രദേശവാസികളായ കർഷകരിൽനിന്നും അങ്ങാടികളിൽനിന്നും വാങ്ങുന്ന  മുന്തിയ ഇനം വഴുതനങ്ങകൾ ഉപയോഗിച്ചാണ് കൃഷ്ണാജി ഭരിത്തിലെ അടുക്കളയിൽ എല്ലാ ദിവസവും 3 മുതൽ 5 ക്വിന്റൽ വരെ വഴുതനങ്ങ ഭരിത് തയ്യാറാക്കുന്നത്. വലത്ത്: അത്താഴം വാങ്ങാനെത്തുന്ന ജനക്കൂട്ടത്തിന് വേണ്ടി പുതിയതായി ഭരിത്തും മറ്റ് വിഭവങ്ങളും തയ്യാറാക്കാൻ ആവശ്യമായ ഉള്ളി രാത്രി 7:30യോടെ എടുത്തുവച്ചിരിക്കുന്നു

PHOTO • Kavitha Iyer
PHOTO • Kavitha Iyer

ഇടത്ത്: കൃഷ്ണാജി ഭരിത്തിലെ ചെറിയ അടുക്കളയിലുള്ള നാല് അടുപ്പുകളിൽ ഒന്നിന്റെ അരികിലായി പട്ടാണി, സുഗന്ധവ്യഞ്ജനങ്ങൾ, ഒരു കട്ട കോട്ടേജ് ചീസ്, രണ്ട് പാത്രങ്ങളിലായി പുതുതായി പാകം ചെയ്ത ദാൽ ഫ്രൈ എന്നിവ വെച്ചിരിക്കുന്നു. വലത്ത്: റസിയാ ബീഗം ഉണക്ക തേങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുന്നു; അവ പിന്നീട് ആവശ്യാനുസരണം അരച്ചെടുക്കുകയോ ചതയ്ക്കുകയോ ചെയ്യും. ഇത്തരത്തിൽ 40 തേങ്ങവരെ അവർ ഒരു ദിവസം കൈകാര്യം ചെയ്യാറുണ്ട്

സംഭാഷണവിഷയം പതിയെ മിതമായ നിരക്കുകളിലേക്കും ജീവിതച്ചിലവുകളിലേക്കും വഴിമാറിയതോടെ, ആ സ്ത്രീകൾ പെട്ടെന്ന് മടികൂടാതെ സംസാരിച്ചുതുടങ്ങി. സുരക്ഷിതമായ പാചകവാതകം ലഭ്യമാക്കാനായി ആരംഭിച്ച പ്രധാന മന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ, സബ്‌സിഡി നിരക്കിൽ ലഭ്യമാകുന്ന പാചകവാതക സിലിണ്ടർ തനിക്ക് ലഭിച്ചില്ലെന്ന് 46 വയസ്സുകാരിയായ പുഷ്‌പാ റാവുസാഹേബ് പാട്ടീൽ പറയുന്നു. രേഖകളിൽ എന്തോ പ്രശ്നമുള്ളതിനാലായിരുന്നു അതെന്നും അവർ കൂട്ടിച്ചേർക്കുന്നു.

60 വയസ്സിന് മുകളിൽ പ്രായമുള്ള ഉഷാഭായി രാമാ സുതാറിന് സ്വന്തമായി വീടില്ല. "ആളുകൾക്ക് അടിസ്ഥാനപരമായ സൗകര്യങ്ങൾ ലഭിക്കേണ്ടതല്ലേ?" അനേകം വർഷങ്ങൾക്ക് മുൻപ് തന്റെ ഭർത്താവ് മരണപ്പെട്ടതിനുശേഷം സ്വഗ്രാമത്തിലേയ്ക്ക് മടങ്ങിയ ആ വിധവ ചോദിക്കുന്നു. "എല്ലാ പൗരന്മാർക്കും താമസിക്കാൻ വീടുകൾ ഉണ്ടാകണം."

ഭക്ഷണശാലയിൽ ജോലി ചെയ്യുന്ന മിക്ക സ്ത്രീകളും വാടകവീട്ടിലാണ് താമസിക്കുന്നത്. തനിക്ക് ലഭിക്കുന്ന തുച്ഛമായ മാസവരുമാനത്തിന്റെ മൂന്നിലൊന്നോളം വരുന്ന തുകയായ 3,500 രൂപ വാടക കൊടുത്താണ് താൻ താമസിക്കുന്നതെന്ന് 55 വയസ്സുകാരിയായ റസിയാ പട്ടേൽ പറയുന്നു. "ഓരോ തിരഞ്ഞെടുപ്പുകാലത്തും, വിലക്കയറ്റം നിയന്ത്രിക്കുമെന്ന വാഗ്ദാനം ഞങ്ങൾ കേൾക്കാറുള്ളതാണ്," അവർ പറയുന്നു. "എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ, എല്ലാത്തിന്റെയും വില പിന്നെയും കൂടാൻ തുടങ്ങും."

സ്വതന്ത്രരായി ജീവിക്കാനുള്ള വരുമാനം കണ്ടെത്തുക എന്നതിനൊപ്പംതന്നെ മറ്റു വഴികളൊന്നും ഇല്ലാത്തതുകൊണ്ടുകൂടിയാണ് തങ്ങൾ ഈ ജോലി ചെയ്യുന്നതെന്ന് കൃഷ്ണാജി ഭരിത്തിലെ ജീവനക്കാരായ സ്ത്രീകൾ പറയുന്നു. അവരിൽ പലരും ഇവിടെ കാലങ്ങളായി ജോലി ചെയ്യുന്നവരാണ്-സുതാർ 21 വർഷമായും സംഗീത നാരായൺ ഷിൻഡെ 20 വർഷമായും മാലുഭായി ദേവീദാസ് 17 വർഷമായും ഉഷാ ഭീംറാവു ധങ്കർ 14 വർഷമായും ഇവിടെ ജോലി ചെയ്തുവരുന്നു.

ഈ സ്ത്രീകളുടെ ഒരു ദിവസം തുടങ്ങുന്നത് 40 മുതൽ 50 കിലോവരെ വഴുതനങ്ങ പാകം ചെയ്യുന്ന ജോലിയിലാണ്; ദിവസത്തിലുടനീളം നിരവധി തവണ അവർ ഇത് ആവർത്തിക്കും. വഴുതനങ്ങകൾ വേവിച്ച്, വറുത്ത്, തോല് ഉരിച്ചെടുത്തശേഷം, അവയുടെ മാർദ്ദവമുള്ള കാമ്പ് സൂക്ഷ്മതയോടെ പുറത്തെടുത്ത് കൈകൊണ്ട് ചതയ്ക്കണം. ഇതുകൂടാതെ കിലോക്കണക്കിന് പച്ചമുളകും വെളുത്തുള്ളിയും കടലയും ഇതുപോലെ കൈകൊണ്ട് കുഴച്ചെടുക്കേണ്ടതുണ്ട്. ഈ തേച്ച  (പച്ചമുളകും നിലക്കടലയും വെള്ളം കൂട്ടാതെ ചതച്ചെടുത്ത ചട്ണി)  ചെറുതായി അരിഞ്ഞെടുത്ത മല്ലിയിലയ്‌ക്കൊപ്പം ചൂടുള്ള എണ്ണയിൽ വഴറ്റിയെടുത്തതിന് ശേഷമാണ് അതിലേയ്ക്ക് ഉള്ളിയും വഴുതനങ്ങയും ചേർക്കുന്നത്. ഇതിനായി ഡസൻ കണക്കിന് ഉള്ളിയാണ് എല്ലാ ദിവസവും ഈ സ്ത്രീകൾ അരിയുന്നത്.

PHOTO • Kavitha Iyer
PHOTO • Kavitha Iyer

ഇടത്ത്: കൃഷ്ണാജി ഭരിത്തിലെ ജീവനക്കാരായ സ്ത്രീകൾ എല്ലാ ദിവസവും ഏതാണ്ട് 2,000 പോളികളും ബജ്‌റകൊണ്ട് 1,500 ഭാക്രികളും ഉണ്ടാക്കാറുണ്ട്. വലത്ത്: കൃഷ്ണാജി ഭരിത്തിലെ 'പാർസൽ ഡെലിവറി' കൗണ്ടറിന് സമീപത്തായി പ്ലാസ്റ്റിക് കവറുകളിൽ കറി എടുത്തുവച്ചിരിക്കുന്നു

കൃഷ്ണാജി ഭരിത്തിലെ ഭക്ഷണം ഇഷ്ടപ്പെടുന്നവർ പ്രദേശവാസികൾ മാത്രമല്ല; ദൂരെയുള്ള പട്ടണങ്ങളിലും തെഹ്‌സിലുകളിലും നിന്നുള്ളവർപോലും ഈ ഭക്ഷണശാല തേടിവരാറുണ്ട്. അകത്ത് നിരത്തിയിരിക്കുന്ന ഒൻപത് പ്ലാസ്റ്റിക്ക് മേശവെച്ച് പതിവിലും നേരത്തെ അത്താഴം കഴിക്കുന്ന പലരും 25 മുതൽ 50 കിലോമീറ്റർവരെ ദൂരത്തുള്ള പചോറ, ഭുസാവൽ എന്നീ പ്രദേശങ്ങളിൽനിന്നുള്ളവരാണ്.

ഇതുകൂടാതെ, കൃഷ്ണാജി ഭരിത്തിൽനിന്ന് നിത്യേന 1000 പാർസലുകൾ, ഡോംബിവലി, താനെ, പൂനെ, നാസിക് തുടങ്ങി, 450 കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിലേക്ക് തീവണ്ടിമാർഗ്ഗം കൊടുത്തുവിടാറുണ്ട്.

2003-ൽ അശോക് മോത്തിറാം ഭോലെ എന്ന വ്യക്തിയാണ് കൃഷ്ണാജി ഭരിത് തുടങ്ങിയത്. സസ്യാഹാരം വിൽക്കുന്ന ഒരു ഭക്ഷണശാല തുടങ്ങുന്നത് ലാഭകരമാകുമെന്ന് തന്നെ ഉപദേശിച്ച, ആ പ്രദേശത്തുള്ള ഒരു ആൾദൈവത്തിന്റെ പേരാണ് അദ്ദേഹം തന്റെ കടയ്ക്ക് നൽകിയത്. ലേവാ-പാട്ടീൽ സമുദായം പരമ്പരാഗതമായി വീടുകളിൽ തയ്യാറാക്കുന്ന വിഭവമാണ് തങ്ങൾ കൃഷ്ണാജി ഭരിത്തിൽ ലഭ്യമാക്കുന്നതെന്ന് മാനേജറായ ദേവേന്ദ്ര കിഷോർ ഭോലെ പറയുന്നു.

വടക്കൻ മഹാരാഷ്ട്രയിലുള്ള ഖാന്ദേഷ് പ്രദേശത്തെ സാമൂഹികമായും രാഷ്ട്രീയമായും പ്രബല സമുദായമായ ലേവാ-പാട്ടീലുമാർ സ്വന്തമായി ഭാഷാഭേദവും ഭക്ഷ്യ, സാംസ്‌കാരിക പാരമ്പര്യവുമുള്ള ഒരു കാർഷികസമൂഹമാണ്.

വഴുതനങ്ങ കറിയുടെ സുഗന്ധം ഭക്ഷണശാലയിലാകെ പടരവേ, ജീവനക്കാരായ സ്ത്രീകൾ അത്താഴത്തിനായി പോളികളും ഭാക്രികളും തയ്യാറാക്കാൻ തുടങ്ങുന്നു. ഈ സ്ത്രീകൾ നിത്യേന ഏതാണ്ട് 2000 പോളികളും (ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന ചപ്പാത്തി) 1500 ഭാക്രികളും (കൃഷ്ണാജി ഭരിത്തിൽ ബജ്‌റയോ കമ്പോ കൊണ്ട് ഉണ്ടാക്കുന്ന റൊട്ടി) പാകം ചെയ്യാറുണ്ട്.

അത്താഴസമയം അടുക്കുന്നതോടെ ഈ സ്ത്രീകൾ അന്നത്തെ ജോലികൾ അവസാനിപ്പിച്ച്,  ഓരോരോ ഭരിത് പാർസലായി കൊടുത്തുവിട്ട് കട അടയ്ക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുന്നു;

പരിഭാഷ: പ്രതിഭ ആര്‍. കെ .

Kavitha Iyer

କବିତା ଆୟାର ୨୦ ବର୍ଷ ଧରି ସାମ୍ବାଦିକତା କରି ଆସୁଛନ୍ତି। ସେ ‘ଲ୍ୟାଣ୍ଡସ୍କେପ୍ସ ଅଫ ଲସ୍ : ଦ ଷ୍ଟୋରୀ ଅପ୍ ଆନ ଇଣ୍ଡିଆ ଡ୍ରଟ୍’ (ହାର୍ପର କଲ୍ଲିନ୍ସ, ୨୦୨୧) ପୁସ୍ତକର ଲେଖିକା।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Kavitha Iyer
Editor : Priti David

ପ୍ରୀତି ଡେଭିଡ୍‌ ପରୀର କାର୍ଯ୍ୟନିର୍ବାହୀ ସମ୍ପାଦିକା। ସେ ଜଣେ ସାମ୍ବାଦିକା ଓ ଶିକ୍ଷୟିତ୍ରୀ, ସେ ପରୀର ଶିକ୍ଷା ବିଭାଗର ମୁଖ୍ୟ ଅଛନ୍ତି ଏବଂ ଗ୍ରାମୀଣ ପ୍ରସଙ୍ଗଗୁଡ଼ିକୁ ପାଠ୍ୟକ୍ରମ ଓ ଶ୍ରେଣୀଗୃହକୁ ଆଣିବା ଲାଗି ସ୍କୁଲ ଓ କଲେଜ ସହିତ କାର୍ଯ୍ୟ କରିଥାନ୍ତି ତଥା ଆମ ସମୟର ପ୍ରସଙ୍ଗଗୁଡ଼ିକର ଦସ୍ତାବିଜ ପ୍ରସ୍ତୁତ କରିବା ଲାଗି ଯୁବପିଢ଼ିଙ୍କ ସହ ମିଶି କାମ କରୁଛନ୍ତି।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Priti David
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Prathibha R. K.